This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നസ്രുല്‍ ഇസ്ലാം, കാസി (1899 - 1976)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:32, 21 മേയ് 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നസ്രുല്‍ ഇസ്ലാം, കാസി (1899 - 1976)

ബംഗാളി കവിയും സ്വാതന്ത്ര്യ സമര സേനാനിയും. നോവലിസ്റ്റ്, നാടകകൃത്ത്, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, ബാലസാഹിത്യകാരന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം ബംഗാളി സാഹിത്യത്തില്‍ നിറഞ്ഞുനിന്ന നസ്രുല്‍ ഇസ്ലാമിനെ ബാംഗ്ലാദേശ് ജനത തങ്ങളുടെ ദേശീയ കവിയായി ആദരിക്കുന്നു.

Image:Kazi, Nazrul Islam.png

1899 മേയ് 24-ന് അസന്‍സോളിലെ പുരുളിയ ഗ്രാമത്തില്‍ കാസി ഫക്കീര്‍ അഹമ്മദിന്റെയും ജൂഹെദാഖാത്തൂണിന്റെയും മകനായി ജനിച്ചു. ഗ്രാമത്തിലെ മദ്രസയില്‍ പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് ദരിയപൂര്‍, ശിയാര്‍സോള്‍, റാണിഗഞ്ച് എന്നിവിടങ്ങളില്‍ പഠിച്ചശേഷം 1917-ല്‍ പട്ടാളത്തില്‍ ചേര്‍ന്നു. ഹവില്‍ദാര്‍ പദവിയിലെത്തിയെങ്കിലും 1920-ല്‍ പട്ടാളസേവനം മതിയാക്കി കൊല്‍ക്കത്തയ്ക്ക് മടങ്ങി സ്വാതന്ത്ര്യ സമരത്തിലും സാഹിത്യ രചനയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഇദ്ദേഹത്തിന്റെ ആദ്യകൃതി 1919-ല്‍ പ്രസിദ്ധീകരിച്ച മുക്തിയെന്ന കവിതയാണ്. ഭൌതിക ജീവിതത്തില്‍ വിരക്തി തോന്നിയ ഒരു ഫക്കീര്‍ ആത്മീയതയില്‍ സന്തോഷം കണ്ടെത്തിയ സംഭവകഥയാണ് ഇതിന്റെ പ്രമേയം.

സാവോസ്, പ്രബാസി എന്നീ പ്രസിദ്ധീകരണങ്ങളിലായിരുന്നു ആദ്യകാല രചനകള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. എന്നാല്‍ മുസ്ലിം ഭാരത് എന്ന പ്രസിദ്ധീകരണത്തിലാണ് ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ കവിതകള്‍ പലതും പ്രസിദ്ധീകരിക്കപ്പെട്ടത്. 'വിദ്രോഹി' (സമരനായകന്‍) എന്ന വിശേഷണത്തിനര്‍ഹനായ നസ്രുല്‍ ടാഗൂറിന്റെ ഇഷ്ടപാത്രമായി. എല്ലാ അര്‍ഥത്തിലും വസന്തചൈതന്യത്തിന്റെ പ്രതീകമായ നസ്രുലിന് ടാഗൂര്‍ തന്റെ വസന്തം (1923) എന്ന സംഗീത നാടകം സമര്‍പ്പിച്ചതോടെ കാസി നസ്രുല്‍ ഇസ്ലാം പ്രശസ്തിയിലേക്ക് ഉയര്‍ന്നു.

