This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നമ്പ്യാര്‍, കെ.പി.പി. (1929 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നമ്പ്യാര്‍, കെ.പി.പി. (1929 - )
പ്രശസ്തനായ ഇലക്ട്രോണിക്സ് വിദഗ്ധന്‍. കെല്‍ട്രോണിന്റെ ആദ്യത്തെ ചെയര്‍മാന്‍, തിരുവനന്തപുരം ടെക്നോപാര്‍ക്കിന്റെ പ്രഥമ പദ്ധതി നിര്‍വഹണ സമിതി ചെയര്‍മാന്‍ എന്ന നിലകളില്‍ ഇലക്ട്രോണിക്സ് വ്യവസായ രംഗത്ത് കേരളത്തിന് മികച്ച സംഭാവനകള്‍ നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ ഇലക്ട്രോണിക്സ് വകുപ്പിന്റെ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്.
1929 ഏ. 15-ന് കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരിയില്‍ ജനിച്ചു. അച്ഛന്‍ ചിണ്ടന്‍ നമ്പ്യാര്‍, അമ്മ മാധവിയമ്മ. തളിപ്പറമ്പ് ഹൈസ്കൂള്‍ പഠനത്തിനുശേഷം മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. ലണ്ടനിലെ ഇംപീരിയല്‍ കോളജ് ഒഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ നിന്നുമാണ് എം.എസ്സി ബിരുദം കരസ്ഥമാക്കിയത്. ഇദ്ദേഹത്തിന് ട്രാന്‍സിസ്റ്റര്‍, സെമികണ്ടക്ടര്‍ എന്നിവയിലായിരുന്നു ഗവേഷണ താത്പര്യം.
ഭാരത് ഇലക്ട്രോണിക്സില്‍ ക്രിസ്റ്റല്‍ ഡിവിഷന്റെ മേധാവിയായി 1958-ല്‍ ജോലിയില്‍ പ്രവേശിച്ച ഇദ്ദേഹം ഒരു വര്‍ഷത്തിനുശേഷം ബ്രിട്ടനിലെ ട്രാന്‍സിസ്റ്റര്‍ ഇക്ട്രോണിക്സ് കമ്പനിയുടെ ആപ്ലിക്കേഷന്‍ എന്‍ജിനീയറിങ് വിഭാഗത്തിന്റെ മേധാവിയായി. 1963-ല്‍ ഡല്‍ഹി ഐ.ഐ.ടി.യില്‍ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീട് ഫിലിപ്സ് ഇന്ത്യയില്‍ പ്രൊഫഷണല്‍ ഇലക്ട്രോണിക്സ് കംപോണന്റ്സ് മാനേജര്‍ (1964-67), ടാറ്റ ഇലക്ട്രോണിക്സില്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് മാനേജര്‍ (1967-73), മുംബൈ നാഷണല്‍ റേഡിയോ ആന്‍ഡ് ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (BNREC) ജനറല്‍ മാനേജര്‍ (1967-73) എന്നീ പദവികള്‍ വഹിച്ചു.BNREC -ല്‍ വച്ച് ഇന്ത്യയിലാദ്യമായി എസി/ഡിസി മോട്ടോറുകള്‍, സ്റ്റാറ്റിക് ഇന്‍വെര്‍ട്ടറുകള്‍ സ്റ്റാറ്റിക് കണ്‍വെര്‍ട്ടറുകള്‍, കാല്‍ക്കുലേറ്ററുകള്‍, ഇലക്ട്രോണിക് ക്ളോക്ക് എന്നിവയുടെ ആധുനിക രൂപങ്ങള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെട്ടു.
