This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദ്രാവിഡര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദ്രാവിഡര്‍
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അധിവസിക്കുന്ന ജനവിഭാഗങ്ങള്‍. ഒരു വംശീയ വിഭാഗം എന്നതിനെക്കാള്‍ പ്രാധാന്യം ദ്രാവിഡ ഭാഷകള്‍ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ എന്ന അര്‍ഥത്തിനാണ്. ദക്ഷിണേന്ത്യന്‍ ജനവിഭാഗങ്ങളെ സൂചിപ്പിക്കാന്‍ പ്രാചീന ഗ്രീക്ക് ഭൗമശാസ്ത്രജ്ഞര്‍ 'ദമിരിക്ക' എന്ന വാക്ക് ഉപയോഗിച്ചിരുന്നു. സംസ്കൃതത്തില്‍ 'ദ്രവിഡി', 'ദമിലി' എന്നും പില്ക്കാലത്ത് 'ദ്രവിഡ', 'ദ്രാവിഡ' എന്നും പ്രയോഗിച്ചിട്ടുണ്ട്.
ഒരു 'ദ്രാവിഡ ഭാഷാകുടുംബ'ത്തെക്കുറിച്ച് ആദ്യ സൂചന നല്കിയത് ഫ്രാന്‍സിസ് ഡബ്ലിയു. എല്ലിസ് ആണ്. എ.ഡി. കാംബ്ബെല്‍ രചിച്ച ഗ്രാമര്‍ ഒഫ് തെലുഗു ലാംഗ്വേജ് (1816) എന്ന കൃതിക്ക് എഴുതിയ മുഖവുരയിലാണ് എല്ലിസ് ദ്രാവിഡ ഭാഷാകുടുംബത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത്. എന്നാല്‍, താരതമ്യ ദ്രാവിഡ ഭാഷാശാസ്ത്ര പിതാവായി അറിയപ്പെടുന്നത് റോബര്‍ട്ട് കാള്‍ഡ്വെല്ലാണ്. ഇദ്ദേഹം രചിച്ച എ കംപാരറ്റീവ് ഗ്രാമര്‍ ഒഫ് ദ് ദ്രവീഡിയന്‍ ഓര്‍ സൗത്ത് ഇന്ത്യന്‍ ഫാമിലി ഒഫ് ലാംഗ്വേജസ് (1856) എന്ന കൃതിയാണ് ദ്രാവിഡ ഭാഷാശാസ്ത്രത്തിന് അടിത്തറ പാകിയത്. പൂര്‍വ-മധ്യ-ഉത്തരപൂര്‍വ യൂറോപ്യന്‍ നാടുകളില്‍ സംസാരിക്കുന്ന സിത്തിയന്‍ ഭാഷാകുടുംബത്തിന്റെ ഒരു ശാഖയാണ് ദ്രാവിഡ ഭാഷാകുടുംബമെന്ന് കാള്‍ഡ്വെല്‍ സിദ്ധാന്തിച്ചു. ദ്രാവിഡ ഭാഷാകുടുംബത്തിന് സൈന്ധവ നാഗരികതയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഭാഷയുമായും പ്രാചീന മെസപ്പെട്ടോമിയയിലെ ഇലാനൈറ്റ്(Elanite)ഭാഷയുമായും ബന്ധമുണ്ടാകാമെന്നും ചില പണ്ഡിതര്‍ക്ക് അഭിപ്രായമുണ്ട്. വടക്കുപടിഞ്ഞാറന്‍ ഏഷ്യയില്‍നിന്ന് ആര്യാധിനിവേശത്തിനു മുമ്പുതന്നെ ഇന്ത്യയിലേക്കു കുടിയേറിയവരാണ് ദ്രാവിഡര്‍ എന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ചില തമിഴ് പണ്ഡിതരാകട്ടെ, പില്ക്കാലത്ത് ഇന്ത്യാസമുദ്രത്തില്‍ മുങ്ങിപ്പോയ ഒരു ഭൂവിഭാഗത്തിലാണ് ആദിമ ദ്രാവിഡര്‍ അധിവസിച്ചിരുന്നതെന്ന് വിശ്വസിക്കുന്നു.
