This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗിയോം, ചാള്‍സ് എഡ്വേഡ് (1861 - 1938)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:33, 2 ഒക്ടോബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗിയോം, ചാള്‍സ് എഡ്വേഡ് (1861 - 1938)

Guillaume, Charles Edouard

സ്വിസ് ഭൗതികശാസ്ത്രജ്ഞന്‍. 1861 ഫെ. 15-ന് സ്വിറ്റ്സര്‍ലന്‍ഡില്‍ ജനിച്ചു. സൂറിച്ച് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍നിന്ന് 1882-ല്‍ പിഎച്ച്.ഡി. ബിരുദം നേടി. പാരിസിനടുത്ത് ഇന്റര്‍നാഷണല്‍ ബ്യൂറോ ഒഫ് വെയിറ്റ്സ് ആന്‍ഡ് മെഷേഴ്സില്‍ 1883-ല്‍ ജോലിയില്‍ പ്രവേശിച്ചു. 1915-ല്‍ ഡയറക്ടറായി. 1936-ല്‍ വിരമിച്ചു. അളവുശാസ്ത്ര (metrology)ത്തിലാണ് ഗിയോമിന്റെ മുഖ്യ സംഭാവനകള്‍. മെര്‍ക്കുറി തെര്‍മോമീറ്ററിനെക്കുറിച്ചായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യകാല ഗവേഷണം. മീറ്റര്‍, കിലോഗ്രാം, ലിറ്റര്‍ എന്നിവയ്ക്ക് അന്താരാഷ്ട്രമാനങ്ങള്‍ (International Standards) രൂപീകരിക്കുന്നതില്‍ ഗിയോം വ്യാപൃതനായി. അനേകം ലോഹസങ്കര(alloy)ങ്ങളുടെ താപീയവികാസം ഇദ്ദേഹം നിരീക്ഷിച്ചു. താപനില വര്‍ധിക്കുമ്പോള്‍ വളരെ കുറഞ്ഞ വികാസം മാത്രം പ്രകടമാക്കുന്ന പുതിയൊരിനം ലോഹസങ്കരം ഇദ്ദേഹം നിര്‍മിച്ചു. നിക്കലും സ്റ്റീലും ചേര്‍ന്ന ഈ സങ്കരമാണ് ഇന്‍വാര്‍ (invar). ഈ കണ്ടുപിടിത്തത്തിന് 1920-ലെ ഊര്‍ജതന്ത്രത്തിനുള്ള നോബല്‍സമ്മാനം ലഭിച്ചു. ക്ലോക്ക്, വാച്ച്, മറ്റു സൂക്ഷ്മോപകരണങ്ങള്‍ എന്നിവയുടെ നിര്‍മിതിക്ക് ഇന്‍വാര്‍ വളരെ ഉപകരിച്ചു. പിന്നീട് നിക്കല്‍-ക്രോമിയം-സ്റ്റീല്‍സങ്കരമായ എലിന്‍വാര്‍ (elinvar) ഇദ്ദേഹം വികസിപ്പിച്ചെടുത്തു. താപനിലയുടെ വ്യതിയാനമനുസരിച്ച് ഇലാസ്തികതയില്‍ മാറ്റം വരാത്ത ഈ ലോഹസങ്കരം വാച്ചുകളുടെ ഹെയര്‍സ്പ്രിങ്ങുകള്‍ക്കായി വ്യാപകമായി ഉപയോഗിച്ചുവരുന്നു. 1938 ജൂണ്‍ 13-ന് ഫ്രാന്‍സില്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