This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എന്‍സഫലൈറ്റിസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:15, 26 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എന്‍സഫലൈറ്റിസ്‌

Encephalitis

മസ്‌തിഷ്‌കത്തിനുണ്ടാകുന്ന അണുബാധ. തലവേദന, പനി, അമിതമായ ക്ഷീണം, തളർച്ച എന്നിവയാണ്‌ സാധാരണ ലക്ഷണങ്ങള്‍. രോഗം ഗുരുതരമാവുമ്പോള്‍ സന്നിയുണ്ടായേക്കാം. മതിഭ്രമവും സ്‌മൃതിഭ്രംശവുമാണ്‌ ഗൗരവതരമായ ലക്ഷണങ്ങള്‍. വൈറസ്‌, ബാക്‌റ്റീരിയ, പ്രാട്ടോസോവ എന്നിവയൊക്കെ എന്‍സഫലൈറ്റിസിനു കാരണമാവാം. വൈറൽ എന്‍സഫലൈറ്റിസ്‌ ആണു കൂടുതലായി കാണപ്പെടുന്നത്‌. ഹെർപിസ്‌ സിപ്ലക്‌സ്‌ വൈറസ്‌ ബാധിച്ചുണ്ടാകുന്ന എന്‍സഫലൈറ്റിസ്‌ വളരെ മാരകമാണ്‌. കടുത്ത പനിയാണ്‌ പ്രധാന ലക്ഷണം. തലവേദന, സന്നി, വിശപ്പില്ലായ്‌മ, അർധബോധാവസ്ഥ, ചലനരഹിതമായ കഴുത്ത്‌ എന്നിവയൊക്കെ ഉണ്ടാകും. സംസാരശേഷിക്കുറവ്‌, പേശികളുടെ തളർച്ച, ത്വക്കിൽ തിണർപ്പുകള്‍ എന്നിവയും ചിലപ്പോള്‍ പ്രത്യക്ഷപ്പെടാം.

സെറിബ്രാസ്‌പൈനൽ ദ്രാവകം നട്ടെല്ലിൽ നിന്നു കുത്തിയെടുത്തു പരിശോധിക്കുകയാണ്‌ രോഗം സ്ഥിരീകരിക്കാനുള്ള മാർഗം. ഇലക്‌ട്രാ എന്‍സഫലോഗ്രാം, മസ്‌തിഷ്‌കത്തിന്റെ സി.ടി.സ്‌കാന്‍, എം.ആർ.ഐ. സ്‌കാന്‍, ആന്റിബോഡി പരിശോധനകള്‍, പി.സി.ആർ. ടെസ്റ്റ്‌ എന്നിവയൊക്കെ രോഗനിർണയത്തിൽ ഉപയോഗിക്കുന്നു. സി.ടി.സ്‌കാനോ എം.ആർ.ഐ. സ്‌കാനോ ഉപയോഗിച്ച്‌ മസ്‌തിഷ്‌കത്തിന്റെ വീക്കം നിർണയിച്ചശേഷമാണ്‌ നട്ടെല്ലിൽ കുത്തി സെറിബ്രാസ്‌പൈനൽ ദ്രാവകമെടുത്ത്‌ പരിശോധിക്കുന്നത്‌. വൈറസിന്റെ ആന്റിബോഡികള്‍ ഉണ്ടോയെന്ന്‌ ഈ ദ്രാവകമുപയോഗിച്ച്‌ പരിശോധിക്കാം. അതുപോലെതന്നെ ആർ.എന്‍.എ. വൈറസിനെയും ഡി.എന്‍.എ. വൈറസിനെയും കണ്ടെത്താന്‍ പോളിമറൈസ്‌ഡ്‌ ചെയിന്‍ റിയാക്ഷന്‍ അഥവാ പി.സി.ആർ. പരിശോധന ഉപയോഗിക്കുന്നു.

