This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എന്‍ജിനീയറിങ്‌ വിദ്യാഭ്യാസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:14, 20 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എന്‍ജിനീയറിങ്‌ വിദ്യാഭ്യാസം

Engineering Education

എന്‍ജിനീയറിങ്‌ വിദ്യാഭ്യാസത്തിന്റെ മേഖല വളരെ വിശാലമാണ്‌. സിവിൽ, വൈദ്യുത, യാന്ത്രിക, കാർഷിക, രസതന്ത്ര, വ്യാവസായിക, വ്യോമയാന, ഖനന, ന്യൂക്ലിയർ, മറൈന്‍, ഇലക്‌ട്രാണിക, അസ്‌ട്രാനോട്ടിക്കൽ എന്നിങ്ങനെ വൈവിധ്യമാർന്നതും വൈദഗ്‌ധ്യം ആവശ്യമുള്ളതുമായ സുപ്രധാന വിഭാഗങ്ങള്‍ ഇതിൽ ഉള്‍പ്പെടുന്നു. ഇവ ഓരോന്നിനും അവാന്തരവിഭാഗങ്ങളുണ്ട്‌. ഉദാഹരണത്തിന്‌ സിവിൽ എന്‍ജിനീയറിങ്‌ എടുക്കാം. നഗരാസൂത്രണം, അണക്കെട്ട്‌, കെട്ടിടം, ഗതാഗതം, കടലാക്രമണപ്രതിരോധം, വിമാനത്താവളം, ഡോക്കുകളും തുറമുഖങ്ങളും തുടങ്ങിയ പല ഉപവിഭാഗങ്ങളും ഇതിൽക്കാണാം. എന്‍ജിനീയറിങ്ങിന്റെ ഏതു ശാഖയിലുമുള്ള വിദ്യാഭ്യാസത്തിന്‌ ശാസ്‌ത്രവിഷയങ്ങളിൽ പൊതുവേ നല്ല പരിജ്ഞാനം ആവശ്യമാണ്‌. ഗണിതം, ഭൗതികം, രസതന്ത്രം എന്നിവയിൽ പ്രത്യേകിച്ചും നല്ല അറിവുണ്ടായിരിക്കണം. ജീവശാസ്‌ത്രത്തിൽ സാമാന്യമായ അറിവുണ്ടായിരിക്കേണ്ടത്‌ എന്‍ജിനീയറിങ്‌ വിദ്യാഭ്യാസത്തിന്‌ ആവശ്യമാണ്‌. കൂടുതൽ പഠിക്കേണ്ട അടിസ്ഥാന ശാസ്‌ത്രവിഷയങ്ങള്‍ ഏതെല്ലാം എന്നത്‌ തെരഞ്ഞെടുക്കുന്ന എന്‍ജിനീയറിങ്‌ ശാഖയെ ആശ്രയിച്ചിരിക്കും. സിവിൽ എന്‍ജിനീയറിങ്‌, വൈദ്യുത എന്‍ജിനീയറിങ്‌, യാന്ത്രിക എന്‍ജിനീയറിങ്‌ തുടങ്ങിയ ഏറെ ശാഖകള്‍ക്കും ഗണിതം, ഭൗതികം എന്നിവയാണ്‌ കൂടുതൽ പഠിക്കേണ്ടതെങ്കിൽ രസതന്ത്ര എന്‍ജിനീയറിങ്ങിന്‌ ഇവയെക്കാള്‍ രസതന്ത്രമാണ്‌ അധികമാവശ്യമെന്നു കാണാം.

ഈജിപ്‌തിലെ 4,000 വർഷത്തിലേറെ പഴക്കമുള്ള പിരമിഡുകളും ഭാരതത്തിലെ 3,000-ലേറെ പഴക്കമുള്ള ക്ഷേത്രശില്‌പങ്ങളും ചൈനയിലെ വന്‍മതിലുള്‍പ്പെടെയുള്ള സംരചനകളും എന്‍ജിനീയറിങ്ങിന്റെ പ്രാചീനതയ്‌ക്ക്‌ തെളിവുകളായി നിലകൊള്ളുന്നു. ശാസ്‌ത്രീയമായ അറിവിനെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ ആധുനിക എന്‍ജിനീയറിങ്‌ വളരെയേറെ വളർച്ച പ്രാപിച്ചിട്ടുണ്ട്‌; അനുദിനം വികസിച്ചുകൊണ്ടുമിരിക്കുന്നു. ആധുനിക എന്‍ജിനീയറിങ്‌ വിദ്യാഭ്യാസത്തിന്റെ ഒരു ലഘുചരിത്രം താഴെ കൊടുത്തിരിക്കുന്നു.

