This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നായര്‍, എം.പി. ഡോ. (1932 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:30, 26 ഫെബ്രുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നായര്‍, എം.പി. ഡോ. (1932 - )

സസ്യശാസ്ത്രജ്ഞനും ഗ്രന്ഥകാരനും. പൂര്‍ണനാമം: എം. പരമേശ്വരന്‍ നായര്‍. 1932 ജ. 27-നു നാഗര്‍കോവിലില്‍ ജനിച്ചു. സ്കൂള്‍വിദ്യാഭ്യാസം നാഗര്‍കോവിലില്‍ ആയിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് ബിരുദവും (1951) ബിരുദാനന്തരബിരുദവും നേടിയശേഷം തിരുവനന്തപുരം ഇന്റര്‍മീഡിയറ്റ് കോളജില്‍ (ഗവണ്‍മെന്റ് ആര്‍ട്സ് കോളജ്) അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു.

1957-ല്‍ ഇംഗ്ലണ്ടിലെ റോയല്‍ ബൊട്ടാണിക് ഗാര്‍ഡനിലെ ഹെര്‍ബേറിയത്തില്‍ സസ്യവര്‍ഗീകരണ ശാസ്ത്രജ്ഞനായി നിയമിതനായി. ഇതോടൊപ്പം തന്നെ ഇന്ത്യന്‍ ലെയ്സണ്‍ ഓഫീസര്‍ എന്ന പദവിയും ഇദ്ദേഹത്തിനു ലഭിച്ചു. ഇവിടെ ഗവേഷണത്തില്‍ ഏര്‍പ്പെട്ട പരമേശ്വരന്‍നായര്‍ മെലാസ്റ്റൊമേസി (Melastomaceae) സസ്യകുടുംബത്തില്‍പ്പെടുന്ന സസ്യങ്ങളെക്കുറിച്ച് വിപുലമായ പഠനം നടത്തി. 1966-ല്‍ ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറല്‍ ബിരുദവും നേടി.

1968-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ഇദ്ദേഹം ബൊട്ടാണിക് സര്‍വെ ഒഫ് ഇന്ത്യയുടെ കൊല്‍ക്കത്തയിലെ കേന്ദ്ര ഹെര്‍ബേറിയത്തിന്റെ ചുമതലയേറ്റു. തുടര്‍ന്ന് ഈ സ്ഥാപനത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറായും (1977) ജോയിന്റ് ഡയറക്ടറായും (1982) ഡയറക്ടറായും (1984-90) സേവനമനുഷ്ഠിച്ചു. 1990-ല്‍ ഡയറക്ടര്‍ പദവിയില്‍ നിന്നും വിരമിച്ചു.

സസ്യവര്‍ഗീകരണശാസ്ത്രത്തോട് വളരെ ആഭിമുഖ്യമുണ്ടായിരുന്ന ഇദ്ദേഹം മാല്‍വേസീ, പപ്പാവറേസീ, മെലാസ്റ്റോമേസീ, റൂട്ടേസീ, പിറ്റോസ്പോറേസീ, ലിത്രേസി, ബോംബേക്കേസീ തുടങ്ങിയ സസ്യകുടുംബങ്ങളില്‍പ്പെട്ട സസ്യങ്ങളെക്കുറിച്ച് പഠനങ്ങള്‍ നടത്തി. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സസ്യവര്‍ഗങ്ങളെ ശേഖരിച്ച് സംരക്ഷിക്കുന്നതില്‍ ഇദ്ദേഹം പ്രത്യേകം ശ്രദ്ധപതിപ്പിച്ചു.

250-ല്‍പ്പരം ശാസ്ത്രപ്രബന്ധങ്ങളും ഇരുപത്തിമൂന്നു ശാസ്ത്രഗ്രന്ഥങ്ങളും ഇദ്ദേഹം പ്രസിദ്ധീകരിച്ചു. കീ വര്‍ക്സ് ആന്‍ഡ് ദി ടാക്സോണമി ഒഫ് ഫ്ലവറിങ് പ്ലാന്റ്സ് (അഞ്ചുഭാഗങ്ങള്‍), റെഡ് ഡാറ്റാ ബുക്ക് ഒഫ് ഇന്ത്യന്‍ പ്ലാന്റ്സ് (മൂന്നുഭാഗങ്ങള്‍), ദി എന്‍ഡമിക് പ്ലാന്റ്സ് ഒഫ് ഇന്ത്യന്‍ റീജിയന്‍, നെറ്റ് വര്‍ക്സ് ഒഫ് ബോട്ടാണിക് ഗാര്‍ഡന്‍, ഇക്കണോമിക് പ്ളാന്റ്സ് ഒഫ് ഇന്ത്യ (രണ്ടു ഭാഗങ്ങള്‍), മാംഗ്രൂവ് ഇന്‍ ഇന്ത്യ, റിവര്‍ പൊള്യൂഷന്‍ ഇന്‍ ഇന്ത്യ എന്നിവയാണ് ഇവയില്‍ പ്രധാനം.

1991 മുതല്‍ കേന്ദ്രസര്‍ക്കാരിന്റെ പരിസ്ഥിതി-വനം മന്ത്രാലയത്തില്‍ എമരിറ്റസ് സയന്റിസ്റ്റ് ആയി സേവനമനുഷ്ഠിച്ചിരുന്നു; കൂടാതെ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഒഫ് കണ്‍സര്‍വേഷന്‍ ഒഫ് നേച്ചര്‍ ആന്‍ഡ് നാച്ചുറല്‍ റിസോഴ്സസിന്റെ എമരിറ്റസ് അംഗവുമാണ്. 1994 മുതല്‍ 1997 വരെ പീതാംബര്‍ പന്ത് നാഷണല്‍ എന്‍വയണ്‍മെന്റ് ഫെലോഷിപ്പ് സ്വീകരിച്ചുകൊണ്ട് തിരുവനന്തപുരത്തെ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാന്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ഗവേഷണ സ്ഥാപനത്തില്‍ റിസര്‍ച്ച് ഫെല്ലോ ആയി സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ എന്‍വയണ്‍മെന്റല്‍ റിസോഴ്സ് റിസര്‍ച്ച് സെന്ററില്‍ ഗവേഷണോപദേഷ്ടാവായി പ്രവര്‍ത്തിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