This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏകീകൃത സിവിൽ നിയമം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:30, 19 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഏകീകൃത സിവിൽ നിയമം

Uniform Civil Code

വ്യക്തിഗത നിയമങ്ങളെ ഏകീകരിച്ചുകൊണ്ട്‌ നടപ്പാക്കുന്ന ഒരു നിയമ സംഹിത. ഇന്ത്യന്‍ ഭരണഘടനയിലെ 44-ാം അനുച്ഛേദത്തിലാണ്‌ ഏകീകൃത സിവിൽ നിയമത്തെപ്പറ്റി പ്രതിപാദിക്കുന്നത്‌. ഭാരതത്തിലെ മുഴുവന്‍ ഭൂപ്രദശത്തിനും ബാധകമായ ഏകീകൃത സ്വഭാവമുള്ള പൊതുസിവിൽനിയമം നടപ്പാക്കുന്നതിന്‌ രാഷ്‌ട്രം ശ്രമിക്കേണ്ടതാണെന്ന്‌ മേൽ സൂചിപ്പിച്ച അനുച്ഛേദത്തിൽ പറയുന്നു.

സിവിൽ എന്ന പദത്തിന്റെ സാമാന്യമായ അർഥം വ്യക്തിഗതം അഥവാ വ്യക്തിയെ സംബന്ധിച്ചത്‌ എന്നാണ്‌. സിവിൽ കോഡ്‌ എന്നതുകൊണ്ട്‌ ഭൂവുടമാവകാശം, വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, സ്വത്ത്‌ പിന്തുടർച്ച എന്നിങ്ങനെ വ്യക്തിഗതമായ എല്ലാകാര്യങ്ങളെയും പ്രതിപാദിക്കുന്ന നിയമം എന്നു വിവക്ഷ. ഇതിൽനിന്നും വ്യക്തിഗത വിഷയങ്ങള്‍ക്ക്‌ നിലവിൽ നിയമങ്ങളുടെ അഭാവം ഉണ്ടെന്നല്ല വ്യംഗ്യം. മേൽപ്രസ്‌താവിച്ച സംഗതികള്‍ക്കെല്ലാം "വ്യക്തിനിയമങ്ങള്‍' ആണ്‌ ബാധകമായിട്ടുള്ളത്‌. "പേഴ്‌സണൽ ലോസ്‌' (Personal laws) എന്ന ഈ നിയമങ്ങള്‍ മതതത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്‌. ഹിന്ദു വ്യക്തിനിയമം, മുസ്‌ലിം വ്യക്തിനിയമം, ക്രിസ്‌ത്യന്‍ വ്യക്തിനിയമം എന്നിങ്ങനെ. ഹിന്ദു മതത്തിൽപ്പെട്ട ഒരു വ്യക്തിയുടെ വിവാഹം, സ്വത്തവകാശം എന്നിവ വിവിധ ഹൈന്ദവനിയമങ്ങള്‍ പ്രകാരമാണ്‌ നിയന്ത്രിക്കപ്പെടുന്നത്‌. 1995-ലെ ഹിന്ദു വിവാഹ നിയമം, 1956-ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമം, 1956-ലെ ഹിന്ദുദത്തുക്കളും സംരക്ഷണവും നിയമം എന്നിവ ഉദാഹരണം. ഇതേ സംഗതികള്‍ മുസ്‌ലിമിന്‌ ഇസ്‌ലാമിക തത്ത്വങ്ങള്‍ പ്രകാരമാണ്‌ നിയന്ത്രിക്കപ്പെടുന്നത്‌. ക്രിസ്‌ത്യന്‍ മതവിഭാഗങ്ങള്‍ക്ക്‌ 1872-ലെ ക്രിസ്‌ത്യന്‍ വിവാഹ നിയമവും 1869-ലെ വിവാഹ മോചനനിയമവും ബാധകമാണ്‌.

മതനിഷ്‌കർഷകള്‍ പ്രകാരം വിവാഹിതരാകാന്‍ താത്‌പര്യമില്ലാത്തവർക്കും ഭിന്നമതത്തിൽനിന്നും വിവാഹം കഴിക്കാനാഗ്രഹിക്കുന്നവർക്കും 1954-ലെ വിശേഷ വിവാഹനിയമം (Special Marriage Act) ബോധകമാക്കാവുന്നതാണ്‌. മേല്‌പറഞ്ഞവിധം വ്യത്യസ്‌ത നിയമങ്ങള്‍ ഒഴിവാക്കി എല്ലാ മതസ്ഥർക്കും ഒരുപോലെ ബാധകമായ സിവിൽ നിയമം എന്നതാണ്‌ ഏകീകൃത സിവിൽനിയമം എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌. യൂണിഫോം സിവിൽകോഡ്‌ അഥവാ 'UCC' എന്നാണ്‌ ഇതറിയപ്പെടുന്നത്‌. മതപരിഗണനകളില്ലാതെ എല്ലാ പൗരന്മാർക്കും

