This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒഥല്ലോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:25, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഒഥല്ലോ

Othello

ഷെയ്‌ക്‌സപിയർ മഹാകവി(1564-1616)യുടെ വിശ്വപ്രശസ്‌തമായ നാലു ദുരന്തനാടകങ്ങളിൽ ഒന്ന്‌ (ഹാംലറ്റ്‌, കിങ്‌ ലിയർ, മാക്‌ബത്‌ എന്നിവയാണ്‌ മറ്റു മൂന്നു നാടകങ്ങള്‍'. മനുഷ്യനിലെ നന്മതിന്മകളുടെ സംഘട്ടനം നാടകകൃത്തിന്റെ മനസ്സിനെ മഥിച്ചിരുന്ന ഒരു കാലഘട്ടത്തിൽ രചിക്കപ്പെട്ടവയാണ്‌ ഈ ദുരന്തനാടകങ്ങള്‍.

വെനീസ്‌ നഗരരാഷ്‌ട്രത്തിലെ സൈന്യാധിപനായ ഒഥല്ലോ ബ്രബാന്റിയോ എന്ന സെനറ്റോയുടെ പുത്രിയായ ഡെസ്‌ഡിമോണയെ പിതാവിന്റെ അംഗീകാരമില്ലാതെ രഹസ്യമായി വേള്‍ക്കുന്നു; ഇയാഗോ എന്ന കീഴുദ്യോഗസ്ഥന്റെ ദുഷ്‌ടബുദ്ധിക്കു വശംവദനായി വിശ്വാസരാഹിത്യത്തിന്റെ പേരിൽ സംശയിച്ചുകൊല്ലുന്നു; അവസാനം അവളുടെ നിരപരാധിത്വം ബോധ്യപ്പെട്ട്‌ പശ്ചാത്താപവിവശനായി ജീവിതം ഒടുക്കുന്നു; ഇതാണ്‌ പ്രസ്‌തുതനാടകത്തിലെ കഥയുടെ കാതലായ ഭാഗം. തന്റെ മറ്റു ദുരന്തനായകന്മാരെയെന്നപോലെ ധാർമികവും ബൗദ്ധികവുമായ ഉന്നതനിലവാരം പുലർത്തുന്ന ഒരു വ്യക്തിയായാണ്‌ ഷെയ്‌ക്‌സ്‌പിയർ ഒഥല്ലോയെ ചിത്രീകരിച്ചിരിക്കുന്നത്‌; ഒരു ദുർബലനിമിഷത്തിൽ അയാള്‍ മുന്‍സൂചിപ്പിച്ച ദുരന്തദോഷത്തിന്‌ അടിപ്പെട്ട്‌ ആത്മനാശത്തിലേക്കു വഴുതിവീഴുമെന്നുമാത്രം. അയാള്‍ക്ക്‌ ഡെസ്‌ഡമോണയോടുള്ള അനുരാഗത്തിന്റെ ദാർഢ്യം നാടകത്തിന്റെ ആരംഭം മുതൽക്കുതന്നെ നാടകകൃത്ത്‌ സുതരാം വെളിവാക്കുന്നുണ്ട്‌. ആരോപണവിധേയനായി സെനറ്റിൽ ഹാജരാക്കപ്പെടുന്ന ഒഥല്ലോ തന്റെ അനുരാഗകഥ ഋജുവും എന്നാൽ ഉദാത്തവുമായ ശൈലിയിൽ വിവരിക്കുന്നു. ന്യായാധിപസ്ഥാനത്തിരുന്ന ഡ്യൂക്കുപോലും ഒഥല്ലോയുടെ വാക്‌ചാതുരിയാൽ ആകൃഷ്‌ടനായി, അയാളുടെ കഥകേട്ടാൽ തന്റെ മകള്‍പോലും അയാളിൽ പ്രണയബദ്ധയായിപ്പോകുമെന്ന്‌ തുറന്നുസമ്മതിക്കുന്നു. തന്റെ പ്രയസ്വിയുടെ വിശ്വാസരാഹിത്യത്തെപ്പറ്റി വിദൂര സൂചന നല്‌കുന്ന ഇയാഗോയോട്‌ ഒഥല്ലോ പറയുന്ന വാക്കുകള്‍ അയാള്‍ക്കു ഭാര്യയോടുള്ള പ്രണയത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ട്‌. ഒടുവിൽ ഇയാഗോ "തെളിവ്‌' ഹാജരാക്കുമ്പോള്‍ അയാളുടെ നാവിൽനിന്ന്‌ ഉതിരുന്ന വാക്കുകള്‍ ഷെയ്‌ക്‌സ്‌പിയറുടെ തൂലികയിൽ ഉയിർകൊണ്ടിട്ടുള്ള ഏറ്റവും വിഷാദാത്മകവും ഉദാത്തഗംഭീരവുമായ വാക്കുകളിൽ ചിലതാണെന്നു പറയാം. താന്‍ അങ്ങേയറ്റം സ്‌നേഹിക്കുന്ന ഭാര്യയെ വെറുക്കാന്‍ നിർബന്ധിക്കപ്പെടുന്നതിന്റെ ദുഃഖം ഈ വാക്കുകളിൽ കാണാം. അയാളുടെ അസൂയ നിന്ദ്യമായല്ലാതെ അനുകമ്പാർ ഹമായി മാത്രം പ്രക്ഷകർക്ക്‌ അനുഭവപ്പെടുന്നതിന്റെ കാരണം മറ്റൊന്നല്ല. അസൂയയാകട്ടെ ഒഥല്ലോയുടെ അടിസ്ഥാന സ്വഭാവത്തിൽ അല്‌പംപോലും സ്ഥാനം പിടിച്ചിട്ടില്ലാത്ത വികാരമാണുതാനും. ഡെസ്‌ഡമോണയുടെ മനസ്സ്‌ സ്വന്തമാക്കാന്‍ സ്‌നേഹദൂതനായി തന്റെ മനഃസാക്ഷിസൂക്ഷിപ്പുകാരനായ കാഷ്യോയെ നിയോഗിക്കാന്‍ ഒഥല്ലോയെ പ്രരിപ്പിച്ചത്‌ അയാളുടെ നിഷ്‌കളങ്കതയല്ലാതെ മറ്റൊന്നല്ല.