യൂറോപ്യന്‍ നവോത്ഥാനകാലഘട്ടത്തിൽ ജീവിച്ചിരുന്ന ലിയണാർഡോ ഡാവിഞ്ചി (15-ാം ശ.) പ്രശസ്‌തനായ ഒരു ചിത്രകാരനും വിദഗ്‌ധനായ ഒരു എന്‍ജിനീയറും ആയിരുന്നു. എന്നാൽ ആധുനികരീതിയിൽ സ്വരൂപിച്ചിട്ടുള്ള എന്‍ജിനീയറിങ്ങോ എന്‍ജിനീയറിങ്‌ വിദ്യാഭ്യാസമോ അന്ന്‌ നിലവിൽ വന്നിരുന്നില്ല. 18-ാം നൂറ്റാണ്ടിന്റെ മധ്യത്തോടുകൂടി ഫ്രാന്‍സിലാണ്‌ സാമാന്യം ക്രമീകൃത രീതിയിലുള്ള എന്‍ജിനീയറിങ്‌ വിദ്യാഭ്യാസം ആരംഭിച്ചത്‌. ആരംഭം. 1747-ൽ ഫ്രാന്‍സിൽ സ്ഥാപിച്ച ആദ്യത്തെ എന്‍ജിനീയറിങ്‌ സ്‌കൂളിന്റെ പേര്‌ എക്കോള്‍ നാസിയോണാള്‍ ദെ പോങ്‌സെഷാസ്‌ എന്നായിരുന്നു. ഷാങ്‌ റൊഡാള്‍ഫ്‌ പെരോനെയായിരുന്നു. പ്രസ്‌തുത സ്‌കൂളിലെ പ്രധാന അധ്യാപകന്‍. 18-ാം നൂറ്റാണ്ടിൽ എന്‍ജിനീയറിങ്‌ വിദ്യാഭ്യാസത്തിന്റെ നേതൃത്വം വഹിച്ചിരുന്ന രാജ്യം ഫ്രാന്‍സാണ്‌. 18-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ഫ്രാന്‍സിൽ പോളിടെക്‌നിക്‌ സ്‌കൂളുകളും മറ്റു എന്‍ജിനീയറിങ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളും നിലവിൽവന്നു.

1825-ലാണ്‌ ജർമനിയിൽ കാള്‍സ്‌റൂഹെ എന്ന സ്ഥലത്ത്‌ ആദ്യത്തെ പോളിടെക്‌നിക്‌ സ്‌കൂള്‍ സ്ഥാപിതമായത്‌. 1833-ൽ ഈ സ്ഥാപനത്തിന്റെ പാഠ്യപദ്ധതിയിൽ സാരമായ മാറ്റങ്ങളുണ്ടായി. അങ്ങനെ, തികച്ചും തൊഴിലധിഷ്‌ഠിതമായ ഒരു സമ്പ്രദായം നിലവിൽവന്നു. വ്യാവസായികവിപ്ലവത്തെത്തുടർന്ന്‌ സാങ്കേതിക വിദ്യാഭ്യാസവും നല്ല സാങ്കേതികവൈദഗ്‌ധ്യവും ലഭിച്ചവരെ കൂടുതൽ കൂടുതൽ ആവശ്യമായി വരികയും എന്‍ജിനീയറിങ്‌ വിദ്യാഭ്യാസം യൂറോപ്പിലാകെ പ്രചാരം നേടുകയും ചെയ്‌തു.

യു.എസ്‌.

യൂണിയന്‍ കോളജ്‌, ന്യൂയോർക്ക്‌

1802-ൽ വെസ്റ്റ്‌ പോയിന്റിൽ സ്ഥാപിതമായ യു.എസ്‌. മിലിട്ടറി അക്കാദമിയാണ്‌ ആദ്യത്തെ അമേരിക്കന്‍ എന്‍ജിനീയറിങ്‌ വിദ്യാഭ്യാസ സ്ഥാപനമായി അറിയപ്പെടുന്നത്‌. 1824-ൽ ന്യൂയോർക്ക്‌ സ്റ്റേറ്റിൽ റെന്‍സിലേർ പോളിടെക്‌നിക്‌ സ്ഥാപിതമാവുകയും പ്രസ്‌തുത സ്ഥാപനത്തിൽനിന്ന്‌ 1835-ൽ ആദ്യമായി എന്‍ജിനീയറിങ്‌ ബിരുദധാരികള്‍ പുറത്തുവരുകയും ചെയ്‌തു. റെന്‍സിലേർ പോളിടെക്‌നിക്കിലെ ആദ്യകാല വിദ്യാഭ്യാസം ഫ്രഞ്ചുപാഠ്യപദ്ധതിയനുസരിച്ചുള്ളതായിരുന്നെങ്കിലും പിന്നീട്‌ പല മാറ്റങ്ങളും വന്നു. ന്യൂയോർക്കിലെ യൂണിയന്‍കോളജ്‌ 1845-ൽ ചില സിവിൽ എന്‍ജിനീയറിങ്‌ കോഴ്‌സുകള്‍ ആരംഭിച്ചു. 1850-ൽ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയും 1852-ൽ മിഷിഗന്‍ യൂണിവേഴ്‌സിറ്റിയും ഇതിനെ പിന്തുടർന്നു. ആദ്യകാല എന്‍ജിനീയറിങ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാംതന്നെ സിവിൽ എന്‍ജിനീയറിങ്‌ വിദ്യാഭ്യാസത്തിനുമാത്രം സൗകര്യമുള്ളവയായിരുന്നു. എന്നാൽ 1864-ൽ കൊളംബിയാ യൂണിവേഴ്‌സിറ്റിയിൽ മൈനിങ്‌ സാങ്കേതികവിദ്യാഭ്യാസം ഏർപ്പെടുത്തപ്പെട്ടു. 1865-ൽ മാസച്യുസെറ്റ്‌സ്‌ ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്‌ സിവിൽ, മെക്കാനിക്കൽ, മൈനിങ്‌ എന്നിവയ്‌ക്കുള്ള പഠനസൗകര്യങ്ങള്‍കൂടി ഏർപ്പെടുത്തി. യു.എസ്സിൽ 1850-നുശേഷം എന്‍ജിനീയറിങ്‌ വിദ്യാഭ്യാസം വേഗത്തിൽ പുരോഗതി പ്രാപിച്ചു. എന്‍ജിനീയറിങ്‌ വിദ്യാഭ്യാസത്തിന്റെ വികാസം ലക്ഷ്യമാക്കി, 1893-ൽ സ്ഥാപിതമായ "അമേരിക്കന്‍ സൊസൈറ്റി ഫോർ എന്‍ജിനീയറിങ്‌ എഡ്യൂക്കേഷന്‍' യു.എസ്സിലെ എന്‍ജിനീയറിങ്‌ വിദ്യാഭ്യാസപുരോഗതിയിൽ നിർണായകമായ സംഭാവന നല്‌കിയിട്ടുണ്ട്‌.

