This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗലാത്യലിഖിതം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗലാത്യലിഖിതം
വിശുദ്ധ പൗലോസ് ഗലാത്യയിലെ ജനങ്ങള്‍ക്ക് ദൈവവചനങ്ങള്‍ വിശദീകരിക്കുന്നതിനുവേണ്ടി എഴുതിയ ലേഖനം. ബൈബിളിലെ പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയുള്ള 27 പുസ്തകങ്ങളില്‍ ഒന്നാണിത്. ആധ്യാത്മിക സ്വാതന്ത്യ്രത്തിന്റെ 'മാഗ്നാക്കാര്‍ട്ടാ' എന്ന് ഈ ലേഖനം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. നിയമസിദ്ധാന്തത്തില്‍നിന്ന് ക്രൈസ്തവമതത്തെ വിമോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രചിച്ച ഇതിന് പ്രാമാണികത കല്പിക്കപ്പെടുന്നു.
പൗലോസ് തന്റെ മൂന്നാമത്തെ പ്രേഷിത പര്യടനത്തിനിടയ്ക്ക് എ.ഡി. 55-ല്‍ എഫേസൂസില്‍ താമസിക്കുന്ന കാലത്താണ് ഈ ലേഖനം രചിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. എ.ഡി. 57-ല്‍ കൊറിന്ത്യയിലോ മാസിഡോണിയയിലോ ആയിരിക്കാം ഇതിന്റെ രചന എന്ന അഭിപ്രായവുമുണ്ട്. എ.ഡി. 49-ല്‍ ജറുസലേമില്‍ കൂടിയ സൂനഹദോസിനു മുമ്പാണ് ഈ ലേഖനം രചിക്കപ്പെട്ടതെന്ന വിശ്വാസമുണ്ട്.
ഈ ലേഖനത്തിന്റെ ഉള്ളടക്കം പൗലോസിന്റെ മനോഘടനയുടെയും ജീവിതരീതിയുടെയും സത്യസന്ധമായ ആവിഷ്കാരമാണ് എന്നതില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്. പൗലോസിന് ദൈവത്തില്‍നിന്നുള്ള അപ്പോസ്തലത്വം ഇല്ല എന്നും ഗലാത്യര്‍ യഹൂദാചാരങ്ങള്‍ കൈക്കൊള്ളണമെന്നും യഹൂദമതാനുയായികള്‍ ഉപദേശിച്ചതില്‍ പ്രതിഷേധിച്ചുകൂടിയാണ് പൗലോസ്, തന്റെ രണ്ടാമത്തെ ഗലാത്യസന്ദര്‍ശനത്തിനുശേഷം ലേഖനം രചിച്ചത്. ദൈവത്തില്‍നിന്ന് പ്രാപിച്ച അപ്പോസ്തലാധികാരം, മാനസാന്തരം, അപ്പോസ്തലന്മാരോടുള്ള സ്നേഹം, ജറുസലേമില്‍ പോയി അപ്പോസ്തലന്മാരെ സന്ദര്‍ശിച്ചത് തുടങ്ങിയ കാര്യങ്ങള്‍ വിശദമായും സൂക്ഷ്മമായും ലേഖനത്തില്‍ പ്രതിപാദിക്കുന്നു. യഹൂദമതാചാരങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്കു നല്കുന്ന ശാസന, പൗലോസിന്റെ ജീവചരിത്രം, സുവിശേഷത്താലുള്ള വിമോചനം, സദുപദേശങ്ങള്‍, തിന്മ ബാധിക്കാതെ കാത്തുരക്ഷിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവയാണ് ഇതില്‍ വിവരിക്കുന്ന ഇതരവിഷയങ്ങള്‍.