പൗരുഷവും മനോദാർഢ്യവും ഒഥല്ലോയുടെ സ്വഭാവത്തിന്റെ സവിശേഷഘടകങ്ങളാണ്‌. തെരുവിൽ പൊട്ടിപ്പുറപ്പെട്ട കലാപം ഏതാനും ചില വാക്കുകള്‍കൊണ്ട്‌ ഒതുക്കിത്തീർക്കാന്‍ അയാള്‍ക്കു കഴിയുന്നു. ആരോപണങ്ങള്‍ ഉന്നയിച്ച്‌ വെനീഷ്യന്‍ കൗണ്‍സിലിൽ ഹാജരാക്കുമ്പോള്‍ അയാള്‍ തികഞ്ഞ മനോദാർഢ്യത്തോടും സമചിത്തതയോടുംകൂടി സദസ്സിനെ അഭിമുഖീകരിക്കുകയും എല്ലാ ആരോപണങ്ങളെയും വിശ്വാസ്യമായി നിരാകരിക്കുകയും ചെയ്യുന്നു. വെനീസിന്റെ അഭിമാനം കാത്തുരക്ഷിക്കാന്‍ കൊതിച്ച എല്ലാ കണ്ണുകളും തന്റെ നേരെതിരിഞ്ഞ ആ നിർണായക നിമിഷത്തിൽ തന്നിൽ അർപ്പിക്കപ്പെട്ട ഉത്തരവാദിത്ത്വം തികഞ്ഞ ആത്മവിശ്വാസത്തോടെ അയാള്‍ ഏറ്റെടുക്കുന്നു. വെനീസ്‌ രാഷ്‌ട്രം മുഴുവന്‍ ഒഥല്ലോയുടെ മനോധൈര്യത്തെ ആശ്രയിച്ചു കഴിയുന്ന സ്ഥിതിവിശേഷം ഇയാഗോപോലും തെല്ലു മുറുമുറുപ്പോടെയാണെങ്കിലും നാടകാരംഭത്തിൽ സമ്മതിക്കുന്നുണ്ട്‌. ഒഥല്ലോയുടെ സ്വഭാവവൈശിഷ്‌ട്യം മാത്രമല്ല, കഥാപാത്രങ്ങളുടെ സ്വഭാവചിത്രീകരണത്തിൽ ഷെയ്‌ക്‌സ്‌പിയർ പ്രദർശിപ്പിക്കുന്ന അന്യാദൃശ വൈഭവംകൂടി ഇവിടെ പ്രക്ഷകർക്കു കാണാം. ഒഥല്ലോ ഇംഗ്ലീഷിൽ ആദ്യമായി അച്ചടിച്ചത്‌ 1622-ൽ ആയിരുന്നു-ആദ്യത്തെ "ക്വാർട്ടോ'യുടെ ഭാഗമായിട്ട്‌. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ഒഥല്ലോയുടെ ഏതാനും അങ്കങ്ങള്‍ പരിഭാഷ ചെയ്‌ത്‌ ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെ പ്രകാശിപ്പിച്ചതോടെയാണ്‌ ഈ നാടകത്തിന്റെ ഭാഷാവിവർത്തനങ്ങള്‍ ആവിർഭവിച്ചുതുടങ്ങിയത്‌. 1942-ൽ സഞ്‌ജയനെന്നറിയപ്പെടുന്ന എം.ആർ. നായരും, 1966-ൽ വി.എന്‍. പരമേശ്വരന്‍പിള്ളയും ഒഥല്ലോ പൂർണമായി മലയാളത്തിലേക്കു വിവർത്തനം ചെയ്‌തു. കൂടാതെ പാട്ടത്തിൽ രാധാകൃഷ്‌ണമേനോന്‍ എഴുതിയ അബ്‌ദൊല്ലാ അഥവാ ഒഥല്ലോ എന്ന അനുകരണവും (1965) കൈനിക്കര കുമാരപിള്ളയുടെ ദുരന്തദുശ്ശങ്ക എന്ന ആഖ്യായികയും (1931), എം.ആർ. വേലുപ്പിള്ള ശാസ്‌ത്രിയുടെ പ്രമഹോമം (1931) എന്ന അനുകരണ നോവലും മലയാളത്തിൽ പ്രസി ദ്ധീകൃതങ്ങളായിട്ടുണ്ട്‌. 1916-ൽ കെ. ചിദംബരവാധ്യാർ എഴുതിയ ഷെയ്‌ക്‌സ്‌പിയർ മഹാകവിയുടെ മൂന്നു നാടകരംഗങ്ങള്‍ (സീസർ, മാക്‌ബത്‌, ഒഥല്ലോ) എന്ന കൃതിയും സ്‌മരണീയമാണ്‌. ഉദ്‌ദാ ലചരിതം എന്ന പേരിൽ പ്രാഫ. ഏ.ആർ. രാജരാജവർമ സംസ്‌കൃത ഗദ്യഗ്രന്ഥമായും ഈ കൃതി വിവർത്തനം ചെയ്‌തിട്ടുണ്ട്‌.

"http://www.web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%92%E0%B4%A5%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