This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജലശുദ്ധീകരണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:35, 19 ഏപ്രില്‍ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജലശുദ്ധീകരണം

ജലത്തിലുള്ള നിലംബിത പദാര്‍ഥങ്ങള്‍, കൊളോയ്ഡല്‍ വസ്തുക്കള്‍, ലേയമാലിന്യങ്ങള്‍, ബാക്റ്റീരിയങ്ങള്‍, മറ്റു രോഗാണുക്കള്‍ എന്നിവ നീക്കംചെയ്തു ജലം ഉപയോഗയോഗ്യമാക്കുന്ന പ്രക്രിയ.

ഉപഭോക്താവിന് എത്തിച്ചുകൊടുക്കുന്നതിനു മുമ്പായി ജലം ശുദ്ധീകരിക്കേണ്ടതുണ്ട്. ആരോഗ്യത്തിനു ഹാനികരമായ യാതൊന്നും ജലത്തിലുണ്ടായിരിക്കരുത്. രോഗാണുക്കളും നിറം, ദുര്‍ഗന്ധം, അരുചി എന്നിവയ്ക്കിടം നല്കുന്ന മാലിന്യങ്ങളും നീക്കം ചെയ്യുക; പൈപ്പുകളുടെ ഈടു നിലനിര്‍ത്തുന്നതിനായി ജലത്തിന്റെ സംക്ഷാരണ സ്വഭാവം ഇല്ലാതാക്കുക എന്നിവയാണ് ജലശുദ്ധീകരണത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ജലം ശുദ്ധീകരിക്കേണ്ട ആവശ്യകതയെക്കുറിച്ച് പ്രാചീനകാലം മുതല്‍ തന്നെ പല ജനവിഭാഗങ്ങള്‍ക്കും അറിവുണ്ടായിരുന്നു. സിന്ധു നദീതടസംസ്കാരകാലത്ത് ശുദ്ധജലവിതരണത്തിനുള്ള ഏര്‍പ്പാടുകള്‍ ഉണ്ടായിരുന്നുവെന്നതിനു തെളിവുകളുണ്ട്. സു. ബി.സി. 4000 വര്‍ഷംമുമ്പ് രചിക്കപ്പെട്ട സുശ്രുതസംഹിതയില്‍ കുടിവെള്ളം ചെമ്പുപാത്രത്തില്‍ സൂക്ഷിക്കുന്നതും സൂര്യപ്രകാശത്തില്‍ വച്ചശേഷം കരിക്കട്ടയില്‍ക്കൂടി അരിച്ചെടുക്കുന്നതും നല്ലതാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. ജലം ശുദ്ധിചെയ്യുന്നതിന് പടിക്കാരം (ആലം) ചേര്‍ക്കുന്ന പതിവ് ഇന്ത്യ, ചൈന, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിലവിലുണ്ടായിരുന്നു. ജലം തിളപ്പിച്ച് അരിച്ചുവേണം കുടിക്കാന്‍ എന്ന് ഹിപ്പോക്രാറ്റസ് (സു.ബി.സി. 460-377) രേഖപ്പെടുത്തിയിട്ടുണ്ട്. പഠനയോഗ്യമായ ജലത്തിന്റെ ഗുണങ്ങള്‍ പ്ലിനി (23-79) വിശദമാക്കിയിട്ടുണ്ട്.

