This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗുരുവായൂര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗുരുവായൂര്‍
ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ഥാടനകേന്ദ്രവും കേരളത്തിലെ ഏക ടൌണ്‍ഷിപ്പും. തെക്കേ ഇന്ത്യയില്‍ തിരുപ്പതി കഴിഞ്ഞാല്‍ വര്‍ഷത്തില്‍ എല്ലാദിവസവും തീര്‍ഥാടക ബാഹുല്യമുള്ള സ്ഥലമാണിത്. ശ്രീകൃഷ്ണക്ഷേത്രംകൊണ്ട് പ്രസിദ്ധമായ ഗുരുവായൂര്‍ 'തെന്നിന്ത്യയിലെ ദ്വാരക' എന്നറിയപ്പെടുന്നു. തൃശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കില്‍പ്പെടുന്ന ഗുരുവായൂര്‍, ഇരിങ്ങപ്രം, തൈക്കാട്, ചാവക്കാട് എന്നീ വില്ലേജുകളുടെ ഭാഗങ്ങള്‍ ചേര്‍ത്താണ് ഗുരുവായൂര്‍ ടൗണ്‍ഷിപ്പ് രൂപീകരിച്ചിട്ടുള്ളത്. അതിര്‍ത്തികള്‍ വ. ചാവക്കാട്-കുന്നംകുളം റോഡ്, കി. ചിറ്റാറ്റുകര റോഡ്, പ. ചാവക്കാട് ഗവ. ഹൈസ്കൂള്‍, തെ. തൈക്കാട് പഞ്ചായത്ത്.
സമുദ്രതീരതാലൂക്കായ ചാവക്കാടിന്റെ ആസ്ഥാനപട്ടണമായ ചാവക്കാടിന് 3. കി.മീ. മാറിയാണ് ഗുരുവായൂരിന്റെ സ്ഥാനം. ജില്ലയിലെ മറ്റൊരു മുനിസിപ്പല്‍ പട്ടണമായ കുന്നംകുളത്തേക്ക് ഇവിടെ നിന്ന് 9. കി.മീ. ദൂരമേയുള്ളൂ. ജില്ലാ ആസ്ഥാനമായ തൃശൂര്‍ നിന്ന് 29. കി.മീ (റോഡ്) പടിഞ്ഞാറായി ഗുരുവായൂര്‍ സ്ഥിതിചെയ്യുന്നു. തൃശൂര്‍-ഗുരുവായൂര്‍ റെയില്‍പ്പാത പൂര്‍ത്തിയായതോടെ (1994) ദൂരം 24 കി. മീ. ആയി കുറഞ്ഞിരിക്കുന്നു. കൊച്ചിയാണ് അടുത്ത വിമാനത്താവളം (ദൂരം 103 കി.മീ.). തിരുവനന്തപുരത്തുനിന്ന് 333 കി.മീ. പടിഞ്ഞാറാണ് ഈ ക്ഷേത്രസങ്കേതം. 6.49 ച.കി.മീ. ആണ് ഈ ടൗണ്‍ഷിപ്പിന്റെ വിസ്തൃതി.
ടൗണ്‍ഷിപ്പ്. 1962 ജനു. 26-നാണ് ഗുരുവായൂര്‍ ടൗണ്‍ഷിപ്പ് നിലവില്‍ വന്നത്. പഴയ ചാവക്കാട് പഞ്ചായത്തിന്റെ കിഴക്കേ അതിര്‍ത്തിയിലായിരുന്നു ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സ്ഥാനം. വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി ഒരു പുതിയ പഞ്ചായത്ത് രൂപീകരിക്കാനായിരുന്നു ആദ്യശ്രമം (1955). 'ഗുരുവായൂര്‍ ടൌണ്‍ഷിപ്പ് ആക്റ്റ് 43 (1961)' പ്രകാരം 1962 ജനു. 26-ന് ടൗണ്‍ഷിപ്പ് പ്രാബല്യത്തില്‍വന്നു.
