This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓബറാമെർഗാവ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:51, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓബറാമെർഗാവ്‌

Oberammergau

പശ്ചിമജർമനിയുടെ ഒരു ഭാഗമായ ബവേറിയയിലെ ഒരു ഗ്രാമം. മ്യൂണിക്കിൽനിന്ന്‌ 85 കി.മീ. തെക്കു പടിഞ്ഞാറായി ഇതു സ്ഥിതിചെയ്യുന്നു. വിസ്‌തീർണം 30.06 ച.കി.മീ. ജനസംഖ്യ 5,228 (2010). ക്രിസ്‌തുവിന്റെ പീഡാനുഭവരംഗങ്ങള്‍ നാടകരൂപത്തിൽ ഇവിടെ അവതരിപ്പിക്കാറുണ്ട്‌. അങ്ങനെ ഈ ഗ്രാമം വിശ്വവിഖ്യാതമായിത്തീർന്നു. ദാരുശില്‌പങ്ങള്‍ നിർമിക്കുന്നതിലും ഈ ഗ്രാമം പ്രസിദ്ധമാണ്‌. "സ്‌കൂള്‍ ഒഫ്‌ വുഡ്‌ കാർവിങ്‌' എന്നൊരു വിദ്യാലയം ഏതാണ്ട്‌ 100 കൊല്ലങ്ങള്‍ക്കുമുമ്പ്‌ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്‌. ഇവിടെ അലങ്കാരവസ്‌തുക്കള്‍ നിർമിക്കുന്നതിലും തടി, പ്ലാസ്റ്റിക്‌ എന്നിവകൊണ്ട്‌ കൗതുകവസ്‌തുക്കള്‍ ഉണ്ടാക്കുന്നതിലും പരിശീലനം നല്‌കിവരുന്നു. ഒരുത്തമ വിനോദസഞ്ചാരകേന്ദ്രം എന്ന നിലയിലും വർഷന്തോറും ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന്‌ വിനോദസഞ്ചാരികളെ ഈ ഗ്രാമം ആകർഷിക്കുന്നുണ്ട്‌.

1633-ൽ ഓബറാമെർഗാവ്‌ ഗ്രാമം പ്ലേഗ്‌ ബാധയ്‌ക്കിരയായി. രോഗവിമുക്തിക്കുവേണ്ടി ക്രിസ്‌തുവിന്റെ പീഡാനുഭവരംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു നാടകം പത്തുകൊല്ലത്തിലൊരിക്കൽ അഭിനയിക്കാമെന്ന്‌ ഗ്രാമവാസികള്‍ പ്രതിജ്ഞചെയ്‌തു. അതനുസരിച്ച്‌ 1634-ൽ ആദ്യത്തെ പീഡാനുഭവനാടകം(Passion play) അരങ്ങേറി. തുടർന്ന്‌ പത്തുകൊല്ലത്തിലൊരിക്കൽ ഈ നാടകം അവതരിപ്പിച്ചുപോരുന്നു. 2010-ലെ പീഡാനുഭവനാടകത്തിൽ ഈ ഗ്രാമത്തിലെ പകുതിയോളം പേർ പങ്കെടുക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