കഴിഞ്ഞ 50 വർഷക്കാലം അമേരിക്കയിലെ എന്‍ജിനീയറിങ്‌ വിദ്യാഭ്യാസത്തിൽ കാതലായ മാറ്റങ്ങള്‍ സംഭവിക്കുകയുണ്ടായി. രണ്ടാംലോകയുദ്ധത്തിനുമുമ്പ, എന്‍ജിനീയറിങ്‌ രൂപകല്‌പന(design)യിലും, പ്രായോഗികത(practical)യിലും ശക്തമായ ഊന്നൽ നൽകിയിരുന്ന എന്‍ജിനീയറിങ്‌മേഖല കാലാന്തരത്തിൽ ശാസ്‌ത്രസംബന്ധമായ മൂലതത്ത്വങ്ങളിലും (Scientific Fundamentals), ഗണിതശാസ്‌ത്രപരമായ വിശകലനത്തിലും (Mathematical Analysis) ഊന്നൽ നൽകിത്തുടങ്ങി. വന്‍ശക്തികള്‍ തമ്മിലുള്ള ശീതയുദ്ധ(cold war)വും അതിനോടനുബന്ധിച്ച്‌ ഗവേഷണങ്ങള്‍ക്ക്‌ ലഭിച്ച വിപുലമായ സാമ്പത്തികസഹായവും ഈ മാറ്റത്തിനു പ്രരകമായി. വിവരസാങ്കേതികവിദ്യയിലുണ്ടായ അഭൂതപൂർവമായ വളർച്ചയും 1980-കളിൽ ആഗോളകിടമത്സര(Global Competition)ത്തിന്റെ തുടക്കത്തോടെ എന്‍ജിനീയറിങ്‌ മേഖലയിലുണ്ടായ തൊഴിലവസരങ്ങളുടെ വർധനയും എന്‍ജിനീയറിങ്‌ വിദ്യാഭ്യാസത്തിൽ വരുത്തേണ്ട മാറ്റങ്ങളിലേക്ക്‌ വിരൽചൂണ്ടി. മാറിവരുന്ന സാഹചര്യങ്ങള്‍ക്കനുസൃതമായി ബിരുദധാരികളെ ആശയവിനിമയത്തിലും (Communication), സംഘടിതപ്രവർത്തനത്തിലും (team work) സാമ്പത്തികശാസ്‌ത്രബോധത്തിലും, സാങ്കേതികക്ഷമതയിലുമൊക്കെ കഴിവുള്ളവരാക്കാന്‍ പ്രാപ്‌തമായ പുതിയ വിദ്യാഭ്യാസരീതിയുടെ ആവശ്യകത അംഗീകരിക്കപ്പെട്ടു. ഈ അറിവിന്റെ വെളിച്ചത്തിൽ പുതിയ ഒരു വിദ്യാഭ്യാസനയം അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളിൽ രൂപം പ്രാപിച്ചു.

ബ്രിട്ടന്‍. ബ്രിട്ടനിലെ ആദ്യകാല എന്‍ജിനീയർമാർ സാങ്കേതികവിദ്യ സ്വയം അഭ്യസിച്ച്‌ അറിവുനേടിയവരോ, സാങ്കേതിക വിദഗ്‌ധന്മാരുടെ കീഴിൽ പരിശീലനം നേടിയവരോ ആയിരുന്നു. ബ്രിട്ടനിലെ പ്രശസ്‌ത സ്ഥാപനമായ "ഇന്‍സ്റ്റിറ്റ്യൂഷന്‍ ഒഫ്‌ സിവിൽ എന്‍ജിനീയേഴ്‌സി'ന്റെ ആദ്യത്തെ പത്ത്‌ അധ്യക്ഷന്മാരിൽ മൂന്നുപേർ മാത്രമാണ്‌ സർവകലാശാലാ ബിരുദം നേടിയിരുന്നത്‌. ഇന്നാവട്ടെ, ഈ സ്ഥാപനം ബിരുദാനന്തര പഠനത്തിനും ഗവേഷണത്തിനും മാത്രം പ്രാമുഖ്യം നല്‌കിവരുന്നു.

