This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗാരോ-ഹില്‍സ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗാരോ-ഹില്‍സ്
Garo Hills
മേഘാലയ സംസ്ഥാനത്തിലെ മൂന്ന് ജില്ലകള്‍. അസം പുനഃസംഘടനാ (മേഘാലയ) ആക്റ്റ് 1969 പ്രകാരം 1970 ഏ. 2-ന് മേഘാലയാ സംസ്ഥാനം രൂപമെടുത്തതോടെ അതുവരെ അസം സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഗാരോ ഹില്‍സ് ജില്ല മേഘാലയായില്‍ ഉള്‍പ്പെടുത്തപ്പെട്ടു. പിന്നീട് ഈ ജില്ലയെ രണ്ടായും, അതിനുശേഷം മൂന്നായും വിഭജിച്ചു; ഈസ്റ്റ് ഗാരോ ഹില്‍സ്, വെസ്റ്റ് ഗാരോ ഹില്‍സ്, സൗത്ത് ഗാരോ ഹില്‍സ് എന്നിങ്ങനെ.
ഈസ്റ്റ് ഗാരോ ഹില്‍സ് ജില്ലയുടെ വിസ്തീര്‍ണം: 2603 ച.കി.മീ.; ജനസംഖ്യ: 1,88,830 (1991); വെസ്റ്റ് ഗാരോ ഹില്‍സിന്റെ വിസ്തീര്‍ണം: 5564 ച.കി.മീ., ജനസംഖ്യ: 4,80,100 (1991). ഈ രണ്ടു ജില്ലകളില്‍ നിന്നുമായി അടര്‍ത്തിയെടുത്ത ഏതാനും പ്രദേശങ്ങള്‍ ചേര്‍ത്താണ് സൗത്ത് ഗാരോ ഹില്‍സ് ജില്ലയുണ്ടാക്കിയിട്ടുള്ളത്.
ഷില്ലോങ് പീഠഭൂമിയുടെ പടിഞ്ഞാറേ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഈ ജില്ലകള്‍ക്ക് 1,400 മീ. വരെ ഉയരമുണ്ട്. നോക്റേക് ആണ് ഗാരോ ഹില്‍സിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി (1,412 മീ.). ബ്രഹ്മപുത്രയും അതിന്റെ കൈവഴികളും ഈ ജില്ലകളിലൂടെ ഒഴുകുന്നു. ലോകത്തില്‍ ഏറ്റവും അധികം മഴ ലഭിക്കുന്ന പ്രദേശമായ ചിറാപുഞ്ചിക്കടുത്തു സ്ഥിതിചെയ്യുന്ന ഈ സ്ഥലം വനനിബിഡമാണ്.
ഗാരോ ഹില്‍സിലെ സിംസാങ് താഴ്വരയില്‍ ഷില്ലോങ് ശ്രേണിയിലുള്‍പ്പെടുന്ന ക്വാര്‍ട്സൈറ്റ് കണ്‍ഗ്ളോമറേറ്റ്, ഫിലൈറ്റ്, സീറിസൈറ്റ് മൈക്ക, ക്ലോറൈറ്റ് മൈക്ക, ഷിസ്റ്റുകള്‍ എന്നിവ ഇടവിട്ടുള്ള കാര്‍ബണിക സ്ളേറ്റുകളും അയോമയശിലകളുമായി ചേര്‍ന്നു കാണപ്പെടുന്നു. നൈസികശിലകളിന്മേല്‍ സ്ഥിതി ചെയ്യുന്ന ഗാരോകുന്നുകള്‍ മണല്‍ക്കല്ലുകളും ചില കല്‍ക്കരിപ്പാളികളും അടങ്ങിയതാണ്. ഭൂവിജ്ഞാനീയപ്രകാരം ഇയോസീന്‍ യുഗത്തിലുള്ളവയാണ് ഗാരോകുന്നുകള്‍.
ഗാരോ ഹില്‍സില്‍ ഭൂരിഭാഗവും തരിശുഭൂമിയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ ചണം കൃഷിചെയ്യുന്നു, കുറഞ്ഞതോതില്‍ പരുത്തിയും ഉത്പാദിപ്പിക്കുന്നുണ്ട്. ഇവിടത്തെ വനങ്ങളില്‍നിന്നു ലഭിക്കുന്ന തടികള്‍ ഉപയോഗയോഗ്യമായ വിധത്തിലാക്കുന്നതിനായി ഗാരോ ഹില്‍സിലെ ദാരുഗിരിയില്‍ ഒരു ഫക്ടറി പ്രവര്‍ത്തിക്കുന്നു. പരുത്തി, മുള, പശ എന്നിവയാണ് ഈ ജില്ലയുടെ സമ്പത്തു വര്‍ധിപ്പിക്കുന്നതിനു സഹായകമായ ഉത്പന്നങ്ങള്‍.
ധാതുസമ്പത്തിന്റെ കാര്യത്തില്‍ വളരെ സമ്പന്നമാണ് ഈ ജില്ല. കല്‍ക്കരി, ചുണ്ണാമ്പുകല്ല്, ചൂളമണല്‍, ഇളം നിറത്തിലുള്ള മണല്‍ക്കല്ല് എന്നിവ ഇവിടെ വന്‍തോതില്‍ ഖനനം ചെയ്യുന്നു. കുറഞ്ഞ അളവില്‍ പെട്രോളിയവും ലഭിക്കുന്നുണ്ട്.
ഇവിടത്തെ ജനസംഖ്യയില്‍ മുഖ്യഭാഗവും ഗാരോ എന്ന ഗോത്രവര്‍ഗക്കാരാണ്. ബോഡോ സമൂഹത്തില്‍പ്പെട്ടവരാണ് ഇവര്‍. ഇവരുടെ ഗ്രാമങ്ങളധികവും നദീതീരങ്ങളില്‍ സ്ഥിതിചെയ്യുന്നു. മത്സ്യബന്ധനത്തില്‍ അതിസമര്‍ഥരാണ് ഇവര്‍. ഇവിടത്തെ നാടോടി നൃത്തമായ 'ഗാരോനൃത്തം' പ്രശസ്തമാണ്. മുളയും പോത്തിന്‍ കൊമ്പും കൊണ്ടുള്ള വാദ്യവിശേഷങ്ങളും ചെണ്ടയുമാണ് ഈ നൃത്തത്തിന്റെ പശ്ചാത്തലമേളം. ഗോത്രക്കാരുടെ സംസാരഭാഷ ഗാരോ എന്നറിയപ്പെടുന്നു.
(ജെ.കെ. അനിത)