This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗെറ്റിസ്ബര്‍ഗ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

18:08, 10 ഡിസംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗെറ്റിസ്ബര്‍ഗ്

Gettysburg

അമേരിക്കന്‍ ഐക്യനാടുകളിലെ ദക്ഷിണ പെന്‍സില്‍വേനിയയിലുള്ള ഒരു ചെറുപ്രവിശ്യ. സ്വയംഭരണാധികാരമുള്ള ഒരു നഗരമാണിത് (borough). അമേരിക്കന്‍ പ്രസിഡന്റ് ഏബ്രഹാം ലിങ്കണ്‍ 1863-ല്‍ നടത്തിയ സുപ്രസിദ്ധമായ പ്രസംഗംമൂലം ഈ സ്ഥലം അവിസ്മരണീയമാക്കപ്പെട്ടു. 'ഗെറ്റിസ്ബര്‍ഗ് അഡ്രസ്' എന്നാണ് ഈ പ്രസംഗം അറിയപ്പെടുന്നത്.

ഗെറ്റിസ്ബര്‍ഗ് സ്വാതന്ത്ര്യസമരം

രണ്ടേകാല്‍ ച.കി.മീ. വിസ്തൃതിയിലുള്ള ഒരു താഴ്വരയില്‍ സ്ഥിതിചെയ്യുന്ന ഈ പട്ടണം സമുദ്രനിരപ്പില്‍ നിന്ന് 170 മീറ്ററിലേറെ ഉയരത്തിലാണ്. ഗെറ്റിസ്ബര്‍ഗിനെ ചുറ്റി ഫലസമൃദ്ധമായ കൃഷിയിടങ്ങളും മനോഹരമായ നാട്ടിന്‍പുറവും ഉണ്ട്. ജേംസ് ഗെറ്റിസ് എന്ന സ്ഥലമുടമയുടെ സ്മരണയ്ക്കായാണ് ഈ സ്ഥലത്തിന് ഗെറ്റിസ്ബര്‍ഗ് എന്നു പേരു നല്കിയത്. 1780-ഓടെ ഇവിടെ ജനാധിവാസം തുടങ്ങി. 1800 ആയപ്പോഴേക്കും ആഡംസ് കൗണ്ടിയുടെ കേന്ദ്രനഗരമെന്ന പദവിയും ഗെറ്റിസ്ബര്‍ഗിന് കൈവന്നു. സ്വയംഭരണത്തിനുള്ള അധികാരം ഗെറ്റിസ്ബര്‍ഗിന് ലഭിക്കുന്നത് 1806-ലാണ്. പെന്‍സില്‍വാനിയ കോളജ് എന്ന് അതുവരെ അറിയപ്പെട്ടിരുന്ന വിദ്യാഭ്യാസ സ്ഥാപനം ഗെറ്റിസ്ബര്‍ഗ് കോളജ് എന്ന പേരില്‍ ലൂഥറന്‍ ബന്ധത്തോടെ ആരംഭിച്ചത് 1832-ലായിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചു വിദ്യ അഭ്യസിക്കുന്ന ഈ സ്ഥാപനം ഒരു ആര്‍ട്സ് കോളജാണ്. ദേശീയ ശ്മശാനവും ഗെറ്റിസ്ബര്‍ഗില്‍ത്തന്നെ. 1863 ന.-ല്‍ ഈ ശ്മശാനം രാഷ്ട്രത്തിനായി സമര്‍പ്പിക്കപ്പെട്ടു. ഈ സന്ദര്‍ഭത്തിലായിരുന്നു ലിങ്കണ്‍ അവിസ്മരണീയമായ ഗെറ്റിസ്ബര്‍ഗ് പ്രസംഗം ചെയ്തത്. അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തിലെ നാഴികക്കല്ലുകളിലൊന്നായ 'ഗെറ്റിസ്ബര്‍ഗ് യുദ്ധം' നടന്നതും ഇവിടെവച്ചാണ്. 1863 ജൂല. 1-ന് ആരംഭിച്ച ഈ യുദ്ധം വെറും മൂന്നു ദിവസമേ നീണ്ടു നിന്നുള്ളൂ. 1895-ല്‍ ഈ പടനിലം ഒരു ദേശീയ സൈനിക ഉദ്യാനമായി മാറി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