This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാന്ധാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗാന്ധാരം

കാബൂള്‍ മുതല്‍ സിന്ധുവരെ വ്യാപിച്ചു കിടന്നിരുന്ന പ്രാചീനരാജ്യം. പുരാണപ്രസിദ്ധമായ ഈ രാജ്യം സ്ഥാപിച്ചത് നാഗരാജാക്കന്മാരാണെന്ന് ഐതിഹ്യം ഉദ്ഘോഷിക്കുന്നു. നാഗരാജാവായ തക്ഷകന്റെ ഭരണത്തെത്തുടര്‍ന്നാണ് തക്ഷശില എന്ന നഗരം ഉണ്ടായതെന്നു വിശ്വാസം. ഗാന്ധാരരാജ്യത്തിന്റെ തലസ്ഥാനമായ പുഷ്കലാവര്‍ത്തി സ്ഥാപിച്ചത് ഭരതപുത്രനായ പുഷ്കലന്‍ ആണെന്നു കരുതപ്പെടുന്നു. ഈ രാജ്യം വാണിരുന്ന സുബലന്റെ പുത്രിയാണ് ധൃതരാഷ്ട്രപത്നിയായ ഗാന്ധാരി. അഗ്നിപുരാണത്തില്‍ ഗാന്ധാരദേശക്കാര്‍ക്കും ദ്രാവിഡര്‍ക്കും തമ്മില്‍ ബന്ധമുള്ളതായി പറയുന്നുണ്ട്. വിഷ്ണുവിന്റെ വംശാവലിയിലെ ഗാന്ധാരനില്‍ നിന്നാണ് ഗാന്ധാരന്‍, കേരളര്‍, ചോളര്‍, പാണ്ഡ്യര്‍, കോലര്‍ എന്നിങ്ങനെ അഞ്ചുദേശക്കാരുണ്ടായതത്രെ.

പുരാതനകാലം മുതലേ ചരിത്രപ്രസിദ്ധമാണ് ഗാന്ധാരം. പേര്‍ഷ്യന്‍ അധീനത്തിലാവുന്നതിനുമുമ്പു തന്നെ മംഗോളിയന്മാര്‍, ആര്യന്മാര്‍, സ്കിതീയന്മാര്‍ തുടങ്ങിയ വര്‍ഗക്കാര്‍ ഇവിടെ കുടിയേറിയിരുന്നു. പിന്നീട് ബാക്ട്രിയന്മാരും പാര്‍ത്തിയന്മാരും കുശന്മാരും ശകന്മാരും ഹൂണന്മാരും ഓരോ കാലഘട്ടത്തില്‍ ഈ സ്ഥലം ആക്രമിച്ച് അധീനപ്പെടുത്തി. മെസൊപ്പൊട്ടേമിയന്‍, സൊറാസ്ട്രിയന്‍, ബൌദ്ധ, ഗ്രീക്ക്, മധ്യേഷ്യന്‍, ഹിന്ദു, ചൈനീസ്, ജ്യൂവിഷ്, ഹീബ്രു സംസ്കാരങ്ങളുടെ സംസ്ലേഷണത്തിനുള്ള കേന്ദ്രസ്ഥാനമായും ഗാന്ധാരം വര്‍ത്തിക്കുകയുണ്ടായി.

ബുദ്ധമതത്തിനായിരുന്നു ഗാന്ധാരത്തില്‍ കൂടുതല്‍ പ്രചാരം. ഹിന്ദുക്കള്‍ ദൈവങ്ങള്‍ക്കു മര്‍ത്ത്യരൂപം നല്കി ആരാധിക്കുന്ന പതിവ് അലക്സാണ്ടറുടെ കാലത്തിനു മുമ്പുതന്നെ ഉണ്ടെങ്കിലും ബുദ്ധമതാനുയായികള്‍ ബുദ്ധന് മനുഷ്യരൂപം നല്കി ഉപാസിക്കാന്‍ തുടങ്ങുന്നത് ഗാന്ധാരത്തിലാണ്.

ഗാന്ധാരത്തിലെ ചിത്രശില്പകലാപാരമ്പര്യങ്ങള്‍ക്ക് ഗ്രീക്കു സംസ്കാരത്തോടാണ് കൂടുതല്‍ ബന്ധം. തക്ഷശില, പെഷവാര്‍, ബാമിയന്‍, ജലാലാബാദ്, ഹദ്ദ തുടങ്ങിയ കലാകേന്ദ്രങ്ങളില്‍ പലവട്ടമുണ്ടായ ആക്രമണത്തിനുശേഷവും അവശേഷിക്കുന്ന കലാസൃഷ്ടികള്‍ ഈ വസ്തുതയ്ക്ക് സാക്ഷ്യംവഹിക്കുന്നു.

ഗാന്ധാരത്തിന്റെ ഏറ്റവും മഹത്തായ സംഭാവന വിദ്യാഭ്യാസ വിഷയത്തിലാണ്. ഗ്രീസ് മുതല്‍ പടിഞ്ഞാറന്‍ ചൈനവരെയും റഷ്യമുതല്‍ ബംഗാള്‍ ഉള്‍ക്കടല്‍വരെയും വ്യാപിച്ചു കിടന്നിരുന്ന വിവിധ സംസ്കാരങ്ങളുടെ പഠനകേന്ദ്രമായി നൂറ്റാണ്ടുകള്‍ പ്രവര്‍ത്തിച്ച തക്ഷശില സര്‍വകലാശാല രാമായണ-മഹാഭാരതങ്ങളില്‍ സൂചിതമായിട്ടുണ്ട്. ഗാന്ധാരത്തിലെ ഒരു രാജാവ് വേദാധ്യാപകനാണെന്ന് ഐതരേയ ബ്രാഹ്മണം രേഖപ്പെടുത്തുന്നു. ജാതിമതവര്‍ഗഭേദമില്ലാതെ വിജ്ഞാനത്തിന്റെ പതിനെട്ടുശാഖകളിലുമുള്ള പഠനങ്ങള്‍ക്ക് ഇവിടെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്കിയിരുന്നു. പാണിനി, പതഞ്ജലി, ആത്രേയന്‍, ജീവകന്‍, കൗടല്യന്‍, അസങ്ഗന്‍, വസുബന്ധു, അമരസിംഹന്‍ എന്നീ മഹത്തുക്കള്‍ ഗാന്ധാരത്തില്‍നിന്ന് വന്നവരോ തക്ഷശിലയില്‍ അധ്യായനം നടത്തിയവരോ ആണ്.

അഫ്ഗാനിസ്താനിലെ ഒരു പ്രവിശ്യയ്ക്കും അതിന്റെ ആസ്ഥാനനഗരിക്കും ഗാന്ധാരം എന്നു പേരുണ്ട്. കന്ദഹാര്‍ എന്നറിയപ്പെടുന്ന ഈ പ്രദേശം ബി.സി. 329-ല്‍ അലക്സാണ്ടര്‍ കീഴടക്കി. ബി.സി.305-ല്‍ ഇവിടം ചന്ദ്രഗുപ്തമൗര്യന്റെ ഭരണത്തിന് അധീനപ്പെട്ടു. അശോകസാമ്രാജ്യത്തിന്റെ ഭാഗമായിത്തീര്‍ന്ന കന്ദഹാര്‍ പില്ക്കാലത്ത് അറബികളുടെ ശക്തികേന്ദ്രമായി. അശോകന്‍, ബാബര്‍, അക്ബര്‍ എന്നിവരുടെ ശിലാശാസനങ്ങള്‍ ഇവിടെ നിന്നു കണ്ടുകിട്ടിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