19-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി സർവകലാശാലാ നിലവാരത്തിലുള്ള എന്‍ജിനീയറിങ്‌ കോഴ്‌സുകള്‍ ബ്രിട്ടനിൽ ആരംഭിക്കുകയുണ്ടായി. 1827-ൽ എഡിന്‍ബറോ യൂണിവേഴ്‌സിറ്റിയാണ്‌ ആദ്യമായി ഈ രംഗത്ത്‌ പ്രവർത്തനം തുടങ്ങിയത്‌. 1838-ൽ ലണ്ടനിലെ കിങ്‌സ്‌ കോളജിനോടനുബന്ധിച്ച്‌ സർവകലാശാലാനിലവാരത്തിലുള്ള ഒരു എന്‍ജിനീയറിങ്‌ സ്‌കൂള്‍ ആരംഭിച്ചു. 1865-ൽ കേംബ്രിജ്‌ യൂണിവേഴ്‌സിറ്റി എന്‍ജിനീയറിങ്‌ ബിരുദപരീക്ഷ നടത്തി. മറ്റു യൂണിവേഴ്‌സിറ്റികളും ഇതിനെ പിന്തുടർന്നു. ക്രമേണ എന്‍ജിനീയറിങ്ങിൽ മാസ്റ്റേഴ്‌സ്‌ കോഴ്‌സും ഡോക്‌ടറേറ്റ്‌ ലക്ഷ്യമാക്കിക്കൊണ്ടുള്ള ഗവേഷണസൗകര്യങ്ങളും പല സർവകലാശാലകളിലും ഏർപ്പെടുത്തപ്പെട്ടു.

ശാസ്‌ത്ര-സാങ്കേതിക വിപ്ലവം. 20-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടനുബന്ധിച്ചുണ്ടായ ശാസ്‌ത്രസാങ്കേതിക വിപ്ലവത്തിന്റെ ഫലമായി എല്ലാ രാജ്യങ്ങളിലെയും എന്‍ജിനീയറിങ്‌ വിദ്യാഭ്യാസത്തിന്‌ പല മാറ്റങ്ങളും വരുത്തേണ്ടതായി വന്നു. ഉദാഹരണത്തിന്‌ സിവിൽ എന്‍ജിനീയറിങ്‌ വിദ്യാഭ്യാസത്തിൽ മണ്‍ബലതന്ത്രം (soil mechanics), വെൽഡിങ്‌, കമ്പനനിയന്ത്രണം (vibration control) തുടങ്ങിയ വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തേണ്ടി വന്നു. വാതകടർബൈന്‍, ജറ്റ്‌നോദനം (Jet propulsion) എന്നിവയിലുണ്ടായ വർധിച്ച താത്‌പര്യം താപവിനിമയം, താപഗതികം (thermo dynamics), ദ്രവതന്ത്രം (fluid mechanics) തുടങ്ങിയവ സംബന്ധിച്ച കൂടുതൽ പഠനങ്ങള്‍ക്കും ഇടയാക്കി. ലോഹകർമം (metallurgy) ഒരു കലയെന്നതിൽനിന്നും ഒരു സാങ്കേതിക ശാസ്‌ത്രശാഖ എന്ന നിലയിലേക്കു വളർന്നു. ഇതെല്ലാം യാന്ത്രിക എന്‍ജിനീയറിങ്‌ വിദ്യാഭ്യാസത്തിൽ മാറ്റങ്ങള്‍ക്കിടയാക്കി. മറ്റെല്ലാ എന്‍ജിനീയറിങ്‌ ശാഖകളിലും ഇത്തരത്തിലുള്ള മാറ്റങ്ങളുണ്ടായി. അണുഊർജത്തിന്റെ ഉപയോഗം പല സാങ്കേതിക ശാസ്‌ത്രശാഖകളുടെയും സമന്വയം ആവശ്യമാക്കിത്തീർത്തു. 1960-കളോടെ നിലവിലുണ്ടായിരുന്ന എന്‍ജിനീയറിങ്‌ ശാഖകളിലെ വിദ്യാഭ്യാസത്തിന്‌ മാറ്റം വന്നു എന്നുമാത്രമല്ല പുതിയ ചില എന്‍ജിനീയറിങ്‌ ശാഖകള്‍കൂടി രൂപം കൊള്ളുകയും ചെയ്‌തു.

അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന ശാസ്‌ത്രസാങ്കേതികവികാസം ഔപചാരികവിദ്യാഭ്യാസത്തിൽ നിന്നുമാത്രം ഒരു എന്‍ജിനീയർക്കു സ്വായത്തമാക്കാന്‍ സാധ്യമല്ല. ഈ വസ്‌തുത കണക്കിലെടുത്ത്‌ അടിസ്ഥാനതത്ത്വങ്ങള്‍ ഉറപ്പിക്കുകയും ഔപചാരിക വിദ്യാഭ്യാസാനന്തരം ബന്ധപ്പെടുന്ന പ്രത്യേക പ്രവർത്തനരംഗത്തിന്‌ ആവശ്യമായ സവിശേഷ പരിജ്ഞാനം സ്വയം വിദ്യാഭ്യാസം ചെയ്‌ത്‌ നേടുകയും ചെയ്യുക എന്ന തത്ത്വമാണ്‌ ഇന്ന്‌ അംഗീകരിക്കപ്പെട്ടിട്ടുള്ളത്‌.

