This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അംനിയോട്ട
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അംനിയോട്ട
Amniota
കശേരുകികളിലെ ഇഴജന്തുക്കള്‍, പക്ഷികള്‍, സസ്തനികള്‍ എന്നീ മൂന്നുതരം ജന്തുവര്‍ഗങ്ങളുടെയും പൊതുനാമം. പ്രാഥമികമായി കരജീവികളാണ് ഇവയെല്ലാം. ഭ്രൂണം വളര്ച്ചയാരംഭിക്കുമ്പോള് ചില ചര്മങ്ങള് അതുമായി ബന്ധപ്പെടുന്നു. ഈ ചര്മങ്ങള് പ്രധാനമായി അംനിയണ് (Amnion), കോറിയണ് (Chorion), അലന്റോയ് (Allantols) എന്നിങ്ങനെ മൂന്നുതരമുണ്ട്. വളര്‍ച്ച തുടങ്ങുമ്പോള്‍ മുതല്‍ ഭ്രൂണത്തെ പരിപൂര്‍ണമായി ആവരണം ചെയ്യുന്ന ഒരു സദ്രവചര്മമാണ് അംനിയണ്. ഇതുള്ളതുകൊണ്ടാണ് ഇവയ്ക്ക് 'അംനിയോട്ട' എന്ന പേരു ലഭിച്ചത്.
ഇഴജന്തുക്കള്‍, പക്ഷികള്‍ തുടങ്ങിയ അംനിയോട്ടയിലെ ആദിമ രൂപങ്ങളില്‍ പരിവര്ധനത്തിന്റെ ആദ്യഘട്ടങ്ങള്‍ നടക്കുന്നതു കരയില്‍ നിക്ഷേപിക്കപ്പെടുന്ന തോടുള്ള മുട്ടകള്ക്കുള്ളിലാണ്; ചില സസ്തനികളിലും ഇത് കണ്ടുവരുന്നു. വളര്‍ന്നുവരുന്ന അണ്ഡങ്ങളെ ശുഷ്കനം, ആഘാതം എന്നിവയില്‍നിന്നു പരിരക്ഷിക്കുന്നത് ദ്രാവകങ്ങള്‍ നിറഞ്ഞ അംനിയണും കോറിയണുമാണ്. വിസര്‍ജ്യവസ്തുക്കള്‍ ശേഖരിച്ചുവയ്ക്കുന്ന ഒരു ഭാഗമെന്ന നിലയിലാണ് അലന്റോയ് വര്‍ത്തിക്കുന്നത്. ജരായുജ-ഇഴജന്തുക്കളിലും സസ്തനികളിലും കോറിയണും അലന്റോയിയും ഒന്നിച്ചുചേര്‍ന്ന് ആഹാരസമ്പാദന-വിസര്‍ജന-ശ്വസനകര്മങ്ങളെ സഹായിക്കുന്നു.
(പ്രൊഫ. എം.പി. മധുസൂദനന്)