This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചേക്കിഴാര്‍ (12-ാം ശ.)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചേക്കിഴാര്‍ (12-ാം ശ.)
തമിഴ് ഇതിഹാസ കാവ്യമായ പെരിയപുരാണത്തിന്റെ കര്‍ത്താവ്. കുലോത്തുംഗചോളന്‍ II-ന്റെ പ്രധാനമന്ത്രിയായിരുന്നു ഇദ്ദേഹം എന്ന് കരുതപ്പെടുന്നു. പെരിയപുരാണത്തിന്റെ രചന 1145-ലായിരുന്നുവെന്ന് അനുമാനിക്കപ്പെടുന്നു. അരുള്‍മൊലിത്തേവന്‍ എന്നോ രാമദേവ എന്നോ ആണ് ശരിയായ പേരെന്നാണ് വിദഗ്ധ മതം. തൊണ്ടൈമണ്ഡലത്തിലെ കുന്ത്രത്തൂരിലാണ് ജനനം. 12-ാം ശതകമാണ് ജീവിതകാലമെന്ന് കരുതപ്പെടുന്നു. ചോളരാജാവിന്റെ മന്ത്രിപദത്തിലേക്ക് ഉയരുന്നതിനുമുമ്പേ ഉദാരമതി, ആസ്തിക്യന്‍, സാമൂഹ്യസേവനതത്പരന്‍ എന്നീ നിലകളില്‍ ഇദ്ദേഹം ശ്രദ്ധേയനായിരുന്നു. മഹാമാരി പിടിപെട്ട തൊണ്ടൈമണ്ഡലത്തെ ദുരിതത്തില്‍നിന്ന് കരകയറ്റാന്‍ ഇദ്ദേഹം തിവ്രയത്നം നടത്തുകയുണ്ടായി. അതുകൊണ്ട് ജനങ്ങള്‍ 'തൊണ്ടൈമണ്ഡലം കാത്ത പെരുമാള്‍' എന്നൊരു ബഹുമതി നല്കി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി. മന്ത്രിയായതിനുശേഷം 'ഉത്തമചോഴവല്ലവന്‍' എന്ന് ഇദ്ദേഹം അറിയപ്പെട്ടു.
ജീവക ചിന്താമണിയുടെ സ്വാധീനത്തില്‍നിന്ന് രാജാവിനെ വേര്‍തിരിക്കുന്നതിനായാണ് ഇദ്ദേഹം പെരിയപുരാണം രചിച്ചതെന്ന് ഒരു ഐതിഹ്യമുണ്ട്. പ്രസ്തുത കൃതിയില്‍ 63 ശൈവസന്ന്യാസിമാരെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. 2 കാണ്ഡങ്ങളിലെ 10 സര്‍ഗങ്ങളിലായി 4286 ശ്ളോകങ്ങളുള്ള ഈ കാവ്യം തമിഴിലെ മുഖ്യ ഇതിഹാസ കാവ്യങ്ങളിലൊന്നാണ്. ഇതിന്റെ രചനയ്ക്കുവേണ്ട വസ്തുതകള്‍ സമാഹരിക്കുന്നതിനായി ചേക്കിഴാര്‍ നിരവധി അന്വേഷണ യാത്രകള്‍ നടത്തിയിരിക്കണം. പെരിയപുരാണത്തിലെ ആധികാരികമായ ചരിത്ര വസ്തുതകളുടെ ധാരാളിത്തം അതാണ് സൂചിപ്പിക്കുന്നത്. നോ: പെരിയപുരാണം