ഇന്ത്യ.

റൂർക്ക്‌ യൂണിവേഴ്‌സിറ്റി ആസ്ഥാനമന്ദിരം

ഇന്ത്യയിൽ സാങ്കേതികവിദ്യാഭ്യാസം തുടങ്ങിയത്‌ 19-ാം നൂറ്റാണ്ടിലാണ്‌. ഈസ്റ്റ്‌ ഇന്ത്യാകമ്പനിയുടെ ഭരണകാലത്ത്‌ കമ്പനിയുടെ ഭരണസംവിധാനത്തിന്റെ ഭാഗമായി ഒരു പൊതുമരാമത്ത്‌ വകുപ്പ്‌ ആരംഭിച്ചിരുന്നു. ഈ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥന്മാർ ഇംഗ്ലണ്ടിൽ നിന്നും വന്നവരായിരുന്നു. താഴേക്കിടയിലുള്ള സാങ്കേതിക ജോലിക്കാരെപ്പോലും ഇന്ത്യയിൽനിന്നും പരിശീലിപ്പിച്ചെടുക്കാന്‍ ആദ്യകാലത്ത്‌ ശ്രമിച്ചിരുന്നില്ല.

1842-ൽ മദ്രാസിലെ ഗിണ്ടിയിലുള്ള ഗണ്‍കാര്യേജ്‌ ഫാക്‌ടറിയുടെ ഭാഗമായി തുടങ്ങിയ വ്യാവസായിക വിദ്യാലയം (Industrial School) ആണ്‌ ഈ രംഗത്തുള്ള ആദ്യസംരംഭം. 1847-ൽ റൂർക്കിയിൽ സിവിൽ എന്‍ജിനീയർമാരെ പരിശീലിപ്പിക്കാന്‍ ഒരു എന്‍ജിനീയറിങ്‌ കോളജ്‌ സ്ഥാപിച്ചു; സ്വാതന്ത്യ്രലബ്‌ധിക്കുശേഷം എന്‍ജിനീയറിങ്‌ വിഷയങ്ങള്‍ക്കുവേണ്ടിയുള്ള ഒരു യൂണിവേഴ്‌സിറ്റി തന്നെ റൂർക്കിയിൽ സ്ഥാപിതമാവുകയും ചെയ്‌തു. 1856-ൽ ബോംബെ, കൽക്കത്ത, മദ്രാസ്‌ എന്നീ പ്രവിശ്യകളിൽ മൂന്ന്‌ എന്‍ജിനീയറിങ്‌ കോളജുകള്‍കൂടി രൂപംകൊണ്ടു. ഗിണ്ടിയിലെയും പൂനയിലെയും ഇന്‍ഡസ്‌ട്രിയൽ സ്‌കൂളുകള്‍ എന്‍ജിനീയറിങ്‌ കോളജുകളായി മാറ്റപ്പെടുകയും ക്രമേണ മദ്രാസ്‌, ബോംബെ യൂണിവേഴ്‌സിറ്റികളുമായി അവ ബന്ധപ്പെടുകയും ചെയ്‌തു.

