This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്കമീനിയന്‍ സാമ്രാജ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അക്കമീനിയന്‍ സാമ്രാജ്യം

Achaemenidae

ബി.സി. 6-ാം ശ.-ത്തിന്റെ മധ്യഘട്ടത്തില്‍ മഹാനായ സൈറസ് സ്ഥാപിച്ച പുരാതന പേര്‍ഷ്യന്‍ സാമ്രാജ്യം. ബി.സി. 7-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന അക്കാമെനിസില്‍ (ഹക്കാമെനിഷ്) നിന്നാണ് സാമ്രാജ്യത്തിന് ഈ പേര്‍ സിദ്ധിച്ചതെന്ന് കരുതപ്പെടുന്നു.

അക്കമീനിയന്‍ സാമ്രാജ്യം

ഈ സാമ്രാജ്യം അതിന്റെ സുവര്‍ണദശയില്‍ ഗ്രീസ് മുതല്‍ ഇന്ത്യവരെയും റഷ്യന്‍ തുര്‍ക്കിസ്താന്‍ മുതല്‍ ഉത്തര ഈജിപ്ത് വരെയും വ്യാപിച്ചിരുന്നു.

തെക്കു പടിഞ്ഞാറന്‍ പേര്‍ഷ്യയിലെ പര്‍വതപ്രദേശത്തുള്ള ഒരു ചെറിയ നാടുവാഴിയായിരുന്നു അക്കാമെനിസ്. മീഡിയയിലെ രാജാക്കന്മാരുടെ സാമന്തന്‍മാരായിട്ടാണ് അക്കാമെനിസും പിന്‍ഗാമികളും ഭരണം നടത്തിയത്. പേര്‍സിസ് എന്ന പ്രദേശംകൂടി അക്കാമെനിസിന്റെ പുത്രനായ ടേസ്പസ് അധീനമാക്കി. മഹാനായ സൈറസിന്റെ പ്രപിതാമഹനാണ് ടേസ്പസ്.

ഉദ്ഭവം. സൈറസ് (ബി.സി. 600-530) ഭരണം തുടങ്ങി (559) പത്തുവര്‍ഷത്തിനുള്ളില്‍ മീഡിയയിലെ രാജാവായ അസ്റ്റിയാഗസിനെ തോല്പിച്ച് (ബി.സി. 549) അദ്ദേഹം അവിടെ ആധിപത്യം സ്ഥാപിച്ചു. തുടര്‍ന്ന് ലിദിയ, കാല്‍ദിയ തുടങ്ങിയ പ്രദേശങ്ങളും അധീനമാക്കിക്കൊണ്ട് പേര്‍ഷ്യന്‍ സാമ്രാജ്യത്തിന് സൈറസ് അടിത്തറയിട്ടു. കി. ഇന്ത്യയുടെ അതിര്‍ത്തിവരെയുള്ള പ്രദേശങ്ങള്‍ അദ്ദേഹം പിടിച്ചടക്കി. ബി.സി. 530-ല്‍ സാമ്രാജ്യത്തിന്റെ വടക്കു കിഴക്കു ഭാഗത്തുവച്ചുണ്ടായ ഒരു ഏറ്റുമുട്ടലില്‍ സൈറസ് വധിക്കപ്പെട്ടു.

തുടര്‍ന്ന് അദ്ദേഹത്തിന്റെ പുത്രനായ കാംബീസസ് അധികാരത്തില്‍ വന്നു. 525-ല്‍ അദ്ദേഹം ഈജിപ്ത് അധീനമാക്കി. അതോടുകൂടി പേര്‍ഷ്യന്‍ സാമ്രാജ്യം നൈല്‍നദി മുതല്‍ ഈജിയന്‍ കടല്‍ വരെയും അവിടെ നിന്നു കിഴക്കോട്ട് ഇന്ത്യയുടെ അതിര്‍ത്തിവരെയും വ്യാപിച്ചു.

റസിന് കാംബീസസിനെ കൂടാതെ ബാര്‍ഡിസ് (സ്മെര്‍ഡിസ്) എന്ന മറ്റൊരു പുത്രന്‍ കൂടി ഉണ്ടായിരുന്നു. ഈജിപ്തിലേക്കു പുറപ്പെടുന്നതിനു മുമ്പ് കാംബീസസ് ഈ സഹോദരനെ വധിച്ചു. ഈജിപ്തില്‍ അദ്ദേഹത്തിന്റെ ദീര്‍ഘകാലത്തെ താമസത്തിനിടയ്ക്കു പേര്‍ഷ്യയില്‍ പല കുഴപ്പങ്ങളും ഉണ്ടായി. തന്മൂലം അസ്വസ്ഥനായിത്തീര്‍ന്ന കാംബീസസ് സിറിയയില്‍വച്ച് ബി.സി. 522-ല്‍ ആത്മഹത്യ ചെയ്തു.

