This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഥിലീന്‍ ഡൈ അമീന്‍ ടെറ്റ്രാ അസറ്റിക്‌ ആസിഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:43, 4 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എഥിലീന്‍ ഡൈ അമീന്‍ ടെറ്റ്രാ അസറ്റിക്‌ ആസിഡ്‌

Ethylenediaminetetracetic acid (EDTA)

ഇ.ഡി.ടി.എ. എന്ന ചുരുക്കപ്പേരിൽ അറിയുന്ന ബഹുമുഖ പ്രാധാന്യമുള്ള ഒരു ഓർഗാനിക്‌ യൗഗികം. ഇതിന്റെ സോഡിയം ലവണം, വൈദ്യം, വ്യവസായം, കൃഷി തുടങ്ങിയ രംഗങ്ങളിൽ വളരെ പ്രയോജനകരമാണ്‌. രക്തത്തിനു ചില രോഗാവസ്ഥകളിൽ കട്ടപിടിക്കാനുള്ള പ്രവണത അപായകരമാംവിധം കൂടുതലായിക്കാണും. ചില ചികിത്സാവസരങ്ങളിൽ രക്തത്തിന്റെ ഈ കൊയാഗുലന(coagulation)പ്രവണത താഴ്‌ന്ന നിലയിലേക്കു കൊണ്ടുവരേണ്ടതായി വരും. ഈ രണ്ടവസരങ്ങളിലും രക്തത്തിലെ കാത്സ്യം-അയോണുകള്‍ കുറെ നീക്കം ചെയ്യുകയാണ്‌ പതിവ്‌. അതിനായി പ്രയോഗിക്കപ്പെടുന്നത്‌ ഇ.ഡി.ടി.എ. ആണ്‌. ഇന്‍ജക്‌റ്റു ചെയ്‌തയുടന്‍ ഈ യൗഗികം രക്തത്തിലെ കാത്സ്യം അയോണുകളെ തന്നിലുള്ള ഓക്‌സിജന്‍ വഴി ബന്ധിച്ച്‌ വീണ്ടും അയോണീഭവിക്കാന്‍ സാധ്യതയില്ലാത്ത രീതിയിൽ പിടിച്ചുവച്ച്‌ മൂത്രത്തിലൂടെ ശരീരത്തിനകത്തുനിന്ന്‌ പുറന്തള്ളുന്നു. ഇ.ഡി.ടി.എ.യുടെ സോഡിയം ലവണത്തിന്റെയും കാത്സ്യം അയോണ്‍ പിടിച്ചുപറ്റിയശേഷമുള്ള "ചീലേറ്റിത' (chelated) യൗഗികത്തിന്റെയും സംരചനകള്‍ താഴെ കൊടുക്കുന്നു:

രക്തത്തിൽ സംഗതിവശാൽ കലർന്നുചേരുവാനും വിഷാലുവായി പ്രവർത്തിപ്പിക്കുവാനും ഇടവരുന്ന ലെഡ്‌, മെർക്കുറി, ക്രാമിയം, കോപ്പർ എന്നീ ബഹുസംയോജക ലോഹങ്ങളുടെ അയോണുകളെയും ഇതേരീതിയിൽ ശരീരത്തിൽനിന്നു നീക്കം ചെയ്യിക്കുവാന്‍ ഇ.ഡി.ടി.എ. ഇന്‍ജക്‌റ്റു ചെയ്‌താൽ മതി. അതുപോലെതന്നെ ശരീരത്തിനകത്തു പ്രവേശിക്കാനിടവന്ന റേഡിയോ ആക്‌റ്റിവതയുള്ള പദാർഥാംശങ്ങളെയും ഇ.ഡി.ടി.എ. നീക്കം ചെയ്യുന്നു. വിദഗ്‌ധമായ വൈദ്യപരിശോധനയും അവധാനവും ഈ ഔഷധത്തിന്റെ പ്രയോഗത്തിൽ അത്യാവശ്യമാണ്‌.

സസ്യങ്ങളുടെ പോഷണത്തിനുതകുന്ന ലോഹാണുക്കളെ ലേയരൂപത്തിൽ പ്രദാനം ചെയ്യുന്നതിന്‌ ഇ.ഡി.ടി.എ. സഹായകമാണ്‌. ഖാദ്യപേയങ്ങളുടെ വ്യവസായത്തിൽ സ്ഥിരീകാരകം (stabiliser) ആയും സംശോധകം (clarifier) ആയും ഇതു പ്രയോജനപ്പെടുത്തിവരുന്നു. ലോഹങ്ങളുടെ സൂക്ഷ്‌മാംശങ്ങള്‍ നീക്കി ചായങ്ങളുടെ വർണപ്പൊലിമ വർധിപ്പിക്കുക, ബോയ്‌ലറുകളിലെ ശല്‌കങ്ങളെ നീക്കം ചെയ്യുക, കഠിനജലം മൃദുവാക്കുക, സോപ്പിന്റെയും മറ്റും പരിമാർജകശക്തി അധികമാക്കുക മുതലായ ആവശ്യങ്ങള്‍ക്കും ഈ ഓർഗാനിക്‌ യൗഗികം ഉപയോഗിക്കുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