കേരള മുനിസിപ്പല്‍ ആക്റ്റും ചട്ടങ്ങളും അനുസരിച്ചാണ് ടൗണ്‍ഷിപ്പ് ഭരണം. എന്നാല്‍ ബാലറ്റിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു പകരം സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന ഏഴ് അംഗങ്ങളടങ്ങുന്നതാണ് ഭരണസമിതി. സമിതിയുടെ ചെയര്‍മാന്‍ തൃശൂര്‍ ജില്ലാകളക്ടറാണ്. മുനിസിപ്പല്‍ കമ്മിഷണറുടെ പദവിയിലുള്ള ഒരു എക്സിക്യൂട്ടീവ് ആഫീസറുടെ മേല്‍നോട്ടത്തിലാണ് ടൗണ്‍ഷിപ്പ് ആഫീസിന്റെ പ്രവര്‍ത്തനം. ടൗണ്‍ഷിപ്പിന്റെ വികസനപ്രവര്‍ത്തനങ്ങളിലധികവും തീര്‍ഥാടകരുടെ സൗകര്യങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ളതാണ്.
കോഴിക്കോട് സാമൂതിരിരാജവംശത്തിന്‍കീഴില്‍ പഴയ പൊന്നാനിത്താലൂക്കില്‍ ഉള്‍പ്പെട്ടിരുന്ന പ്രദേശമാണിത്. സാമൂതിരിവാഴ്ചയ്ക്കുമുമ്പ് ഗുരുവായൂര്‍, ചാവക്കാട് പ്രദേശങ്ങള്‍ തലപ്പിള്ളി രാജവംശത്തിലെ നാലു ശാഖകളിലൊന്നായിരുന്ന പുന്നത്തൂര്‍ സ്വരൂപത്തില്‍പ്പെട്ടിരുന്നു. മറ്റു താവഴികളില്‍ നിന്നു വ്യത്യസ്തമായി പുന്നത്തൂര്‍ സ്വരൂപം സാമൂതിരിയോടു കൂറുപുലര്‍ത്തി. കൊച്ചിയുമായുള്ള യുദ്ധങ്ങളില്‍ പുന്നത്തൂര്‍ നമ്പിടി സാമൂതിരിയെ സഹായിച്ചുപോന്നു. പകരം ചില ആനുകൂല്യങ്ങള്‍ സാമൂതിരി ഇവര്‍ക്ക് നല്കുകയുണ്ടായി. ഗുരുവായൂരിനടുത്തുള്ള കോട്ടപ്പടിയായിരുന്നു പുന്നത്തൂര്‍ നമ്പിടിയുടെ ആസ്ഥാനം. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ആനത്താവളമാണ് ഇന്ന് ഈ സ്ഥലം. സാമൂതിരിയെ തോല്പിച്ച് ബ്രിട്ടീഷുകാര്‍ മലബാറില്‍ ആധിപത്യമുറപ്പിച്ചപ്പോള്‍ ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള ഏതാനും സ്ഥലങ്ങളുടെ സ്വതന്ത്രഭരണാവകാശത്തിനായി പുന്നത്തൂര്‍ രാജാവ് വാദിച്ചെങ്കിലും അത് ലഭിച്ചില്ല.
'കുരുവയൂര്‍വട്ടം' എന്നായിരുന്നു ഗുരുവായൂരിന്റെ പഴയ പേര്. 1511-ല്‍ ഭരണമേറ്റ ഒരു കോഴിക്കോട് സാമൂതിരി 1519-ല്‍ കുരുവയൂര്‍വട്ടത്തുവച്ച് നാടു നീങ്ങിയതായി രേഖയുണ്ട്. സാമൂതിരി-രേഖകള്‍ വിശദമായി പഠിച്ചിട്ടുള്ള ഡോ. എന്‍.എം. നമ്പൂതിരി 1511-നു മുമ്പ് കോവിലകം രേഖകളിലൊന്നും ഈ പേര് പരാമര്‍ശിക്കപ്പെട്ടിട്ടില്ലെന്നു പറയുന്നു. ഗുരുവായൂര്‍ മല്ലിശ്ശേരി കുടുംബത്തിന് ക്ഷേത്രത്തിലെ നിത്യനിദാനദാന നടത്തിപ്പുകളില്‍ പ്രാമാണ്യം ഉണ്ടായിരുന്നതുകൊണ്ടാവാം സാമൂതിരി വംശത്തിന്റെ ദേവസ്വം ശട്ടവരിക്കണക്കുകളിലൊന്നും ഗുരുവായൂരപ്പനെപ്പറ്റി പരാമര്‍ശമില്ലാത്തതെന്ന് നമ്പൂതിരി ചൂണ്ടിക്കാട്ടുന്നു.
