This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐവർനാടകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

18:53, 21 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഐവർനാടകം

കേരളത്തിൽ പ്രചരിച്ചിരുന്ന ഒരു നാടന്‍ കലാരൂപം. പാണ്ഡവർ കളി, തട്ടിന്മേൽ കളി എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. കേരളത്തിലെ പ്രധാന ദേവീക്ഷേത്രങ്ങളിൽ ഉത്സവത്തോടനുബന്ധിച്ച്‌ നടത്തിയിരുന്ന അനുഷ്‌ഠാനപരമായ കളിയാണിത്‌. ഇപ്പോള്‍ മധ്യകേരളത്തിൽ പ്രചാരത്തിലുണ്ട്‌. പാണ്ഡവരുടെ കഥ പാടിക്കളിക്കുന്നതുകൊണ്ടാണ്‌ ചിലയിടങ്ങളിൽ പാണ്ഡവർകളി എന്ന പേര്‌ വന്നത്‌. ഈ നാടകം അഞ്ചുപേർ ചേർന്നു അവതരിപ്പിക്കുന്നതിന്റെ കാരണവും ഇതുതന്നെയാവണം. ഐങ്കുടിക്കമ്മാളരുടെ വിനോദമായതുകൊണ്ടാണ്‌ ഇതിനു ഐവർ കളി എന്ന പേരുവന്നതെന്നും അഭിപ്രായമുണ്ട്‌. ആശാരി, മൂശാരി, തട്ടാന്‍, കരുവാന്‍, ചെമ്പോട്ടി എന്നീ അഞ്ചു ജാതിക്കാരെയാണ്‌ ഐങ്കുടിക്കമ്മാളരെന്നു വിളിക്കുന്നത്‌. ഭഗവതീക്ഷേത്രങ്ങള്‍ക്കു സമീപം സ്ഥിരമായിക്കെട്ടി ഉയർത്തിയ തട്ടുകളിൽ പ്രദർശിപ്പിക്കാറുതുകൊണ്ടാവാം തട്ടിന്മേൽക്കളി എന്ന പേരുകൂടി ലഭിച്ചത്‌.

