This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓയിൽ ആന്‍ഡ്‌ നാച്ചുറൽ ഗ്യാസ്‌ കമ്മിഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:56, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓയിൽ ആന്‍ഡ്‌ നാച്ചുറൽ ഗ്യാസ്‌ കമ്മിഷന്‍

ONGC

ഇന്ത്യയിൽ അസംസ്‌കൃത എണ്ണ, പ്രകൃതി വാതകങ്ങള്‍ എന്നിവയുടെ നിക്ഷേപങ്ങള്‍ കണ്ടെത്തുന്നുന്നതിനും അവ ശരിയായ രീതിയിൽ ചൂഷണം ചെയ്യുന്നതിനുമായി സംവിധാനം ചെയ്യപ്പെട്ടിട്ടുള്ള ഏക പൊതുമേഖലാ സംരംഭം. 1959 ഒക്‌ടോബറിൽ ഒരു സ്വയംഭരണ സ്ഥാപനമായ എണ്ണ-പ്രകൃതിവാതക കമ്മിഷന്‍ 1956 ആഗസ്റ്റിൽ ആണ്‌ രൂപവത്‌കരിക്കപ്പെട്ടത്‌. ഓയിൽ ഇന്ത്യ ലിമിറ്റഡ്‌ (OIL) എന്ന കൂട്ടുമേഖലാ സമിതിയെയും ബർമാ ഒയിൽ കമ്പനിയുടെ കീഴിൽ വർത്തിക്കുന്ന അസം ഓയിൽ കമ്പനി (AOC)യെയും അപേക്ഷിച്ച്‌ ഓയിൽ ആന്‍ഡ്‌ നാച്ചുറൽ ഗ്യാസ്‌ കമ്മിഷന്‍ (ONGC) വളരെ ബൃഹത്താണ്‌. ഇന്ത്യയിൽ കരയിലും കടലിലും മാത്രമല്ല യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌, റഷ്യ, വിയറ്റ്‌നാം, ഇറാന്‍, ഇറാഖ്‌, ടാന്‍സാനിയ തുടങ്ങിയ രാജ്യങ്ങളിലും പേർഷ്യന്‍ ഉള്‍ക്കടലിലും പ്രസ്‌തുത കമ്മിഷന്‍ അസംസ്‌കൃത എണ്ണ, പ്രകൃതി വാതകങ്ങള്‍ എന്നിവയുടെ പര്യവേക്ഷണ-വേധന പ്രക്രിയകളിലേർപ്പെട്ടിരിക്കുന്നു. കുറഞ്ഞകാലത്തെ പ്രവർത്തനങ്ങളിലൂടെ 1958-ൽ കാംബേ ഉള്‍ക്കടലിലും 59-ൽ അസമിലെ അങ്കലേശ്വറിലും, 61-ൽ ഗുജറാത്തിലെ കലോറിലും എഴുപതുകളിൽ ബോംബെ ഹൈയിലും എണ്ണനിക്ഷേപങ്ങള്‍ കണ്ടെത്തി. കമ്മിഷന്റെ ആസ്ഥാനം ന്യൂഡൽഹിയിലാണ്‌.

