This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്ത്യതിരുവത്താഴം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:33, 24 മാര്‍ച്ച് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അന്ത്യതിരുവത്താഴം

The Last Supper

ക്രിസ്തുവിന്റെ അവസാന അത്താഴത്തെ പ്രമേയമാക്കി രചിക്കപ്പെട്ട ചിത്രം. ലിയൊനാര്‍ഡോ ഡാവിഞ്ചി (1452-1519) ഡൊമിനിക്കന്‍ സന്ന്യാസി സമൂഹത്തിനുവേണ്ടി ഇറ്റലിയിലെ മിലാന്‍ നഗരത്തില്‍ സാന്താമാറിയാ ഡെല്‍ഗ്രാസിയില്‍ രചിച്ച ചുവര്‍ ചിത്രമാണിത്. 'ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു, നിങ്ങളില്‍ ഒരുവന്‍ എന്നെ ഒറ്റിക്കൊടുക്കും' എന്നു ക്രിസ്തു പ്രഖ്യാപിക്കുന്ന സന്ദര്‍ഭമാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. ആഹാരത്തിലേക്കു നീട്ടിയ കൈ അപരാധബോധം കൊണ്ടെന്നപോലെ പിന്‍വലിക്കുന്ന യൂദായുടെ ഇരുണ്ട രൂപം ക്രിസ്തുവിന്റെ വലതുഭാഗത്ത് മൂന്നാമതായി കാണാം. യൂദായുടെ പിന്നില്‍ ക്രിസ്തുവിന്റെ തൊട്ടു വലതുവശത്തിരിക്കുന്ന യോഹന്നാനുമായി സംസാരിക്കുന്ന പത്രോസും ഇടതുവശത്ത് എഴുന്നേറ്റുനിന്ന് നെഞ്ചില്‍ കൈവച്ചുകൊണ്ട് 'കര്‍ത്താവേ, അതു ഞാനല്ല എന്നു നീ അറിയുന്നുവല്ലോ' എന്നു പ്രസ്താവിക്കുന്ന ഭാവത്തോടുകൂടിയ ഫിലിപ്പും ചിത്രത്തിലുണ്ട്. യൂദാ ഒഴികെയുള്ള മറ്റു ശിഷ്യന്മാര്‍ ഉത്കണ്ഠാപൂര്‍വം ക്രിസ്തുവിന്റെ പ്രഖ്യാപനം ചര്‍ച്ച ചെയ്യുന്നു. തീന്‍മേശയുടെ മധ്യത്തിലിരിക്കുന്ന ക്രിസ്തുവിന്റെ പുറകിലുള്ള തുറസ്സായ ഭാഗത്തുനിന്നുവരുന്ന വെളിച്ചം ക്രിസ്തുവിനു ചുറ്റും ഒരു പ്രഭാവലയം സൃഷ്ടിക്കുന്നു. മേശയുടെ ഒരു വശത്തു മാത്രമായിട്ടാണ് ആളുകള്‍ നിരന്നിരിക്കുന്നത്. എല്ലാവരേയും ഒരേ നിരയില്‍ കേന്ദ്രീകരിച്ച് അവരുടെ ഭിന്നങ്ങളായ മാനസികാവസ്ഥകളും സ്വഭാവ വൈചിത്യ്രങ്ങളും ഓരോ ശിഷ്യനും ഗുരുവിനോടുള്ള ബന്ധത്തിന്റെ സവിശേഷതകളും ഒരേ സമയം ധ്വനിപ്പിക്കുകകൂടിയാണ് ഡാവിഞ്ചി ചെയ്തിരിക്കുന്നത്. ക്രിസ്തുവിന്റെ മുഖത്തു നിഴലിടുന്ന വിധേയത്വഭാവം ദൈവഹിതത്തിന് താന്‍ സ്വയം സമര്‍പ്പിക്കുന്നു എന്ന പ്രതീതി വളര്‍ത്തുന്നു. അപ്പത്തെ സ്വന്തം ശരീരമായും വീഞ്ഞിനെ രക്തമായും വിഭാവനം ചെയ്യുന്ന തിരുവത്താഴത്തിന്റെ സന്ദേശവും ചിത്രത്തില്‍ നിഴലിടുന്നു. 'മനുഷ്യന്റെ ആത്മാവിലെ ഉദ്ദേശ്യങ്ങളെ' അംഗവിക്ഷേപാദികളിലൂടെ ചിത്രീകരിക്കുകയാണ് ചിത്രകലയുടെ പരമോന്നതവും ഏറ്റവും ക്ളേശകരവുമായ ധര്‍മം എന്ന സ്വന്തം സിദ്ധാന്തത്തെ ഡാവിഞ്ചി ഈ ചിത്രത്തിലൂടെ ഉദാഹരിക്കുന്നു. <galleryCaption="അന്ത്യതിരുവത്താഴം">