14-ാം ശ.ത്തോടടുത്തുണ്ടായ കോകസന്ദേശത്തിലാണ് സാഹിത്യകൃതികളുടെ കൂട്ടത്തില്‍ ആദ്യമായി കുരുവയൂരെക്കുറിച്ചുള്ള സൂചന. 'മുമ്പില്‍ക്കാണാമഥ കുരുവയൂരെന്റുപേരാം പ്രദേശം' എന്ന് പ്രസ്തുത സന്ദേശത്തിലെ 34-ാം ശ്ളോകത്തില്‍ പറയുന്നു. മതില്‍ക്കെട്ടും ഗോപുരവും കൊടിമരവുമെല്ലാം കുരുവയൂര്‍ ക്ഷേത്രത്തിനുണ്ടായിരുന്നതായി ഈ കൃതിയില്‍ പ്രസ്താവമുണ്ട് 16-ാം ശ.-ത്തില്‍ മേല്പുത്തൂരിന്റെ കാലത്താവണം കുരുവയൂരിനെ സംസ്കൃതീകരിച്ച് ഗുരുവായൂരും ഗുരുപവനപുരവും ആക്കിയത്. കുറു(രു) = കുന്ന്; വായ് = അരിക്, വക്ക്; ഊര്‍ = സ്ഥലം: കുന്നുകളുടെ അടുത്തു കിടക്കുന്ന സ്ഥലമെന്ന് അര്‍ഥം. ഗുരുവായൂരിന് കിഴക്കുവശത്തുള്ള കുന്നംകുളത്തു വച്ച് മല അവസാനിക്കുന്നു. അവിടം മുതല്‍ ചാവക്കാട് കടലോരം വരെ ചരിഞ്ഞു കിടക്കുന്ന മണല്‍പ്രദേശമാണ്. ഭൂമിശാസ്ത്രപരമായ ഈ പ്രത്യേകതയാവാം 'കുരുവയൂര്‍' സ്ഥലനാമനിഷ്പത്തിക്ക് നിദാനം.
16-ാം ശതകാരംഭത്തില്‍ പയ്യൂര്‍ പട്ടേരിമാരിലൊരാള്‍ രചിച്ച ചകോരസന്ദേശത്തില്‍ ഗുരുവായൂരിന്റെ പ്രത്യേകതയായി വാതരോഗശാന്തി എടുത്തു പറയുന്നുണ്ട്. 1500-ഓടെ തന്നെ ഗുരുവായൂര്‍ ക്ഷേത്രം ഭക്തന്മാരെ ആകര്‍ഷിക്കുകയും പ്രസിദ്ധിനേടുകയും ചെയ്തിരുന്നു. ഈ ഖ്യാതിയാവണം സാമൂതിരി ഇവിടം ഒരു ഭരണകേന്ദ്രമായി സ്വീകരിക്കാന്‍ കാരണം.
ശ്രീകൃഷ്ണക്ഷേത്രമാണ് ഗുരുവായൂരിന്റെ പ്രസിദ്ധിക്കും വളര്‍ച്ചയ്ക്കും കാരണം. ഗുരുവായൂര്‍പുരമാഹാത്മ്യത്തില്‍ ക്ഷേത്രോദ്ഭവത്തെക്കുറിച്ചു വിശദമായ വര്‍ണനയുണ്ട്. വിഷ്ണു വൈകുണ്ഠത്തില്‍ വച്ച് പൂജിച്ചാരാധിച്ചിരുന്ന വിഗ്രഹം കലിയുഗത്തില്‍ ഭക്തന്മാര്‍ക്ക് ആരാധിച്ച് മുക്തിനേടാന്‍ തക്കവണ്ണം ദേവഗുരുവും വായുദേവനും ചേര്‍ന്ന് രുദ്രതീര്‍ഥത്തിന്റെ തെക്കേക്കരയില്‍ പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം. 'ഗുരുവായുപുരം' ഗത്വാ ഗുരുവായു പ്രതിഷ്ഠിതം' എന്ന് ഗുരുവായുപുരമാഹാത്മ്യത്തില്‍ പറയുന്നു. സ്ഥലത്തിന് ഗുരുവായൂര്‍ എന്ന് പേരു ലഭിച്ചത് ഇങ്ങനെയാണത്രെ.
