This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ക്ലിന്റ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ക്ലിന്റ് (1976 - 83)
കേരളീയ ബാലചിത്രകാരന്‍. എഡ്മണ്ട് തോമസ് ക്ലിന്റ് എന്നാണ് പൂര്‍ണനാമധേയം. ഏഴു വയസ്സെത്തുംമുമ്പേ മണ്‍മറഞ്ഞ ഈ ബാലന്‍ അസംഖ്യം ചിത്രങ്ങള്‍ വരച്ചു. എം.റ്റി. ജോസഫിന്റെയും ചിന്നമ്മയുടെയും പുത്രനായി 1976 മേയ് 19-ന് ഇടപ്പള്ളിയില്‍ ജനിച്ചു.
ഇഴഞ്ഞു നടക്കുന്ന പ്രായത്തില്‍ത്തന്നെ കല്ലും ചോക്കുംകൊണ്ട് ക്ലിന്റ് തറയില്‍ ചിത്രങ്ങള്‍ വരച്ചിരുന്നു. തുടര്‍ന്ന് ചുവരില്‍ വ്യക്തമായ രൂപങ്ങള്‍ വരച്ചു. നിറമുള്ള വാക്സ് ക്രയോണ്‍സ് വാങ്ങിക്കൊടുത്തും, കുട്ടിയുടെ നിര്‍ബന്ധപ്രകാരം പുരാണകഥകളും അനുഭവങ്ങളും സ്വപ്നങ്ങളും പറഞ്ഞുകൊടുത്തും, പുസ്തകങ്ങള്‍ വായിച്ചു കേള്‍പ്പിച്ചും മാതാപിതാക്കള്‍ കുട്ടിയുടെ ചിത്രരചനയെ പ്രോത്സാഹിപ്പിച്ചു. വില്ലാളിവീരന്മാരുടെയും യുദ്ധങ്ങളുടെയും ഹിംസ്രജന്തുക്കളുടെയും മറ്റും കഥകളില്‍ കുട്ടി സവിശേഷ താത്പര്യം പ്രകടിപ്പിച്ചിരുന്നു. നാലു വയസ്സെത്തുമ്പോഴേക്കും മലയാളവും ഇംഗ്ലീഷും നന്നായി വായിക്കാനും മനസ്സിലാക്കാനും കഴിഞ്ഞു. കാണുന്നതും കേള്‍ക്കുന്നതും എല്ലാം ഒന്നാകെ മനസ്സില്‍ ഒപ്പിയെടുക്കാനും അവ അപ്പാടെ ചിത്രങ്ങളില്‍ പുനരാവിഷ്കരിക്കാനും ക്ലിന്റ് കരവിരുതുകാട്ടി.
മൂന്നുവയസ്സു തികയുന്നതിനുമുമ്പ് ക്ലിന്റ് വൃക്കരോഗ ബാധിതനായി. രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയിലും ചിത്രരചന ഒരു തപസ്യയെന്നവണ്ണം തുടര്‍ന്നു. ദീര്‍ഘനാളത്തെ ചികിത്സകൊണ്ട് രോഗം പൂര്‍ണമായി മാറി. അഞ്ചുവയസ്സു കഴിഞ്ഞപ്പോള്‍ പെരുമാനൂര്‍ സെന്റ് തോമസ് ഗേള്‍സ് ഹൈസ്കൂളിന്റെ നഴ്സറി വിഭാഗത്തില്‍ ചേര്‍ന്നു.
രണ്ട് സംസ്ഥാനതല മത്സരങ്ങളിലുള്‍പ്പെടെ പങ്കെടുത്ത പതിമൂന്നു മത്സരങ്ങളിലും ക്ലിന്റ് സമ്മാനാര്‍ഹനായി. എറണാകുളത്തുവച്ച് സ്റ്റാലിയന്‍സ് ഇന്റര്‍നാഷണല്‍ നടത്തിയ ആള്‍ കേരള നഴ്സറി ഫെസ്റ്റിവലില്‍ 'തിരനോട്ടം' എന്ന വാട്ടര്‍കളര്‍ ചിത്രം രചിച്ചാണ് ഒന്നാം സ്ഥാനം നേടിയത്. 1983 ഫെബ്രുവരിയില്‍ യൂണിവേഴ്സല്‍ ആര്‍ട്സ് കോഴിക്കോട്ടുവച്ചു നടത്തിയ ബാലചിത്രരചനാ മത്സരത്തില്‍ വാട്ടര്‍കളറില്‍ പൂരം രചിച്ച് അന്നു പങ്കെടുത്ത 18-വയസ്സിനു താഴെയുള്ള എല്ലാ ചിത്രകാരന്മാരെയും പിന്നിലാക്കി ഒന്നാം സമ്മാനവും, ഏറ്റവും നല്ല ബാലചിത്രകാരന് 'മാതൃഭൂമി' നല്കുന്ന സ്വര്‍ണമെഡലും തിയോസഫിക്കല്‍ സൊസൈറ്റിയുടെ ഷീല്‍ഡും കരസ്ഥമാക്കി. 1983 ഏ. 15-ന് ക്ലിന്റ് മരണമടഞ്ഞു. കൊച്ചിയിലും വയനാട്ടിലും ക്ലിന്റിന്റെ പേരില്‍ വര്‍ഷന്തോറും ബാലചിത്രരചനാമത്സരങ്ങള്‍ നടന്നുവരുന്നു.
(എം.റ്റി. ജോസഫ്; സ.പ.)