This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗിയാവുക്, വില്യം ഫ്രാന്‍സിസ് (1895 - 1982)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗിയാവുക്, വില്യം ഫ്രാന്‍സിസ് (1895 - 1982)
Giauque, williiam Francis
നോബല്‍ സമ്മാനിതനായ അമേരിക്കന്‍ രസതന്ത്രജ്ഞന്‍. 1895 മേയ് 12-ന് കാനഡയിലെ നയാഗ്രാ ഫാള്‍സില്‍ ജനിച്ചു. മിഷിഗണിലെ പബ്ലിക് ഗ്രാമര്‍ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും നയാഗ്രാ ഫാള്‍സിലെ കൊളീജിയേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ബിരുദം നേടുകയും ചെയ്തു. സാമ്പത്തിക നില മോശമായതിനാല്‍, തുടര്‍ന്നു പഠിക്കാനാകാതെ നാട്ടില്‍ത്തന്നെയുള്ള ഹൂതര്‍ ഇലക്ട്രോകെമിക്കല്‍ കമ്പനിയുടെ പരീക്ഷണശാലയില്‍ ഒരു ജോലിനേടി. അവിടത്തെ കെമിക്കല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനത്തിലും സംവിധാനത്തിലും ആകൃഷ്ടനായ ഗിയാവുക് തനിക്കൊരു കെമിക്കല്‍ എന്‍ജിനീയറാകണമെന്ന മോഹത്താല്‍ വീണ്ടും വിദ്യാഭ്യാസരംഗത്തേക്കുവന്നു. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍നിന്നും ബി.എസ്സി. ബിരുദം ഉന്നത ബഹുമതികളോടെ കരസ്ഥമാക്കി (1920); 1922-ല്‍ രസതന്ത്രത്തില്‍ പിഎച്ച്.ഡി. നേടുകയും ആദ്യം ഇന്‍സ്ട്രക്ടറും തുടര്‍ന്നു പ്രൊഫസറും ആയി ഉയരുകയും ചെയ്തു.
കേവല പൂജ്യത്തില്‍ ക്രിസ്റ്റലീയ ഖരവസ്തുവിന്റെ എന്‍ട്രോപി പൂജ്യമായിരിക്കും എന്ന താപഗതിക വിജ്ഞാനത്തിന്റെ മൂന്നാം നിയമത്തില്‍ ആകൃഷ്ടനായ ഗിയാവുക് അതില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുകയും താണ താപനിലയില്‍ രാസപദാര്‍ഥങ്ങളുടെ എന്‍ട്രോപി അളന്നു തിട്ടപ്പെടുത്തുകയും ചെയ്തു.
രാസ-സാമ്യാവസ്ഥകള്‍ കണക്കാക്കുന്നതിനും രാസ-അഭിക്രിയകളുടെ സ്വഭാവം പ്രവചിക്കുന്നതിനും ഇദ്ദേഹത്തിന്റെ കണക്കുകള്‍കൊണ്ട് സാധ്യമായി. സ്വതന്ത്ര ഊര്‍ജങ്ങളും താപഗതിക സ്വഭാവങ്ങളും കണക്കാക്കാനുള്ള ഒരു പ്രധാന ആധാരമായിത്തീര്‍ന്നു ഗിയാവുക്കിന്റെ പട്ടികകള്‍.
ദ്രവഹീലിയത്തിന്റെ താപനിലയിലുള്ള ഗഡോളിനിയം സള്‍ഫേറ്റ് ഒക്റ്റാഹൈഡ്രേറ്റ് പരലുകളില്‍ കാന്തിക ക്ഷേത്രം പ്രയോഗിച്ചാല്‍ അധികഭാഗം എന്‍ട്രോപിയും മാറ്റാന്‍ സാധിക്കുമെന്ന് 1924-ല്‍ ഗിയാവുക് മനസ്സിലാക്കി.
മോചിപ്പിക്കപ്പെട്ട താപത്തെ നീക്കം ചെയ്യാന്‍ കാന്തനത്തിന് കഴിയുമെങ്കില്‍ വി-കാന്തനംകൊണ്ട് വീണ്ടും താപം താഴ്ത്തിക്കൊണ്ടുവരാന്‍ സാധിക്കുമെന്ന് ഇദ്ദേഹം മനസ്സിലാക്കി. കേവല പൂജ്യത്തിന്റെ വളരെ അടുത്തുവരെയുള്ള താപനില അളക്കാനുള്ള സംവിധാനങ്ങള്‍ ഇദ്ദേഹവും സഹപ്രവത്തകരും ചേര്‍ന്നു വികസിപ്പിച്ചെടുത്തു (1933). താപനില 0.004oC വരെ കണക്കാക്കാന്‍ ഇവര്‍ക്കു കഴിഞ്ഞു. മുന്‍കാലങ്ങളില്‍ 0.8oC അബ്സല്യൂട്ട് വരെമാത്രമേ അളക്കാന്‍ സാധിച്ചിരുന്നുള്ളൂ. ഈ പ്രയത്നത്തെ അധികരിച്ചാണ് 1949-ലെ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ഗിയാവുകിന് നല്കിയത്.
ഓക്സിജന്‍ മൂലകത്തെപ്പറ്റി ഇദ്ദേഹം നടത്തിയ പഠനവും പ്രാധാന്യമര്‍ഹിക്കുന്നു. ഓക്സിജന്‍ മൂലകത്തില്‍ അ.ഭാ. 16 ഉള്ള ആറ്റങ്ങള്‍ മാത്രമല്ല ഉള്‍ക്കൊണ്ടിരിക്കുന്നതെന്നും 17-ഉം 18-ഉം അ.ഭാ. ഉള്ള ഓക്സിജന്‍ ഐസോടോപ്പുകള്‍ ചെറിയതോതില്‍ അടങ്ങിയിരിക്കുന്നുവെന്നും ഇദ്ദേഹം കണ്ടെത്തി. എല്ലാ മൂലകങ്ങളുടെയും ഭാരത്തിന്റെ അടിസ്ഥാനം ഓക്സിജന്റെ അ.ഭാ. ആയിരുന്നതിനാല്‍ ഈ കണ്ടുപിടിത്തത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.
1982 മാ. 28-ന് കാലിഫോര്‍ണിയയിലെ ഒക്ലാന്‍ഡില്‍ നിര്യാതനായി.