ഭൗമോപരിതലത്തിന്റെ 71 ശ.മാ. മൂടിയിരിക്കുന്ന സമുദ്രത്തിലെ 8.54 x 108 ക്യുബിക് കി.മീ. വ്യാപ്തമുള്ള അതിഭീമമായ ജലശേഖരം മനുഷ്യോപയോഗത്തിന് അനുയോജ്യമല്ല. ഇത് ഭൂമിയിലെ മൊത്തം ജലത്തിന്റെ 97 ശ.മാ. വരും. ഭൂമിയിലുള്ള ശുദ്ധജലത്തിന്റെ 75 ശ.മാ. മഞ്ഞായി ഉറഞ്ഞുകിടക്കുന്നു. കുറേഭാഗം ഭൂഗര്‍ഭജലമാണ്. ഇങ്ങനെ കണക്കുകൂട്ടി നോക്കിയാല്‍ ഭൂമിയിലെ മൊത്തം ജലത്തിന്റെ വെറും 0.06 ശ.മാ. മാത്രമേ മനുഷ്യാവശ്യങ്ങള്‍ക്ക് ലഭ്യമാകുന്നുള്ളു എന്നു കാണാന്‍ കഴിയും. ഈ ജലം കരയില്‍ നിന്ന് നദികള്‍ വഴി സമുദ്രത്തിലേക്കും അവിടെനിന്ന് ബാഷ്പീകരണം മൂലം അന്തരീക്ഷത്തിലേക്കും പിന്നെ മഴയായി കരയിലേക്കും ചാക്രികസഞ്ചാരം നടത്തുന്നു. മഴക്കാലങ്ങളില്‍ ഭൂമി ശേഖരിച്ചു വച്ച ഭൂഗര്‍ഭജലമാണ് കിണറുകളില്‍ നിന്നു കിട്ടുന്നത്. ഇത് ഓരോ വര്‍ഷവും പുനരുജ്ജീവിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഭൂമിക്കടിയില്‍ വളരെ താഴ്ചയില്‍ ലക്ഷക്കണക്കിന് (~106 ) വര്‍ഷങ്ങളായി കിടക്കുന്നതും ഇപ്പോള്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ വ്യാപകമായി ഖനനം ചെയ്തെടുക്കപ്പെടുന്നതുമായ ഭൂഗര്‍ഭജലം ഒരിക്കല്‍ തീര്‍ന്നു കഴിഞ്ഞാല്‍ പുനരുത്പാദിപ്പിക്കാനേ സാധ്യമല്ല.

1000 ppm-ല്‍ കൂടുതല്‍ ലവണാംശമുള്ള ജലം മനുഷ്യോപയോഗയോഗ്യമല്ലെങ്കിലും ഭൂമിയുടെ പല ഭാഗങ്ങളിലും ഇതിലധികം ലവണാംശമുള്ള ജലം ഉപയോഗിക്കാന്‍ മനുഷ്യര്‍ നിര്‍ബന്ധിതരായിത്തീരുന്നുണ്ട്. 0.05 ശ.മാ.-ത്തില്‍ കുറവു ലേയവസ്തുക്കളുള്ള ശുദ്ധജലമാണ് പാനയോഗ്യമായ ജലം. മഴയാണ് ശുദ്ധജലത്തിന്റെ പ്രധാന സ്രോതസ്സെങ്കിലും പലപ്പോഴും മഴവെള്ളവും ശുദ്ധമായിരിക്കുകയില്ല. ഇതില്‍ 2.3-4.6 ppm ലേയമാലിന്യങ്ങളുണ്ടാകാം. വ്യവസായശാലകളില്‍ നിന്നു പുറത്തേക്കുവരുന്ന സള്‍ഫര്‍ ഡയോക്സൈഡ്, നൈട്രിക് ഓക്സൈഡ് തുടങ്ങിയ വാതകങ്ങളുടെ അളവുകൂടിയാല്‍ അവ മഴവെള്ളത്തില്‍ ലയിച്ച് അമ്ളമഴയ്ക്കു കാരണമാകും (pH ≈ 4). മഴവെള്ളത്തിന്റെ അമ്ളത കൂടിയാല്‍ കടുത്ത പരിസരദൂഷണവും ജലജീവികളുടെ വംശനാശവുമുണ്ടാകും. മാലിന്യങ്ങള്‍ കലരാത്ത മഴവെള്ളത്തിന്റെ pH 5.6 ആണ്.

