This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗിരിജാകല്യാണം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗിരിജാകല്യാണം
ഒരു മധ്യകാല മലയാളകാവ്യം. ഇതിന്റെ കര്‍ത്താവിനെപ്പറ്റി വ്യക്തമായ വിവരങ്ങളില്ല. 17-ാം ശ.-ത്തില്‍ രചിക്കപ്പെട്ടതാകാം ഈ കൃതിയെന്നു വിശ്വസിക്കപ്പെടുന്നു. ഗിരിജാകല്യാണവും നളചരിതം ആട്ടക്കഥയും ഏകകര്‍ത്തൃകമാണെന്ന അഭിപ്രായം പലര്‍ക്കുമുണ്ട്.
ഗിരിജ(പാര്‍വതി)യുടെ വിവാഹമാണ് ഈ കാവ്യത്തിന്റെ ഇതിവൃത്തം. ശിവപുരാണത്തെയും കുമാരസംഭവത്തെയും ആധാരമാക്കിയാണ് ഈ കാവ്യം രചിച്ചിട്ടുള്ളത്. അര്‍ഥത്തിനോ ആശയത്തിനോ തെല്ലുപോലും കോട്ടം വരാതെ ശബ്ദാലങ്കാരം പ്രയോഗിച്ചു വര്‍ണിക്കുവാനുള്ള കവിയുടെ കഴിവു അസാമാന്യമാണ്.
ഗിരിജാകല്യാണത്തില്‍ എല്ലാ രസങ്ങളും സമന്വയിക്കുന്നുണ്ടെങ്കിലും അംഗിയായ രസം ശൃംഗാരം തന്നെയാണ്. പാര്‍വതീപരമേശ്വരന്മാര്‍ക്കു പരസ്പരാലംബനമായിട്ടുള്ള രതിയാണ് ഇതിലെ സ്ഥായിഭാവം. പൂര്‍വജന്മത്തില്‍ സതീദേവിക്കു ശിവനോടുണ്ടായിരുന്ന രതി, ദേഹത്യാഗത്തിനുശേഷം ശിവപാദത്തില്‍ വിലയിച്ചതോടെ അന്തര്‍ഹിതമായി ചമയുന്നു. അതുപോലെ ഭാര്യാവിയോഗത്താല്‍ ശിവനും വിരക്തനാകുന്നു.
ശൈലിയിലും ഭാഷാപ്രയോഗത്തിലും ഗിരിജാകല്യാണം ഇതര കൃതികളില്‍ നിന്നു വേറിട്ടു നിലകൊള്ളുന്നു. മണിപ്രവാളത്തിന്റെ ലഹരിയില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന ഭാഷാശൈലി കാവ്യഗുണങ്ങളെ തികച്ചും സ്പഷ്ടമാക്കുന്നതാണ്. ലീലാതിലകത്തില്‍ പറയുന്ന എതുക, മോന എന്നീ വൃത്തവിശേഷങ്ങള്‍ ഈ ഗീത പ്രബന്ധത്തില്‍ കാണുന്നുണ്ട്.
കലാപരമായ മൂല്യവും സ്വാരസ്യവും വഹിക്കുന്ന ഭാഗങ്ങള്‍ ഈ കൃതിയില്‍ നിരവധിയുണ്ട്. ഒന്നാം ഖണ്ഡത്തില്‍ ഹിമവാന് മാനസസരസ്സില്‍ നിന്നു പാര്‍വതിയെ ലഭിക്കുന്ന ഭാഗവും രണ്ടാം ഖണ്ഡത്തില്‍ പാര്‍വതിയുടെ യൗവനവര്‍ണനയും വൃദ്ധമുനിയുമായുള്ള സംഭാഷണവും, മൂന്നാം ഖണ്ഡത്തില്‍ ഓഷധിപ്രസ്ഥ വര്‍ണനയും അരുന്ധതീവചനവും ശിവന്റെ വിവാഹത്തിനുള്ള സംരംഭവും മറ്റും ദൃഷ്ടാന്തങ്ങളാണ്.
17-ാം ശ.-ത്തിലെ മലയാള ഭാഷയുടെ വളര്‍ച്ച മനസ്സിലാക്കുന്നതിന് ഗിരിജാകല്യാണം സഹായകമാണ്. ഗിരിജാകല്യാണകര്‍ത്താവിന്റെ പാണ്ഡിത്യവും ശൈലിയും മധ്യകാലഘട്ടത്തിലെ മണിപ്രവാള ശൈലിയെ ഓര്‍മിപ്പിക്കുന്നുണ്ട്.
സംസ്കൃതപദബഹുലതയും പ്രാസഭ്രമവും പ്രചാരലുപ്തങ്ങളായ പദങ്ങളുടെ പ്രയോഗവും കൃതിയുടെ മേന്മയ്ക്കു മങ്ങലേല്പിച്ചിട്ടുണ്ട്. 'വിഭക്തിയുണ്ടെന്നാകില്‍ പഠിച്ചുപാടിക്കൊള്‍വിന്‍' എന്നാണ് കവി തന്നെ പറഞ്ഞിരിക്കുന്നത്.
ഗിരിജാകല്യാണം എന്ന പേരില്‍ കന്നഡയില്‍ ഒരു ചമ്പുകാവ്യമുണ്ട്. തുംഗഭദ്രാനദീതീരത്തു വസിച്ചിരുന്ന ഹരിഹരന്‍ എന്ന കവിയാണ് ഈ കൃതി രചിച്ചത്. ശിവപുരാണാന്തര്‍ഗതമായ ശിവ-പാര്‍വതി വിവാഹമാണ് ഇതിലെയും കഥാവസ്തു.
(ഡോ. വിജയാലയം ജയകുമാര്‍; റ്റി. വെങ്കട ലക്ഷ്മി)