ലിയാനാഡോ ഡാവിഞ്ചിയുടെ ഒരു ചുവര്‍ ചിത്രം(ടെംബ്രാ കളര്‍)

</gallery>

1493-ല്‍ മിലാന്‍ ഡ്യൂക്കായ ലുഡോവിക്കോ സ്ഫോര്‍സായുടെ ക്ഷണപ്രകാരം മിലാനില്‍ താമസിക്കുമ്പോഴാണ് ഡാവിഞ്ചി ഈ ചിത്രം രചിച്ചത്. 1495-ല്‍ തുടങ്ങിയ പ്രസ്തുത ചിത്രം 1498-ല്‍ പൂര്‍ണമാക്കി. ചിത്രരചന വൈകുന്നതില്‍ അക്ഷമനായ പ്രധാന പുരോഹിതന്‍ ഡ്യൂക്കിനോടു പരാതിപ്പെട്ടുവെന്നും യൂദായുടെ ശിരസ്സിനുപോന്ന ഒരു മാതൃക കണ്ടെത്തുവാന്‍ തനിക്കു കഴിയാതെപോയതാണ് താമസത്തിനു കാരണമെന്ന് ഡാവിഞ്ചി സമാധാനം നല്കിയെന്നും പുരോഹിതന്‍ അത്രയേറെ അക്ഷമനാണെങ്കില്‍ അദ്ദേഹത്തിന്റെ (പുരോഹിതന്റെ) ശിരസ്സു തന്നെ വരച്ചു ചേര്‍ത്തേക്കാമെന്ന് കലാകാരന്‍ തുടര്‍ന്നു പ്രസ്താവിച്ചു എന്നും ഒരു കഥയുണ്ട്. ചിത്രം ഡാവിഞ്ചിയുടെ കാലത്തുതന്നെ മങ്ങിത്തുടങ്ങി. പരീക്ഷണ തത്പരനായ കലാകാരന്‍ ചുവര്‍ചിത്രചായങ്ങള്‍ക്കു പകരം എണ്ണച്ചായമിശ്രിതങ്ങള്‍ ഉപയോഗിച്ചതാണ് കാരണം. പലരും അതു പുനരുദ്ധരിക്കുവാന്‍ ശ്രമിച്ചുവെങ്കിലും അപ്പോഴേക്കും അത് തീരെ മങ്ങിപ്പോയിരുന്നു.

അവസാന അത്താഴത്തെ ആസ്പദമാക്കി ഡാവിഞ്ചിക്കു മുന്‍പ് കാസ്താഞ്ഞോ എന്ന ഫ്ളോറന്‍സ് ചിത്രകാര(1423-57)നും പിന്നീട് വെനീസിലെ ടിന്റോറെറ്റോ(1518-94)യും ജര്‍മന്‍ എക്സ്പ്രഷനിസ്റ്റ് ചിത്രകാരനായ എവില്‍ നോര്‍ഡെ(1867-1956)യും രചിച്ച ചിത്രങ്ങള്‍ പ്രസിദ്ധങ്ങളാണ്. കാസ്താഞ്ഞോയുടെ ചിത്രത്തില്‍ യൂദാ മാത്രം ഒറ്റപ്പെട്ടവനെപ്പോലെ ക്രിസ്തുവിന് എതിരായി ഇരിക്കുന്നു. മധ്യകാലകലയില്‍ യൂദായെ വേര്‍തിരിച്ചിരുത്തുക പതിവാണ്. ടിന്റോറെറ്റോയുടെ ചിത്രത്തില്‍ ക്രിസ്തുവിന്റെ ശിരസ്സിനു ചുറ്റും ഒരു പ്രഭാവലയുമുണ്ട്. നോല്‍ഡെയുടെ ചിത്രം അനലംകൃതവും ഭാവപ്രകാശനസമര്‍ഥവും തെല്ലുപ്രാകൃതവുമാണ്.

(ഇ.എം.ജെ. വെണ്ണിയൂര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