ഗുരുവായൂരപ്പനെ മനസ്സില്‍ പ്രതിഷ്ഠിച്ചുപാസിച്ച മേല്പുത്തൂര്‍ നാരായണഭട്ടതിരിയും (1559-1620), പൂന്താനം നമ്പൂതിരിയും (1547-1640), കുറൂരമ്മയും (1570-1640), വില്വമംഗലവും (1575-1660), മാനവേദനും മറ്റും നേടിയ പുണ്യപരിപാകം ഈ ക്ഷേത്രത്തിന്റെ യശസ്സ് വര്‍ധിപ്പിച്ചു (നോ: ഗുരുവായൂര്‍ ക്ഷേത്രം).
ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രംകൂടാതെ മമ്മിയൂര്‍ ശിവക്ഷേത്രം, തിരുവെങ്കിടാചലപതിക്ഷേത്രം, പാര്‍ഥസാരഥിക്ഷേത്രം, പെരുന്താറ്റില്‍ ശിവക്ഷേത്രം എന്നിവയാണ് ടൗണ്‍ ഷിപ്പിലെ മറ്റു പ്രമുഖ ക്ഷേത്രങ്ങള്‍. സെന്റ് ആന്റണീസ് ചര്‍ച്ചും ഗുരുവായൂര്‍ ടൗണ്‍ഷിപ്പ് ജമാഅത്തും തൈക്കാട് ജമാഅത്തുമാണ് ഇതരമതസ്ഥരുടെ പ്രധാനപ്പെട്ട ആരാധനാലയങ്ങള്‍. സെന്റ് തോമസ് സ്ഥാപിച്ച പ്രസിദ്ധമായ പാലയൂര്‍പ്പള്ളി ഗുരുവായൂരിനടുത്താണ്. രണ്ട് ഹൈസ്കൂളുകളും (ഗവ. ഹൈസ്കൂള്‍ ചാവക്കാട്, ശ്രീകൃഷ്ണാ ഹൈസ്കൂള്‍ ഗുരുവായൂര്‍), രണ്ട് അപ്പര്‍പ്രൈമറി സ്കൂളുകളും, സ്വകാര്യ മാനേജ്മെന്റിലുള്ള നാല് പ്രൈമറി സ്കൂളുകളും ടൗണ്‍ഷിപ്പില്‍ പ്രവര്‍ത്തിക്കുന്നു. രണ്ട് ഒന്നാം ഗ്രേഡ് കോളജുകള്‍ ഇവിടെയുണ്ട്. തൃശൂര്‍ റോമന്‍ കത്തോലിക്കാ ബിഷപ്പിന്റെ അധീനതയിലുള്ള ലിറ്റില്‍ ഫ്ലവര്‍ വനിതാകോളജും ഗുരുവായൂര്‍ ദേവസ്വത്തിന്റെ അധീനതയിലുള്ള ശ്രീകൃഷ്ണാകോളജും. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ഗ്രന്ഥശാലകളാണ് ഗുരുവായൂര്‍ ടൗണ്‍ഷിപ്പ് ലൈബ്രറിയും (1976), ഗുരുവായൂര്‍ ദേവസ്വം ലൈബ്രറിയും (1936), മൂന്ന് തിയെറ്ററുകളും രണ്ട് പാര്‍ക്കുകളും (ഒന്ന് കുട്ടികളുടേത്) ഒരു സ്റ്റേഡിയവുമുണ്ട്. രാജാഹാളും സത്രം ഹാളുമാണ് പൊതുപരിപാടികള്‍ക്കുള്ള ഇപ്പോഴത്തെ മുഖ്യവേദികള്‍. ക്ഷേത്രത്തിന്റെ കി.-ഉം പ.-ഉം നടകളില്‍ കരകൗശലവസ്തുക്കളുടെയും ഗൃഹോപകരണങ്ങളുടെയും മറ്റും നിരവധി വ്യാപാര സ്ഥാപനങ്ങളുണ്ട്. കിഴക്കേ നടയിലാണ് മേല്പുത്തൂര്‍ സ്മാരക ഓഡിറ്റോറിയം. ഇവിടെ കൂടെക്കൂടെ ആധ്യാത്മിക പ്രഭാഷണങ്ങളും സംഗീതസദസ്സും നടത്തുന്നു.
