This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗാട്ട്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗാട്ട്
GATT
ഒരു അന്താരാഷ്ട്ര വ്യാപാര ഉടമ്പടി. ജനറല്‍ എഗ്രിമെന്റ് ഓണ്‍ താരിഫ്സ് ആന്‍ഡ് ട്രേഡ് (General Agreement on Tariffs and Trade) 'ഗാട്ട്' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നു. ജനീവയായിരുന്നു ഇതിന്റെ ആസ്ഥാനം. 1946-ല്‍ അന്താരാഷ്ട്ര നാണയനിധിയും ലോകബാങ്കും സ്ഥാപിതമായപ്പോള്‍ അന്താരാഷ്ട്ര സഹകരണം ഉറപ്പുവരുത്തുന്നതിനുവേണ്ടി ഒരു സംഘടനകൂടി സ്ഥാപിക്കേണ്ടത് ആവശ്യമാണെന്ന അഭിപ്രായമുണ്ടായി. അതനുസരിച്ച് 1947-ല്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ഓര്‍ഗനൈസേഷന്‍ രൂപീകരിക്കുവാനുള്ള തീരുമാനമെടുത്തെങ്കിലും യു.എസ്സിന്റെയും ഇംഗ്ലണ്ടിന്റെയും എതിര്‍പ്പു നിമിത്തം അത് രൂപം കൊണ്ടില്ല. അതിനിടയ്ക്ക് 1947-ല്‍ 23 രാഷ്ട്രങ്ങള്‍ ജനീവയില്‍ സമ്മേളിച്ച് താരിഫുകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി ഗാട്ട് ഉടമ്പടി തയ്യാറാക്കുകയും അത് 1948 ജനു. 1-ന് പ്രാബല്യത്തില്‍ വരികയും ചെയ്തു. ഇപ്പോള്‍ ലോകവാണിജ്യത്തിന്റെ സിംഹഭാഗം ഉള്‍ക്കൊള്ളുന്ന 90 രാഷ്ട്രങ്ങള്‍ ഗാട്ടില്‍ അംഗങ്ങളാണ്. വാണിജ്യനയത്തിന്റെ മണ്ഡലത്തിലുള്ള അവകാശങ്ങളും ഉത്തരവാദിത്തങ്ങളും വ്യവസ്ഥചെയ്യുന്ന ഈ അന്താരാഷ്ട്ര ഉടമ്പടിയുടെ പ്രധാനലക്ഷ്യം വ്യാപാരത്തില്‍ വിവേചനപരമായ നടപടികള്‍ ഒഴിവാക്കുകയും താരിഫു തുടങ്ങിയ തടസ്സങ്ങള്‍ ലഘൂകരിക്കുകയും ചെയ്യുവാനുതകുന്ന കരാറുകള്‍ വഴി അന്താരാഷ്ട്രവ്യാപാരം വിപുലപ്പെടുത്തുക എന്നതായിരുന്നു. താരിഫ്നിരക്കുകളെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതല്‍ ആനുകൂല്യം ലഭിക്കുന്ന ഒരു രാഷ്ട്രത്തിനു കിട്ടുന്ന ആനുകൂല്യം ഗാട്ടില്‍പ്പെട്ട മറ്റെല്ലാ രാഷ്ട്രങ്ങള്‍ക്കും അവകാശപ്പെട്ടതാണ് എന്ന നിബന്ധനയായിരുന്നു ഗാട്ടിന്റെ അടിസ്ഥാനശില. അന്താരാഷ്ട്ര തടസ്സങ്ങള്‍ നീക്കുക, വ്യാപാര രംഗത്തുള്ള വിവേചനം അവസാനിപ്പിക്കുക, വ്യാപാരത്തിലുണ്ടാകുന്ന അനീതികള്‍ ഇല്ലാതാക്കുക എന്നിവയ്ക്കു ഗാട്ട് ശ്രമിക്കുകയുണ്ടായി. താരിഫുകള്‍ വ്യാപാരതടസ്സം സൃഷ്ടിക്കുന്നതുകൊണ്ട് അംഗരാഷ്ട്രങ്ങള്‍ വ്യാപാരസന്ധികള്‍മൂലം താരിഫുകള്‍ വെട്ടിക്കുറയ്ക്കുവാന്‍ സമ്മതിച്ചു. ഇപ്രകാരമുള്ള നിരവധി ഒത്തുതീര്‍പ്പുകള്‍ ഗാട്ടിന്റെ ആഭിമുഖ്യത്തില്‍ ഉണ്ടാക്കുവാന്‍ കഴിഞ്ഞു. 1962-ല്‍ ആരംഭിച്ച ഗാട്ടിന്റെ കെന്നഡിറൗണ്ട് കൂടിയാലോചനകള്‍ (ഈ സമ്മേളനത്തിന് മുന്‍കൈയെടുത്തത് യു.എസ്. പ്രസിഡന്റ് കെന്നഡിയായിരുന്നു) ഇതിനുദാഹരണമാണ്. 1962 ഒക്ടോബറിലെ യു.എസ്സിലെ വ്യാപാരവികസന ആക്റ്റ് താരിഫില്‍ 50 ശതമാനം വരെ കുറവു വരുത്താനുള്ള അധികാരം യു.എസ്. പ്രസിഡന്റിനു നല്കി. കെന്നഡി റൗണ്ട് കൂടിയോലോചനകള്‍ സമാപിച്ചപ്പോള്‍ (1967 ജൂണ്‍) താരിഫില്‍ 50 ശതമാനം കുറവ് വരുത്താമെന്ന് ഇന്ത്യ ഉള്‍പ്പെടെ 46 രാഷ്ട്രങ്ങള്‍ സമ്മതിച്ചു. ഉത്പാദനത്തില്‍ വളരെയേറെ വര്‍ധനവുണ്ടാക്കാന്‍ കഴിവുള്ളവയും സാമ്പത്തികമായി വികാസം പ്രാപിച്ചവയുമായ രാജ്യങ്ങള്‍ക്കാണ് ഈ സമ്മേളനത്തിന്റെ തീരുമാനങ്ങള്‍ കൂടുതല്‍ പ്രയോജനം നല്കിയത്.