ഐവർനാടകത്തിന്റെ അടിസ്ഥാന കഥ ഇപ്രകാരമാണ്‌. ഭദ്രകാളീഭക്തനായ കർണനെ പാണ്ഡവന്മാർ വധിച്ചതറിഞ്ഞ്‌ കാളി രൗദ്രവേഷമെടുത്ത്‌ പാണ്ഡവരെ നശിപ്പിക്കാന്‍ പുറപ്പെട്ടു. ഈ വിവരമറിഞ്ഞ ശ്രീകൃഷ്‌ണന്‍ പാണ്ഡവന്മാരെ വരുത്തി ദേവിയെ സ്‌തുതിച്ച്‌ പാട്ടുപാടി കളിച്ചു ദേവീപ്രീതിനേടണമെന്നു നിർദേശിച്ചു. ശ്രീകൃഷ്‌ണന്‍തന്നെ നടുവിൽ വിളക്കായി നിന്നുകൊണ്ട്‌ പാട്ടുപാടിക്കൊടുത്തു പാണ്ഡവന്മാരെ കളിപ്പിച്ചു. ഇതിന്റെ ഫലമായി ദേവി പ്രസാദിച്ച്‌ പാണ്ഡവരെ അനുഗ്രഹിച്ചു എന്നാണ്‌ ഐതിഹ്യം. ഭദ്രകാളിസ്‌തുതിക്കു പുറമേ ശ്രീകൃഷ്‌ണചരിതവും രാമായണവും ഐവർകളിപ്പാട്ടിനു വിഷയമാകാറുണ്ട്‌. ഐവർനാടകം തികച്ചും ഗാനപ്രധാനമായൊരു ദൃശ്യകലാരൂപമായതുകൊണ്ട്‌ അതിന്റെ പാട്ടു സാഹിത്യത്തിലാണ്‌ സവിശേഷശ്രദ്ധ പതിപ്പിക്കേണ്ടത്‌. 1927-ൽ മംഗളോദയം പ്രസ്സിൽനിന്നു പാട്ടുകള്‍ എന്ന പേരിൽ ഒരു ഗ്രന്ഥാവലി പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ ഐവർ കളിപ്പാട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. രാമായണ കഥയാണ്‌ പ്രതിപാദ്യം. ഇതിലെ ഭാഷ പഴക്കമുള്ളതല്ല. രാമായണ കഥാഖ്യാനത്തിൽ പാണ്ഡിത്യമുള്ള ഒരു കവിയുടെ കാവ്യരചനാപാടവം ഇതിൽ കാണുന്നുണ്ട്‌. നാടോടി ഭാഷയുടെ ശീലും ശൈലിയുമൊപ്പിച്ചാണ്‌ പാട്ടെഴുതിയിട്ടുള്ളത്‌. ഓരോ ഖണ്ഡികയും അവസാനിക്കുന്നത്‌ ഏതുവാക്യം കൊണ്ടോ ആ വാക്യം കൊണ്ടുതന്നെ അടുത്ത ഖണ്ഡികയും ആരംഭിക്കുന്നു. വാഗ്‌ധാടിയും ആലങ്കാരാധിക്യവും ഈ പാട്ടിനെ വികലമാക്കിയിട്ടില്ല. ഗാനാഭിരുചിയുള്ള ഏവർക്കും പാടി രസിക്കാവുന്ന ഒരു ഗാനകാവ്യമാണിത്‌. എഴുത്തച്ഛന്റെ കാവ്യരചനാ നൈപുണിയോ ശൈലിയോ കല്‌പനകളോ ഐവർനാടക കലാകാരന്മാരെ സ്വാധീനിച്ചിട്ടില്ല. ഐങ്കുടിക്കമ്മാളരുടെ രാമായണ ഭാരതേതിഹാസ കഥാഖ്യാനങ്ങളുടെ അവതരണ സമ്പ്രദായത്തിനു പഴയ ചമ്പുകാരന്മാരുടെയും ചാക്യാന്മാരുടെയും പാഠകക്കാരുടെയും പാരമ്പര്യമാണുള്ളത്‌.

ശ്രീ വി.എന്‍. കേളുവാശാന്റെ കൃതിയായ ശാകുന്തളം ഐവർ നാടകം ഇതിവൃത്തത്തിൽ പുതുമയുള്ളതാണ്‌. ചോദേ്യാത്തര രൂപത്തിലാണ്‌ രചന. ഭാരതം കിളിപ്പാട്ടിലെ ശാകുന്തളം കഥയെ മാത്രമേ കവി ഇവിടെ അവലംബിച്ചു കാണുന്നുള്ളൂ.


തികച്ചും ജനകീയമെന്നു വിശേഷിപ്പിക്കാവുന്ന "ഒളരിക്കരപ്പാട്ടും' "നമ്പോർക്കാവിലെപ്പാട്ടും' രാമായണ ഭാരതേതിഹാസകഥകളെ ആസ്‌പദമാക്കി രചിച്ചിട്ടുള്ളവയാണ്‌. ഒളരിക്കരപ്പാട്ടിൽ എഴുത്തച്ഛന്റെ സ്വാധീനം കാണാം. വിശ്വകമ്മാളരുടെ ബുദ്ധിപരവും സാംസ്‌കാരികവുമായ നവോത്ഥാനത്തിന്റെ പരിവർത്തനോന്മുഖമായ ഒരു ദൃശ്യം ഐവർനാടക സാഹിത്യത്തിൽ കാണാം. ഐവർ നാടകത്തിന്റെ പാട്ടുകള്‍ ശേഖരിച്ചിരിക്കുന്നത്‌ തൃശൂർ ജില്ലയിൽ നിന്നായതിനാൽ ഈ പ്രദേശത്തെ ഐങ്കുടിക്കമ്മാളരുടെ പ്രാദേശിക ഭാഷാസ്വരൂപം ഈ പാട്ടുകളിൽ പ്രകടമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