മാലിന്യം നീക്കം ചെയ്യലും രോഗാണു നശീകരണവും. ഉപരിതലജലത്തില്‍ സ്വാഭാവികമായിത്തന്നെ മാലിന്യങ്ങളുണ്ടായിരിക്കും. മഴവെള്ളം വായുവില്‍ നിന്ന് ലയിപ്പിക്കുന്ന വാതകങ്ങള്‍, വനത്തിലൂടൊഴുകുമ്പോള്‍ ചീഞ്ഞ ഇലകളില്‍ ഉള്‍ക്കൊള്ളുന്ന ജൈവയൗഗികങ്ങള്‍, കൃഷിസ്ഥലങ്ങളിലൂടൊഴുകുമ്പോള്‍ ലയിച്ചുചേരുന്ന രാസവളങ്ങളുടെയും കീടനാശിനികളുടെയും അവശിഷ്ടങ്ങള്‍ തുടങ്ങിയവയാണ് മലിനീകരണത്തിനു കാരണം. വ്യാവസായിക മാലിന്യങ്ങളും (sewage) വാഹിതമലവും ജലസ്രോതസ്സുകളെ വിഷമയമാക്കുന്നു. ആണവ വിസ്ഫോടനം നടന്ന പ്രദേശങ്ങളിലെ ജലത്തില്‍ ആണവവികിരണങ്ങള്‍ പുറപ്പെടുവിക്കുന്ന മാലിന്യങ്ങളും കണ്ടെത്താന്‍ കഴിയും. നദി ഒഴുകുന്ന സ്ഥലം മാറുന്നതനുസരിച്ച് മാലിന്യങ്ങളുടെ അളവില്‍ സാരമായ വ്യത്യാസങ്ങളുണ്ടായിരിക്കും. ലേയമാലിന്യങ്ങളോടൊപ്പം അലേയമാലിന്യങ്ങളും രോഗാണുക്കളും കാഠിന്യം, നിറം, അരുചി എന്നിവ പ്രദാനം ചെയ്യുന്ന വസ്തുക്കളും ഉപരിതലജലത്തില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഭൂഗര്‍ഭജലം പൊതുവേ തെളിഞ്ഞതും നിറവും രോഗാണുക്കളുമില്ലാത്തതുമായിരിക്കും. ഉപരിതലജലത്തെ അപേക്ഷിച്ച് ഭൂഗര്‍ഭജലത്തിന് കാഠിന്യം കൂടുതലാണ്.

ശുദ്ധജലത്തിനുണ്ടായിരിക്കേണ്ട പ്രത്യേകതകള്‍:

i. ജലത്തിനു ഗന്ധം, രുചി, നിറം എന്നിവ പാടില്ല.

ii.ജലം മൃദുവും സുതാര്യവുമായിരിക്കണം

iii. ജലത്തില്‍ ധാരാളം ഓക്സിജന്‍ ലയിച്ചു ചേര്‍ന്നിരിക്കണം

iv. ജലം ശീതളവും ഉന്മേഷദായകവുമായിരിക്കണം

v. ജലത്തില്‍ മാലിന്യങ്ങള്‍ പാടില്ല

vi.വെള്ളം അതൊഴുകുന്ന പൈപ്പുകള്‍ക്ക് സംക്ഷാരകമാകരുത്; ഇതുണ്ടാക്കുന്ന രാസപദാര്‍ഥങ്ങള്‍ വെള്ളത്തില്‍ ഉണ്ടാകരുത്.

vii. രോഗാണുക്കള്‍ വെള്ളത്തിലുണ്ടാകരുത്; ബാക്റ്റീരിയങ്ങളുടെ എണ്ണവും കഴിയുന്നത്ര കുറഞ്ഞിരിക്കണം.

viii. ഇരുമ്പ്, മാങ്ഗനീസ് തുടങ്ങിയ ഖനിജങ്ങള്‍, സള്‍ഫൈഡ്, ഹൈഡ്രജന്‍ പോലുള്ള വാതകങ്ങള്‍, നൈട്രേറ്റുകള്‍ എന്നിവ വെള്ളത്തിലുണ്ടാവരുത്.

ix. ആവശ്യമായ അളവില്‍ മാത്രമേ ക്ലോറിന്‍ വെള്ളത്തില്‍ ലയിപ്പിക്കാവൂ.

x. സമൃദ്ധിയായി ലഭിക്കുന്നതാവണം കുടിവെള്ളം.