വികസ്വരരാജ്യങ്ങള്‍ക്ക് അവയുടെ വളര്‍ന്നുവരുന്ന വ്യവസായങ്ങള്‍ക്കു പല പ്രകാരത്തിലും സംരക്ഷണം നല്കേണ്ടതുണ്ട്. അതിനാല്‍ ഈ രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കില്‍ത്തന്നെ താരിപ്പുകള്‍ നിലനിര്‍ത്തേണ്ടിവരും. അവികസിതരാജ്യങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കിയ ഗാട്ട് അവയുടെ വികസനപരിപാടിയില്‍ ചേര്‍ക്കപ്പെട്ടിരുന്ന ഉത്പന്നങ്ങളുടെ മേല്‍ ചുമത്തിയിരുന്ന താരിഫുകളില്‍ കുറവു വരുത്തണമെന്ന് നിര്‍ബന്ധിച്ചിരുന്നില്ല. 1965-ല്‍ ചേര്‍ക്കപ്പെട്ട വകുപ്പുപ്രകാരം വികസ്വരരാജ്യങ്ങള്‍ക്ക് ചില പ്രത്യേക ആനുകൂല്യങ്ങള്‍ ഉറപ്പു ചെയ്യപ്പെട്ടു. ഇതനുസരിച്ച് വികസ്വര രാജ്യങ്ങളുടെ നിര്‍മിത വസ്തുക്കള്‍ക്കു വിപണി ലഭിക്കുവാന്‍ ഉതകുമാറ് അവയില്‍ നിന്നുള്ള ഇറക്കുമതികളുടെ മേല്‍ പുതിയ താരിഫോ മറ്റു നിയന്ത്രണങ്ങളോ ചുമത്തരുതെന്ന് വികസിത രാജ്യങ്ങളോടു ശിപാര്‍ശചെയ്തു. തങ്ങള്‍ക്കു ലഭിക്കുന്ന ഇത്തരം സൗജന്യങ്ങള്‍ക്കു പകരം എന്തെങ്കിലും സൗജന്യങ്ങള്‍ ചെയ്യുവാന്‍ വികസ്വര രാഷ്ട്രങ്ങള്‍ ബാധ്യസ്ഥമല്ലെന്നും വ്യക്തമാക്കപ്പെട്ടു. ഇന്ത്യയ്ക്ക് താരിഫ് സൗജന്യങ്ങള്‍ സ്വീകരിക്കുന്നതോടൊപ്പം സ്വന്തം വ്യവസായങ്ങളുടെ സംരക്ഷണത്തിനായി ഇറക്കുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന നയം തുടര്‍ന്നുകൊണ്ടുപോകാനും ഈ വകുപ്പ് സഹായകമായി.
ഗാട്ടിന്റെ ഉറുഗ്വേ സമ്മേളനം 1986-94 വരെ തുടര്‍ന്നു. സേവനമേഖലകളില്‍ മൂലധനം, ബൌദ്ധിക സ്വത്തവകാശം, ടെക്സ്റ്റെല്‍സ്, കൃഷി തുടങ്ങിയ പുതിയ മേഖലകളെക്കൂടി ഗാട്ടിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ 'ഉറുഗ്വേ റൌണ്ട്' തീരുമാനമെടുത്തു. 123 രാജ്യങ്ങള്‍ ഇതില്‍ പങ്കെടുക്കുകയുണ്ടായി. വികസ്വരരാജ്യങ്ങള്‍ സജീവമായി ഇടപെട്ട ഒരു സമ്മേളനവും ഇതായിരുന്നു. എന്നാല്‍ വികസ്വരരാജ്യങ്ങളിലെ കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്ന പല ശുപാര്‍ശകളും സമ്മേളനത്തില്‍ ഉയര്‍ന്നുവരികയുണ്ടായി.
യൂറോപ്യന്‍ സമൂഹത്തില്‍പ്പെട്ട 75 രാജ്യങ്ങള്‍ ചേര്‍ന്ന് 1991 ജനു.1 ന് ലോകവ്യാപാര സംഘടന (WTO) യ്ക്ക് രൂപംനല്കിയതോടെ ഗാട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകവ്യാപാരസംഘടനയ്ക്ക് വഴിമാറപ്പെട്ടു. ലോകവ്യാപാര സംഘടനയുടെ കീഴില്‍ ഗാട്ടിന്റെ യഥാര്‍ഥ അന്തഃസത്ത (GATT 1958) 1994-ലെ ഗാട്ട് തീരുമാനങ്ങള്‍ പ്രകാരം ഇന്നും പ്രസക്തമാണ്. നോ: ലോകവ്യാപാര സംഘടന
(എസ്. കൃഷ്ണയ്യര്‍., സ.പ.)