1918 മുതൽ 30 വരെ പകർച്ചവ്യാധിയായിരുന്ന എന്‍സഫലൈറ്റിസ്‌ ആണ്‌ എന്‍സഫലൈറ്റിസ്‌ ലെതാർജിക്ക. രക്ഷപ്പെട്ടവർപോലും അബോധാവസ്ഥയിലാണ്‌ ശിഷ്‌ടജീവിതം കഴിച്ചത്‌. 1960-ൽ പാർക്കിന്‍സണ്‍ ഔഷധം കണ്ടുപിടിക്കുന്നതുവരെ ഈ രോഗം ബാധിച്ച അവശേഷിച്ചവർ അർഥബോധാവസ്ഥയിൽ കിടന്നു. മറ്റൊരു മാരകമായ എന്‍സഫലൈറ്റിസ്‌ ആണ്‌ ലിംബിക്‌ എന്‍സഫലൈറ്റിസ്‌. നമ്മുടെ വൈകാരികകേന്ദ്രമെന്ന്‌ അറിയപ്പെടുന്ന മസ്‌തിഷ്‌കകേന്ദ്രമാണ്‌ ലിംബിക്‌ സിസ്റ്റം. അവിടെയാണ്‌ രോഗാണു ആക്രമിക്കുന്നതെങ്കിൽ ലിംബിക്‌ എന്‍സഫലൈറ്റിസ്‌ ആണ്‌ ഫലം.

രോഗലക്ഷണങ്ങള്‍ക്കനുസരിച്ചാണ്‌ ചികിത്സ നിശ്ചയിക്കുന്നത്‌. ആന്റിബോഡി പരിശോധനയിലൂടെ വൈറസ്‌ കണ്ടെത്തുകയാണെങ്കിൽ അതിന്‌ അനുയോജ്യമായ ഔഷധം നല്‌കും. വളരെ മാരകമായ രോഗാവസ്ഥയിൽ എത്തിയവർക്ക്‌ മെക്കാനിക്കൽ വെന്റിലേഷന്‍ വേണ്ടിവന്നേക്കാം. മസ്‌തിഷ്‌കത്തിന്റെ വീക്കം കുറയ്‌ക്കാന്‍ കോർട്ടിക്കോസ്റ്റീറോയ്‌ഡ്‌ ഇനത്തിൽപ്പെട്ട മരുന്നുകളും നല്‌കുന്നുണ്ട്‌. അസ്വസ്ഥതകളിൽനിന്ന്‌ മോചനം നല്‌കാനായി ചെറിയതോതിൽ മയക്കുന്ന മരുന്നുകളും ഉപയോഗിക്കാറുണ്ട്‌. ആന്റിബയോട്ടിക്കുകള്‍ "സന്നി'ക്കെതിരെയുള്ള മരുന്നുകള്‍, പനിക്കുള്ള മരുന്നുകള്‍, ആന്റിവൈറൽ ഔഷധങ്ങള്‍ എന്നിവയൊക്കെ ചികിത്സയുടെ ഭാഗമാണ്‌.

ചിലപ്പോള്‍ എന്‍സഫലൈറ്റിസ്‌മൂലം ഗുരുതരമായ ഭവിഷ്യത്തുകള്‍ ഉണ്ടാകാറുണ്ട്‌. കേള്‍വി, ഓർമ, കാഴ്‌ച, പേശീനിയന്ത്രണം, സ്‌പർശശേഷി എന്നിങ്ങനെയുള്ള വിവിധ ഇന്ദ്രിയങ്ങളുടെ പ്രവർത്തനം അവതാളത്തിലാവാനും സാധ്യതയുണ്ട്‌. ഹെർപിസ്‌ സോസ്റ്റർ, മീസിൽസ്‌ എന്നിവയ്‌ക്കെതിരെയുള്ള വാക്‌സിനുകള്‍ ഈ അണുബാധമൂലമുള്ള എന്‍സഫലൈറ്റിസ്‌ തടയാന്‍ സഹായിക്കും. റാബിസ്‌ വൈറസ്‌മൂലമുള്ള എന്‍സഫലൈറ്റിസ്‌ തടയുന്നതിനായി വളർത്തുമൃഗങ്ങള്‍ക്ക്‌ ആന്റിറാബിസ്‌ വാക്‌സിന്‍ കുത്തിവയ്‌ക്കണം. അതുപോലെ തന്നെ കൊതുകുകടിയിൽനിന്നു രക്ഷനേടാന്‍ കഴിഞ്ഞാൽ കൊതുകുപരത്തുന്ന വൈറസ്‌ രോഗങ്ങളിൽനിന്നും അങ്ങനെ എന്‍സഫലൈറ്റിസിൽ നിന്നും രക്ഷനേടാം.

(സുരേന്ദ്രന്‍ ചുനക്കര)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