This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓർഗന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Organ)
(ഓർഗന്‍)
വരി 1: വരി 1:
-
== ഓർഗന്‍ ==
+
== ഓര്‍ഗന്‍ ==
-
 
+
== Organ ==
== Organ ==

10:17, 7 ഓഗസ്റ്റ്‌ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഓര്‍ഗന്‍

Organ

സ്വരക്കട്ടകള്‍കൊണ്ട്‌ പ്രവർത്തിപ്പിക്കുന്ന ഒരു സുഷിരവാദ്യം. വലുപ്പത്തിൽ ഭീമാകൃതിയും നാദഗാംഭീര്യത്തിൽ രാജകീയവുമായ ഒരു സംഗീതോപകരണമാണ്‌ ഓർഗന്‍. ഓർക്കെസ്‌ട്രായ്‌ക്ക്‌ അവശ്യം വേണ്ട ശബ്‌ദമാധുര്യവും നാദവൈചിത്യ്രവും സ്വരസഞ്ചാരവും പകരുന്നതിന്‌ ഈ ഒറ്റ ഉപകരണത്തിന്‌ സാധിക്കും. ഏകദേശം രണ്ടായിരം കൊല്ലത്തെ പഴക്കം അവകാശപ്പെടാവുന്ന ഈ വാദ്യോപകരണത്തിന്‌ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ട സംഗീതോപകരണം എന്ന സവിശേഷതയും ഉണ്ട്‌. ഇലക്‌ട്രാണിക്‌ പദ്ധതിപ്രകാരം നാദനിഷ്‌പാദനം നിർവഹിക്കപ്പെട്ട സംഗീതോപകരണവും ഓർഗന്‍ തന്നെയാണ്‌.

പൈപ്പ്‌ ഓർഗന്‍ - 1741

അതിപ്രാചീനകാലം മുതല്‌ക്കേ ഇതിന്റെ പ്രാകൃത രൂപം ആദിവാസികളുടെയിടയിൽ പ്രചരിച്ചിരുന്നു എന്നതിന്‌ തെളിവുകളുണ്ട്‌. ആട്ടിടയന്മാർ ഊതിയിരുന്ന പാന്‍ പൈപ്പുകളുടെയും ചൈനാക്കാരുടെ മൗത്‌ ഓർഗന്റെ (ഷെങ്‌)യും വികസിതരൂപമാണ്‌ ആധുനിക ഓർഗന്‍. അതുപോലെതന്നെ ഗ്രീക്കുകാരുടെ സിറിങ്‌സ്‌ (Syrinx) അഥവാ പാന്‍ പൈപ്പുകളും ഓർഗന്റെ പൂർവരൂപങ്ങളാണെന്നു പറയാം. ഈറക്കഷണങ്ങള്‍ മുറിച്ച്‌ ക്രമത്തിന്‌ അടുക്കി പാന്‍ പൈപ്പുകള്‍ നിർമിക്കുകയും അവയുടെ നീളത്തിലും വണ്ണത്തിലും ചില വ്യതിയാനങ്ങള്‍ വരുത്തുകയും ചെയ്‌താണ്‌ ആദ്യകാല ഓർഗനുകള്‍ നിർമിച്ചിരുന്നത്‌. തായ്‌ലന്‍ഡിൽ ഇത്തരത്തിലുള്ള കുഴലുകള്‍, ഖേയ്‌ന്‍ (Khaen) എന്ന പേരിൽ അറിയപ്പെട്ടിരുന്നു.

ബി.സി. മൂന്നാം ശതകത്തിൽ ഓർഗന്‍ കുഴലുകളുടെ എണ്ണത്തിലും വലുപ്പത്തിലും ചില മാറ്റങ്ങള്‍ വരുത്തപ്പെട്ടു. ബി.സി. 250-ൽ അലക്‌സാണ്ട്രിയായിലെ ടെസിബിയസ്‌ (Ctesibius)എന്ന ഗ്രീക്കുകാരന്‍ ഓർഗന്റെ ഉള്ളിൽ പിസ്റ്റണുകള്‍, ജലമർദിനി എന്നിവ ഉപയോഗിച്ച്‌ വായുമർദം നിലനിർത്തുന്നതിനുള്ള പരീക്ഷണത്തിൽ വിജയിച്ചതോടെ ആദ്യത്തെ ഹൈഡ്രാളിക്‌ ഓർഗന്‍ നിലവിൽവന്നു.

