This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗണേശന്, ജമിനി ആര്.
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗണേശന്, ജമിനി ആര്.
Ganesan, Jemini R. (1925 - 2005)
തമിഴ് ചലച്ചിത്ര നടന്. 1925 ന. 17-ന് പുതുക്കോട്ടയില്‍ ജനിച്ചു. ആര്. ഗണേശന് എന്നാണ് യഥാര്‍ഥനാമം. കുറച്ചുകാലം മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ലക്ചററായിരുന്നു. നിര്‍മാതാവും സംവിധായകനുമായ കെ. രാമനാഥന്റെ കൂടെ ജമിനി സ്റ്റുഡിയോയില്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവായി പ്രവര്‍ത്തിച്ചുകൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് ജമിനിയില്ത്തന്നെ കഥാവിഭാഗത്തില്‍ പ്രവര്‍ത്തിച്ചു. 1946-ല്‍ പുറത്തിറങ്ങിയ 'മിസ് മാലിനി'യിലാണ് ആദ്യമായി അഭിനയിച്ചത്. ജമിനിയുടെ 'മൂന്നു പുത്രന്മാ'രില്‍ അഭിനയിച്ചതോടെയാണ് 'ജമിനി ഗണേശ'നായത്. ഇരുന്നൂറോളം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ആശാദീപം, പ്രൊഫസര്‍, കുമാരസംഭവം തുടങ്ങിയ ഏതാനും മലയാള ചിത്രങ്ങളും പെടുന്നു. ബോബ്ജിയാണ് ജമിനി ഗണേശന്റെ ആദ്യ ഭാര്യ. ചലച്ചിത്രനടി പുഷ്പവല്ലിയെ പിന്നീട് വിവാഹം കഴിച്ചു. ഈ ദാമ്പത്യത്തിലുണ്ടായ മകളാണ് ഹിന്ദി നടിയായ രേഖ. നടിയായ സാവിത്രിയാണ് മൂന്നാമത്തെ ഭാര്യ.
റൊമാന്റിക് വേഷങ്ങളിലാണ് ജമിനി ഗണേശന് കൂടുതല്‍ ശോഭിച്ചത്. മികച്ച അഭിനയപാടവം പ്രദര്‍ശിപ്പിച്ച ചിത്രങ്ങളാണ് 'കണവനേ കണ്‍കണ്ട ദൈവം', 'കര്‍പ്പകം', 'മിസ്സിയമ്മ', 'രാമു', 'കല്യാണപരിശ്', 'ചുമൈതാങ്കി' തുടങ്ങിയവ.
കാവിയതലൈവി എന്ന ചിത്രത്തിലെ അഭിനയത്തിന് 1970-ല്‍ തമിഴിലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 1971-ല്‍ പദ്മശ്രീയും തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാനിനി പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 2002-ല്‍ പുറത്തിറങ്ങിയ ജമിനിയാണ് അവസാന ചിത്രം. ഇദ്ദേഹം 2005 മാ. 25-ന് അന്തരിച്ചു.
(വിജയകൃഷ്ണന്; സ.പ.)