This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുരുദ്വാര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:59, 7 ഡിസംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗുരുദ്വാര

സിക്കുമതവിശ്വാസികളുടെ ആരാധനാകേന്ദ്രം. സിക്കുമതക്കാരുടെ ഒത്തുചേരലിനും സമൂഹപ്രാര്‍ഥനയ്ക്കുമുള്ള കേന്ദ്രങ്ങളായ ഗുരുദ്വാരകള്‍ സിക്കുമത ഗുരുക്കന്മാരുടെ വസതികളുമാണ്. സിക്കുകാര്‍ കൂട്ടത്തോടെ പാര്‍ക്കുന്നിടങ്ങളിലെല്ലാം ഗുരുദ്വാരകള്‍ ഉണ്ടായിരിക്കും. കൊട്ടാരസദൃശമായവ മുതല്‍ ചെറുകുടില്‍വരെയുള്ള ഗുരുദ്വാരകള്‍ ഉണ്ട്. അമൃത്സറിലെ സുവര്‍ണക്ഷേത്രമാണ് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഗുരുദ്വാര. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഇന്ന് ഗുരുദ്വാരകള്‍ ഉണ്ട്. ബ്രിട്ടന്‍, കാനഡ, യു.എസ്. എന്നിവിടങ്ങളിലെ ഗുരുദ്വാരകള്‍ ഇവയില്‍ പ്രമുഖങ്ങളാണ്.

സുവര്‍ണക്ഷേത്രം

ഗുരുദ്വാര സന്ദര്‍ശിക്കുക സിക്കുകാരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ദിവസവും ആയിരക്കണക്കിന് അനുയായികള്‍ പങ്കെടുക്കുന്ന സമൂഹപ്രാര്‍ഥന ഗുരുദ്വാരകളില്‍ പതിവാണ്. വിശുദ്ധ ഗ്രന്ഥമായ 'ഗുരുഗ്രന്ഥസാഹിബ്' രാവിലെ ഭക്ത്യാദരപൂര്‍വം തുറക്കുകയും വായിക്കുകയും വൈകുന്നേരത്തെ പ്രാര്‍ഥന കഴിഞ്ഞ് ഭക്ത്യാദരപൂര്‍വം അടച്ചുവയ്ക്കുകയും ചെയ്യുകയാണ് ഗുരുദ്വാരകളിലെ പ്രധാന ആരാധനാചടങ്ങ്. ഈ വിശുദ്ധഗ്രന്ഥം ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്കു മാറ്റിവയ്ക്കുമ്പോള്‍ വിശ്വാസികള്‍ എഴുന്നേറ്റുനിന്നു തലകുനിച്ച് ആദരവ് പ്രകടിപ്പിക്കും.

മണി അടിക്കുക, സുഗന്ധദ്രവ്യങ്ങള്‍ കത്തിക്കുക, നിലവിളക്ക് കൊളുത്തുക എന്നിവ അന്ധവിശ്വാസങ്ങളായി സിക്കുകാര്‍ കരുതുന്നതുമൂലം വിശുദ്ധഗ്രന്ഥം മാത്രമാണ് ഗുരുദ്വാരയിലെ മുഖ്യ ആരാധനാവസ്തു; ഈ ഗ്രന്ഥത്തോടുള്ള കടുത്ത ഭക്തിപ്രകടനംമൂലം സിക്കുമതക്കാര്‍ ഗ്രന്ഥത്തെയാണ് ദൈവമായി ആരാധിക്കുന്നതെന്നു ചിലര്‍ സംശയിക്കാറുണ്ട്. വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബ് സൂക്ഷിക്കുന്നതുപോലെ മറ്റൊരു ഗ്രന്ഥവും, അതു എത്ര വിശുദ്ധമായാലും, ഗുരുദ്വാരകളില്‍ സൂക്ഷിക്കാറില്ല.

ജാതിമതഭേദമെന്യേ ആര്‍ക്കും ഗുരുദ്വാര സന്ദര്‍ശിക്കാവുന്നതാണ്. ഗുരുദ്വാരകളില്‍ പ്രവേശിക്കുന്നതിനുമുമ്പായി പാദരക്ഷകള്‍ മാറ്റുകയും കാലുകള്‍ കഴുകി വൃത്തിയാക്കുകയും തലമറയ്ക്കുകയും ചെയ്യേണ്ടതുണ്ട്. സന്ദര്‍ശകന്‍ വിശുദ്ധഗ്രന്ഥത്തെ വണങ്ങിയതിനുശേഷം 'പര്‍കര്‍മ' (പ്രാര്‍ഥന) അനുഷ്ഠിക്കണം. വിശുദ്ധഗ്രന്ഥത്തിന്റെ ഇടതുഭാഗത്തു നിന്നുകൊണ്ടുവേണം പര്‍കര്‍മ നിര്‍വഹിക്കേണ്ടത്. ഗുരുദ്വാരകളുടെ ഭിത്തികളില്‍ സ്പര്‍ശിക്കാന്‍ പാടില്ല. ഗുരുദ്വാരകള്‍ക്കകത്തു ലഹരി പദാര്‍ഥങ്ങള്‍ അനുവദനീയമല്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