This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗാരിസണ്‍, വില്യം ലോയ്ഡ് (1805 - 79)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗാരിസണ്‍, വില്യം ലോയ്ഡ് (1805 - 79)
Garrison, William Lloyd
യു.എസ്. അടിമ വിമോചനപ്രസ്ഥാന നേതാവ്. നാവികനായ അബിജായുടെയും മിസ്സിസ് ലോയ്ഡിന്റെയും പുത്രനായി 1805 ഡി. 12-ന് മസാച്ചുസെറ്റ്സിലെ ന്യൂബറിപോര്‍ട്ടില്‍ ജനിച്ചു. മദ്യപാനിയായിരുന്ന പിതാവ്, വില്യമിന്റെ ബാല്യത്തില്‍ത്തന്നെ കുടുംബം ഉപേക്ഷിച്ചുപോയതോടെ വില്യമും മാതാവും കടുത്ത ദാരിദ്യ്രത്തിലായി. ഉപജീവനാര്‍ഥം കുട്ടിക്കാലത്തുതന്നെ വില്യം പല തൊഴിലുകളിലും ഏര്‍പ്പെട്ടു. പാദരക്ഷ നിര്‍മാണം, മരസാമാന നിര്‍മാണ പരിശീലനം എന്നിവയില്‍ ഏര്‍പ്പെട്ടശേഷം 1818 ഒ.-ല്‍ ന്യൂബറിപോര്‍ട്ട് ഹെറാള്‍ഡ് എന്ന ദിനപത്രത്തില്‍ അച്ചടി പരിശീലനത്തിനു ചേര്‍ന്നു. അല്പകാലത്തിനുള്ളില്‍ ഒരു മികച്ച കമ്പോസിറ്ററായിത്തീര്‍ന്ന വില്യം ആളറിയിക്കാതെ ഹെറാള്‍ഡിലേക്കു ലേഖനങ്ങളും എഴുതിവന്നു. 1826-ല്‍ അച്ചടി പരിശീലനം പൂര്‍ത്തിയാക്കിയ വില്യം മറ്റൊരു അച്ചടിക്കാരനോടുചേര്‍ന്ന് ഫ്രീപ്രസ് എന്ന ദിനപത്രം ആരംഭിച്ചു. അല്പകാലത്തിനുള്ളില്‍ അത് അവസാനിപ്പിക്കേണ്ടിവന്നു. അടുത്തവര്‍ഷം വില്യം നാഷണല്‍ ഫിലാന്ത്രോപിസ്റ്റ് എന്ന കാലിക പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോണ്‍ ക്വിന്‍സിയെ രണ്ടാമതു തെരഞ്ഞെടുക്കുന്നതിനു പിന്തുണ നല്കിയിരുന്ന ഈ പത്രത്തിന്റെ പ്രവര്‍ത്തനം ഒരു വര്‍ഷത്തിനകം നിലച്ചു.
1828-ല്‍ഇദ്ദേഹം ബെഞ്ചമിന്‍ ലുണ്ടിയുമായി സമ്പര്‍ക്കത്തിലായി. അടിമവിമോചനത്തിനും അമേരിക്കയിലെ സ്വതന്ത്രനീഗ്രോകളുടെ കുടിയേറിപ്പാര്‍പ്പിനും വേണ്ടി വാദിക്കുന്ന ബെനിങ്ടണ്‍ ജേര്‍ണല്‍ ഒഫ് ദ് ടൈംസ് എഡിറ്റു ചെയ്യുകയായിരുന്ന ലുണ്ടി അടിമവിമോചനപ്രസ്ഥാനത്തില്‍ ചേരാന്‍ വില്യമിനെ പ്രേരിപ്പിച്ചു. വെര്‍മോണ്ടിലെത്തിയതോടെ വില്യം അടിമവിമോചനസമരത്തില്‍ മുന്‍നിരക്കാരനായി. ലുണ്ടിയുടെ ജീനിയസ് ഒഫ് യൂണിവേഴ്സല്‍ എമാന്‍സിപേഷന്‍ എന്ന മാസിക എഡിറ്റുചെയ്ത വില്യം അടിമവ്യാപാരികള്‍ക്കെതിരെ കര്‍ക്കശമായ നിലപാട് സ്വീകരിച്ചതിന്റെ ഫലമായി 1830-ല്‍ ദുരാരോപണത്തിനു ശിക്ഷിക്കപ്പെടുകയും ഏഴ് ആഴ്ച തടവുശിക്ഷ അനുഭവിക്കുകയും ചെയ്തു. ന്യൂയോര്‍ക്കിലെ വ്യാപാരിയും സാമൂഹിക പരിഷ്കര്‍ത്താവുമായ ആര്‍തര്‍ തപ്പാന്‍ ആണ് വില്യമിനുവേണ്ടി പിഴ ഒടുക്കിയത്. കുടിയേറിപ്പാര്‍പ്പിനെ സംബന്ധിച്ചുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് ലുണ്ടിയോടു പിണങ്ങിയ വില്യം 1831 ജനു. 