അരുവികള്‍, നദികള്‍, മറ്റു ജലാശയങ്ങള്‍ എന്നിവയിലേക്ക് ഒഴുകിയെത്തുന്ന ജലത്തില്‍ ജൈവമാലിന്യങ്ങള്‍, ധാതുക്കള്‍, ബാക്റ്റീരിയങ്ങള്‍, ലവണങ്ങള്‍ തുടങ്ങിയവ അടങ്ങിയിരിക്കും. പായലുകളും മറ്റു സസ്യങ്ങളും ചീഞ്ഞളിഞ്ഞ് ജലത്തിന്റെ നിറം, മണം, രുചി എന്നിവയ്ക്കു മാറ്റമുണ്ടാകാം. വെള്ളത്തില്‍ അലിഞ്ഞിട്ടുള്ള ഓക്സിജന്‍ നീക്കം ചെയ്യപ്പെടുകയും CO2, H2S, CH4 എന്നീ വാതകങ്ങളും ഇരുമ്പ്, മാങ്ഗനീസ്, ഫ്ളൂറൈഡുകള്‍, കാര്‍ബണേറ്റുകള്‍, സള്‍ഫേറ്റുകള്‍, ക്ലോറൈഡുകള്‍ എന്നിവ അലിഞ്ഞുചേരുകയും ചെയ്യുന്നു.

ജലത്തില്‍ അടങ്ങിയിട്ടുള്ള രോഗാണുക്കളും വിഷവസ്തുക്കളും നീക്കം ചെയ്തശേഷമാണ് ജലം വിതരണം ചെയ്യുക.

ജലത്തില്‍ നിന്ന് നീക്കം ചെയ്യേണ്ട രാസവസ്തുക്കളാണ് Pb, As, Se, Cr, Cd, Ba, സയനൈഡുകള്‍ എന്നിവ. രാദശക്തിയുള്ള പദാര്‍ഥങ്ങളും ജലത്തില്‍ കലര്‍ന്നിരിക്കാനിടയുണ്ട്. ഏറ്റവും ചെറിയ അളവില്‍പ്പോലും ഇവ ആരോഗ്യത്തിന് ഹാനികരമാകാം. സോപ്പ്, വളം, കീടനാശിനികള്‍ എന്നിവയും ജലത്തില്‍ കലരാറുണ്ട്.

ജലം സംഭരിച്ചു നിര്‍ത്തല്‍, ഏറേഷന്‍ (വായു കടത്തല്‍), കൊയാഗുലനം, സെഡിമെന്റേഷന്‍ (കിട്ടം അടിയിക്കല്‍), കാഠിന്യ നിര്‍മാര്‍ജനം, അരിക്കല്‍, രോഗാണു നശീകരണം എന്നിവയാണ് ജലശുദ്ധീകരണ പ്രക്രിയകള്‍.

ജലാശയത്തില്‍ നിന്നു ജലം പമ്പുചെയ്ത് സംസ്കരണശാലയിലെ സംഭരണിയില്‍ കെട്ടിനിര്‍ത്തുകയാണ് ആദ്യപടി. ഒരു മാസത്തോളം ഇങ്ങനെ കെട്ടി നിര്‍ത്തുമ്പോള്‍ അലേയമാലിന്യങ്ങള്‍ സംഭരണിയുടെ അടിയില്‍ കിട്ടമായി അടിയുകയും ജലം ഏറെക്കുറെ തെളിയുകയും ചെയ്യുന്നു. ഗുരുത്വാകര്‍ഷണവിധേയമായി 24 മണിക്കൂറിനുള്ളില്‍ തന്നെ 90 ശ.മാ. മാലിന്യവും അടിഞ്ഞുകിട്ടും. രോഗജന്യങ്ങളായ ബാക്റ്റീരിയങ്ങളില്‍ 90 ശ.മാ.-ത്തോളം ഒരാഴ്ചയ്ക്കുള്ളില്‍ നശിക്കുന്നു. കെട്ടിനില്ക്കുന്ന ജലത്തില്‍ ആല്‍ഗകള്‍ വളരുന്നതുമൂലം ജലത്തിന് ദുര്‍ഗന്ധമുണ്ടാകാറുണ്ട്.

