This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നടരാജപിള്ള, പി.എസ്. (1891 - 1966)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നടരാജപിള്ള, പി.എസ്. (1891 - 1966)
കേരളീയനായ സാമ്പത്തിക വിദഗ്ധനും രാഷ്ട്രീയ നേതാവും. 1954-55 കാലഘട്ടത്തില്‍ നടരാജപിള്ള തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനത്തിലെ ധനകാര്യവകുപ്പുമന്ത്രിയായിരുന്നു. നടരാജപിള്ള 1891-ല്‍ തിരുവനന്തപുരത്തു ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ തത്ത്വശാസ്ത്ര (ജവശഹീീുവ്യ) വിഭാഗം പ്രൊഫസ്സര്‍ ആയിരുന്ന സുന്ദരംപിള്ള ആയിരുന്നു പിതാവ്. കോളജ് വിദ്യാഭ്യാസം കഴിഞ്ഞ ഉടനെ ഇദ്ദേഹം പൊതുക്കാര്യങ്ങളില്‍ ഇടപെടുവാന്‍ തുടങ്ങി.
തിരുവനന്തപുരത്തുനിന്നു പ്രസിദ്ധീകരിച്ചിരുന്ന പീപ്പിള്‍സ് വീക്ക്ലി എന്ന മാസികയുടെ പത്രാധിപസ്ഥാനം 1914-ല്‍ ഇദ്ദേഹം ഏറ്റെടുത്തു. 1916-ല്‍ ശ്രീമൂലം പ്രജാസഭയിലെ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1921-ല്‍ മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന നിസ്സഹകരണ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായ നടരാജപിള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെ അംഗത്വം സ്വീകരിച്ചു. 1937 വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ സജീവമായി പ്രവര്‍ത്തിച്ചു.
1937-ല്‍ തിരുവിതാംകൂറിലെ കോണ്‍ഗ്രസ്സുകാര്‍ ചേര്‍ന്ന് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് രൂപവത്കരിച്ചപ്പോള്‍ നടരാജപിള്ളയെ അതിന്റെ ആദ്യ സെക്രട്ടറിയായി തെരഞ്ഞെടുത്തു. അന്നുമുതല്‍ ഇദ്ദേഹം പട്ടം താണുപിള്ളയുടെ അടുത്ത സഹചാരിയായിത്തീര്‍ന്നു. തുടര്‍ന്ന് 1948 വരെയും ഉത്തരവാദഭരണ പ്രക്ഷോഭണങ്ങളില്‍ പങ്കെടുത്തു. 1942-ല്‍ നടരാജപിള്ളയെ അറസ്റ്റ് ചെയ്തു ജയിലിലാക്കി.
1944-ല്‍ ഇദ്ദേഹം തിരുവിതാംകൂര്‍ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1948-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും തിരുവിതാംകൂര്‍ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1949-ല്‍ തിരുവിതാംകൂര്‍-കൊച്ചി സംയോജനം നടന്നപ്പോള്‍ ഇദ്ദേഹം തിരുവിതാംകൂര്‍-കൊച്ചി നിയമസഭയിലെ അംഗമായിത്തീര്‍ന്നു. 1951-ല്‍ കോണ്‍ഗ്രസ്സിലുണ്ടായ ഭിന്നിപ്പിനെത്തുടര്‍ന്ന് പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപംകൊണ്ടപ്പോള്‍ പി.എസ്. നടരാജപിള്ള പുതിയ പാര്‍ട്ടിയിലേക്കു മാറി. 1952-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പിലൂടെ ഇദ്ദേഹം വീണ്ടും നിയമസഭാംഗമായി.
1954-ല്‍ നിയമസഭയിലേക്കു നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 1954-ലെ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് പട്ടം താണുപിള്ള രണ്ടാം പ്രാവശ്യം മുഖ്യമന്ത്രി ആയപ്പോള്‍ പി.എസ്. നടരാജപിള്ള പുതിയ മന്ത്രിസഭയിലെ ധനകാര്യമന്ത്രിയായിത്തീര്‍ന്നു. 1960-ല്‍ ഇദ്ദേഹം പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍നിന്നു രാജിവെച്ചു. 1962-ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നിയോജകമണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് ലോക്സഭാംഗമായി. അതിനുശേഷം ഇദ്ദേഹം വീണ്ടും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലേക്കു തിരിച്ചുപോയി.
ലോക്സഭാംഗം ആയിരിക്കെ 1966 ജനു. 10-ന് നടരാജപിള്ള നിര്യാതനായി. തമിഴ് വംശജനായിരുന്ന ഇദ്ദേഹം കേരളത്തിലെ തമിഴ് ജനതയുടെ താത്പര്യങ്ങള്‍ക്കുവേണ്ടിയും ഏറെ പ്രവര്‍ത്തിച്ചിട്ടുണ്ട്.
(പ്രൊഫ. നേശന്‍ ടി. മാത്യു)