വികസനം. കാംബീസസിനെ തുടര്‍ന്ന് അക്കമീനിയന്‍ വംശത്തില്‍പ്പെട്ട ദാരിയൂസ് (558-486) സിംഹാസനാരോഹണം ചെയ്തു (522). അദ്ദേഹത്തിന്റെ പിതാവ് പാര്‍ത്തിയയിലെ സത്രപ്പായ ഹിസ്റ്റാസ്പസ് (Hystaspes) ആയിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ രാജാവാകാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നതായി ചരിത്രകാരനായ ഹിറോഡോട്ടസ് അഭിപ്രായപ്പെടുന്നു. ദാരിയൂസ് കാംബീസസുമൊന്നിച്ച് ഈജിപ്തിലെ സൈനിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. കാംബീസസിന്റെ നിര്യാണത്തെ തുടര്‍ന്ന് സിംഹാസനം പിടിച്ചെടുത്ത സ്മെര്‍ഡിസിനെ പരാജയപ്പെടുത്തിയതിനുശേഷമാണ്, ദാരിയൂസ് അധികാരത്തില്‍ വന്നത്. അക്കമീനിയന്‍ സാമ്രാജ്യം ശരിയായ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ചത് ദാരിയൂസ് ആണ്. ബാബിലോണിയയും, ഈജിപ്തും അദ്ദേഹം തന്റെ നേരിട്ടുള്ള ഭരണത്തിന്‍കീഴിലാക്കി. സാമ്രാജ്യത്തിന്റെ ശേഷിച്ച ഭാഗങ്ങള്‍ 20 പ്രവിശ്യകളായി വിഭജിച്ചു. പ്രവിശ്യകള്‍ 'സത്രപ്പി' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പ്രവിശ്യകളില്‍ 'സത്രപ്പ്' (ക്ഷത്രപന്‍) എന്നറിയപ്പെടുന്ന രാജപ്രതിനിധികള്‍ ഭരണം നടത്തി. ചക്രവര്‍ത്തിയുടെ നിയന്ത്രണത്തിന് വിധേയരായിരുന്നു ഇവര്‍. ആഭ്യന്തര കാര്യങ്ങളില്‍ പ്രവിശ്യകള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. കപ്പം കൃത്യമായി കൊടുക്കുകയും പൊതുസൈന്യത്തിലേക്കു നിശ്ചിത സേനകളെ നല്‍കുകയും ചെയ്യുന്നവര്‍ക്കു മാത്രമേ ഈ ആനുകൂല്യം നല്‍കപ്പെട്ടിരുന്നുള്ളു. കരം ചിലപ്പോള്‍ സാധനങ്ങളായിട്ടാണ് നല്‍കിയിരുന്നത്. എന്നാല്‍ ലിഡിയ മാത്രം പണമായിട്ടുതന്നെ കപ്പം കൊടുത്തു. ഏതാണ്ട് ബി.സി. 600-ാമാണ്ട് മുതല്‍ തന്നെ അവിടെ നാണയത്തിന്റെ ഉപയോഗം സര്‍വസാധാരണമായിരുന്നു.

