This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അംബാപ്രസാദ് 'സുമന്‍' (1916 - ?)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:50, 1 ഒക്ടോബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അംബാപ്രസാദ് 'സുമന്‍' (1916 - ?)

ഹിന്ദി സാഹിത്യകാരനും ഭാരതീയ ഭാഷാപണ്ഡിതനും. 1916 മാ. 21-ന് അലീഗഢിലെ കോല്‍ജില്ലയിലെ ശേഖൂപുര്‍ ഗ്രാമത്തില്‍ ജനിച്ചു. പണ്ഡിതനായ പിതാവില്‍നിന്നു സംസ്കൃതം പഠിച്ചു. അതോടൊപ്പം ഹിന്ദി, ഉര്‍ദു, ഇംഗ്ളീഷ് എന്നീ ഭാഷകളിലും പാണ്ഡിത്യം നേടി. ആഗ്രാ സര്‍വകലാശാലയില്‍ നിന്നു ഹിന്ദിയില്‍ എം.എ., പിഎച്ച്.ഡി., ഡി.ലിറ്റ്. ബിരുദങ്ങള്‍ നേടി. ദക്ഷിണേന്ത്യന്‍ ഭാഷകളായ തമിഴ്, മലയാളം, തെലുഗു, കന്നഡ എന്നിവയിലും പഠനം നടത്തിയിട്ടുണ്ട്. ഹിന്ദിക്ക് ദക്ഷിണേന്ത്യന്‍ ഭാഷകളുമായുള്ള സാജാത്യവൈജാത്യങ്ങളെ ആധാരമാക്കി നടത്തിയ വ്യാകരണ സംബന്ധമായ പഠനങ്ങളാണ് ഭാഷാശാസ്ത്രരംഗത്തുള്ള സുമന്റെ പ്രധാന സംഭാവന.

ഔദ്യോഗിക ജീവിതാരംഭം ടെക്സ്റ്റൈല്‍ വകുപ്പിലെ ഒരു സര്‍ക്കാരുദ്യോഗസ്ഥനായിട്ടായിരുന്നു. തുടര്‍ന്നു വിദ്യാഭ്യാസവകുപ്പില്‍ ജോലിയില്‍ പ്രവേശിച്ച സുമന്‍ 1943-44-ല്‍ ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററായി. പിന്നീടു ഹിന്ദി അധ്യാപകനായി. ഏകദേശം 30 വര്‍ഷക്കാലം ഭാരതത്തിലെ വിവിധ സര്‍വകലാശാലകളിലായി അപഭ്രംശം, വ്രജഭാഷാസാഹിത്യം, കാവ്യശാസ്ത്രം, ഭാഷാശാസ്ത്രം എന്നിവയില്‍ അധ്യാപനവും ഗവേഷണവും നടത്തിയ സുമന്‍ സര്‍വീസില്‍നിന്നു വിരമിച്ച ശേഷവും യു.ജി.സി.യുടെ സഹായത്തോടെ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി.

സുമന്റെ സാഹിത്യ ജീവിതം വൈവിധ്യ പൂര്‍ണമാണ്. ഹൃദയംകൊണ്ടു കവിയും ബുദ്ധികൊണ്ട് ഭാഷാശാസ്ത്രജ്ഞനുമായ സുമന്റെ കാവ്യശാസ്ത്രം, നാടോടി സാഹിത്യം എന്നിവയെക്കുറിച്ചുള്ള കൃതികള്‍ പ്രത്യേക പരിഗണനയ്ക്ക് അര്‍ഹമായിട്ടുണ്ട്. മുന്നൂറിലധികം ഗവേഷണലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുമന്റെ രചനകളെ നാലായി തിരിക്കാം: (1) സര്‍ഗാത്മക രചനകള്‍; (2) സംശോധിത ഗ്രന്ഥങ്ങള്‍; (3) പരിഭാഷകള്‍; (4) ഗവേഷണഗ്രന്ഥങ്ങളും ലേഖനങ്ങളും. ഇദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള 17 ഗ്രന്ഥങ്ങളില്‍ പലതും അവാര്‍ഡുകളും ബഹുമതികളും നേടിയിട്ടുള്ളവയാണ്.

ഹിന്ദി ഭാഷ-അതീത് ഔര്‍ വര്‍ത്തമാന്‍, ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിന്റെ അവാര്‍ഡുനേടിയ ഹിന്ദി ഔര്‍ ഉസ്കീ ഉപഭാഷാവോം കാ സ്വരൂപ്, കൃഷക് ജീവന്‍ സംബന്ധീ വ്രജഭാഷാ ശബ്ദാവലി (മൂന്നു ഭാഗങ്ങള്‍) എന്നിവ ഇദ്ദേഹത്തിന്റെ പ്രധാന ഗവേഷണഗ്രന്ഥങ്ങളാണ്. സുമന്റെ പ്രസിദ്ധി നേടിയ മറ്റൊരു ഗ്രന്ഥമാണു ഹിന്ദി പ്രയോഗ്. ഉത്തര്‍പ്രദേശ് സംസ്ഥാനവും, ഡല്‍ഹിയിലെ ലഖ്നൌ ഡാല്‍മിയ അവാര്‍ഡു കമ്മറ്റിയും അവാര്‍ഡുകള്‍ നല്കി ബഹുമാനിച്ച രാമചരിതമാനസ്: വാഗ്വൈഭവ്, ഉത്തര്‍പ്രദേശ് സംസ്ഥാനവും പാട്നയിലെ ബിഹാര്‍ രാഷ്ട്രഭാഷാ പരിഷത്തും അവാര്‍ഡുകള്‍ നല്കി ആദരിച്ച രാമചരിതമാനസ്: ഭാഷാരഹസ്യ്, പത്രശൈലിയില്‍ തയ്യാറാക്കിയിട്ടുള്ളതും ഒരു വിജ്ഞാനകോശത്തിന്റെ സ്ഥാനം കരസ്ഥമാക്കിയ കൃതിയുമായ സംസ്കൃതി സാഹിത്യ ഔര്‍ ഭാഷാ എന്നിവയും എടുത്തു പറയത്തക്ക വിശിഷ്ട ഗ്രന്ഥങ്ങളാണ്.

വാങ്മയി, ഹരിജന്‍ ഔര്‍ ഹം, ആദര്‍ശ വിഭൂതിയാം, സാഹിത്യരത്ന-ദിഗ്ദര്‍ശന്‍ (മൂന്നു ഭാഗങ്ങള്‍) എന്നീ സാഹിത്യ നിരൂപണ ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