രണ്ടാം പഞ്ചവത്സരപദ്ധതിക്കാലത്ത്‌ (1956-61) ഇന്ത്യാ ഗവണ്‍മെന്റ്‌ എണ്ണയുടെ പര്യവേക്ഷണം, ഉത്‌പാദനം, ശുദ്ധീകരണം, വിതരണം എന്നിവയ്‌ക്കുവേണ്ടി ഒരു ആസൂത്രിതപദ്ധതിക്കു രൂപം നൽകുകയും തദ്വാരാ പൊതുമേഖലാടിസ്ഥാനത്തിൽ എണ്ണ വ്യവസായത്തിന്‌ അടിസ്ഥാനമിടുകയും ചെയ്‌തു. കമ്മിഷന്റെ പ്രവർത്തനം വിജയകരമാണെന്നു കണ്ടതോടെ 1963-ൽ പെട്രാളിയം, കെമിക്കൽസ്‌ എന്നിവയ്‌ക്കുവേണ്ടി ഒരു മന്ത്രി കാര്യാലയം പ്രവർത്തനമാരംഭിച്ചു. ഇന്ന്‌ പെട്രാളിയം ഉത്‌പന്നങ്ങളുടെ ശുദ്ധീകരണം, വിതരണം എന്നിവ കൈകാര്യം ചെയ്യുന്നത്‌ ഇന്ത്യന്‍ ഓയിൽ കോർപ്പറേഷന്‍ ആണ്‌ (നോ. ഇന്ത്യന്‍ ഓയിൽ കോർപ്പറേഷന്‍). ഇന്ത്യയിലെ മൊത്തം 14,10,000 ച.കി.മീ. വ്യാപിച്ചു കിടക്കുന്ന അവസാദശിലാക്രമങ്ങളിൽ, ഓയിൽ ഇന്ത്യാ ലിമിറ്റഡ്‌, അസം ഓയിൽ കമ്പനി എന്നിവയുടെ അധികാരപരിധിയിൽപ്പെടുന്ന അരുണാചൽ പ്രദേശ്‌, അസം എന്നീ സംസ്ഥാനങ്ങളിലെ ചില മേഖലകള്‍ ഒഴിച്ചുള്ള പ്രദേശങ്ങളെല്ലാം ഒ.എന്‍.ജി.സി.യുടെ പര്യവേക്ഷണത്തിനു വിധേയമാണ്‌. ഇതിൽ 3,85,000 ച.കി.മീ. വരുന്ന വന്‍കരച്ചെരുവിൽ കാംബേ ഉള്‍ക്കടൽ, കച്ച്‌ ഉള്‍ക്കടൽ, അറേബ്യന്‍ കടൽ, കോറമാന്‍ഡൽ തീരം, കൃഷ്‌ണാ-ഗോദാവരി നദികളുടെ ഡെൽറ്റാ പ്രദേശങ്ങള്‍, സുന്ദരവനങ്ങളുടെ ദക്ഷിണഭാഗം (ബംഗാള്‍ ഉള്‍ക്കടൽ) എന്നിവിടങ്ങളിലായി ഇരുപതോളം സ്ഥാനങ്ങളിൽ എണ്ണ-പ്രകൃതിവാതകങ്ങളുടെ ശേഖരങ്ങള്‍ക്ക്‌ അനുകൂലമായ ഭൂഗർഭപരിസ്ഥിതികള്‍ നിലനിൽക്കുന്നതായി കമ്മിഷന്‍ കണ്ടെത്തുകയുണ്ടായി. കമ്മിഷനിൽ പ്രകമ്പന-സർവേക്ഷണ-സംഘങ്ങള്‍ (Seismic survey parties) ഭൂവൈജ്ഞാനിക സംഘങ്ങള്‍, ഇലക്‌ട്രാലോഗിങ്‌ സംഘങ്ങള്‍, ഗുരുത്വ-കാന്തിക സർവേക്ഷണ സംഘങ്ങള്‍ എന്നിവയുണ്ട്‌. ആഴത്തിൽ കുഴിക്കാവുന്ന ഡ്രില്ലിങ്‌ റിഗ്ഗുകള്‍ കരയിലും കടലിലും പല സ്ഥാനങ്ങളിലായി പ്രവർത്തനോന്മുഖമാണ്‌. ബോംബെ തീരത്ത്‌ അറേബ്യന്‍ കടലിൽ, കമ്മിഷനുവേണ്ടി ജപ്പാനിൽ നിർമിച്ച സാഗർ സാമ്രാട്ട്‌ എന്ന പ്ലാറ്റ്‌ഫോം (self propelled jack up type of drilling platform)ഉപയോഗിച്ചാണ്‌ ഡ്രില്ലിങ്‌ നടത്തിവരുന്നത്‌. പര്യവേക്ഷണം, വേധനം എന്നിവയ്‌ക്കായി യു.എസ്‌., ബ്രിട്ടന്‍, നോർവെ തുടങ്ങിയ വികസിത രാജ്യങ്ങളിൽനിന്ന്‌ കപ്പലുകള്‍ വാടകയ്‌ക്കെടുത്തും കമ്മിഷന്‍ പ്രവർത്തനങ്ങള്‍ ത്വരിതപ്പെടുത്താറുണ്ട്‌. 1978-ൽ കൊച്ചിതീരത്തെ എണ്ണ തിരച്ചിലിന്‌ അമേരിക്കന്‍ എക്‌സ്‌പ്ലോറർ എന്ന പര്യവേക്ഷണക്കപ്പലാണ്‌ വാടകയ്‌ക്കെടുത്തിരുന്നത്‌. കമ്മിഷന്റെ വകയായ അന്‍ഖെഷാഖ്‌ യു.എസ്സിൽ നിന്നു നേടിയ പല സങ്കീർണമായ യന്ത്രസാമഗ്രികളും ഉള്‍ക്കൊള്ളുന്ന ആധുനിക പര്യവേക്ഷണക്കപ്പലാണ്‌. ആരംഭദശയിൽ (1961) അനുദിനം 100 ടണ്‍ എണ്ണമാത്രം ഉത്‌പാദിപ്പിച്ചിരുന്ന കമ്മിഷന്‍ 1974-ൽ 11,400 ടണ്ണും 1978-ൽ 25,750 ടണ്ണും ഉത്‌പാദിപ്പിച്ചു. 1978-79-ൽ കമ്മിഷന്‍ 11,500 ലക്ഷം ടണ്‍ പ്രകൃതിവാതകവും ശേഖരിച്ചു. ബോംബെ തീര(Bombay High)ത്തുനിന്നുള്ള എണ്ണയുത്‌പാദനം 78-79-ൽ 47.5 ലക്ഷം ടണ്ണായിരുന്നത്‌ 120 ലക്ഷം ടണ്ണായി ഉയർത്തുന്നതിനുവേണ്ടി കൂടുതൽ പ്ലാറ്റ്‌ഫോമുകള്‍ പ്രവർത്തിപ്പിച്ചു.

എണ്ണപ്പാടങ്ങളിൽ നിന്ന്‌ അകലെയുള്ള ശുദ്ധീകരണശാലകളിലേക്കു റെയിൽമാർഗം അംസ്‌കൃത എണ്ണ എത്തിക്കുക തുടക്കം മുതൽക്കേ ഒരു പ്രശ്‌നമായിരുന്നു. കരയിൽ, ബിഹാറിൽ 400 കിലോമീറ്ററും അസമിൽ 1,160 കിലോമീറ്ററും കുഴലുകള്‍ സ്ഥാപിച്ച്‌, 1962-ൽ തന്നെ ഈ പ്രശ്‌നം പരിഹരിച്ചിരുന്നു. ബോംബെ ഹൈയിൽനിന്നു കരയിലേക്ക്‌ അസംസ്‌കൃത എണ്ണയെത്തിക്കുക അതിലേറെ പ്രയാസമായിരുന്നു; എന്നാൽ ഒ.എന്‍.ജി.സി.യുടെ നേതൃത്വത്തിൽ കടലിനടിയിലൂടെ സ്ഥാപിച്ച കുഴലുകള്‍ വഴി 1978 ജൂണ്‍ മധ്യത്തോടെ എണ്ണ കരയിലേക്കു പ്രവഹിച്ചുതുടങ്ങി.