സ്വാതന്ത്ര്യസമരം നല്കിയ ഉത്തേജനം നസ്രുലിനെ ഒരു സ്വാതന്ത്യ്രസമരനായകനും ഗീതകാരനുമാക്കി. ജാലിയന്‍ വാലാബാഗ് സംഭവവും മൊണ്ടേഗു ചെംസ് ഫോര്‍ഡ് ഭരണപരിഷ്കാരങ്ങളും ഇദ്ദേഹത്തിന്റെ രചനകളിലൂടെ വിമര്‍ശിക്കപ്പെട്ടു. അക്കാലത്ത് സുഹൃത്തുക്കളുമായിച്ചേര്‍ന്ന് ആരംഭിച്ച നവയുഗ് സായാഹ്നപത്രം ബ്രിട്ടീഷ് സര്‍ക്കാരിന്റെ നയങ്ങളെ നിശിതമായി വിമര്‍ശിച്ചു. അതിലെ മുഖപ്രസംഗങ്ങളുടെ സമാഹാരമായ യുവവാണി എന്ന പുസ്തകം ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധിക്കുകയുമുണ്ടായി.

നിരോധനങ്ങള്‍ ഉണ്ടായിട്ടും തുടരെത്തുടരെ എഴുതിക്കൊണ്ട് നസ്രുല്‍ അധികാരികളുമായി ഏറ്റുമുട്ടി. ദേശസ്നേഹത്തിന്റെ മധുരമൊഴികളും മതമൈത്രിക്കുവേണ്ടിയുള്ള തൃഷ്ണയും നസ്രുലിന്റെ കവിതകളുടെ പ്രത്യേകതകളാണ്. സര്‍ക്കാര്‍ കണ്ടുകെട്ടിയ ഭംഗാര്‍ഗാന്‍ (1924) വര്‍ഗീയതയ്ക്കെതിരായ ബിഷേര്‍ബംഗി (വിഷമുരളി) ദേശഭക്തി തുളുമ്പുന്ന പ്രളയോല്ലാസ് എന്നിവ ഇദ്ദേഹത്തിന്റെ അനശ്വര കൃതികളാണ്.

1922 ആഗ. 12-ന് തുടങ്ങിയ ധൂമകേതു എന്ന രാഷ്ട്രീയ വാരികയുടെ പേരില്‍ പ്രകോപനപരമായ കവിതകള്‍ വരുന്നു എന്നാരോപിച്ച് 1923 ജനുവരിയില്‍ നസ്രുലിനെ ബ്രിട്ടീഷുകാര്‍ അറസ്റ്റുചെയ്ത് ജയിലിലടച്ചു. വിചാരണവേളയില്‍ പ്രൗഢോജ്ജ്വലമായി ആത്മാഭിമാനമുയര്‍ത്തിപ്പിടിച്ച നസ്രുലിന്റെ പ്രസംഗം രാജബന്ദിര്‍ ജുബന്‍ബന്ദി (ഒരു തടവു പുള്ളിയുടെ മൊഴി-1923) എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. ജയില്‍മോചിതനായ കവി വിപ്ലവാംശമുള്ള പോരാട്ടക്കവിതകള്‍ നിരന്തരമായി രചിച്ചു. 1924 ഏപ്രിലില്‍ പ്രമീള സെന്‍ ഗുപ്തയെ ജീവിത പങ്കാളിയാക്കി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ലേബര്‍ സ്വരാജിന്റെ സ്ഥാപകാംഗമായി. വൈകാതെ ലംഗല്‍ (കലപ്പ) എന്ന പേരില്‍ വേറൊരു പ്രസിദ്ധീകരണം തുടങ്ങി. 'സാമ്യബാദി', കൃഷകര്‍ഗാന്‍, സവ്യസാചി, ഝാര്‍ (ചണ്ഡവാതം) ശ്രമിക്ഗാന്‍ (തൊഴിലാളി ഗാനം) ഇവയൊക്കെ അക്കാലത്തെ രചനകളാണ്.