കെ.എസ്.ആര്‍.ടി.സി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും കോയമ്പത്തൂര്‍, സേലം, മൈസൂര്‍, പഴനി, ഹസ്സന്‍ (കര്‍ണാടക) തുടങ്ങിയ നഗരങ്ങളിലേക്കും ഇവിടെനിന്ന് സര്‍വീസ് നടത്തുന്നുണ്ട്.
ദേവസ്വത്തിന്റെ അധീനതയിലും സ്വകാര്യ മേഖലയിലുമുള്ള ധാരാളം പാര്‍പ്പിടകേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. 350 പേര്‍ക്ക് താമസിക്കാവുന്ന സൗജന്യ സത്രത്തിനു പുറമേ പാഞ്ചജന്യം, കൌസ്തുഭം എന്നീ വിശ്രമമന്ദിരങ്ങളും ശ്രീവത്സം അതിഥിമന്ദിരവും വൈജയന്തി ബില്‍ഡിങ്ങുമാണ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ അധീനതയിലുള്ള പാര്‍പ്പിടകേന്ദ്രങ്ങള്‍. ആകെ എഴുപതോളം ലോഡ്ജുകളും റസ്റ്റാറന്റുകളും ഗുരുവായൂര്‍ ക്ഷേത്രത്തിനു ചുറ്റുമായുണ്ട്. ദേശീയ പാതയോ സ്റ്റേറ്റ് ഹൈവേയോ ടൗണ്‍ഷിപ്പിലൂടെ കടന്നുപോകുന്നില്ല.
ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും ആണ് ജനസംഖ്യയില്‍ ഭൂരിപക്ഷം. ആകെയുള്ള 760.38 ഹെക്ടര്‍ ഭൂമിയില്‍ 65 ശതമാനവും പാര്‍പ്പിടസൗകര്യങ്ങള്‍ക്കായി വിനിയോഗിച്ചിരിക്കുന്നു. 14 ശ.മാ. കൃഷിഭൂമിയാണ്. നെല്ലാണ് മുഖ്യകൃഷി. തെങ്ങിന്‍തോപ്പുകളും നെല്‍പ്പാടങ്ങളും വാഴത്തോപ്പുകളും ഇടകലര്‍ന്നു കാണാം. വര്‍ഷികവര്‍ഷപാതത്തിന്റെ ശ.ശ. 3,155 മി.മീ.; ഏറ്റവും ഉയര്‍ന്ന താപനില (ഏപ്രില്‍-മേയ്) 3132ബ്ബ സെല്‍ഷ്യസ്; ക്ഷേത്രകേന്ദ്രിതമായ സാമ്പത്തികാടിത്തറയാണ് ടൗണ്‍ഷിപ്പിനുള്ളത്.
തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍പ്പെടുന്ന ഗുരുവായൂര്‍ ഒരു അസംബ്ലി നിയോജകമണ്ഡലമാണ്. ഗുരുവായൂര്‍ സത്യാഗ്രഹത്തിലൂടെ വലിയൊരു സാമൂഹിക വിപ്ളവത്തിന് തുടക്കം കുറിക്കാന്‍ ഈ പ്രദേശത്തിനു കഴിഞ്ഞു.