1-ന് ബോസ്റ്റണില്‍ നിന്ന് ദ് ലിബറേറ്റര്‍ എന്ന പത്രം ആരംഭിച്ചു. നീഗ്രോകളുടെ മാത്രം പിന്തുണയും വെറും 3000 വരിക്കാരും മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ഒട്ടും പൊരുത്തപ്പെടാത്തതും അഭൂതപൂര്‍വവുമായ ഒരു എഡിറ്റോറിയല്‍ നയമാണ് ലിബറേറ്റര്‍ സ്വീകരിച്ചത്. സ്റ്റേറ്റ് ഉടനടി അടിമത്തം ഉന്മൂലനം ചെയ്യണമെന്നാണ് വില്യം ശഠിച്ചത്. വെര്‍ജീനിയയില്‍ 1831 ആഗ.-ല്‍ ഉണ്ടായ നാറ്റ് ടര്‍ണര്‍ അടിമ വിപ്ളവം തെക്കന്‍ സ്റ്റേറ്റുകളില്‍ ഭീതിയുളവാക്കി. തെക്കന്‍ സ്റ്റേറ്റുകളിലെ നീഗ്രോകളെ വിപ്ളവമാര്‍ഗത്തിലേക്കു പ്രേരിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വം വില്യമില്‍ ചുമത്തി. ലിബറേറ്ററിന്റെ പ്രചാരണം നിരോധിക്കുകയും വില്യമിനെ പ്രോസിക്യൂട്ടു ചെയ്യാന്‍ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു.
1832-ല്‍ ഇദ്ദേഹം ബോസ്റ്റണില്‍ 'ന്യൂ അമേരിക്കന്‍ ആന്റിസ്ളേവറി സൊസൈറ്റി' സ്ഥാപിച്ചു. നീഗ്രോകള്‍ ഒന്നടങ്കം ഇതില്‍ ചേര്‍ന്നു. റവ. സാമുവല്‍ ജെ. മേയ്, എല്ലിസ് ഗ്രേ ലോറിങ്, ഡേവിഡ് ലീ ചൈല്‍ഡ്, സാമുവല്‍ ഇ. സെവാള്‍ എന്നിവരുള്‍പ്പെടെ ബോസ്റ്റണിലെ സമ്പന്നവര്‍ഗത്തില്‍പ്പെട്ട പലരും ഈ സംഘത്തില്‍ ആകൃഷ്ടരായി. ഈ വര്‍ഷംതന്നെ ഇദ്ദേഹം തോട്ട്സ് ഓണ്‍ ആഫ്രിക്കന്‍ കോളനൈസേഷന്‍ എന്ന ഗ്രന്ഥവും പ്രകാശനം ചെയ്തു. 1833-ല്‍ ഇംഗ്ളണ്ടില്‍ എത്തിയ വില്യം അമേരിക്കന്‍ അടിമവിമോചന പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവായി അംഗീകരിക്കപ്പെട്ടു. 1833 അവസാനം ഫിലഡെല്‍ഫിയയിലും ഇദ്ദേഹം അടിമത്തവിരുദ്ധ സംഘം ആരംഭിച്ചു. ഇവിടെ ഇദ്ദേഹത്തെ പിന്താങ്ങിയവരില്‍ മറിയാ വെസ്റ്റണ്‍ ചാപ്മാന്‍, ലിഡിയാ മരിയാ ചൈല്‍ഡ്, ആബി കെല്ലി ഫോസ്റ്റര്‍ എന്നീ വനിതകളും ഉള്‍പ്പെടുന്നു. 