This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണ്ടുകെട്ടല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:03, 28 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കണ്ടുകെട്ടല്‍

ഒരാളുടെ വസ്‌തുവകകള്‍ സര്‍ക്കാര്‍ പിടിച്ചെടുക്കുന്ന നടപടി. ഒരു ശിക്ഷാനടപടിയെന്നുള്ള നിലയില്‍ ഇതൊരംഗീകൃത ശിക്ഷയായി ഇംഗ്ലീഷ്‌ നിയമം കണക്കാക്കിയിട്ടില്ല. പ്രസിദ്ധ നിയമപണ്ഡിതനായ ബ്ലാക്ക്‌സ്റ്റന്റെ (Blackstone) കാലത്ത്‌, കണ്ടുകെട്ടല്‍ (confiscation) നിയമം അഌശാസിക്കുന്ന ഒരു വ്യവസ്ഥാപിത ശിക്ഷയായി കണക്കാക്കണമെന്ന്‌ നിയമജ്ഞന്മാര്‍ വാദിച്ചിരുന്നു. എന്നാല്‍ പില്‌ക്കാലത്ത്‌ അവയ്‌ക്കു പ്രസക്തിയില്ലാതാകുകയും കണ്ടുകെട്ടലിന്‌ ഒരു ദണ്ഡനക്ക്രിയ എന്ന നിലയില്‍ നിയമസാധുത ഇല്ലാതാകുകയും ചെയ്‌തു. ഒരു നിയമരക്ഷാബഹിഷ്‌കൃത (out-law)ന്റെ കാര്യത്തില്‍ മാത്രമേ ഇന്നു കണ്ടുകെട്ടലിഌ പ്രസക്തിയുള്ളു (നിയമത്തിന്റെ സംരക്ഷണത്തിന്‌ അര്‍ഹതയില്ലാതെ നിയമവലയത്തിഌ പുറത്തു നില്‌ക്കുന്നവനാണ്‌ നിയമരക്ഷാബഹിഷ്‌കൃതന്‍. ക്രിമിനല്‍ കേസില്‍ പിടികൊടുക്കാതെ ഒളിവില്‍ക്കഴിയുന്ന പ്രതി ഇത്തരക്കാരനാണ്‌).

ഇന്നത്തെ നിയമമഌസരിച്ച്‌ ഇന്ത്യയുമായി രമ്യതയില്‍ കഴിയുന്ന മറ്റൊരു രാജ്യത്തു കടന്നുചെന്നു കൊള്ളയടിക്കുക (സെ.126), അങ്ങനെ ലഭ്യമാകുന്ന വകകള്‍ വാങ്ങുക (സെ.127) തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ആളുകളുടെ പക്കല്‍ നിന്ന്‌ അത്തരം സാധനങ്ങള്‍ കണ്ടുകെട്ടാം. കൂടാതെ, ക്രിമിനല്‍ നടപടി നിയമസംഹിത 517-ാം വകുപ്പഌസരിച്ച്‌ കോടതിയുടെ കൈവശം വന്നുചേരുന്ന സാധനങ്ങള്‍ കേസിന്റെ തീരുമാനത്തിഌ ശേഷം കണ്ടുകെട്ടാം; ആ വക സാധനങ്ങള്‍ പരസ്യമായി ലേലത്തില്‍ വിറ്റു ഗവണ്‍മെന്റിലേക്കു മുതല്‍ക്കൂട്ടും. മറ്റു യാതൊരു സംഗതിവശാലും കണ്ടുകെട്ടല്‍ നടപ്പില്‍ വരുത്താനോ പ്രായോഗികമാക്കാനോ പാടില്ല. പക്ഷേ, അഴിമതിനിരോധനനിയമം, കസ്റ്റംസ്‌ നിയമം തുടങ്ങിയ സ്‌പെഷ്യല്‍ സ്റ്റാറ്റ്യൂട്ടുകള്‍ അഌസരിച്ചു പ്രത്യേക പരിതഃസ്ഥിതികളില്‍ കണ്ടുകെട്ടല്‍ അഌവദിച്ചിട്ടുണ്ട്‌.