21 കവിതാസമാഹാരങ്ങള്‍, 14 ഗാനസമാഹാരങ്ങള്‍, ആറ് നോവലുകള്‍, മൂന്ന് ചെറുകഥാ സമാഹാരങ്ങള്‍, നാല് ഉപന്യാസ സമാഹാരങ്ങള്‍, മൂന്ന് നാടകങ്ങള്‍, ബാലകവിതകള്‍, വിവര്‍ത്തനങ്ങള്‍ എന്നിവ രണ്ടു ദശകങ്ങള്‍ക്കിടയില്‍ രചിക്കുവാന്‍ നസ്രുലിന് കഴിഞ്ഞു. 1922-ല്‍ പുറത്തുവന്ന അഗ്നിബീണയുടെ കവര്‍ വരച്ചത് പ്രശസ്തനായ അബനീന്ദ്രനാഥ ടാഗോറായിരുന്നു.അക്കാലത്ത് ടാഗൂറിന്റ ദേശഭക്തിഗാനങ്ങള്‍പോലെ, നസ്രുലിന്റെ ആവേശകരമായ ഭാവഗീതങ്ങള്‍ പല സദസ്സുകളിലും ആലപിക്കപ്പെട്ടിരുന്നു.

പ്രകൃതിസൗന്ദര്യം പ്രമേയമാക്കിയ ഇദ്ദേഹത്തിന്റെ പദ്യസമാഹാരങ്ങളാണ് സിന്ധു ഹില്ലാശ, ചക്രവാള എന്നിവ. ഹൃദയം പ്രേമപൂര്‍ണമാവുമ്പോഴേ വ്യക്തികള്‍ നന്നാവൂ എന്ന് സഞ്ചിതയില്‍ കവി ദര്‍ശിക്കുന്നു. മാനവപ്രേമത്തിന്റെ പ്രതീകമായ ഇസ്ലാംമതത്തിനുള്ളില്‍ വര്‍ഗീയത വളര്‍ത്തുന്നവരെ ഒറ്റപ്പെടുത്തണമെന്ന് ഇദ്ദേഹം നിഷ്കര്‍ഷിച്ചു. ഹിന്ദു-മുസ്ലിം ഐക്യമാണ് ഭാരതത്തിന്റെ ദേശീയോദ്ഗ്രഥനത്തിന് ഏറെ സഹായകരമെന്ന് 'ഹിന്ദു-മുസല്‍മാന്‍', 'വിഷവാണി', 'മന്ദിര്‍-മസ്ജിദ്' തുടങ്ങിയ ലേഖനങ്ങളിലൂടെ ഇദ്ദേഹം സ്ഥാപിച്ചു. 1926-ല്‍ കൊല്‍ക്കത്തയില്‍ ഉണ്ടായ വര്‍ഗീയ കലാപങ്ങള്‍ കവിയെ ഏറെ വേദനിപ്പിച്ചു. ഫണിമാന്‍സാ (കള്ളിമുള്ള്) എന്ന കാവ്യസമാഹാരത്തിലെ ഏറെ കവിതകളും മനുഷ്യന്‍ മതത്തിനുവേണ്ടി പോരടിക്കുന്ന നിരര്‍ഥകതയെക്കുറിച്ചാണ്. 'ജാതിയുടെ തെമ്മാടിത്തം', 'സത്യമന്ത്രം, ബിഷേര്‍ബംശി' എന്നീ കവിതകളിലും മതേതരത്വത്തിന്റെ ശാന്തിമന്ത്രം ചൊല്ലുകയാണ് നസ്രുല്‍. 'ഫത്തിഹ ദൊവാസ്ദഹം' എന്ന ആത്മീയ കവിതയിലും സമാധാനത്തിന്റെ സ്വച്ഛലോകമാണുള്ളത്.