ക്രിസ്തുമതം സ്വീകരിക്കുന്നവര്‍ യഹൂദരെപ്പോലെ ഛേദനാചാരത്തിന് (circumcision) വിധേയരാകണമെന്നും, അവര്‍ പഴയ നിയമത്തിലെ മോശയുടെ പ്രമാണങ്ങള്‍ തുടര്‍ന്നും കര്‍ശനമായി പാലിക്കണമെന്നുമുള്ള ഒരു അഭിപ്രായഗതി ആദിമദശകങ്ങളില്‍ ഗലാത്യയിലെ കുറേ ക്രൈസ്തവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. നിത്യരക്ഷയ്ക്ക് ഇക്കാര്യങ്ങള്‍ അത്യാവശ്യമെന്നായിരുന്നു ഇക്കൂട്ടരുടെ നിലപാട്. എന്നാല്‍ 'ക്രിസ്തുവിന്റെ ആഗമനത്തോടെ മാനവവംശത്തിന്റെ നിത്യരക്ഷ കൈവന്നു. അക്കാരണത്താല്‍, നിത്യരക്ഷ പ്രാപിക്കുന്നതിനുവേണ്ടി ഛേദനാചാരവും മോശയുടെ ന്യായപ്രമാണപാലനവും അത്യാവശ്യമല്ല' ഇതായിരുന്നു പൗലോസിന്റെ നിലപാട്. ക്രിസ്തുവില്‍ വിശ്വസിച്ചുകൊണ്ട് ദൈവത്തോട് പൂര്‍ണവിധേയത്വം പാലിക്കുന്നവര്‍ക്ക് നിത്യരക്ഷ പ്രാപിക്കാന്‍ ഛേദനാചാരം തുടങ്ങിയ ബാഹ്യാചാരങ്ങള്‍ പാലിക്കേണ്ട ആവശ്യമില്ലെന്ന് പൗലോസ് ഉപദേശിച്ചു. മോശയുടെ ന്യായപ്രമാണങ്ങള്‍ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധമല്ലെന്ന് പറഞ്ഞ കാരണത്താല്‍, പൗലോസിനെ ഒരു അപ്പോസ്തലനായി അംഗീകരിക്കാന്‍പോലും ആദ്യത്തെ കൂട്ടര്‍ തയ്യാറായില്ല. ക്രിസ്തുവിനോട് നേരിട്ടു ബന്ധമില്ലാതിരുന്ന പൗലോസ് അപ്പോസ്തലനല്ലെന്നും യഥാര്‍ഥ അപ്പോസ്തലന്മാരില്‍ നിന്നു ജ്ഞാനസ്നാനം സ്വീകരിച്ച ഒരു സാധാരണ ക്രൈസ്തവാചാര്യനാണെന്നും അവര്‍ പൗലോസിനെതിരെ പ്രചാരണം നടത്തി. ഈ സാഹചര്യത്തില്‍ താന്‍ യഥാര്‍ഥ അപ്പോസ്തലനാണെന്നും ക്രൈസ്തവാദര്‍ശങ്ങള്‍ ആധികാരികമായി പഠിപ്പിക്കുവാന്‍ തനിക്ക് അവകാശമുണ്ടെന്നും ഗലാത്യയിലെ വിശ്വാസികളെ ബോധ്യപ്പെടുത്തുവാന്‍ വേണ്ടിയായിരുന്നു പൗലോസ് ഈ ലേഖനമെഴുതിയത്. താന്‍ യഥാര്‍ഥ അപ്പോസ്തലന്‍ തന്നെയാണെന്ന് ലേഖനത്തിന്റെ ആരംഭത്തില്‍ (1.1-5) പൗലോസ് വ്യക്തമാക്കുന്നു. തന്റെ എതിരാളികള്‍ സുവിശേഷത്തിന്റെ ആചാര്യന്മാരല്ല മറിച്ച്, അവര്‍ വഴിപിഴച്ച ആചാര്യന്മാരാണെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു (1.6-10). സുവിശേഷം പഠിപ്പിക്കുന്നതിന് തനിക്കുള്ള അധികാരം ദൈവത്തില്‍നിന്നു നേരിട്ടു ലഭിച്ചതാണെന്ന് പൗലോസ് പ്രഖ്യാപിച്ചു (1.11-17). മറ്റുള്ള അപ്പോസ്തലന്മാരില്‍ നിന്ന് അദ്ദേഹം അധികാരമോ നിര്‍ദേശമോ സ്വീകരിച്ചിട്ടില്ല. ഇക്കാര്യം സത്യമാണെന്ന് തെളിയിക്കുന്നതുവേണ്ടി, ക്രിസ്തുമതം സ്വീകരിച്ചതിനുശേഷം തനിക്ക് 12 അപ്പോസ്തലന്മാരോടും, ജറുസലേമിലെ സഭയോടുമുള്ള ബന്ധത്തെ അദ്ദേഹം വിവരിക്കുന്നു (1.18-2.14). ക്രൈസ്തവവിശ്വാസം സ്വീകരിച്ച് മൂന്നുവര്‍ഷം കഴിഞ്ഞശേഷം മാത്രമാണ് താന്‍ ജറുസലേമിലേക്കുപോയത്. അപ്പോള്‍ത്തന്നെയും 15 ദിവസം മാത്രമേ അവിടെ തങ്ങിയിട്ടുള്ളൂ. അതിനിടയില്‍ പത്രോസിനെയും യാക്കോബിനെയും മാത്രമേ ഇദ്ദേഹം സന്ദര്‍ശിച്ചുള്ളൂ (1.18-24). അക്കാലത്ത് ക്രൈസ്തവസഭയുടെ നെടുംതൂണുകളായിരുന്ന പത്രോസ്, യോഹന്നാന്‍, യാക്കോബ് എന്നിവര്‍ തങ്ങള്‍ക്കു തുല്യനായി പൗലോസിനെയും പരിഗണിച്ചിരുന്നു. പൗലോസിന് സുവിശേഷം പ്രസംഗിക്കുന്നതിനുള്ള അധികാരത്തെ അവര്‍ അംഗീകരിച്ചിരുന്നു (2.1-10).
