This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇബെറ്റ്‌സണ്‍, ജൂലിയസ്‌ സീസർ (1759 - 1817)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:46, 28 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇബെറ്റ്‌സണ്‍, ജൂലിയസ്‌ സീസർ (1759 - 1817)

Ibbetson, Julius Caesar

ഇംഗ്ലീഷ്‌ ഭൂദൃശ്യചിത്രകാരന്‍. 1759-ല്‍ ലീഡ്‌സിലായിരുന്നു ജനനം. കുട്ടിക്കാലത്തു തന്നെ പ്രമുഖ ചിത്രകാരനായ തോമസ്‌ ഫ്‌ളെച്ചറുടെ കീഴില്‍ ചിത്രരചന അഭ്യസിച്ചിരുന്നു. 1775-നുശേഷം ലണ്ടനിലെത്തിയ ഇബെറ്റ്‌സണ്‍ തോമസ്‌ ഗെയിന്‍സ്‌ബെറോ, റിച്ചാർഡ്‌ വില്‍സണ്‍ എന്നീ ഇംഗ്ലീഷ്‌ ചിത്രകാരന്മാരുടെ രചനകളുടെയും 17-ാം ശതകത്തിലെ ഡച്ച്‌ ഭൂദൃശ്യങ്ങളുടെയും അനധികൃതപതിപ്പുകള്‍ നിർമിച്ചാണ്‌ ജീവിതം നയിച്ചത്‌.

"എ വ്യൂ ഒഫ്‌ നോർത്ത്‌ ഫ്‌ളിറ്റ്‌' ആണ്‌ റോയല്‍ അക്കാദമിയില്‍ പ്രദർശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന്റെ ആദ്യത്തെ ചിത്രം. ഇംപീരിയല്‍ കോർട്ട്‌ ഒഫ്‌ പെക്കിനിലേക്കുള്ള ആദ്യത്തെ ബ്രിട്ടീഷ്‌ ദൗത്യസംഘത്തിന്റെ ഔദ്യോഗികചിത്രകാരനായി നിയോഗിക്കപ്പെടുന്നത്‌ 1787-ലാണ്‌. പെക്കിനിലേക്കുള്ള യാത്രയ്‌ക്കിടെ ഇദ്ദേഹം സന്ദർശിച്ച സ്ഥലങ്ങളിലെ പ്രകൃതിയും ജീവജാലങ്ങളുമായിരുന്നു അക്കാലത്ത്‌ രചിച്ച ചിത്രങ്ങളുടെ പ്രമേയം. ഡച്ച്‌ ചിത്രകാരന്മാരുടെ സ്വാധീനം ഇദ്ദേഹത്തിന്റെ രചനകളില്‍ പ്രകടമായിരുന്നു. റൊമാന്റിക്‌ രീതിയിലുള്ള വിഷയങ്ങളാണു സ്വീകരിച്ചിരുന്നതെങ്കിലും ഇദ്ദേഹത്തിന്റെ ശൈലി ഏറെക്കുറെ 18-ാം ശതകത്തിലേതായിരുന്നു. ഇബെറ്റ്‌സണ്‍ രചിച്ച പൂർണകായചിത്രങ്ങള്‍ ഗെയിന്‍സ്‌ബറോയുടെ രചനയോടു സാദൃശ്യം പുലർത്തുന്നവയാണ്‌. 1789-ലെ വെയില്‍സ്‌ സന്ദർശനത്തിനിടെ വാട്ടർകളറില്‍ ഇദ്ദേഹം വരച്ച ചിത്രങ്ങളില്‍ ഗ്രാമീണ ജീവിതത്തിനൊപ്പം വ്യവസായവത്‌കരണവും പശ്ചാത്തലമാകുന്നു. വെയില്‍സിലെ വ്യാവസായിക വികസനത്തെ പ്രകടമാക്കുന്നവയാണ്‌ ഈ രചനകള്‍. വൈറ്റ്‌ (Wight) ദ്വീപിലെ കപ്പല്‍ ഛേദങ്ങളെ ദൃശ്യവത്‌കരിച്ച ചിത്രങ്ങളും ശ്രദ്ധേയമാണ്‌. സാധാരണ എച്ചച്ചായചിത്രങ്ങള്‍ക്കു പുറമേ പുസ്‌തകങ്ങള്‍ക്കുവേണ്ടിയും ചിത്രങ്ങള്‍ രചിച്ചിട്ടുണ്ട്‌. ജോർജ്‌ ബിഗിന്‍, ഫാള്‍സ്‌ബേ, കേപ്‌ ഒഫ്‌ ഗുഡ്‌ ഹോപ്പ്‌ തുടങ്ങിയവയാണ്‌ പ്രധാനപ്പെട്ട ചിത്രങ്ങള്‍. ഇദ്ദേഹം വരച്ച ഒട്ടേറെ ചിത്രങ്ങള്‍ ലീഡസ്‌ ഗാലറിയില്‍ സൂക്ഷിച്ചിട്ടുണ്ട്‌. "ഇംഗ്ലണ്ടിലെ ബെർക്കം' എന്ന്‌ ഇബെറ്റ്‌സനു നല്‌കപ്പെട്ട വിശേഷണം ഡച്ച്‌ ചിത്രരചന ശൈലിയോട്‌ ഇദ്ദേഹം എത്രത്തോളം കടപ്പെട്ടിരിക്കുന്നു എന്നതിനു തെളിവാണ്‌. 1817-ല്‍ യോർക്‌ഷെയറില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