This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗില്യെന്‍, ജോര്‍ജ് ഇ അല്വാരിസ് (1893 - 1984)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗില്യെന്‍, ജോര്‍ജ് ഇ അല്വാരിസ് (1893 - 1984)

Guillen, Jorge E. Alvarez

സ്പാനിഷ് കവിയും സാഹിത്യകാരനും. 1893 ജനു. 18-നു വാലഡോലിഡ് പട്ടണത്തില്‍ ജനിച്ച ഗില്യെന്‍ സ്വിറ്റ്സര്‍ലന്‍ഡ്, മാഡ്രിഡ്, ഗ്രനഡ, ജര്‍മനി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സോര്‍ബോണ്‍ സര്‍വകലാശാലയില്‍ അധ്യാപകനായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു (1917). തന്റെ പ്രസിദ്ധമായ ക്യാന്റിക്കോ എന്ന കൃതിയുടെ ആദ്യഭാഗം (75 കവിതകള്‍) 1928-ല്‍ പ്രസിദ്ധീകരിച്ചു. 1936-ല്‍ ഇതിന്റെ രണ്ടാം ഭാഗവും 1945-ല്‍ മൂന്നാം ഭാഗവും പ്രകാശിതമായി. ഗില്യെന്‍ 1950-ല്‍ 334 ലഘുകവിതകളുടെ സമാഹാരമായ ക്യാന്റിക്കോയുടെ പൂര്‍ണരൂപം പ്രസിദ്ധീകരിക്കുകയുണ്ടായി. നിരീശ്വരവാദത്തിന്റെ അലകള്‍ ആഞ്ഞടിച്ചപ്പോഴും അമാനുഷികതയുടെ അതിഭാവുകത്വത്തിലേക്കു കടക്കാതെ ഉണ്മയുടെ ഗായകനായി മാറാന്‍ ഗില്യെനു കഴിഞ്ഞു. ക്യാന്റിക്കോ ഈ വഴിക്കുള്ള ശ്രദ്ധേയമായ സംഭാവനയാണ്. പ്രാസദീക്ഷയിലും ഭാവഗൌരവം കാത്തുസൂക്ഷിക്കുന്നതിലും ശ്രദ്ധിക്കുന്ന ഗില്യെന്‍ മനുഷ്യ സ്നേഹത്തിന്റെ ഗാഥാകാരനായും പ്രത്യക്ഷപ്പെടാറുണ്ട്. പാരമ്പര്യത്തിലധിഷ്ഠിതമാണെങ്കിലും ആത്മഭാവത്തിന്റെ തനിമയുള്ള കവി എന്നു ഗില്യെനെ വിശേഷിപ്പിക്കാം. രചനയില്‍ സ്വീകരിക്കുന്ന ബിംബങ്ങളും പ്രതിരൂപങ്ങളും പലപ്പോഴും ധൈഷണിക ഭാവം ഏറിയതാകയാല്‍ സാധാരണക്കാര്‍ക്കു അപ്രാപ്യമായിരുന്നു.

അസ്തിത്വത്തിന്റെ ഇരുണ്ടവശങ്ങള്‍ പ്രതിപാദിക്കുന്ന ക്ലാമര്‍ (മൂന്ന് ഭാഗങ്ങള്‍) ഗില്യെന്റെ മറ്റൊരു ശ്രേഷ്ഠരചനയാണ്. അസ്തിത്വത്തിന്റെ അര്‍ഥപൂര്‍ണമായ പ്രതിപാദ്യവും പ്രത്യാശാഭരിതമായ ജീവിതത്തെക്കുറിച്ചുള്ള അചഞ്ചലമായ വിശ്വാസവും കൊണ്ട് സമ്പന്നമായ കവിതകളാണ് ഗില്യെന്റേത്. വളരെയധികം അവാര്‍ഡുകളും ബഹുമതിപത്രങ്ങളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഇറ്റലിയിലായിരുന്നു സ്ഥിരതാമസമെങ്കിലും യു.എസ്സിലാണു അധികകാലവും ചെലവഴിച്ചത്. ദ പോയട്രി ഒഫ് ജോര്‍ജ് ഗില്യെന്‍ (ഫ്രാന്‍സിസ് പ്ളീക്), ലൂമിനസ് റിയാലിറ്റി (ഐവര്‍ ഇവാസ്ക്, ജുവാന്‍ മരിക്കാല്‍) എന്നിവ ഗില്യെനെക്കുറിച്ചുള്ള ആധികാരിക പഠനഗ്രന്ഥങ്ങളാണ്. 1984 ഫെ. 6-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