മകന്റെ മരണത്തോടെ നസ്രുല്‍ ആത്മീയതയിലേക്ക് തിരിഞ്ഞു. ഇക്കാലത്താണ് ഗാനങ്ങള്‍ ഏറെയും എഴുതിയത്. ചിലതൊക്കെ ചിട്ടപ്പെടുത്തി സ്വയം പാടുകയും ചെയ്തിരുന്നു. മാനവപ്രേമത്തിന്റെ നിത്യതയെക്കുറിച്ചും ഭരതമുനിയുടെ വീരകഥകളെക്കുറിച്ചും വാഴ്ത്തിപ്പാടിയ പത്ത് ഗാനസമാഹാരങ്ങള്‍ ഇക്കാലത്ത് തുടര്‍ച്ചയായി പ്രസിദ്ധീകരിക്കപ്പെട്ടു. ബുള്‍ബുള്‍ (1928), പോഖര്‍ ചാതക് (1929), നസ്രുല്‍ ഗീതിക (1930), സുര്‍സോകി (1931), സുള്‍ഫിക്കര്‍ (1932), ബനഗീതി (1932), ഗുല്‍ബാഗിച് (1933), ഗീതിശതദള്‍ (1934), ശൂര്‍മുകര്‍ (1934), ഗാനേര്‍മാല (1934) എന്നിവയാണ് അവ.

നസ്രുല്‍ കവിതകള്‍ കാസി നസ്രുല്‍ ഇസ്ലാമിന്റെ തിരഞ്ഞെടുത്ത കവിതകള്‍ എന്ന പേരില്‍ മലയാളത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട് (വിവ. പ്രൊഫ. നിലീനാ ഏബ്രഹാം, സച്ചിദാനന്ദന്‍). ഇതില്‍ ഇരുപത് കവിതകളുണ്ട്.

റൂബിയാത്-ഇ-ഹഫീസ് (1930), കാവ്യാംബര (1933), റൂബിയാത്-ഇ-ഉമര്‍ഖയ്യാം (1960) എന്നിവ നസ്രുല്‍ പേര്‍ഷ്യനില്‍ നിന്ന് ബംഗാളിയിലേക്ക് വിവര്‍ത്തനം ചെയ്ത കൃതികളാണ്. ഝിംഗഫൂല്‍ (1926) സത്ദായ് ചമ്പ (1927) എന്നിവയാണ് ഇദ്ദേഹത്തിന്റെ ബാലകവിതകളുടെ സമാഹാരങ്ങള്‍.

കുഹേലിക, മൃത്യുക്ഷുധ എന്നീ നോവലുകളും ബ്യാധര്‍ദാന്‍, രിക്തര്‍ബേദന്‍, സിയുലിമാല എന്നീ ചെറുകഥാ സമാഹാരങ്ങളും നസ്രുലിന്റേതായുണ്ട്. വിപ്ലവം ത്രസിച്ച മനസ്സിന്റെ ആന്തരിക സംഘട്ടനവും ജന്മഭൂമിയുടെ അരക്ഷിതാവസ്ഥയുമാണ് ആഖ്യായികകളിലെ ഇതിവൃത്തം. ഝിലിമിലി (വാതായനങ്ങള്‍), അലേയ (1931) എന്നീ നാടകങ്ങളും ഇദ്ദേഹംരചിച്ചിട്ടുണ്ട്. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ചിരന്തന മൂല്യങ്ങളെ മുറുകെപ്പിടിച്ച ജനകീയ കവിയും തന്റെ കാലഘട്ടത്തിലെ മനീഷികളുടെ ബഹുമാനവും സ്നേഹവും നേടിയ എഴുത്തുകാരനുമാണ് നസ്രുല്‍ ഇസ്ലാം.

1924-ല്‍ മസ്തിഷ്കരോഗം ബാധിച്ച നസ്രുല്‍ 34 വര്‍ഷം അര്‍ധബോധാവസ്ഥയില്‍ ജീവിച്ചു. ഇന്ത്യാ ഗണ്‍മെന്റ് ഇദ്ദേഹത്തിന് പദ്മഭൂഷന്‍ ബഹുമതി നല്കി. ബാംഗ്ലാദേശ് നിലവില്‍ വന്നശേഷം മുജീബുര്‍ റഹ്മാന്‍ ഇദ്ദേഹത്തെ ഡാക്കയിലേക്ക് കൊണ്ടുപോയി. 1976 ആഗ. 19-ന് അവിടെവച്ചായിരുന്നു നസ്രുല്‍ഇസ്ലാമിന്റെ അന്ത്യം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