ഇന്ത്യയില്‍, പഴയകാലത്തു ഗുരുതരമായ കുറ്റങ്ങള്‍ക്ക്‌ ശിക്ഷിക്കപ്പെടുന്നവരെ ജയിലിലാക്കുന്നതോടുകൂടി അവരുടെ സ്വത്തുക്കള്‍ ഗവണ്‍മെന്റിലേക്ക്‌ കണ്ടുകെട്ടിയിരുന്നു. ഇത്‌ യഥാര്‍ഥത്തില്‍, കുറ്റവാളിയെ ആശ്രയിച്ച്‌ അയാളുടെ സംരക്ഷണത്തില്‍ ക്കഴിയുന്ന നിരപരാധികളുടെ മേല്‍ ചുമത്തുന്ന ഒരു അധിക ശിക്ഷയായിരുന്നു; കുറ്റം ചെയ്യാത്തവരെ ശിക്ഷിക്കുന്ന ഈ ഏര്‍പ്പാട്‌, ശിക്ഷാനിയമസംഹിതയുടെ പവിത്രതയ്‌ക്കുതന്നെ കളങ്കം ചേര്‍ക്കുന്നതാണെന്നു കണ്ട്‌ 1921 ലെ ആക്‌റ്റഌസരിച്ച്‌ നിര്‍ത്തലാക്കി. എങ്കിലും മേല്‍ സൂചിപ്പിച്ച 126ഉം 127ഉം വകുപ്പുകള്‍ അഌസരിച്ച്‌ കണ്ടുകെട്ടുന്നതും 169-ാം വകുപ്പഌസരിച്ച്‌ ഒരു ഗവണ്‍മെന്റുദ്യോഗസ്ഥന്‍ തന്റെ ഔദ്യോഗിക നിലയഌസരിച്ച്‌ വാങ്ങാന്‍ പാടില്ലാത്ത സാധനങ്ങള്‍ വാങ്ങുന്നുവെങ്കില്‍ ആവക സാധനങ്ങള്‍ കണ്ടുകെട്ടുന്നതും നിയമാഌസൃതമായിരിക്കും. ക്രിമിനല്‍ നടപടിനിയമം 517-ാം വകുപ്പഌസരിച്ച്‌ കോടതിയില്‍ വരുന്ന തൊണ്ടിസാധനങ്ങളും കണ്ടുകെട്ടാം. പിഴശിക്ഷയും ഒരുതരം കണ്ടുകെട്ടല്‍ തന്നെയാണ്‌. പിഴ ഈടാക്കുന്നതിഌ പ്രതിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാറുണ്ടെന്നതാണ്‌ അതിഌ കാരണം. തടവുശിക്ഷയ്‌ക്കു പുറമേ പിഴയും കൂടി വിധിക്കുന്നതു നിയമാഌസൃതമാണെങ്കിലും ആശാസ്യമല്ലായെന്ന്‌ സുപ്രീം കോടതി ഒരു കരിഞ്ചന്തക്കേസ്സില്‍ പ്രസ്‌താവിച്ചു. കരിഞ്ചന്തക്കുറ്റം പോലുള്ള സാമൂഹൃവിരുദ്ധക്കുറ്റങ്ങള്‍ അമര്‍ച്ച വരുത്തേണ്ടത്‌ ആവശ്യമാണെങ്കിലും തടവുശിക്ഷയ്‌ക്കു പുറമേ 10,000 ക. പിഴ വിധിച്ചത്‌ അതിരുകടന്നു പോയി എന്നു പറഞ്ഞ്‌ അത്‌ 1,000 ക. ആയി കുറവുചെയ്യുകയാണുണ്ടായത്‌. നിയമാഌസൃതമല്ലാതെ അന്യനാട്ടില്‍ നിന്ന്‌ ഇന്ത്യയിലേക്കു കൊണ്ടുവരുന്ന സാധനങ്ങള്‍ കണ്ടുകെട്ടാറുണ്ട്‌. കസ്റ്റംസ്‌ ആക്‌റ്റ്‌ തുടങ്ങിയ നിയമങ്ങളില്‍ ഇതു സംബന്ധിച്ചുള്ള വ്യവസ്ഥകളുമുണ്ട്‌.

(ജസ്റ്റിസ്‌ കെ. സദാശിവന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