ദാരിയൂസിന്റെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പുത്രനായ സെര്‍ക്സിസ് (519-465) അധികാരത്തില്‍ വന്നു (486). ഈജിപ്തിലുണ്ടായ ഒരു ലഹള അമര്‍ച്ച ചെയ്തതിനുശേഷം 480-ല്‍ സെര്‍ക്സിസ് ഗ്രീസ് ആക്രമിക്കാനായി പുറപ്പെട്ടു. പേര്‍ഷ്യന്‍ ആക്രമണത്തെക്കുറിച്ച് ഗ്രീക്കുകാര്‍ക്കു മുന്നറിയിപ്പ് ലഭിച്ചിരുന്നു. 480. ആഗ. അവസാനത്തോടുകൂടി സെര്‍ക്സിസ് തെര്‍മോപെലി മലയിടുക്കില്‍ എത്തി. സ്പാര്‍ട്ടായിലെ ഭരണാധികാരികളില്‍ ഒരാളായ ലിയോണിദസിന്റെ നേതൃത്വത്തില്‍ ഗ്രീക്കുകാര്‍ പേര്‍ഷ്യാക്കാരുമായി ഏറ്റുമുട്ടി. ഈ യുദ്ധത്തില്‍ പേര്‍ഷ്യാക്കാര്‍ വിജയിച്ചു; ലിയോണിദസ് വധിക്കപ്പെട്ടു. വഴിയിലുള്ള പ്രദേശങ്ങളെല്ലാം നശിപ്പിച്ചുകൊണ്ട് പേര്‍ഷ്യന്‍ സൈന്യം ആഥന്‍സിലെത്തി. ആഥന്‍സ് നഗരം അവര്‍ കൊള്ളചെയ്യുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. എന്നാല്‍ സലാമിസ് ഉള്‍ക്കടലില്‍വച്ച് ആഥന്‍സിന്റെ നാവികപ്പട പേര്‍ഷ്യക്കാരെ നിശ്ശേഷം തോല്‍പ്പിച്ചു. താമസിയാതെ സെര്‍ക്സിസ് പേര്‍ഷ്യയിലേക്കു മടങ്ങി. ഗ്രീസിലെ സൈനിക നടപടികളുടെ ചുമതല അദ്ദേഹം തന്റെ സൈന്യാധിപന്മാരെ ഏല്‍പിച്ചു. എന്നാല്‍ അവര്‍ക്ക് അവിടെ ഒന്നും നേടാന്‍ സാധിച്ചില്ല. 479-ല്‍ പ്ളറ്റിയയിലെ കരയുദ്ധവും മൈക്കേലിലെ (Mycale) കടല്‍ യുദ്ധവും പേര്‍ഷ്യാക്കാരുടെ പരാജയത്തില്‍ കലാശിച്ചു. ഇതോടുകൂടി ഗ്രീസില്‍ നിന്നും പിന്മാറുവാന്‍ അവര്‍ നിര്‍ബന്ധിതരായി.

സെര്‍ക്സിസിനു ശേഷം. പേര്‍ഷ്യയിലെ തുടര്‍ന്നുള്ള സംഭവങ്ങള്‍ ഗൂഢാലോചനകളുടെയും കൊലപാതകങ്ങളുടെയും അധികാര മല്‍സരങ്ങളുടെയും ചരിത്രമാണ്. ബി.സി. 465-ല്‍ സെര്‍ക്സിസ് അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ വച്ച് വധിക്കപ്പെട്ടു. അപ്രാപ്തരായ ഏതാനും ഭരണാധികാരികളാണ് അദ്ദേഹത്തെ പിന്‍തുടര്‍ന്നത്. അവര്‍ ആര്‍ട്ടാസെര്‍ക്സിസ് ഒന്നാമന്‍, സെര്‍ക്സിസ് രണ്ടാമന്‍, സോഗ്ഡിയാനസ്, ദാരിയൂസ് രണ്ടാമന്‍, ആര്‍ട്ടാ സെര്‍ക്സിസ് രണ്ടാമന്‍, ആര്‍ട്ടാ സെര്‍ക്സിസ് മൂന്നാമന്‍, ആര്‍സിസ്, ദാരിയൂസ് മൂന്നാമന്‍ എന്നിവരാണ്.

അക്കമീനിയന്‍ സാമ്രാജ്യത്തിന്‍ തലസ്ഥാനനഗരിയായാരുന്ന പേര്‍സിപൊലിസിന്‍ അവശിഷ്ടങ്ങള്‍

ആര്‍ട്ടാ സെര്‍ക്സിസ് ഒന്നാമന്റെയും സെര്‍ക്സിസ് രണ്ടാമന്റെയും ദാരിയൂസ് രണ്ടാമന്റെയും കാലത്ത് അക്കമീനിയന്‍ സാമ്രാജ്യം ദ്രുതഗതിയില്‍ അധഃപതിച്ചു. ദാരിയൂസ് രണ്ടാമന്റെ മരണശേഷം അദ്ദേഹത്തിന്റെ മൂത്തപുത്രന്‍ ആര്‍ട്ടാസെര്‍ക്സിസ് രണ്ടാമന്‍ സിംഹാസനാരോഹണം ചെയ്തു. എന്നാല്‍ രാജമാതാവായ പാരിസാറ്റിസ് അവരുടെ ഇളയ പുത്രന്‍ സൈറസ് അധികാരത്തില്‍ വന്നുകാണുവാന്‍ ആഗ്രഹിച്ചു. 13,000 ഗ്രീക്കുപടയാളികളുടെ സഹായത്തോടുകൂടി സൈറസ് സഹോദരനെ എതിര്‍ത്തെങ്കിലും ബി.സി. 401-ല്‍ കുനാക്സ യുദ്ധത്തില്‍ സൈറസ് വധിക്കപ്പെട്ടു.