ചേംബർ ഓർഗന്‍

എട്ടാം ശതകത്തിൽ യൂറോപ്പിലെ ക്രസ്‌തവ ദേവാലയങ്ങളിൽ ഗായകസംഘങ്ങള്‍ പതിവായി ഓർഗന്‍ ഉപയോഗിച്ചു തുടങ്ങി. അതിനു വളരെ മുമ്പു മുതല്‌ക്കേ ബൈസാന്തിയത്തിലെ പള്ളികളിൽ ഇത്‌ ഉപയോഗിച്ചു പോന്നിരുന്നു. അലക്‌സാണ്ട്രിയായിൽ നൃത്തത്തിനും റോമിൽ സർക്കസ്‌ പ്രദർശനങ്ങള്‍ക്കും അവശ്യം വേണ്ട ഒരു സംഗീതോപകരണമായിരുന്നു ഇത്‌.

ക്രമേണ പിസ്റ്റണുകള്‍ക്കുപകരം ബെല്ലോകള്‍ (bellows) ഉപയോഗിച്ചു കുഴലുകളിൽക്കൂടി വായു കടത്തിവിട്ടുവന്നു. എ.ഡി. 980-ൽ നിർമിക്കപ്പെട്ട ചില ഓർഗനുകള്‍ക്ക്‌ 26 ബെല്ലോകളും 2 കീബോർഡുകളും അനേകം കുഴലുകളും ഉണ്ടായിരുന്നു. നീളത്തിലും വണ്ണത്തിലും വ്യത്യസ്‌തങ്ങളായിരുന്ന ഈ കുഴലുകളിൽ ചിലത്‌ തടികൊണ്ടും മറ്റുചിലത്‌ ലോഹംകൊണ്ടും ആണ്‌ നിർമിച്ചിരുന്നത്‌; ഇവയെല്ലാം ഘടിപ്പിച്ചിരുന്നത്‌ ബാഗ്‌പൈപ്പിനു സമീപത്തായിട്ടുമായിരുന്നു. ബെല്ലോകള്‍ പ്രവർത്തിപ്പിച്ച്‌ അവയിൽക്കൂടി വായു കടത്തിവിട്ടാണ്‌ നാദം ഉണ്ടാക്കിയിരുന്നത്‌. കുറച്ചു കാലത്തിനുശേഷം ബെല്ലോകള്‍ക്കുപകരം പമ്പുകള്‍ ഉപയോഗിച്ചു തുടങ്ങി. വണ്ണത്തിലും നീളത്തിലും വൈവിധ്യമുള്ള ആയിരക്കണക്കിനു കുഴലുകള്‍ വകതിരിച്ച്‌ പ്രത്യേകം അറകളിലായി സജ്ജീകരിച്ചിട്ടുള്ള ഓർഗനുകള്‍ പില്‌ക്കാലത്തുണ്ടായിട്ടുണ്ട്‌. ഈ കുഴലുകളെയും അറകളെയും സ്വരക്കട്ടകളും ബട്ടണുകളുമായി ബന്ധിപ്പിക്കുന്നതിന്‌ വാൽവുകളും സ്ലൈഡുകളും ഉപയോഗിച്ചുവന്നു. വായു കടക്കാത്ത അറകളിൽ സജ്ജീകരിച്ചിട്ടുള്ള ഈ കുഴലുകളിലേക്ക്‌ സ്വരക്കട്ടകള്‍ ആവശ്യാനുസൃതം അമർത്തി വായു കടത്തിവിട്ടും നിയന്ത്രിച്ചുമാണ്‌ വേണ്ട സ്വരങ്ങള്‍ ഉതിർക്കുന്നത്‌. പല പംക്തികളിലായി നിരത്തപ്പെട്ടിട്ടുള്ള ഈ സ്വരക്കട്ടകള്‍ പിയാനോയിലുള്ളതുപോലെ കറുപ്പും വെളുപ്പും നിറത്തിലുള്ളവയായിരിക്കും. ഒരു സ്വരക്കട്ട അമർത്തുമ്പോള്‍ ഒരു സ്വരമേ കേള്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാൽ അവയുടെ ശബ്‌ദത്തിൽ ചില വ്യതിയാനങ്ങള്‍ വരുത്തുവാന്‍ സാധിക്കും. ഈ സ്വരക്കട്ടകളുടെ അഗ്രം അമർത്തുമ്പോള്‍ കുഴലുകളിൽ ചെന്നടിക്കുകയും ശബ്‌ദം കേള്‍ക്കുകയും ചെയ്യുന്നു. സ്വരക്കട്ടകളുടെ തൊട്ടുമുകളിലായി ഘടിപ്പിച്ചിരിക്കുന്ന ചെറിയ ബട്ടണുകള്‍ അമർത്തിയും, താഴെ ഘടിപ്പിച്ചിട്ടുള്ള സ്റ്റോപ്പറുകള്‍ അടച്ചും തുറന്നുമാണ്‌ ശബ്‌ദം കൂട്ടുകയും കുറയ്‌ക്കുകയും ചെയ്യുന്നത്‌. ഓർഗന്റെ മുന്‍ഭാഗം ചിത്രപ്പണി ചെയ്‌തലങ്കരിച്ച പലകകള്‍ കൊണ്ട്‌ മോടി പിടിപ്പിച്ചിരിക്കും. ഈ അംഗുലീഫലകത്തിനു പുറമേ കാലുകള്‍ ചവുട്ടി പ്രവർത്തിപ്പിക്കുന്ന പെഡൽ ബോർഡ്‌ ഉണ്ടായിരിക്കും. ഈ പെഡൽ ബോർഡിൽ കാൽ വിരലുകളും ഉപ്പൂറ്റിയും അമർത്തുമ്പോഴും വായു ഉള്ളിലേക്കു കടന്ന്‌ കുഴലുകള്‍ വഴി നിർഗമിക്കും. ഇങ്ങനെ നിർഗമി ക്കുന്ന വായുവിനെ വേണ്ടവണ്ണം നിയന്ത്രിച്ച്‌ വേണ്ട കുഴലുകളിൽക്കൂടി കടത്തിവിടുമ്പോള്‍ ആവശ്യമുള്ള സംഗീതം ലഭിക്കും.