ബ്രിട്ടിഷ് ഉദ്യോഗസ്ഥരും നരവംശശാസ്ത്ര പണ്ഡിതരും നടത്തിയ വര്‍ഗീകരണമനുസരിച്ച് ഇന്ത്യയില്‍ ഏഴ് വംശീയ വിഭാഗങ്ങളുണ്ട്.
1. ഇന്തോ-ആര്യന്‍ വംശജര്‍. നീണ്ട ശിരസ്സും ഇടുങ്ങിയ മൂക്കുമാണ് ഇവരുടെ ശാരീരിക പ്രത്യേകതകള്‍
2. ടര്‍ക്കോ-ഇറാനിയന്‍ വംശജര്‍. ഇവര്‍ ബലൂചിസ്ഥാനിലും വടക്കു-പടിഞ്ഞാറന്‍ അതിര്‍ത്തിപ്രദേശങ്ങളിലും അധിവസിക്കുന്നു.
3. മംഗ്ലോയ്ഡ് വംശജര്‍. ഹിമാലയം, നേപ്പാള്‍, അസം, ബര്‍മ എന്നീ പ്രദേശങ്ങളില്‍ താമസിക്കുന്നു.
4. ദ്രാവിഡര്‍. സിലോണ്‍ മുതല്‍ ഗംഗാ സമതലംവരെയുള്ള ഭൂപ്രദേശങ്ങളില്‍ വസിക്കുന്നു. നീണ്ട ശിരസ്സും പരന്ന മൂക്കുമാണ് ഇവരുടെ പ്രത്യേകതകളായി കരുതപ്പെടുന്നത്.
5. ആര്യ-ദ്രാവിഡ വംശജര്‍.
6. മംഗോള്‍-ദ്രാവിഡ വംശജര്‍. ഒറീസ്സയിലും ബംഗാളിലെ ചില പ്രദേശങ്ങളിലും അധിവസിക്കുന്നു.
7. സിത്തോ-ദ്രാവിഡ വംശജര്‍. പശ്ചിമ ഇന്ത്യയില്‍ വസിക്കുന്നു.
കേരളം, തമിഴ് പരദേശങ്ങള്‍ എന്നിവയാണ് പ്രധാനമായും 'ദ്രാവിഡദേശ' മായി അറിയപ്പെട്ടിരുന്നത്. തമിഴ്, മലയാളം ഭാഷകള്‍ക്കു പുറമേ കന്നഡ, തെലുഗു ഭാഷകള്‍കൂടി ഉള്‍ പ്പെടുന്നതാണ് ദ്രാവിഡ ഭാഷാകുടുംബം. മൊത്തം 23 ഭാഷകളാണ് ദ്രാവിഡ ഭാഷാകുടുംബത്തിലുള്ളത്. മംഗലാപുരം പ്രദേശത്ത് സംസാരിക്കുന്ന തുളുഭാഷ ദക്ഷിണ ദ്രാവിഡ ഉപശാഖയില്‍പ്പെട്ടതാണ്. നീലഗിരി മലകളിലെ ഗ്രോതവിഭാഗങ്ങള്‍ സംസാരിക്കുന്ന തോഡ (Toda), കോട (Kota) ഭാഷകള്‍ക്കും കൂര്‍ഗിലെ 'കൊഡഗ്'ഭാഷയ്ക്കും ഈ ഉപശാഖയുമായി ബന്ധമുണ്ട്. ദ്രാവിഡ ഭാഷാകുടുംബത്തില്‍ സാഹിത്യപരമായി ഏറ്റവും വികസിച്ചത് തമിഴ്, മലയാളം, തെലുഗു, കന്നഡ ഭാഷകളാണ്. സംസ്കൃത സ്വാധീനത്തില്‍നിന്നു മുക്തമായ പ്രാചീന തമിഴ്സാഹിത്യം അഥവാ സംഘകാല സാഹിത്യം ദ്രാവിഡ ഭാഷാകുടുംബത്തിന്റെ ആദിമ സ്രോതസ്സായി അറിയപ്പെടുന്നു.