സ്വദേശിപ്രസ്ഥാനത്തിന്റെ ഭാഗമായി വിദ്യാഭ്യാസരംഗത്തും ഭാരതീയരുടേതായ വിദ്യാഭ്യാസകേന്ദ്രങ്ങള്‍ ഉടലെടുത്തു. 1907-ൽ കൽക്കത്തയ്‌ക്കടുത്തുള്ള യാദവ്‌പൂരിൽ നാഷണൽ കൗണ്‍സിൽ ഒഫ്‌ എഡ്യൂക്കേഷന്‍ എന്ന സംഘടന "കോളജ്‌ ഒഫ്‌ എന്‍ജിനീയറിങ്‌ ടെക്‌നോളജി' എന്ന സ്ഥാപനം ആരംഭിച്ചു. മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, കെമിക്കൽ എന്നീ എന്‍ജിനീയറിങ്‌ വിഭാഗങ്ങളിൽ ആദ്യമായി ബിരുദപഠനം തുടങ്ങിയത്‌ ഈ സ്ഥാപനത്തിലാണ്‌. 1923-ൽ ബനാറസ്‌ ഹിന്ദു സർവകലാശാല ഖനനം സംബന്ധിച്ച പഠനത്തിന്‌ ഒരു പ്രത്യേക വിഭാഗം തുടങ്ങി.

ഇന്ത്യ സ്വാതന്ത്യ്രം പ്രാപിക്കുന്ന അവസരത്തിൽ എന്‍ജിനീയറിങ്‌ കോളജുകളുടെ സംഖ്യ 12 ആയിരുന്നു. 1967 ആയപ്പോഴേക്കും അത്‌ ഏകദേശം ഒരു ലക്ഷം വിദ്യാർഥികള്‍ക്കു പ്രവേശനം നൽകുന്ന 135 സ്ഥാപനങ്ങളായി വികസിച്ചു. കൂടാതെ ബിരുദാനന്തര പഠനസൗകര്യങ്ങളുള്ള 40 കേന്ദ്രങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ദേശീയ സ്ഥാപനങ്ങളായി കണക്കാക്കപ്പെടുന്ന അഞ്ച്‌ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ടെക്‌നോളജി (IIT)കള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്‌.

ഇവ കൂടാതെ, 2002-ൽ റൂർക്കി യൂണിവേഴ്‌സിറ്റിയുടെ പദവി ഉയർത്തി. ഗവണ്‍മെന്റിനു കീഴിലുള്ള 17 രണ്ടാംനിര (tier II) എന്‍ജിനീയറിങ്‌ സ്ഥാപനങ്ങളെ(REC) ഐ.ഐ.ടി.യുടെ നിലയിലേക്കുയർത്തി. പുതുതായി നിർദേശിക്കപ്പെട്ട (designated) 20 നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ടെക്‌നോളജി (NIT)കള്‍ക്ക്‌ ഐ.ഐ.ടി.യോളം പ്രാധാന്യം നൽകപ്പെട്ടു.

ഐ.ഐ.ടി. പോലുള്ള എന്‍ജിനീയറിങ്‌ സ്ഥാപനങ്ങളിൽനിന്നും പുറത്തുവരുന്ന ബിരുദധാരികളുടെ യോഗ്യത (quality) വളരെ കൂടുതലാണെങ്കിലും ഇന്ത്യയിലെ ഇതരകോളജുകളിൽനിന്നുള്ള വിദ്യാർഥികളുടെ ഗുണനിലവാരം പൊതുവേ കുറഞ്ഞുവരുന്നു എന്നത്‌ നയരൂപീകരണം ചെയ്യുന്നവർക്കും (Policy makers) വിദ്യാഭ്യാസമേഖലയിലെ ഉദ്യോഗസ്ഥർക്കും ഒരുപോലെ ഉത്‌കണ്‌ഠയുളവാക്കുന്നതാണ്‌.