ഗുരുവായൂര്‍ സത്യാഗ്രഹം. അവര്‍ണ-സവര്‍ണഭേദമില്ലാതെ എല്ലാ ഹിന്ദുക്കള്‍ക്കും ഗുരുവായൂര്‍ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 1931 ന. 1 മുതല്‍ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ നടന്ന ചരിത്രപ്രധാനമായ സത്യാഗ്രഹം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിലായിരുന്നു സമരം. മന്നത്തു പദ്മനാഭന്‍ അധ്യക്ഷനായും കെ. കേളപ്പന്‍ സെക്രട്ടറിയായും വിവിധ ജാതികള്‍ക്ക് പ്രാതിനിധ്യം നല്കി രൂപീകരിച്ച അയിത്തോച്ചാടന സമിതി പയ്യന്നൂര്‍ നിന്നും ഗുരുവായൂര്‍വരെ ഒരു കാല്‍നടജാഥ നടത്തിയതോടെ ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ ആദ്യഘട്ടം തുടങ്ങി. ഗാന്ധിയന്‍ ശൈലിയില്‍ സമാധാനപരമായി ക്ഷേത്രപ്രവേശനത്തിനു ശ്രമിച്ച ജാഥാഗംങ്ങളെ ക്ഷേത്രനടയില്‍വച്ച് സാമൂതിരിയുടെ ആജ്ഞാനുവര്‍ത്തികളായ പാലിയത്ത് കുഞ്ഞുണ്ണിയച്ചനും സനാതനസംഘവും ചേര്‍ന്ന് തടഞ്ഞു.
1931 ന. 1-ന് ക്ഷേത്രനടയില്‍ സത്യാഗ്രഹം അരംഭിച്ചു. കെ. കേളപ്പനായിരുന്നു സത്യാഗ്രഹത്തിന്റെ നേതാവ്; എ.കെ. ഗോപാലന്‍ സന്നദ്ധസംഘത്തിന്റെ ക്യാപ്റ്റനും. ഹിന്ദുമതത്തിലെ അധഃസ്ഥിതര്‍ക്ക് ക്ഷേത്രപ്രവേശന സ്വാതന്ത്ര്യത്തിനായി നടന്ന ഈ സമരം ഇന്ത്യയിലൊട്ടാകെ പ്രസിദ്ധമായി. ക്ഷേത്രത്തിന്റെ ട്രസ്റ്റിയായിരുന്ന സാമൂതിരി വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചത്. ഡി. 26-ന് എ.കെ.ജി. യുടെ മേല്‍ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് സത്യാഗ്രഹികള്‍ വീണ്ടും ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ചു. സമരത്തിനിടയില്‍ എ.കെ.ജി., എന്‍.പി. ദാമോദരന്‍, കെ.എ. കുഞ്ഞികൃഷ്ണന്‍ എന്നിവരെ അറസ്റ്റു ചെയ്യുകയും ആറുമാസത്തെ തടവിനു ശിക്ഷിക്കുകയും ചെയ്തു. ഒരു മാസത്തോളം പൂജകള്‍വരെ നിര്‍ത്തിവച്ച് ക്ഷേത്രം അടച്ചിട്ടു. 1932 ജനു. 20-ാം തീയതിയാണ് പൂജകള്‍ പുനരാരംഭിച്ചത്.
സമരം പത്തുമാസം നീണ്ടപ്പോള്‍ ഗാന്ധിജിയുടെ അനുവാദം വാങ്ങി 1932 സെപ്. 22-ന് കേളപ്പന്‍ നിരാഹാരസത്യാഗ്രഹം ആരംഭിച്ചു. ഒ. 2-ന് ഗാന്ധിജിയുടെ ഉപദേശപ്രകാരമാണ് കേളപ്പന്‍ നിരാഹാര സമരത്തില്‍ നിന്ന് പിന്‍വാങ്ങിയത്. പൊന്നാനിയില്‍ വച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരു അഭിപ്രായ വോട്ടെടുപ്പു നടത്തിയപ്പോള്‍ ഹിന്ദുക്കളില്‍ 77 ശതമാനവും അധഃസ്ഥിതര്‍ക്ക് ക്ഷേത്രപ്രവേശനസ്വാതന്ത്ര്യം നല്കണമെന്ന അഭിപ്രായക്കാരായിരുന്നു. ഗുരുവായൂര്‍ സത്യാഗ്രഹം രാജ്യത്താകെ ഈ വിഭാഗങ്ങള്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടി. 1936-ല്‍ തിരുവിതാംകൂറില്‍ അവര്‍ണര്‍ക്ക് ക്ഷേത്രം തുറന്നു കിട്ടിയെങ്കിലും 1946-ലാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഈ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടത്. നോ: ആനന്ദതീര്‍ഥര്‍, സ്വാമി
(വിളക്കുടി രാജേന്ദ്രന്‍)