ഭാഷാപരവും സാംസ്കാരികവും നരവംശശാസ്ത്രപരവുമായ തെളിവുകളുടെ അടിസ്ഥാനത്തില്‍, ദ്രാവിഡഭാഷകളുടെ ഉത്പത്തിസ്ഥാനം ഇന്ത്യയ്ക്കു പുറത്താണെന്ന് കരുതപ്പെടുന്നു. ബ്രഹ്മി ശിലാരേഖകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍, ബി.സി. 3-ാം ശ.-മുതല്‍ ദ്രാവിഡഭാഷകള്‍ പ്രചാരത്തിലുണ്ടായിരുന്നതായി അനുമാനിക്കാം. ഭാഷാവിഭാഗങ്ങളെ ഏതെങ്കിലും വംശീയ വിഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത് ശാസ്ത്രീയമല്ലെന്ന് ഇപ്പോള്‍ പണ്ഡിതര്‍ അംഗീകരിച്ചിട്ടുണ്ട്. എങ്കിലും അര്‍മീനിയ, അനറ്റോലിയ, ഇറാന്‍ തുടങ്ങിയ പ്രദേശങ്ങളുമായി ബന്ധമുള്ള അര്‍മനോയ്ഡ് വിഭാഗങ്ങളാകാം ദ്രാവിഡഭാഷകള്‍ ഇന്ത്യയിലെത്തിച്ചതെന്ന് കരുതപ്പെടുന്നു. സാമൂഹിക-നരവംശ ശാസ്ത്രജ്ഞനായ ജി.എസ്. ഗുരിയെയുടെ അഭിപ്രായത്തില്‍, ആറ് വംശീയ വിഭാഗങ്ങള്‍ ഉള്‍ പ്പെടുന്ന ഒരു ജനസമൂഹമാണ് ഇന്ത്യക്കാര്‍. ഇന്തോ-ആര്യന്‍, ദ്രാവിഡപൂര്‍വ വംശജര്‍, ദ്രാവിഡര്‍, പാശ്ചാത്യര്‍, മുണ്ട, മംഗ്ളോയ്ഡ് എന്നിവയാണ് ഈ വംശജര്‍.
ബ്രിട്ടിഷ് ഭരണകാലത്ത് ആവിഷ്കരിക്കപ്പെട്ട വംശീയ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് ദ്രാവിഡ വംശജര്‍ എന്ന സങ്കല്പം രൂപംകൊണ്ടത്. വെളുത്ത തൊലിയുള്ളവരെ ആര്യര്‍ എന്നും കറുത്ത തൊലിയുള്ളവരെ ദ്രാവിഡര്‍ എന്നും വര്‍ഗീകരിക്കുകയുണ്ടായി. പുറത്തുനിന്നു വന്ന ആര്യാധിനിവേശകര്‍ ആദിമനിവാസികളായ ദ്രാവിഡരെ കീഴ്പ്പെടുത്തുകയായിരുന്നുവെന്ന് പറയപ്പെടുന്നു. പ്രാചീന സൈന്ധവ സംസ്കാരത്തിലൂടെ വികസിച്ച ജനത ദ്രാവിഡരാണെന്ന് കരുതപ്പെടുന്നു.