തീയറ്റർ ഓർഗന്‍
കോർഡ്‌ ഓർഗന്‍

പലതരത്തിലുള്ള ഓർഗനുകള്‍ നിലവിലുണ്ട്‌. സ്‌പെൽ ഓർഗന്‍, ക്വയർ ഓർഗന്‍, സോളോ ഓർഗന്‍, എക്കോ ഓർഗന്‍, റീഡ്‌ ഓർഗന്‍, പോർട്ടബിള്‍ ഓർഗന്‍, ക്യാബിനറ്റ്‌ ഓർഗന്‍, ജയന്റ്‌ ഓർഗന്‍ എന്നിവ അവയിൽ പ്രധാനപ്പെട്ടവയാണ്‌. 1917-ൽ 232 സ്റ്റോപ്പറുകളും 18,000 കുഴലുകളും ഉള്ള ആദ്യത്തെ വലിയ ഓർഗന്‍ നിർമിക്കപ്പെട്ടു. 15 കൊല്ലങ്ങള്‍ക്കുശേഷം 1,233 സ്റ്റോപ്പറുകളും 3,200 കുഴലുകളുമുള്ള ലോകത്തിലെ ഏറ്റവും വലിയ ഓർഗന്‍ അത്‌ലാന്തിക്‌ സിറ്റിയിലെ കണ്‍വെന്‍ഷന്‍ ഹാളിൽ സ്ഥാപിക്കപ്പെട്ടു. 1934-ൽ ഇലക്‌ട്രിക്‌ ഓർഗനുകളുടെ ആഗമനത്തോടുകൂടി ഓർഗന്‍ കൂടുതൽ വികാസം പ്രാപിച്ചു. അതോടെ ഓർക്കെസ്‌ട്രായിൽ ഉപയോഗിച്ചുവന്നിരുന്ന സംഗീതോപകരണങ്ങളുടെ എണ്ണം കുറയ്‌ക്കാന്‍ കഴിഞ്ഞു. പല ഉപകരണങ്ങളുടെ ഒന്നിച്ചുള്ള നാദവൈചിത്യ്രം ഈ ഉപകരണത്തിലൂടെ സൃഷ്‌ടിക്കാന്‍ കഴിയുമെന്നുള്ളതുകൊണ്ടാണ്‌ ഇത്‌ സാധ്യമായത്‌. അതോടെ ഓർക്കെസ്‌ട്രാകളിലും പാശ്ചാത്യ സംഗീതക്കച്ചേരികളായ കോണ്‍സർട്ടുകളിലും ഓർഗന്റെ പ്രാധാന്യം വർധിച്ചു.