അവസാനത്തെ പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായ ദാരിയൂസ് മൂന്നാമനെ മഹാനായ അലക്സാണ്ടര്‍ പല യുദ്ധങ്ങളിലും തോല്‍പിച്ചു. ബി.സി. 333-ല്‍ ഇസസ് യുദ്ധത്തില്‍ അലക്സാണ്ടര്‍ ദാരിയൂസിനെ യുദ്ധക്കളത്തില്‍നിന്ന് തോല്‍പ്പിച്ചോടിച്ചു. പലായനം ചെയ്ത ശത്രുവിനെ പിന്‍തുടരാതെ അലക്സാണ്ടര്‍, സിറിയ, ഈജിപ്ത് എന്നീ പ്രദേശങ്ങള്‍ കീഴ്പ്പെടുത്തി. അതിനുശേഷം പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യകള്‍ അദ്ദേഹം അധീനമാക്കാന്‍ ശ്രമിച്ചു. ബി.സി. 331-ലെ അര്‍ബേലാ യുദ്ധം പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ വിധി നിര്‍ണയിച്ചു. ദാരിയൂസ് മീഡിയയിലെ പര്‍വതപ്രദേശങ്ങളിലേക്ക് ഓടി രക്ഷപ്പെട്ടു. ബാബിലോണിയ അലക്സാണ്ടര്‍ക്ക് കീഴടങ്ങി. തുടര്‍ന്ന് അലക്സാണ്ടര്‍ പേര്‍ഷ്യന്‍ രാജാക്കന്മാരുടെ വേനല്‍ക്കാല തലസ്ഥാനമായ സൂസാ നഗരം കൈവശപ്പെടുത്തി. പേര്‍ഷ്യന്‍ ചക്രവര്‍ത്തിയുടെ വിലയേറിയ ഈടുവയ്പ്പുകള്‍ അലക്സാണ്ടര്‍ക്ക് അധീനമായി.

അലക്സാണ്ടര്‍ കിഴക്കോട്ടു പ്രയാണം തുടര്‍ന്നു. സാമ്രാജ്യത്തിന്റെ തലസ്ഥാനമായ പേര്‍സിപൊലിസ് അദ്ദേഹം കീഴടക്കി. അവിടെയും, സൈറസിന്റെ ആദ്യകാലത്തെ തലസ്ഥാനമായിരുന്ന പാസര്‍ഗാഡേയിലും ഉണ്ടായിരുന്ന സമ്പത്തുകളെല്ലാം അലക്സാണ്ടര്‍ക്ക് അധീനമായി.

പതനം. ഇക്കാലമത്രയും ദാരിയൂസ് മീഡിയയുടെ തലസ്ഥാനമായ എക്ബട്ടാനയില്‍ ആയിരുന്നു. അലക്സാണ്ടറുടെ വരവോടുകൂടി അദ്ദേഹം കിഴക്കോട്ടു പലായനം ചെയ്തു (ബി.സി. 330). അങ്ങനെ പേര്‍ഷ്യന്‍ ചക്രവര്‍ത്തിയുടെ അവസാനത്തെ അഭയകേന്ദ്രവും അലക്സാണ്ടര്‍ക്ക് അധീനമായി. ഇതിനിടയില്‍ ഒരു ഗൂഢാലോചനയുടെ ഫലമായി ദാരിയൂസ് വധിക്കപ്പെട്ടു. പേര്‍സിപൊലിസിലുള്ള ദാരിയൂസ് മൂന്നാമന്റെ മൃതദേഹം സംസ്കരിക്കപ്പെട്ടു. ഇതോടുകൂടി ഏകദേശം രണ്ടു നൂറ്റാണ്ടിലേറെ നിലനിന്ന അക്കമീനിയന്‍ സാമ്രാജ്യം നാമാവശേഷമായി.

