This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉഷാ ഉതുപ്പ് (1947 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉഷാ ഉതുപ്പ് (1947 - )
ഇന്ത്യന്‍ പോപ്പ് ഗായികയും ചലച്ചിത്ര പിന്നണി ഗായികയും. ചെന്നൈയിൽ നിന്നും മുംബൈയിലേക്ക് കുടിയേറിയ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിൽ 1947 ന. 8-ന് ജനിച്ചു. ഔപചാരികമായി സംഗീതാഭ്യസനം നടത്തിയില്ലെങ്കിലും സംഗീതത്തോട് അഭിരുചിയുണ്ടായിരുന്ന ഉഷ ആ മേഖലയിലാണ് എത്തിചേർന്നത്. നിശാക്ലബ്ബുകളിൽ ഗായികയായി കലാജീവിതമാരംഭിച്ച ഉഷ "ഹരേ രാമ ഹരേ കൃഷ്‌ണ' എന്ന ഹിന്ദി ചിത്രത്തിൽ ഒരു ഇംഗ്ലീഷ് ഗാനം ആലപിച്ചുകൊണ്ടാണ് ചലച്ചിത്രരംഗത്ത് എത്തിയത്. 13 ഇന്ത്യന്‍ ഭാഷകളിലും 8 വിദേശ ഭാഷകളിലും ഉഷ പാടിയിട്ടുണ്ട്. നെയ്‌റോബി സന്ദർശിച്ച വേളയിൽ നടത്തിയ സംഗീത പരിപാടികള്‍ ആ രാജ്യത്തും ഉഷയ്‌ക്ക് ആരാധകരെ നൽകി. സ്വാഹിലി ഭാഷയിൽ നിരവധി ദേശഭക്തി ഗാനങ്ങള്‍ പാടിയ ഉഷയെ കെനിയന്‍ പ്രസിഡന്റ് ജോമേ കെന്യാത്ത കെനിയന്‍ പൗരത്വം നൽകി ആദരിച്ചു. "ഫെല്ലിനി ഫൈവ്' എന്ന പ്രാദേശിക ബാന്‍ഡുമായി ചേർന്ന് "ലൈവ് ഇന്‍ നെയ്‌റോബി' എന്ന സംഗീത ആൽബം ഉഷ സംവിധാനം ചെയ്‌തിട്ടുണ്ട്.
1970-കളിലാണ് ഉഷ ചലച്ചിത്ര ലോകത്ത് ശ്രദ്ധനേടിയത്. "ഷാലിമാർ' (1978) എന്ന ചിത്രത്തിലെ "ഏക് ദോ ഛ ഛ ഛ', "ഷാനി'(1980)ലെ ഷാന്‍ സേ എന്നീ ഗാനങ്ങള്‍ ഉഷയുടെ എക്കാലത്തെയും ജനപ്രിയ ഗാനങ്ങളായി അറിയപ്പെടുന്നു. ആർ.ഡി. ബർമന്‍, ബപ്പി ലഹിരി, ഇളയരാജ, ജതിന്‍-ലളിത്, അർജുന്‍ ദത്ത്, തബുന്‍, പ്രീതം, ശങ്കർ-എഹ്‌സാന്‍-ലോയ്, വിശാൽ ഭരദ്വാജ്, ജീത് ഗാംഗുലി, അലക്‌സ്‌പോള്‍ തുടങ്ങിയവരുടെ സംഗീത സംവിധാനത്തിൽ ഉഷ പാടിയിട്ടുണ്ട്. "7 ഖൂന്‍മാഫ്' എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച പിന്നണിഗായികയ്‌ക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു.
സംഗീതാലാപനത്തിനു പുറമേ ഉഷ ചില ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്‌തിട്ടുണ്ട്. 2006-ൽ "പോത്തന്‍വാവ' എന്ന മലയാള ചലച്ചിത്രത്തിൽ കുരിശുമൂട്ടിൽ മറിയാമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഉഷയാണ്. സംഗീതത്തിന് നൽകിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 2011-ലെ പദ്‌മശ്രീ ബഹുമതി നൽകി ഉഷയെ ഭാരതസർക്കാർ ആദരിച്ചു. രാജീവ്‌ഗാന്ധി പുരസ്‌കാർ, മഹിളാശിരോമണി പുരസ്‌കാർ, ചാനൽ വി ഔട്ട്‌സ്റ്റാന്‍ഡിങ് അച്ചീവ്‌മെന്റ് അവാർഡ്, മികച്ച പിന്നണി ഗായികയ്‌ക്കുള്ള കലാകാർ അവാർഡ് തുടങ്ങി നിരവധി അവാർഡുകളും ഉഷയ്‌ക്കു ലഭിച്ചിട്ടുണ്ട്.