ഒരു പോലെ ബാധകമാക്കുന്ന നിയമം നടപ്പിലാക്കുന്നതായാൽ അത്‌ ദേശീയോദ്‌ഗ്രഥനത്തിന്‌ ആക്കം കൂട്ടുമെന്നനുമാനിക്കാം. അതേസമയം തന്നെ ഭരണഘടന ഉറപ്പു നൽകുന്ന ഏതു മതത്തിലും വിശ്വസിക്കാനും മതതത്ത്വങ്ങള്‍ പ്രചരിപ്പിക്കുവാനുമുള്ള അവകാശം (അനുഛേദം 25) സംരക്ഷിക്കപ്പെടുകയും വേണം.

ചരിത്രപ്രധാനമായ പല വിധിന്യായങ്ങളിലൂടെയും പരമോന്നത നീതിപീഠം ഏകീകൃത സിവിൽകോഡ്‌ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത ആവർത്തിച്ചിട്ടുണ്ട്‌. ഷാബാനുകേസ്‌ എന്ന്‌ പ്രചാരം നേടിയ കേസിൽ സുപ്രീം കോടതി ഏകീകൃതനിയമം രാഷ്‌ട്രത്തിന്റെ ഐക്യത്തിന്‌ സഹായകരമാകും എന്ന്‌ നിരീക്ഷിച്ചു. തുടർന്ന്‌ പല വിധിന്യായങ്ങളിലും പാർലമെന്റിനെ സുപ്രീംകോടതി ജാഗ്രതപ്പെടുത്തിയിട്ടുണ്ട്‌. എന്നിരിക്കിലും നിയമനിർമാണം ആവശ്യമാകയാൽ പൊതുതാത്‌പര്യഹർജികളിലൂടെയോ കോടതി വിധികളിലൂടെയോ ഏകീകൃതനിയമം നടപ്പാക്കാനാവുന്നതല്ല. ചില സംസ്ഥാനങ്ങള്‍ ഈ ദിശയിൽ ചുവടുവയ്‌പ്‌ നടത്തിയിട്ടുള്ളതും ശ്രദ്ധേയമാണ്‌.

സിവിൽ നിയമങ്ങളെ ഏകീകരിച്ചുകൊണ്ടുള്ള ഒരു കോഡ്‌ രൂപപ്പെടുത്തുക ശ്രമകരമായ കാര്യമാണ്‌. അതു തന്നെയാണ്‌ ഏകീകൃത കോഡിനുള്ള മുഖ്യവെല്ലുവിളിയും. എല്ലാവർക്കും സ്വീകാര്യമായതും ഒരു മതവിശ്വാസത്തെയും ആക്ഷേപിക്കാത്തതുമായ വ്യവസ്ഥകളാണ്‌ രൂപപ്പെടുത്തേണ്ടത്‌. വിവാഹത്തിന്റെ കാര്യമെടുത്താൽ സംഗതി കൂടുതൽ വ്യക്തമാണ്‌. സാധുവായ വിവാഹത്തിന്‌ ഓരോ വ്യക്തിനിയമവും ഓരോ അനുഷ്‌ഠാനമാണ്‌ നിർബന്ധമാക്കിയിരിക്കുന്നത്‌. ബഹുഭാര്യാത്വം ഇസ്‌ലാം നിയമം അനുവദിച്ചിട്ടുണ്ടെങ്കിൽ ഇതര വ്യക്തിനിയമങ്ങള്‍ പ്രകാരം അത്‌ നിഷിദ്ധമാണ്‌.

വിവാഹമോചനം, സ്വത്തിന്മേലുള്ള പിന്തുടർച്ച, ദത്തെടുക്കൽ, ജീവനാംശം തുടങ്ങിയ വിഷയങ്ങളിലും സമവായം ഉണ്ടാകേണ്ടിയിരിക്കുന്നു. രാഷ്‌ട്രത്തിലെ നാനാമതസ്ഥർക്കിടയിലും അവബോധം വളർത്തി ബോധവത്‌കരണത്തിലൂടെ അഭിപ്രായ സമന്വയം ഉണ്ടാക്കുക എന്നതാണ്‌ ഏകീകൃത സിവിൽകോഡ്‌ യാഥാർഥ്യമാക്കുന്നതിന്റെ ആദ്യ ചുവടുവയപ്‌.

(അഡ്വ. എസ്‌.ഐ. ഷാ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