1980-കളിൽ ഇന്റഗ്രറ്റഡ്‌ സർക്യൂട്ട്‌ വികസിപ്പിച്ചെടുത്തതോടെ ഇലക്‌ട്രാണിക്‌ കീബോഡ്‌ ഉപകരണസംഗീതത്തിൽ ഒരു വിപ്ലവം തന്നെ സൃഷ്‌ടിക്കപ്പെട്ടു. 21-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പിയാനോ ക്യാബിനറ്റുകളിൽ ഘടിപ്പിച്ച ഇലക്‌ട്രാണിക്‌ കീബോർഡ്‌ ഓർഗന്‍സ്‌ നിർമിക്കുന്നതിൽ യമഹാപോലെയുള്ള ജപ്പാന്‍ കമ്പനികള്‍ വിജയം കൈവരിച്ചു.

പ്രശസ്‌ത പാശ്ചത്യ സംഗീതജ്ഞരായ മെന്‍ഡൽസോണ്‍, ലിസ്റ്റ്‌സ്‌, റെയിൽബർഗന്‍, ഫ്രാന്‍ക്‌ എന്നിവർ ഓർഗന്‍ വായനയിൽ പ്രഗല്‌ഭരായിരുന്നു. ഓർഗനിൽ വായിക്കുന്നതിനുള്ള പ്രത്യേക സംഗീതകൃതികളും ഇവർ രചിച്ചു. ഈ കൃതികളുടെ പ്രചാരത്തോടെ ഓർഗന്‍ സംഗീതം വികാസം പ്രാപിക്കുകയും സംഗീതാസ്വാദകർക്കു പ്രിയപ്പെട്ട ഒരു വാദ്യോപകരണമായി ഓർഗന്‌ അംഗീകാരം ലഭിക്കുകയും ചെയ്‌തു.

അപ്രാപ്യമായ സ്വരവ്യാപ്‌തിയും ആസ്വാദനക്ഷമമായ ശബ്‌ദവൈചിത്യ്രവും കർണാനന്ദകരമായ നാദവൈവിധ്യവും കൊണ്ട്‌ ഹൃദയാകർഷകമായ സംഗീതധാരയൊഴുക്കുവാന്‍ കഴിവുള്ള ഓർഗന്‍ യൂറോപ്പിലെ ക്രസ്‌തവ ദേവാലയങ്ങളുടെയും പ്രാർഥനാമഠങ്ങളുടെയും ഉള്ളിൽനിന്നു പുറത്തിറങ്ങി യൂറോപ്യന്‍ സംഗീതലോകത്താകമാനം ആധിപത്യം പുലർത്തിക്കൊണ്ട്‌ ഇന്ന്‌ ലോകസംഗീത മേളകളിലും റേഡിയോ-ടെലിവിഷന്‍ പരിപാടികളിലും നാടക-ചലച്ചിത്ര വേദികളിലും എന്നല്ല ലോകമെങ്ങുമുള്ള വിവിധ സംഗീത മേഖലകളിൽത്തന്നെയും സമുന്നത സ്ഥാനം നേടിക്കഴിഞ്ഞിരിക്കുന്നു.

"http://www.web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B5%BC%E0%B4%97%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