നിത്യരക്ഷപ്രാപിക്കേണ്ടത് മോശയുടെ ന്യായപ്രമാണത്തിലൂടെയല്ല മറിച്ച്, ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെയാണെന്ന വസ്തുത പൗലോസ് ഊന്നിപ്പറയുന്നു. ഗലാത്യര്‍ക്ക് പരിശുദ്ധാന്മാവിനെ സ്വീകരിക്കുവാന്‍ കഴിഞ്ഞത് ന്യായപ്രമാണം കൊണ്ടല്ല, വിശ്വാസത്തിലൂടെയായിരുന്നു (3.1-6). ഇതിന് ഉപോത്ബലകമായി ഇദ്ദേഹം പഴയനിയമത്തിലെ അബ്രഹാമിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടുന്നു (3.6-29). മനുഷ്യന് അവന്റെ നിസ്സഹായതയെയും അപര്യാപ്തതകളെയും പറ്റി ബോധമുണ്ടാകുന്നതിനും അതുവഴി അവര്‍ ദൈവത്തെ സ്വീകരിക്കുന്നതിനും വേണ്ടിയാണ് മോശയിലൂടെ ദൈവം ന്യായപ്രമാണം നല്കിയത് (3.19-29). വിശ്വാസത്തില്‍ ക്രിസ്തുവിനെ സ്വീകരിക്കുന്നതോടുകൂടി മോശയുടെ ന്യായപ്രമാണത്തോടുള്ള ബന്ധത്തില്‍നിന്ന് മനുഷ്യന് മോചനം ലഭിക്കുന്നു (3.10-14). പ്രായപൂര്‍ത്തിയാകുന്നതുവരെ മറ്റൊരാളിന്റെ സംരക്ഷണയില്‍ കഴിയുന്ന ഒരു വ്യക്തിയുടെ അവസ്ഥ ഏറെക്കുറെ അടിമയുടേതിന് സദൃശമാകുന്നു. എന്നാല്‍ പ്രായപൂര്‍ത്തി കൈവന്ന്, തന്റെ സ്വത്തിന് അവകാശിയായിത്തീരുന്നതോടെ അയാള്‍ ബന്ധങ്ങളില്‍നിന്ന് മോചനം നേടിക്കൊണ്ട് സ്വതന്ത്രപൗരനായിത്തീരുന്നു. അതുപോലെ ക്രിസ്തുവിന്റെ ആഗമനം വരെ മനുഷ്യര്‍ ബന്ധനാവസ്ഥയിലായിരുന്നു. എന്നാല്‍ ക്രിസ്തുവിന്റെ ആഗമനത്തോടെ മനുഷ്യര്‍ക്ക് പൂര്‍ണമായും ദൈവത്തിന്റെ പുത്രപദവി ലഭിച്ചിരുന്നതിനാല്‍ അവര്‍ക്കു മേലാല്‍ മോശയുടെ ന്യായപ്രമാണങ്ങളോടു വിധേയത്വം പുലര്‍ത്തേണ്ട ആവശ്യമില്ല. സ്വാതന്ത്ര്യം പ്രാപിച്ചവരെ സംബന്ധിച്ചിടത്തോളം അടിമത്തത്തിലേക്കുള്ള പ്രത്യാഗമനം ചിന്തിക്കാന്‍ സാധ്യമല്ല (4.1-11).
മോശയുടെ പ്രമാണത്തില്‍നിന്നുള്ള മോചനം, ക്രിസ്തുവിലുള്ള സ്വാതന്ത്ര്യം എന്നിവയാണ് പൗലോസ് എടുത്തുപറയുന്നത്. ക്രിസ്തുവിലുള്ള സ്വാതന്ത്ര്യമെന്നത് ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം അവകാശവും കടപ്പാടുമാകുന്നു. തങ്ങള്‍ക്കു ലഭിച്ചിട്ടുള്ള ക്രിസ്തുവിന്റെ സ്വാതന്ത്ര്യത്തെപ്പറ്റി ഗലാത്യര്‍ ബോധവാന്മാരായിരിക്കണം. സ്വാതന്ത്ര്യമെന്ന അവകാശത്തോടനുബന്ധിച്ചുള്ള സഹോദരസ്നേഹം എന്ന കടപ്പാടിനെക്കുറിച്ചും പൗലോസ് ഗലാത്യരെ ബോധവാന്മാരാക്കുന്നു (5.13-15). ക്രിസ്തുവിനെ സ്വീകരിച്ച ഒരാള്‍ എല്ലാവിധ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍നിന്നും ഒഴിഞ്ഞുമാറേണ്ടതുണ്ട്. കാരണം അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ പരിശുദ്ധാരൂപി നല്കുന്ന സദ്ഫലങ്ങള്‍ക്കു വിരുദ്ധമാകുന്നു. ക്രിസ്തുവിലൂടെ ലഭിച്ചിട്ടുള്ള സ്വാതന്ത്ര്യത്തില്‍ ഉറച്ചുനില്‍ക്കണമെന്ന് ഗലാത്യരെ ആഹ്വാനം ചെയ്തുകൊണ്ട് പൗലോസ് തന്റെ ലേഖനം ഉപസംഹരിക്കുന്നു.
(പ്രൊഫ. നേശന്‍ റ്റി. മാത്യു., സ.പ.)