ജലത്തില്‍ പൊങ്ങിക്കിടക്കുന്ന ഇലകള്‍, ചപ്പുചവറുകള്‍, തടിക്കഷണങ്ങള്‍, ജലജീവികള്‍ തുടങ്ങിയ പ്ലവവസ്തുക്കള്‍ സ്ക്രീനുകള്‍ ഉപയോഗിച്ചു നീക്കം ചെയ്യുന്നു.

സൂക്ഷ്മകണികകളുടെ രൂപത്തില്‍ ജലത്തില്‍ കലര്‍ന്നിരിക്കാവുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് സംഭരണികളില്‍ ആലം ചേര്‍ക്കുന്നു. 1884 മുതലാണ് ജലശുദ്ധീകരണത്തിന് ആലം ഉപയോഗിച്ചുതുടങ്ങിയത്.

വായു കലര്‍ത്തുന്നതിന് വിവിധയിനം ഏറേറ്ററുകള്‍ ഉപയോഗിക്കുന്നു (സ്പ്രേ, കാസ്കേഡ്, മള്‍ട്ടിപ്പിള്‍ ട്രേ, എയര്‍ ഇന്‍ജക്ഷന്‍). ഏറേഷന്‍ വഴി ജലത്തിന്റെ ദുര്‍ഗന്ധം, അരുചി എന്നിവ കുറയുന്നു. CO2 നീക്കം ചെയ്ത് ജലത്തിന്റെ കാഠിന്യവും ക്ഷാരതയും കുറയ്ക്കുന്നു; എല ങി എന്നിവയും നീക്കം ചെയ്യുന്നു.

ആലം, സോഡിയം അലൂമിനേറ്റ്, ചുണ്ണാമ്പ്, Fe SO4, Fe Cl3,Fe2 (SO4)3 എന്നിവയാണ് കൊയാഗുലനത്തിനായി ചേര്‍ക്കുന്നത്. ഈ രാസവസ്തുക്കള്‍ ജലത്തിന് നിറം നല്കുന്ന കൊളേയ്ഡല്‍ പദാര്‍ഥങ്ങളെയും ധാതുക്കളെയും ഒന്നിച്ചു ചേര്‍ത്ത് അടിയാന്‍ സഹായിക്കുന്നു.

Ca, Mg അയണങ്ങള്‍ നീക്കം ചെയ്താണ് ജലം മൃദൂകരിക്കുന്നത്. ചുണ്ണാമ്പും സോഡിയം ഹൈഡ്രോക്സൈഡും ജലത്തില്‍ ചേര്‍ക്കുമ്പോള്‍ Ca CO3, MgOH എന്നിവ അവക്ഷിപ്തമായി അടിയുന്നു. ഇപ്രകാരം മൃദൂകരിച്ച ജലത്തിന് സ്ഥിരത (stability) നഷ്ടപ്പെടാനിടയുണ്ട്. റി കാര്‍ബണൈസേഷന്‍ പ്രവിധികളുപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കാനാവും. അയോണ്‍ വിനിമയം വഴിയും ജലത്തിന്റെ കാഠിന്യം നിര്‍മാര്‍ജനം ചെയ്യാം.