ഇതുവരെ നടത്തിയ പര്യവേക്ഷണങ്ങളിൽനിന്ന്‌ എണ്ണ-പ്രകൃതിവാതകങ്ങളുടെ നിക്ഷേപങ്ങളിൽ മൂന്നിൽ രണ്ടുഭാഗവും വന്‍കരച്ചെരുവിലാണെന്ന്‌ വ്യക്തമായതിനാൽ കമ്മിഷന്‍ ആന്‍ഡമാന്‍-നിക്കോബാർ, ലക്ഷദ്വീപുകള്‍ എന്നിവയുടേതടക്കം ഇന്ത്യാ ഉപദ്വീപിന്റെ വന്‍കരച്ചെരിവ്‌ ആകമാനവും തീവ്രമായ പര്യവേക്ഷണ നിരീക്ഷണങ്ങള്‍ക്കു വിധേയമാക്കി. അസം, നാഗാലാന്‍ഡ്‌, മേഘാലയ, ഗുജറാത്ത്‌ എന്നിവിടങ്ങള്‍ക്കാണ്‌ കരയിലെ പ്രവർത്തനങ്ങളിൽ മുന്‍തൂക്കം നല്‌കിവരുന്നത്‌. എണ്ണയുത്‌പാദനത്തിലൂടെ വന്‍തോതിൽ വിദേശനാണ്യം നേടിക്കൊടുത്ത ഒ.എന്‍.ജി.സി.യുടെ പൂർണ ഉടമസ്ഥതയിലുള്ള കമ്പനിയായ ഹൈഡ്രാകാർബണ്‍സ്‌ ഇന്ത്യാ ലിമിറ്റഡ്‌ (HIL) ആണ്‌ വിദേശീയ പ്രവർത്തനങ്ങളിൽ കമ്മിഷനെ പ്രതിനിധീകരിക്കുന്നത്‌. 1994-ൽ ഒ.എന്‍.ജി.സി. ഒരു ലിമിറ്റഡ്‌ കമ്പനിയായി പുനഃസംഘടിപ്പിക്കപ്പെട്ടു. 2002-03 കാലയളവിൽ ഒ.എന്‍.ജി.സി. വിദേശ്‌ എന്ന അനുബന്ധസ്ഥാപനത്തിലൂടെ ആഗോളമേഖലയിൽ പ്രവേശിച്ചു. വിയറ്റ്‌നാം സഖാലിന്‍, സുഡാന്‍ എന്നിവിടങ്ങളിൽ മികച്ച നിക്ഷേപങ്ങള്‍ നടത്തി. വിയറ്റ്‌നാമിൽനിന്ന്‌ ആദ്യവരുമാനം നേടുകയും ചെയ്‌തു. യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌, റഷ്യ, വിയറ്റ്‌നാം, യമന്‍, ടുണീഷ്യ, ഈജിപ്‌ത്‌, ഖസാക്കിസ്‌താന്‍ എന്നീ രാജ്യങ്ങളിൽ ഒ.എന്‍.ജി.സി. സംയുക്തസംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌. 2003-ൽ മാംഗളൂർ റിഫൈനറി ആന്‍ഡ്‌ പെട്രാകെമിക്കൽസ്‌ ലിമിറ്റഡ്‌ എന്ന സ്ഥാപനം ഒ.എന്‍.ജി.സി ഏറ്റെടുക്കുകയുണ്ടായി. 2005-ൽ നൈജീരിയയുമായി എണ്ണ പര്യവേക്ഷണത്തിന്‌ കരാറിലേർപ്പെട്ടു.

2011-ലെ കണക്കനുസരിച്ച്‌ ഇന്ത്യയിലെ മൊത്തം അസംസ്‌കൃത എണ്ണയുടെ ഉത്‌പാദനത്തിന്റെ 75 ശതമാനവും പ്രകൃതിവാതക ഉത്‌പാദനത്തിന്റെ 81 ശതമാവും നിർവഹിക്കുന്നത്‌ ഒ.എന്‍.ജി.സി.യാണ്‌. ഈ സ്ഥാപനത്തിന്റെ കീഴിൽ 11,000 കി.മീ. പൈപ്പ്‌ ലൈനുകളാണ്‌ ഇപ്പോഴുള്ളത്‌. 2010-ൽ കമ്പനിയുടെ മൊത്തംവരുമാനം 4381 ബില്യണ്‍ ഡോളറാണ്‌. മുപ്പത്തിരണ്ടായിരത്തിൽപ്പരം തൊഴിലാളികള്‍ ഇവിടെ ജോലിക്കാരായുണ്ട്‌. ഇന്ത്യയുടെ പെട്രാളിയം ഉപഭോഗത്തിന്റെ 25 ശതമാനം ഉത്‌പാദിപ്പിക്കുന്നത്‌ ഒ.എന്‍.ജി.സി.യാണ്‌. 2009-ൽ ഇന്ത്യയിലെ ഉത്‌പാദനം 160 ദശലക്ഷം ടണ്ണായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