This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐസ്‌നെർ, കുർട്ട്‌ (1867 - 1919)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

19:56, 21 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഐസ്‌നെർ, കുർട്ട്‌ (1867 - 1919)

Eisner, Kurt

ജർമനിയിലെ സോഷ്യലിസ്റ്റുനേതാവും രാഷ്‌ട്രീയപത്രപ്രവർത്തകനും. 1867 മേയ്‌ 14-നു ബർലിനിൽ ജനിച്ചു. വിദ്യാർഥിയായിരിക്കുമ്പോള്‍ത്തന്നെ ഇമ്മാനുവൽ കാന്റിന്റെ ധാർമികമൂല്യങ്ങളിൽ അധിഷ്‌ഠിതമായ ആശയങ്ങളോടു തോന്നിയ മമത സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടിയിൽ അംഗത്വം സ്വീകരിക്കുവാന്‍ പിന്നീട്‌ ഐസ്‌നെർക്കു പ്രരണ നല്‌കി. 1898 മുതൽ 1905 വരെ ഇദ്ദേഹം ബെർലിനിൽ ഫോർവേർട്ട്‌സ്‌ (മുന്നോട്ട്‌) എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായി പ്രവർത്തിച്ചു. 1910-ൽ മ്യൂണിക്കിലെത്തി സാഹിത്യപ്രവർത്തനത്തിൽ ഏർപ്പെട്ടു. താമസിയാതെ കുറേക്കൂടി ഇടതുപക്ഷസ്വഭാവമുള്ള സ്വതന്ത്രസോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടി(U.S.P.D.)യിൽ ചേരുകയും തൊഴിലാളികളെ പണിമുടക്കുകള്‍ക്ക്‌ പ്രരിപ്പിച്ചതിനു 1918-ൽ തടവിലാക്കപ്പെടുകയും ചെയ്‌തു. 1918 നവംബറിൽ ഇദ്ദേഹം ജയിലിൽനിന്നു മോചിതനായി. കൈസർ സ്ഥാനത്യാഗം ചെയ്യുന്നതിനുമുമ്പുതന്നെ 7-നു രാത്രി ഐസ്‌നെർ ബവേറിയയെ ഒരു സ്വതന്ത്ര സോഷ്യലിസ്റ്റു റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. ബവേറിയയിൽ സ്വതന്ത്രസോഷ്യലിസ്റ്റുകളും ഭൂരിപക്ഷ സോഷ്യലിസ്റ്റുകളും ചേർന്നുണ്ടാക്കിയ ഭരണകൂടത്തിന്റെ തലവനായി ഇദ്ദേഹം അവരോധിതനായി. 1919 ജനു. 12-ന്‌ ബവേറിയന്‍ നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ഐസ്‌നെറുടെ പാർട്ടി (U.S.P.D.)പരാജയപ്പെട്ടു. 1919 ഫെ. 21-നു പുതിയ നിയമസഭയുടെ പ്രഥമസമ്മേളനത്തിൽ സംബന്ധിക്കുന്നതിനു പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ ഒരു യുവപ്രഭുവും വിദ്യാർഥിയുമായ കൗണ്ട്‌ ആന്റണ്‍ ഫൊണ്‍ അർക്കോവാലിയുടെ വെടിയേറ്റ്‌ ഇദ്ദേഹം അന്തരിച്ചു. 1918-19 കാലഘട്ടത്തിൽ ജർമനിയിലുണ്ടായ ഇടതുപക്ഷ വിപ്ലവത്തിന്റെ നേതാക്കളിലൊരാളായും സ്വതന്ത്ര സോഷ്യൽ ഡെമോക്രാറ്റിക്‌ കക്ഷിയുടെ മുഖ്യവക്താവായും ഇദ്ദേഹം അറിയപ്പെടുന്നു. വിൽഹെൽമ്‌ ലീബ്‌ക്‌നെഹ്‌റ്റ്‌ (Wilhelm Liebknecht, 1906), ദോസ്‌ എന്‍ഡെ ദെസ്‌ റൈഹ്‌സ്‌ (Das Ende des Reiches, 1907), ദീ നോയീയെ സൈറ്റ്‌ 2 വാല്യം (Die Neue Zeit, 2 Bde, 1909), ഗെസാമെൽറ്റെ ഷ്രിഫ്‌റ്റെന്‍ 2 വാല്യം (Gesammelte Schriften 2 Bde, 1919) എന്നിവ ഐസ്‌നെറുടെ കൃതികളാണ്‌. 1989-ൽ ഐസ്‌നർ വധിക്കപ്പെട്ട സ്ഥലത്ത്‌ ഒരു സ്‌മാരകം സ്ഥാപിക്കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