ജലശുദ്ധീകരണത്തിലെ രണ്ടാമത്തെ ഘട്ടം അരിക്കലാണ്. മറ്റു മാലിന്യങ്ങള്‍ക്കു പുറമെ ബാക്റ്റീരിയങ്ങളുടെ 98-99 ശ.മാ.-വും നീക്കം ചെയ്യപ്പെടുന്നത് ഈ ഘട്ടത്തിലാണ്. ജലം സാവധാനത്തിലും ദ്രുതഗതിയിലും അരിക്കുന്നതിന് യഥാക്രമം സ്ലോ സാന്‍ഡ് ഫില്‍റ്ററും റാപിഡ് സാന്‍ഡ് ഫില്‍റ്ററും ഉപയോഗിക്കുന്നു. ചരല്‍ കൊണ്ടുള്ള ഒരു തടത്തിനു മുകളിലുള്ള ചെറു തരികളുള്ള മണലിന്റെ മെത്തയിലൂടെ ജലം കടത്തിവിടുന്നതാണ് സ്ലോ സാന്‍ഡ് ഫില്‍റ്ററിങ്. മണലും ചരലും ഒരു മീ.-ല്‍ കൂടുതല്‍ കനത്തില്‍ വിരിച്ചാണ് ഈ അരിപ്പ തയ്യാറാക്കുന്നത്. ചരല്‍ തടത്തിനു താഴെയായി അധോജല നാളികള്‍ സജ്ജീകരിച്ചിരിക്കും. റാപിഡ് സാന്‍ഡ് ഫില്‍റ്ററുകളില്‍ മണല്‍ത്തരികള്‍ക്ക് വലുപ്പമുണ്ടായിരിക്കും. തന്മൂലം ജലം ദ്രുതഗതിയില്‍ അരിക്കാന്‍ കഴിയുന്നു. ദ്രുത അരിക്കലിനു മുമ്പായി ആല്‍ഗകള്‍, മറ്റു സൂക്ഷ്മപദാര്‍ഥങ്ങള്‍ എന്നിവ മൈക്രോസ്റ്റ്രെയിനിങ് വഴി നീക്കം ചെയ്യേണ്ടതാണ്. നിലംബിത മാലിന്യങ്ങള്‍, കൊളോയ്ഡുകള്‍ തുടങ്ങിയവ മണല്‍ത്തരികളില്‍ തങ്ങിനില്ക്കും. ബാക്റ്റീരിയങ്ങളുടെ എണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നതോടൊപ്പം ജലത്തിന്റെ ഗന്ധം, നിറം, അരുചി; അതിലെ ഇരുമ്പ്, മാങ്ഗനീസ് എന്നിവയുടെ അംശം എന്നിവ ഒരു പരിധിവരെ നീക്കം ചെയ്യാനും അരിക്കല്‍ സഹായകമാണ്. ഫില്‍റ്ററിലെ മണല്‍ത്തരികള്‍ക്കിടയിലുള്ള സൂക്ഷ്മരന്ധ്രങ്ങളില്‍ക്കൂടി ജലം കടന്നുപോകുമ്പോള്‍ സൂക്ഷ്മരന്ധ്രങ്ങളെക്കാള്‍ കൂടുതല്‍ വലുപ്പമുള്ള നിലംബിത മാലിന്യങ്ങള്‍ മണല്‍ത്തരികളില്‍ തങ്ങിനില്ക്കും. ഫില്‍റ്റര്‍ തടത്തിലെ രന്ധ്രങ്ങള്‍ ചെറിയ ഊറല്‍ ബേസിനുകളായും പ്രവര്‍ത്തിക്കും. തത്ഫലമായി ജലത്തിലെ ചെറിയ നിലംബിത വസ്തുക്കള്‍ മണല്‍ത്തരികളുടെ പാര്‍ശ്വങ്ങളില്‍ ഊറുന്നു. ബാക്റ്റീരിയങ്ങള്‍, കൊളോയ്ഡല്‍ പദാര്‍ഥങ്ങള്‍ എന്നിവ മണല്‍ത്തരികള്‍ക്കു ചുറ്റും ജലാറ്റിന്‍മയമുള്ള ഒരു ലേപനം സൃഷ്ടിക്കുന്നു. ഈ ലേപനവും ഊറലിനെ ത്വരിതപ്പെടുത്തുന്നു. നിലംബിത കണങ്ങളും മണല്‍ത്തരികളും തമ്മിലുള്ള ഭൗതിക ആകര്‍ഷണവും ഊറലിനെ ത്വരിതപ്പെടുത്തുന്നു.