ഗവണ്‍മെന്റ്‌ എന്‍ജിനീയറിങ്‌ കോളജ്‌, തിരുവനന്തപുരം

എന്‍ജിനീയറിങ്‌ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കേരളം ഒട്ടും പിന്നിലല്ല. തിരുവനന്തപുരത്തെ ശ്രീകാര്യത്ത്‌ സ്ഥിതി ചെയ്യുന്ന സി.ഇ.ടി. കേരളത്തിലെ ആദ്യത്തെ എന്‍ജിനീയറിങ്‌ കോളേജ്‌ ആണ്‌. കേരളത്തിൽ എന്‍ജിനീയറിങ്‌ വിദ്യാഭ്യാസത്തിന്‌ മേൽനോട്ടം വഹിക്കുന്നത്‌ ഡയറക്‌ടറേറ്റ്‌ ഒഫ്‌ ടെക്‌നിക്കൽ എഡ്യൂക്കേഷനാണ്‌. ഗവണ്‍മെന്റ്‌ എന്‍ജിനീയറിങ്‌ കോളജുകള്‍, പ്രവറ്റ്‌ എയ്‌ഡഡ്‌ എന്‍ജിനീയറിങ്‌ കോളജുകള്‍, ഗവണ്‍മെന്റ്‌ പോളിടെക്‌നിക്കുകള്‍, ഗവണ്‍മെന്റ്‌ വിമന്‍സ്‌ പോളിടെക്‌നിക്കുകള്‍, പ്രവറ്റ്‌ എയ്‌ഡഡ്‌ പോളിടെക്‌നിക്കുകള്‍ എന്നിവയാണ്‌ മുഖ്യമായും ഈ ഡയറക്‌ടറേറ്റിനുകീഴിൽ പ്രവർത്തിക്കുന്നത്‌.

ആധുനികപ്രവണതകള്‍. 20-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ വികസിത രാജ്യങ്ങളിൽ മാത്രമല്ല പുതുതായി സ്വാതന്ത്യ്രം നേടിയ രാജ്യങ്ങളിലും, വികസ്വരരാജ്യങ്ങളിലും വളരെയേറെ എന്‍ജിനീയർമാരെ ആവശ്യമായിവന്നു. ഇത്‌ ലോകവ്യാപകമായി എന്‍ജിനീയറിങ്‌ വിദ്യാഭ്യാസത്തിന്റെ വളർച്ചയ്‌ക്കിടയാക്കിയിട്ടുണ്ട്‌. ലാറ്റിനമേരിക്ക, ആഫ്രിക്കന്‍ രാജ്യങ്ങള്‍, അറബി രാജ്യങ്ങള്‍ തുടങ്ങിയ രാഷ്‌ട്രങ്ങളിൽനിന്ന്‌ റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളിലേക്ക്‌ എന്‍ജിനീയറിങ്‌ വിദ്യാഭ്യാസത്തിനെത്തിച്ചേരുന്നവരുടെ സംഖ്യ ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്‌.

സ്‌പെഷ്യലൈസ്‌ ചെയ്‌ത എന്‍ജിനീയർമാർ ആവശ്യമാണ്‌. എന്നാൽ "സ്‌പെഷ്യലൈസേഷന്‍' മൂലം സമഗ്രമായ സാങ്കേതികജ്ഞാനം ഇല്ലാതാകുന്നു എന്ന ദോഷമുണ്ട്‌. ഇത്‌ കണക്കിലെടുത്ത്‌ കാലിഫോർണിയാ യൂണിവേഴ്‌സിറ്റിപോലുള്ള ചില സ്ഥാപനങ്ങള്‍ യാന്ത്രിക, വൈദ്യുത, സിവിൽ തുടങ്ങിയ വിഭജനം കൂടാതെ എന്‍ജിനീയറിങ്ങിന്‌ പൊതുവായ കോഴ്‌സുകള്‍ നടത്താന്‍ തുടങ്ങിയിട്ടുണ്ട്‌. കൂടാതെ സാമൂഹികവും സാമ്പത്തികവും സൗന്ദര്യബോധപരവുമായ മൂല്യങ്ങള്‍കൂടി ഉള്‍ക്കൊള്ളാന്‍ കഴിയത്തക്ക വിധത്തിൽ എന്‍ജിനീയറിങ്‌ വിദ്യാഭ്യാസത്തിൽ മാറ്റങ്ങള്‍ വരുത്താനുള്ള പ്രവണതയും കാണുന്നുണ്ട്‌. മാനേജ്‌മെന്റ്‌ സംബന്ധമായ ഉത്തരവാദിത്തങ്ങള്‍കൂടി ഏറ്റെടുക്കാന്‍ എന്‍ജിനീയർമാരെ പ്രാപ്‌തരാക്കുന്ന രീതിയിൽ എന്‍ജിനീയറിങ്‌ സിലബസ്‌ ആവിഷ്‌കരിക്കാനുള്ള ശ്രമങ്ങളും കണ്ടുവരുന്നു.

(എസ്‌. നാഗപ്പന്‍നായർ; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