This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓ ഹിഗിന്‍സ്‌, ബർണാർഡോ (1778 - 1842

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:05, 7 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓ ഹിഗിന്‍സ്‌, ബര്‍ണാര്‍ഡോ (1778 - 1842)

O'Higgins, Bernardo

ചിലി റിപ്പബ്ലിക്കിന്റെ പ്രഥമ ഭരണാധികാരി. 1778 ആഗ. 20-ന്‌ ചിലാനിൽ ജനിച്ചു. പ്രസിദ്ധ ഐറിഷ്‌ കുടിയേറ്റക്കാരനും ചിലിയിലെ ക്യാപ്‌റ്റന്‍ ജനറലുമായിത്തീർന്ന ആളുമായ അംബ്രാസിയോ ഓ ഹിഗിന്‍സ്‌ ആയിരുന്നു പിതാവ്‌. സ്‌പാനിഷ്‌-അമേരിക്കന്‍ സ്വാതന്ത്യ്രസമരനേതാവായ ഫ്രാന്‍സിസ്‌കൊ ദെ മിറാന്‍ഡയുടെ സ്വാധീനതയിൽപ്പെട്ട്‌ ഓ ഹിഗിന്‍സ്‌ ഒരു റിപ്പബ്ലിക്കന്‍ ചിന്താ ഗതിക്കാരനായി മാറി. 1802-ൽ നാട്ടിൽ തിരിച്ചെത്തിയ ഇദ്ദേഹം 1810 മുതൽ അവിടത്തെ വിപ്ലവപ്രസ്ഥാനത്തിൽ ഭാഗഭാക്കായി. 1813-ൽ ജോസ്‌മി ഗൈൽ ദെ കരേര സർവസൈന്യാധിപസ്ഥാനത്തുനിന്നും നിഷ്‌കാസിതനായപ്പോള്‍ ആ പദവി ഓ ഹിഗിന്‍സിന്‌ ലഭ്യമായി. ഓ ഹിഗിന്‍സിന്‌ കരേരയുടെയും അനുയായികളുടെയും എതിർപ്പു നേരിടേണ്ടിവന്നു. എന്നാൽ സ്‌പെയിന്‍കാർ ചിലി ആക്രമിച്ചപ്പോള്‍ പൊതുശത്രുവിനെ എതിരിടാന്‍ രണ്ടു വിഭാഗക്കാരും യോജിച്ചുപോരാടി. റാന്‍കാഗ്വയിൽ വച്ചുണ്ടായ സ്‌പെയിന്‍-ചിലി യുദ്ധ(1814 ഒ. 2)ത്തിൽ ചിലിയുടെ വിപ്ലവസൈന്യം പരാജയപ്പെട്ടു. ഓ ഹിഗിന്‍സ്‌ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പലായനം ചെയ്‌തു. ഓ ഹിഗിന്‍സ്‌ അർജന്റീനയിലെ "മെന്‍ഡോസ'യിൽ അഭയം പ്രാപിച്ചു. അദ്ദേഹം 1817-ൽ തിരിച്ചെത്തി സാന്‍മാർട്ടിന്റെ സൈന്യത്തിൽ ലെഫ്‌റ്റനന്റ്‌ ആയി. "ചകാബുകൊ'യിൽവച്ച്‌ 1817 ഫെ. 12-ന്‌ നടന്ന യുദ്ധത്തിൽ ചിലി വിജയിച്ചു. താന്‍ക്കായിൽ വച്ച്‌ 1818 ഫെബ്രുവരിയിൽ ചിലിയുടെ സ്വാതന്ത്യ്രം ഔപചാരികമായി പ്രഖ്യാപിക്കപ്പെട്ടു. സാന്‍മാർട്ടിന്‍ ഭരണനേതൃത്വം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനാൽ ആ ഭാരം ഓ ഹിഗിന്‍സ്‌ ഏറ്റെടുത്തു. ചിലി റിപ്പബ്ലിക്കിന്റെ ആദ്യഭരണാധികാരിയായി ഭരണഭാരമേറ്റ്‌, രാജ്യത്ത്‌ ജനാധിപത്യപരവും പുരോഗമനപരവുമായ നടപടികള്‍ നടപ്പിലാക്കാന്‍ യത്‌നിച്ചു. ഇത്‌ യാഥാസ്ഥിതിക കക്ഷികളുടെ എതിർപ്പിനു കാരണമായി. 1823-ൽ ഇദ്ദേഹം നിഷ്‌കാസിതനായി. പെറുവിലേക്ക്‌ പലായനം ചെയ്‌ത ഓ ഹിഗിന്‍സ്‌ മരണംവരെ പെറുവിന്റെ തലസ്ഥാനമായ ലീമായിൽ കഴിച്ചുകൂട്ടി. തെക്കേ അമേരിക്കന്‍ സ്വാതന്ത്യ്രനായകന്മാരുടെ നിരയിൽ ഇദ്ദേഹത്തിന്‌ സാന്‍മാർട്ടിന്‍, സൈമണ്‍ ബൊളിവർ എന്നിവരോടൊപ്പമുള്ള സ്ഥാനമുണ്ട്‌. ഓ ഹിഗിന്‍സ്‌ 1842 ഒ. 24-ന്‌ ലീമായിൽ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