ജലത്തില്‍ ലയിച്ച പാദാര്‍ഥങ്ങള്‍, കൊളോയ്ഡുകള്‍ എന്നിവ അധിശോഷണം മൂലം ഫില്‍റ്റര്‍ പ്രതലത്തില്‍ പറ്റിപ്പിടിക്കുന്നു. ജലത്തിന്റെ നിറം, ഗന്ധം എന്നിവ ഒരു പരിധിവരെ നിര്‍മാര്‍ജനം ചെയ്യാനും അധിശോഷണം സഹായിക്കുന്നു. കൊളോയ്ഡല്‍ കണങ്ങളുടെ പ്രതലവിസ്തീര്‍ണം, അവയിലെ വൈദ്യുത ചാര്‍ജ് എന്നിവ അധിശോഷണത്തെ പരിപോഷിപ്പിക്കുന്നു.

ഫില്‍റ്റര്‍ പ്രതലത്തില്‍ ജൈവ ഉപാപചയവും നടക്കുന്നുണ്ട്. ജലത്തിലെ കാര്‍ബണിക മാലിന്യങ്ങള്‍ ഫില്‍റ്റര്‍ പ്രതലത്തിലെ ബാക്റ്റീരിയങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്നു. ഈ ബാക്റ്റീരിയങ്ങള്‍ അവയുടെ ഉപാപചയത്തിനിടയില്‍ നടത്തുന്ന സങ്കീര്‍ണങ്ങളായ ചില ജൈവരാസപ്രവര്‍ത്തനങ്ങള്‍ മൂലം ജലത്തിലെ കാര്‍ബണിക മാലിന്യങ്ങള്‍ നിരുപദ്രവകരങ്ങളായ യൗഗികങ്ങളായി മാറുകയും ജലം ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു.

ജലത്തിലെ ചില നിലംബിത പദാര്‍ഥങ്ങളും ജലത്തില്‍ ലയിച്ച മാലിന്യങ്ങളും അയണീകരണത്തിനു വിധേയമാകാറുണ്ട്. അയണീകരണം സംഭവിച്ച പദാര്‍ഥങ്ങള്‍ മണല്‍ത്തരികളിലെ വൈദ്യുത ചാര്‍ജിനെ ഉദാസീനമാക്കുന്നതിനാല്‍ പ്രസ്തുത ഇലക്ട്രോളിക പ്രവര്‍ത്തനം മൂലവും ജലത്തില്‍ രാസവസ്തുക്കള്‍ക്ക് മാറ്റം സംഭവിക്കുന്നു.

ജലം രോഗാണുമുക്തമാക്കുവാന്‍ സാധാരണയായി ഉപയോഗിക്കുന്നത് ക്ലോറിനാണ്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഓസോണും അള്‍ട്രാവയലറ്റ് രശ്മികളും ഉപയോഗിക്കാറുണ്ട്. അരിക്കുന്നതിനു മുമ്പും (Pre chlorination) അരിക്കലിനു ശേഷവും (post chlorination) ക്ലോറിന്‍ പ്രയോഗിക്കാം. ബാക്റ്റീരിയങ്ങള്‍ നശിപ്പിക്കാനും വൈറസുകളെ നശിപ്പിക്കാനും ചെറിയ തോതില്‍ ദുര്‍ഗന്ധവും അരുചിയും മാറ്റാനും ക്ലോറിന്‍ സഹായിക്കുന്നു.

ആല്‍ഗകളെ നശിപ്പിക്കുന്നതിനുള്ള കോപ്പര്‍ സള്‍ഫേറ്റ് പ്രയോഗം, കാര്‍ബണിക പദാര്‍ഥങ്ങളും ദുര്‍ഗന്ധവും അകറ്റാനായി ആക്റ്റിവേറ്റ് ചെയ്ത കാര്‍ബണ്‍ ഉപയോഗം, അമോണിയവും ക്ലോറിനും ഉപയോഗിച്ചുള്ള രോഗാണുനിര്‍മാര്‍ജനം എന്നിവ വിശേഷാല്‍ ശുദ്ധീകരണ പ്രവിധികളാണ്.

(ഡോ. എന്‍. മുരുകന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