This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏകപാദന്മാർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:41, 19 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഏകപാദന്മാർ

മഹാഭാരതം സഭാപർവത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള, ഏകപാത്‌ എന്ന ജനപദത്തിലെ നിവാസികള്‍. അവിടത്തെ രാജാവും ജനങ്ങളും യുധിഷ്‌ഠിരന്റെ രാജസൂയയാഗത്തിൽ പങ്കെടുക്കാന്‍ എത്തിയെന്നും തിരക്കുനിമിത്തം പടിവാതിൽക്കൽ അവരെ തടഞ്ഞു നിർത്തി എന്നുമാണ്‌ മഹാഭാരതത്തിലെ കഥ.

ഔഷ്‌ണീക, രന്തവാസന്മാർ,
പുരുഷാദകർ, രോമകർ,
ഏകപാദന്മാരിവരെ
ദ്വാരേരോധിച്ചു കണ്ടു ഞാന്‍.
 

ഏകപാദത്തോടുകൂടിയവരാണ്‌ ഏകപാദന്മാർ എന്ന്‌ വ്യുത്‌പത്തികൊണ്ടു സിദ്ധിക്കുന്നു.

"ചതുരാത്മാചതുർ ഭാവഃ ചതുർ വേദവിദേകപാത്‌' എന്ന വിഷ്‌ണുസഹസ്രനാമമനുസരിച്ച്‌ നാല്‌ രൂപത്തോടും ഭാവത്തോടും കൂടിയവനും നാല്‌ വേദങ്ങള്‍ അറിയുന്നവനുമായ വിഷ്‌ണുവിന്‌ ഏകപാദന്‍ എന്നൊരു പര്യായംകൂടി ഉള്ളതായി സിദ്ധിക്കുന്നു. വിഷ്‌ണു ഏകപാദനാണ്‌. പരമേശ്വരനിൽനിന്നും ഭിന്നനല്ല എന്ന നിലയിലോ ഒരു പാദത്തോടുകൂടിയവന്‍ എന്ന നിലയിലോ ഏകപാദശബ്‌ദം ശിവപര്യായമായി പ്രയോഗിക്കപ്പെട്ടിട്ടുണ്ട്‌; ഇത്‌ രുദ്രന്റെയും നാമധേയമാണെന്നു ചുരുക്കം. അജന്‍, ഏകപാദന്‍, വിരൂപാക്ഷന്‍, ബഹുരൂപന്‍, ത്യ്രംബകന്‍ തുടങ്ങിയ പതിനൊന്നുപേർ അപരാജിതന്മാരായി വിരാജിക്കുന്നുവെന്ന്‌ വിഷ്‌ണുധർമോത്തര പുരാണത്തിൽ പറഞ്ഞിരിക്കുന്നു.

"ഏകപാദാഭിധോ വിപ്ര:
ക്ഷേ്വാഡിഭ: സ്യാദ്‌ബഹൂന്‍ശരം
ചക്രം, ഡമരുംഗം, ശൂലം,
മുദ്‌ഗരം തദധോവരാന്‍
അക്ഷം, സൂത്രം, മേഖലാവാന്‍
ഖട്വാംഗവാംശ്‌ചമസ്‌തകേ.
ധനുർഘണ്ടാം കപാലഞ്ച
കൗമുദീം തർജനീ ഘടം
പരശും ചക്രമാദത്തേ
ക്രമാദ്‌വാമാഷ്‌ടകേ കരേ
അനേകഭോഗസമ്പത്തിം
കുരുതേയജ്വന: സദാ'.
 

എന്നിങ്ങനെ വിഷ്‌ണൂധർമോത്തരപുരാണത്തിൽ ഏകപാദധ്യാനാനന്തരധ്യാനത്തെപ്പറ്റി പ്രസ്‌താവിച്ചിരിക്കുന്നു. ഏകപാദന്മാരായ പുരുഷന്മാർ കേരളത്തിലെ ഒരുതരം വനവാസികളാണെന്ന്‌ (ഏകപാദാംശ്ച പുരുഷാന്‍ കേരളാന്‍ വനവാസിന:) മഹാഭാരതം സഭാപർവത്തിൽ പ്രസ്‌താവമുണ്ട്‌. ഏകപാദശബ്‌ദം അസുരന്‍ എന്ന അർഥത്തിലും പ്രയോഗമുണ്ട്‌. "ഏകപാദമഹോദരൗ' എന്നു മഹാഭാരതം സഹദേവദിഗ്‌വിജയത്തിൽ

"ഏകപാദാംശ്‌ചതത്രാഹം
അപശ്യം ദ്വാരഹരിതാന്‍'
 

എന്നിങ്ങനെ പറഞ്ഞിരിക്കുന്നതിൽ നിന്ന്‌ അവർ ജനപദവാസികളായിരിക്കുന്നുവെന്നത്‌ വ്യക്തമാണ്‌.

(അരുമാനൂർ നിർമലാനന്ദന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