1830-കളില്‍ വടക്കന്‍ സ്റ്റേറ്റുകളില്‍ അടിമത്തത്തിനെതിരായ അലകള്‍ ശക്തമായതോടെ അടിമത്തനിരോധനം തെരഞ്ഞെടുപ്പിലെ ഒരു പ്രശ്നമാക്കാന്‍ അടിമത്തനിരോധന പ്രസ്ഥാനക്കാര്‍ തീരുമാനിച്ചു. എന്നാല്‍ വളരെ കര്‍ക്കശമായ ഒരു നിലപാടാണ് ഗാരിസണ്‍ കൈക്കൊണ്ടത്. അടിമത്തത്തെ അനുകൂലിക്കുന്നുവെന്നു വ്യാഖ്യാനിച്ച് അമേരിക്കന്‍ ഭരണഘടനയെയും ഫെഡറല്‍ ഗവണ്‍മെന്റിനെയും കുറ്റപ്പെടുത്താന്‍ വരെ ഗാരിസണ്‍ തയ്യാറായി. ബുദ്ധിജീവികളായ ജെയിംസ് റസ്സല്‍, ലൊവെല്‍, ഹെന്റി തോറിയോ എന്നിവര്‍ ഗാരിസന്റെ ആശയങ്ങളെ അനുകൂലിച്ചുവെങ്കിലും രാഷ്ട്രീയ വീക്ഷണമുള്ള അടിമത്തവിരുദ്ധപ്രസ്ഥാനക്കാരില്‍ നല്ലൊരുഭാഗം ഗാരിസന്റെ ആശയങ്ങളോടു പൊരുത്തപ്പെടാനാവാതെ മാറി നിന്നു. അതോടെ അടിമത്തവിരുദ്ധസംഘത്തില്‍ തന്നെ ചേരിതിരിവുണ്ടായി. 1840-ല്‍ സംഘത്തിന്റെ നേതൃത്വം ഗാരിസണു ലഭിച്ചെങ്കിലും അടിമത്തം സംബന്ധിച്ച കാര്യങ്ങളില്‍ രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാന്‍ ലിബറല്‍ കക്ഷി തുനിഞ്ഞതോടെ സംഘത്തിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചു.
തെക്കന്‍ സ്റ്റേറ്റുകള്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം കൈക്കൊണ്ടതോടെ വടക്കന്‍ സ്റ്റേറ്റുകളില്‍ തെക്കന്‍ വിരുദ്ധമനോഭാവം അഭൂതപൂര്‍വമായി വര്‍ധിച്ചു. വിട്ടുവീഴ്ചയ്ക്കു തയ്യാറല്ലാത്ത, പരിശുദ്ധിയുടെ ഉടമയായ ഗാരിസണ്‍ അടിമകളുടെ പ്രവാചകനായി അംഗീകരിക്കപ്പെട്ടു. 1854 ജൂല. 4-ന് മസാച്ചുസെറ്റ്സിലെ ഫ്രാമിങ് ഹാമില്‍വച്ച് ഗാരിസണ്‍ അമേരിക്കന്‍ ഭരണഘടനയുടെ ഒരു പ്രതി പരസ്യമായി ചുട്ടുകരിച്ചുവെങ്കിലും അത് ഇദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് അല്പവും മങ്ങലേല്പിച്ചില്ല. ഏതുവിധത്തിലുള്ള യുദ്ധവും തെറ്റും അധര്‍മവുമാണെന്ന വിശ്വാസക്കാരനായിരുന്നു ഇദ്ദേഹമെങ്കിലും അനിവാര്യമെന്നതുകൊണ്ട് ആഭ്യന്തരസമരത്തെ ഇദ്ദേഹം അംഗീകരിക്കുകയാണുണ്ടായത്. ആഭ്യന്തരസമരത്തിന്റെ അവസാനം അടിമവിമോചന കുരിശുയുദ്ധത്തിന്റെ മനസ്സാക്ഷിയായി ഇദ്ദേഹം അംഗീകരിക്കപ്പെട്ടു. 1865-ല്‍ അടിമത്തം അവസാനിപ്പിച്ചുകൊണ്ടുള്ള പതിമൂന്നാം ഭരണഘടനാഭേദഗതി നടപ്പിലാക്കുന്നതുവരെ ഇദ്ദേഹം ലിബറേറ്ററിന്റെ പ്രസിദ്ധീകരണം തുടര്‍ന്നു. പിന്നീട് സ്ത്രീ സമ്മതിദാനം, മദ്യനിരോധനം, അമേരിന്ത്യരുടെ അവകാശസംരക്ഷണം എന്നിവയ്ക്കുവേണ്ടി ഇദ്ദേഹം നിലകൊണ്ടു. 1879 മേയ് 24-ന് ഇദ്ദേഹം ന്യൂയോര്‍ക്ക് സിറ്റിയില്‍ അന്തരിച്ചു.