1973-ല്‍ കെല്‍ട്രോണിന്റെ ആദ്യത്തെ ചെയര്‍മാനും മാനേജിങ് ഡയറക്ടറും ആയി നിയമിതനായ ഇദ്ദേഹം 1983 വരെ ഈ സ്ഥാനത്തു തുടര്‍ന്നു. 1983 മുതല്‍ 85 വരെ എക്സിക്യൂട്ടീവ് ചെയര്‍മാനായിരുന്നു. ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട കെല്‍ട്രോണിന്റെ ജോലികളില്‍ ഗ്രാമീണ വനിതാ സംഘങ്ങളെയും, സൊസൈറ്റികളെയും പങ്കെടുപ്പിച്ചുകൊണ്ട് പുതിയ പദ്ധതികള്‍ ഇദ്ദേഹം നടപ്പിലാക്കി. ഇന്ത്യയിലെതന്നെ ആദ്യത്തെ ഒരു സംരംഭമായിരുന്നു ഇത്.
ഇലക്ട്രോണിക്സ് രംഗത്തുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ 1974-ല്‍ തിരുവനന്തപുരത്ത് ഇലക്ട്രോണിക്സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് സെന്റര്‍ (ER&DC) നമ്പ്യാരുടെ നേതൃത്വത്തില്‍ സ്ഥാപിതമായി. 1985 ഫെ. മുതല്‍ 87 ജനു. വരെ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രി' (ഐ.ടി.ഐ.) ലിമിറ്റിഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി സേവനമ നുഷ്ഠിച്ചു. ഇക്കാലയളവില്‍ ഐ.ടി.ഐ.യുടെ യൂണിറ്റുകള്‍ നവീകരിക്കാന്‍ മുന്‍കൈയെടുത്തു. ഐ.ടി.ഐ.യുടെ പാലക്കാട് യൂണിറ്റ് 25 ദശലക്ഷം രൂപയുടെ വിറ്റുവരവില്‍ നിന്ന് 1,500 ദശലക്ഷമായി ഉയര്‍ന്നു.
1987 മുതല്‍ 88 വരെ കേന്ദ്രസര്‍ക്കാരിന്റെ ഇലക്ട്രോണിക്സ് വകുപ്പിന്റെ (പിന്നീട് വിവരസാങ്കേതിക മന്ത്രാലയമായി ഇതു മാറി) സെക്രട്ടറി സ്ഥാനത്തിരുന്ന് ഇലക്ട്രോണിക്സ് മേഖലയിലെ ഗവേഷണ/ഉത്പാദന രംഗത്ത് നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കി. 1989-ല്‍ കേന്ദ്ര സര്‍വീസില്‍ നിന്നും വിരമിച്ച ഇദ്ദേഹം സര്‍ക്കാരിന്റെ പ്രത്യേക ഉപദേഷ്ടാവായി സേവനം അനുഷ്ഠിച്ചു. 1995-ല്‍ കണ്ണൂര്‍ പവര്‍ പ്രോജക്ട് ആരംഭിക്കാനുള്ള പദ്ധതി തയ്യാറാക്കിയത് കെ.പി.പി. നമ്പ്യാരുടെ നേതൃത്വത്തിലാണ്. ഇദ്ദേഹത്തിന്റെ ജന്മദേശമായ കല്ല്യാശ്ശേരി പഞ്ചായത്തില്‍ ഈ പദ്ധതി സ്ഥാപിതമായി.
ദേശീയവും അന്തര്‍ദേശീയവുമായ നിരവധി ബഹുമതികളും പുരസ്കാരങ്ങളും നമ്പ്യാര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഭാരത സര്‍ക്കാര്‍ വക ഇന്‍വെന്‍ഷന്‍ പ്രൊമോഷന്‍ ബോര്‍ഡിന്റെ റിപ്പബ്ലിക് ഡേ അവാര്‍ഡ് (1973), കേരള സര്‍ക്കാരിന്റെ സയന്‍സ് ആന്‍ഡ് ടെക്നോളജി അവാര്‍ഡ് (1973), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എന്‍ജിനീയേഴ്സിന്റെ നാഷണല്‍ ഡിസൈന്‍ അവാര്‍ഡ് (1985), വാസ്വിക് അവാര്‍ഡ് (1986), ഇലക്ട്രോണിക്സ് കംപൊണന്റ്സ് അസോസിയേഷന്റെ ഇലക്ട്രോണിക്സ് മാന്‍ ഒഫ് ദി ഇയര്‍ (1994-95) എന്നിവ ഇക്കൂട്ടത്തില്‍പ്പെടും.