This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗാഡ്ഗില്‍, ധനഞ്ജയ് രാമചന്ദ്ര
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗാഡ്ഗില്‍, ധനഞ്ജയ് രാമചന്ദ്ര
Gadgil,Dhananjay Ramachandra (1901 - 71)
ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധന്‍. 1901 ഏ. 10-ന് നാസിക്കിലെ ഒരു ഇടത്തരം ബ്രാഹ്മണ കുടുംബത്തില്‍ ഗാഡ്ഗില്‍ ജനിച്ചു. കുട്ടിക്കാലം നാഗ്പൂരിലാണ് ചെലവഴിച്ചത്. കേംബ്രിജിലായിരുന്നു വിദ്യാഭ്യാസം. അവിടെ എം.ലിറ്റ് ബിരുദത്തിനായി സമര്‍പ്പിച്ച ഇദ്ദേഹത്തിന്റെ ഗവേഷണപ്രബന്ധം പിന്നീട് ഇന്‍ഡസ്ട്രിയല്‍ എവല്യൂഷന്‍ ഇന്‍ ഇന്ത്യ എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. 1925 മുതല്‍ 1930 വരെ സൂററ്റിലെ എം.ടി.ബി. കോളജിന്റെ പ്രിന്‍സിപ്പലായിരുന്നു. ഇദ്ദേഹം ഒരു വര്‍ഷത്തേക്ക് മുംബൈ ഗവണ്‍മെന്റിന്റെ സാമ്പത്തിക വകുപ്പില്‍ ജോലി നോക്കി. അതിനുശേഷം 1966 വരെ ഗാഡ്ഗില്‍ 'ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പൊളിറ്റിക്സ് ആന്‍ഡ് എക്കണോമിക്സിലെ' ഡയറക്ടറായിരുന്നു. സഹകരണപ്രസ്ഥാനവുമായും ഗ്രാമീണ ചെറുകിട വ്യവസായവുമായും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും ഇദ്ദേഹം വ്യാപൃതനായിരുന്നു. 1966-67-ല്‍ ഗാഡ്ഗില്‍ രാജ്യസഭാംഗമായിരുന്നു. 1967-ല്‍ ഇദ്ദേഹം പ്ലാനിങ് കമ്മിഷന്‍ ഡെപ്യൂട്ടി ചെയര്‍മാനായി; 1971 വരെ ഗാഡ്ഗില്‍ ഇതേസ്ഥാനത്തു തുടര്‍ന്നു. സാമ്പത്തികപ്രാധാന്യമുള്ള ഒട്ടുവളരെ ലേഖനങ്ങളുടെയും പ്രസിദ്ധീകൃതമായ പ്രസംഗങ്ങളുടെയും കര്‍ത്താവാണ് ഗാഡ്ഗില്‍. ഫെഡറല്‍ രാഷ്ട്രസംവിധാനം, ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടന തുടങ്ങി രാഷ്ട്രീയ പ്രാധാന്യമുള്ള പല പ്രസിദ്ധീകരണങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്. അക്കാദമിക പ്രാവീണ്യത്തെ പരിഗണിച്ച് കര്‍ണാടക, നാഗ്പൂര്‍, ആഗ്ര സര്‍വകലാശാലകള്‍ ഇദ്ദേഹത്തിനു ബിരുദം നല്കിയിട്ടുണ്ട്. കൂടാതെ പൂനാ സര്‍വകലാശാല ഇദ്ദേഹത്തെ വൈസ്ചാന്‍സലറായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഇദ്ദേഹം 1971-ല്‍ അന്തരിച്ചു.