This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇബ്‌നു ഹക്കൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:00, 30 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇബ്‌നു ഹക്കൽ

Ibn Hawqal

പ്രാക്കാലഭൂവിജ്ഞാനി. ബാഗ്‌ദാദ്‌ നിവാസിയായിരുന്ന ഇദ്ദേഹത്തിന്റെ പൂർണമായ പേര്‌ മുഹമ്മദ്‌ അബ്‌ദുള്‍ കാസിം ഇബ്‌നുഹക്കൽ എന്നാണ്‌. വാണിജ്യഭൂമിശാസ്‌ത്ര(Commercial Geography)ത്തിന്റെ ഉപജ്ഞാതാവ്‌ എന്നാണ്‌ ഇദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്‌. അൽജസീറയിലെ നിസിബിസ്‌ (നാസിബിന്‍) ആണ്‌ ഇബ്‌നുഹക്കലിന്റെ ജന്മദേശമെന്ന്‌ അനുമാനിക്കപ്പെടുന്നു. ബാല്യംമുതല്‌ക്കേ യാത്രാവിവരണങ്ങളിലും സാഹസികപര്യടനചരിത്രങ്ങളിലും വിദൂരരാജ്യങ്ങളെയും വിഭിന്ന ജനതകളെയും സംബന്ധിച്ച വിവരങ്ങള്‍ സഞ്ചയിക്കുന്നതിലും അതീവതത്‌പരനായിരുന്നു. ഇസ്‌ലാംവിശ്വാസം പുലരുന്ന ദേശങ്ങളിലേക്കുള്ള കാൽനടയാത്ര ആരംഭിച്ച ഇദ്ദേഹം (943 മേയ്‌) ഉത്തര ആഫ്രിക്ക, സഹാറയുടെ തെക്കരികിലുള്ള മുസ്‌ലിം അധിവാസകേന്ദ്രങ്ങള്‍, ഈജിപ്‌ത്‌, സിറിയ, അർമീനിയ, അസർബൈജാന്‍, ഇറാഖ്‌, ഫർസ്‌ (പേർഷ്യാ), ഖവാരിസ്‌മ്‌, ട്രാന്‍സ്‌ ഓക്‌സേനിയ എന്നിവിടങ്ങളിലെ പ്രയാണം പൂർത്തിയാക്കി സിസിലിയിലെത്തിയതിന്‌ തെളിവുകളുണ്ട്‌. എന്നാൽ തുടർന്നുള്ള വിവരങ്ങള്‍ ദുരൂഹമായി അവശേഷിക്കുന്നു. തന്റെ യാത്രാവിവരണങ്ങളും അനുഭവങ്ങളും സംഗ്രഹിച്ചിട്ടുള്ള ഇബ്‌നുഹക്കലിന്റെ ഗ്രന്ഥം എ ബുക്‌ ഒഫ്‌ റൂട്ട്‌സ്‌ ആന്‍ഡ്‌ റീംസ്‌ (A Book of Routes & Realms)എന്നപേരിൽ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്‌തിട്ടുണ്ട്‌. മുസ്‌ലിം രാജ്യങ്ങള്‍ക്കൊപ്പം യൂറോപ്യന്‍ രാജ്യങ്ങളും ഇതിൽ വിവരിക്കപ്പെടുന്നു എന്നതാണ്‌ ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത. കാസ്‌പിയന്‍ കടൽ ഇതര ജലാശയങ്ങളിൽനിന്ന്‌ ഒറ്റപ്പെട്ടാണു സ്ഥിതിചെയ്യുന്നതെന്ന്‌ ഈ ഗ്രന്ഥം രേഖപ്പെടുത്തുന്നു. കരിങ്കടലിന്‌ ഏറെ വടക്കുള്ള സമുദ്രവുമായി ഒരു ജലസരണിയിലൂടെ സമ്പർക്കമുണ്ടെന്നും തന്മൂലം യൂറോപ്പിനെ ഒരു ദ്വീപായി കണക്കാക്കാവുന്നതാണെന്നും സൂചനയുണ്ട്‌. ആഫ്രിക്കാ വന്‍കരയിലെ തികച്ചും വിജനമായി കരുതപ്പെട്ടുപോന്ന ഉഷ്‌ണമേഖലാവനങ്ങള്‍ തനതു സംസ്‌കാരങ്ങളുള്ള വിവിധ ആദിവാസിവർഗങ്ങളുടെ നിവാസകേന്ദ്രമാണെന്ന്‌ ഹക്കൽ രേഖപ്പെടുത്തി; ഇതിന്‌ ഇബ്‌നു ബതൂത പില്‌ക്കാലത്ത്‌ തെളിവുകള്‍ നിരത്തുകയുണ്ടായി.

ഇസ്‌ലാമിക ലോകത്തിന്റെ സീമകള്‍ വിശദമായ വിവരണങ്ങളിലൂടെ നിർണയിതമാക്കിയ ഇബ്‌നു സമീപത്തുള്ള മേഖലകളെ സംബന്ധിച്ചുള്ള പ്രതിപാദ്യങ്ങളും ഇതിൽ ഉള്‍കൊള്ളിച്ചു. ഇസ്‌ലാമിക വിശ്വാസം പുലരുന്ന ഓരോ മേഖലയിലെയും ഭരണ വിഭാഗങ്ങള്‍, നഗരങ്ങള്‍, നദികള്‍, ജലസേചനമാർഗങ്ങള്‍, ഗതാഗതമാർഗങ്ങള്‍, വിഭവവിതരണം, വാണിജ്യരംഗം, നികുതിവ്യവസ്ഥ തുടങ്ങിയവയെ സംബന്ധിച്ച്‌ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്‌. വിവിധ പ്രവിശ്യകളിലെ പ്രധാന വിളകള്‍, കാർഷികരീതികള്‍, ഉത്‌പാദനക്ഷമത എന്നിവയെ സംബന്ധിച്ച പ്രതിപാദനവും ഹക്കലിന്റെ ഗ്രന്ഥത്തിൽ കാണാം. സൂയസ്‌ തോടിന്റെ തെക്കരികിൽ ആഫ്രിക്കാവന്‍കരയുടെ തീരം കിഴക്കോട്ടാണു നീളുന്നതെന്ന്‌ ആദ്യം സൂചിപ്പിച്ചത്‌ ഇബ്‌നു ഹക്കൽ ആയിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