അക്കമീനിയന്‍ രാജാക്കന്മാര്‍

പേര് ഭരണകാലം

സൈറസ് ബി.സി. 559--530

കാംബീസസ് 530--522

സ്മെര്‍ഡിസ് 522

ദാരിയൂസ് I 522--486

സെര്‍ക്സിസ് I 486--465

ആര്‍ട്ടാ സെര്‍ക്സിസ് I ' '465--424

സെര്‍ക്സിസ് II, സെസിഡിയാനസ് 424--423

(സോഗ്ഡിയാനസ്)

ദാരിയൂസ് II 423--404

ആര്‍ട്ടാ സെര്‍ക്സിസ് II 404--358

ആര്‍ട്ടാ സെര്‍ക്സിസ് III 358--338

ആര്‍സിസ് 338--336

ദാരിയൂസ് III 336--330


സംസ്കാരികനില. അക്കമീനിയന്‍ സാമ്രാജ്യം ലോകസംസ്കാരത്തിന് പല സംഭാവനകളും നല്‍കിയിട്ടുണ്ട്. പുരാതന പേര്‍ഷ്യക്കാരുടെ ആരാധനാക്രമങ്ങളില്‍ പ്രകൃതിശക്തികള്‍ക്ക് ഈശ്വരത്വം കല്പിച്ചിരുന്നു. മൃഗബലിയും സര്‍വസാധാരണമായിരുന്നു. 'മാഗി' എന്നറിയപ്പെടുന്ന പുരോഹിതവര്‍ഗം ആരാധകരുടെയും ഈശ്വരന്‍മാരുടെയും ഇടയ്ക്ക് മധ്യവര്‍ത്തികളായി പെരുമാറി. ബി.സി. 7-ാം ശ.-ത്തില്‍ ജീവിച്ച സൊറാസ്റ്റര്‍, മാഗികളുടെ മതവിശ്വാസങ്ങളില്‍ പല മാറ്റങ്ങളും വരുത്തി അവ പരിഷ്കരിച്ചു. സൊരാസ്ട്രിയന്‍മതം അക്കമീനിയന്‍ സാമ്രാജ്യത്തില്‍ പൂര്‍ണമായി അംഗീകൃതമായില്ലെങ്കിലും അത് സാമാന്യം സുശക്തമായി അക്കാലത്തുതന്നെ വ്യാപിക്കാന്‍ തുടങ്ങി. അവിടെ മതസ്വാതന്ത്യ്രം അനുവദിച്ചിരുന്നു.

ഒരു വിദേശ പ്രതിനിധി അക്കമീനിയന്‍ ചക്രവര്‍ത്തി ദാരിയൂസിന് അഭിവാദനങ്ങള്‍ അര്‍പ്പിക്കുന്നു.(ശില്പം)


അക്കമീനിയന്‍ ചക്രവര്‍ത്തിമാര്‍ സാഹിത്യാദി കലകളെയും ശില്‍പ്പകലകളെയും പ്രോല്‍സാഹിപ്പിച്ചു. പേര്‍സിപ്പൊലിസിലുള്ള ശില്‍പ്പവേലകള്‍ പേര്‍ഷ്യന്‍ ശില്‍പ്പകലയ്ക്ക് ഉത്തമോദാഹരണമാണ്. ക്യൂനിഫോമില്‍ എഴുതിയിട്ടുള്ള സാഹിത്യമാണ് അക്കാലത്ത് പ്രചരിച്ചിരുന്നത്. ലേഖനവിദ്യ സാമ്രാജ്യത്തിന്റെ വിദൂര പ്രവിശ്യകളിലും പ്രചരിച്ചു. സാമ്രാജ്യത്തിലുടനീളം റോഡുകള്‍ നിര്‍മിച്ചിരുന്നു. സന്ദേശവാഹകന്മാര്‍ മുഖേനയുള്ള വാര്‍ത്താവിനിമയ സമ്പ്രദായം നിലവിലിരുന്നു. അരാമിക് ഭാഷയാണ് അവിടെ പ്രയോഗത്തിലിരുന്നത്. ഈ സാമ്രാജ്യത്തിന്റെ 2500-ാം വാര്‍ഷികം 1971-ല്‍ ഇറാനില്‍ സാഘോഷം കൊണ്ടാടി. നോ: കാംബീസസ്, പേര്‍ഷ്യന്‍ ചരിത്രം, ദാരിയൂസ്, സൈറസ്

(എസ്. ഭാരതി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