നിറത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യരെ വിവിധ വംശങ്ങളായി വര്‍ഗീകരിക്കുന്നത് അശാസ്ത്രീയമാണെന്ന് സമീപകാലത്ത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പ്രാഥമിക വംശങ്ങളായി കരുതപ്പെടുന്നത് കോക്കേഷ്യന്‍(Caucasion), മംഗോളിയന്‍(Mangolian), നെഗ്രോയ്ഡ് (Negroid) എന്നിവയാണ്. കോക്കേഷ്യന്‍ വംശത്തിന്റെ മെഡിറ്ററേനിയന്‍ ഉപശാഖയില്‍ ഉള്‍ പ്പെട്ടതാണ് ആര്യന്മാരും ദ്രാവിഡരും. ജീവശാസ്ത്രപരമായി ഉത്തരേന്ത്യക്കാരും ദക്ഷിണേന്ത്യക്കാരും തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസമില്ല. ഭൂമധ്യരേഖയോട് അടുത്ത പ്രദേശങ്ങളില്‍ വസിക്കുന്നവരുടെ നിറം താരതമ്യേന കറുപ്പാണ് എന്ന വ്യത്യാസമേയുള്ളൂ.
കോക്കേഷ്യന്‍ വംശജരെ വെളുത്ത വംശക്കാര്‍ എന്നു പറയാനാവില്ല. കോക്കേഷ്യക്കാര്‍ക്കിടയില്‍ പല നിറക്കാരുമുണ്ട്. നല്ലപോലെ വെളുത്തവര്‍തൊട്ട് കറുത്തവരും ഇരുനിറമുള്ളവരുമെല്ലാം ഉള്‍ പ്പെടുന്നതാണ് കോക്കേഷ്യക്കാര്‍. കറുത്ത മുടിയും ഇരുണ്ട കണ്ണുകളും ഇരുണ്ട നിറവുമുള്ളവരാണ് കോക്കേഷ്യക്കാരിലധികവും. തെക്കേ യുറോപ്പ് മുതല്‍ വടക്കേ ഇന്ത്യ വരെയുള്ള പ്രദേശങ്ങളില്‍ ഇവരാണ് അധിവസിക്കുന്നത്. മംഗോളിയന്‍ വംശജരും വെളുത്ത നിറമുള്ളവരാണ്. പല കോക്കേഷ്യന്‍ വംശജരെക്കാളും വെളുത്ത നിറമുള്ളവരാണ് ചൈനക്കാര്‍. ചുരുക്കത്തില്‍ നിറത്തിന്റെ കാര്യത്തില്‍ കോക്കേഷ്യന്‍ വംശത്തിന് വളരെ ആന്തരിക വ്യത്യസ്തതകളുണ്ട്.
ഇന്തോ-യൂറോപ്യന്‍ ഭാഷകളും ദ്രാവിഡ ഭാഷകളും തമ്മില്‍ പ്രധാനപ്പെട്ട ചില വ്യത്യാസങ്ങളുണ്ട്. പദരൂപവത്കരണത്തിലും വ്യാകരണത്തിലും ഈ ഭാഷകളുടെ രീതികള്‍ ഭിന്നമാണ്. എന്നാല്‍ എല്ലാ ഇന്തോ-യൂറോപ്യന്‍ ഭാഷകളെയും 'ആര്യന്‍' എന്നു വിളിക്കാനുമാവില്ല. മിക്ക ദ്രാവിഡ ഭാഷകളിലെയും സംസ്കൃത സ്വാധീനം വളരെ ഗണ്യമാണ്.
ഐതരേയ ബ്രാഹ്മണം, മനുസ്മൃതി തുടങ്ങിയ വൈദിക കൃതികള്‍ ദ്രാവിഡരെ വൈദിക സംസ്കാരത്തിനു പുറത്തുള്ളവരായിട്ടാണ് കണക്കാക്കിയിരുന്നത്. അപചയിച്ച വൈദികരാജാക്കന്മാരുടെ പിന്‍ഗാമികളാണ് ദ്രാവിഡര്‍ എന്നായിരുന്നു സങ്കല്പം. ബംഗാളികളെയും വൈദിക സംസ്കാരത്തിനു പുറത്തുള്ളവരായിട്ടാണ് ആദ്യകാലത്ത് പരിഗണിച്ചിരുന്നത്. രാമായണം ദ്രാവിഡരെ കിഷ്ക്കിന്ധ വാസികളായിട്ടാണ് ചിത്രീകരിക്കുന്നത്. ഇവര്‍ രാവണനെതിരായ യുദ്ധത്തില്‍ രാമന്റെ സഹായികളാണുതാനും. വൈദിക ഋഷിപരമ്പരയില്‍പ്പെട്ട അഗസ്ത്യനെ ദ്രാവിഡരുടെ പൂര്‍വ പിതാവായി ചിലര്‍ വ്യാഖ്യാനിക്കുന്നു. ബ്രാഹ്മണ-സംസ്കൃതാധിപത്യകാലത്ത് ദ്രാവിഡരെ, സംസ്കാരം കുറഞ്ഞ ജനതയായി പരിഗണിച്ചിരുന്നു എന്നത് ഒരു വസ്തുതയാണ്. എന്നാല്‍ പില്ക്കാലത്ത് ദ്രാവിഡരെ വൈദിക ഋഷിമാരുടെയും രാജാക്കന്മാരുടെയും പിന്‍ഗാമികളാക്കുന്ന വംശാവലികളും രചിക്കപ്പെട്ടിട്ടുണ്ട്. അതുപോലതന്നെ ദ്രാവിഡ രാജാക്കന്മാരുടെ പിന്‍ഗാമികളായി ഉത്തരേന്ത്യന്‍ ആര്യരെ ചിത്രീകരിക്കുന്ന വംശപുരാണങ്ങളുമുണ്ട്.
19-ാം ശ.-ത്തില്‍ കോളോണിയല്‍ വ്യാപന കാലഘട്ടത്തില്‍ തങ്ങള്‍ ശ്രേഷ്ഠ വംശജരാണെന്ന് മിക്ക യൂറോപ്യന്മാരും കരുതിയിരുന്നു. തങ്ങളുടെ മതവും സംസ്കാരവും തത്ത്വചിന്തയും കലയും സാഹിത്യവും എല്ലാം ഏറ്റവും ഉന്നതമാണെന്ന സിദ്ധാന്തങ്ങളും ഇവര്‍ ആവിഷ്കരിക്കുകയുണ്ടായി. കോളനികളിലെ മനുഷ്യര്‍ അപരിഷ്കൃതരാണെന്നും അതിനാല്‍ അവരെ സംസ്കരിക്കുകയെന്ന ചരിത്ര ദൗത്യം (civilizing mission) യൂറോപ്യന്മാരില്‍ നിക്ഷിപ്തമായിരിക്കുന്നുവെന്നുമുള്ള സിദ്ധാന്തമാണ് കോളോണിയലിസത്തെ ഏറ്റവുമധികം സാധൂകരിച്ചിരുന്നത്. ഭൂമുഖത്ത് അധിവസിക്കുന്ന മനുഷ്യരെ നിറത്തിന്റെയും രൂപപരമായ സവിശേഷതകളുടെയും അടിസ്ഥാനത്തില്‍ വ്യത്യസ്ത വംശങ്ങളായി വര്‍ഗീകരിക്കുന്ന വംശീയ സിദ്ധാന്തം ആവിഷ്കരിച്ചത് യൂറോപ്യന്മാരാണ്. തങ്ങള്‍ ഉള്‍ പ്പെടുന്ന കോക്കേഷ്യന്‍ വംശം ലോകത്തിലെ ഏറ്റവും ഉത്കൃഷ്ട വംശമാണെന്ന് ഇവര്‍ സിദ്ധാന്തിച്ചു.
എന്നാല്‍, ദ്രാവിഡര്‍ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് ദ്രാവിഡ ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങള്‍ എന്നാണെന്ന് ഇന്ന് ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ദ്രാവിഡര്‍ എന്ന പദത്തിന്റെ വംശീയമായ വിവക്ഷകളെ ഭാഷാശാസ്ത്രജ്ഞരും നരവംശശാസ്ത്രജ്ഞരും ഒരുപോലെ നിരാകരിക്കുന്നു.