This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗില്‍ഗമേഷ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗില്‍ഗമേഷ്
Gilmesh
മെസപ്പൊട്ടേമിയന്‍ ഇതിഹാസകാവ്യം. അക്കേദിയന്‍ ഭാഷയിലുള്ള ഈ പുരാതന കാവ്യത്തിന് ഋഗ്വേദത്തോളം പഴക്കമുണ്ടെന്നു വിശ്വസിക്കപ്പെടുന്നു.
അമാനുഷിക സിദ്ധികളുള്ള, മരിക്കാന്‍ ഇഷ്ടപ്പെടാത്ത ഗില്‍ഗമേഷ് എന്ന രാജാവിന്റെ സാഹസികവൃത്തികളുടെ സമാഹാരമായി ഈ ഗ്രന്ഥത്തെ കണക്കാക്കാം. ലോകസാഹിത്യത്തില്‍ പല പ്രകാരേണ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള പ്രളയകഥ ഈ ഗ്രന്ഥത്തിലും പ്രതിപാദിച്ചിട്ടുണ്ട്.
ആഷൂര്‍ ബാനിപാലി(ബി.സി. 655-630)ന്റെ നിനവെയിലെ ലൈബ്രറിയില്‍ നിന്നു കണ്ടെടുത്ത അപൂര്‍ണങ്ങളായ 12 കളിമണ്‍ ഫലകങ്ങളില്‍ നിന്നാണ് ഈ കാവ്യത്തിന്റെ പൂര്‍ണ രൂപം ലഭിച്ചത്. മെസപ്പൊട്ടേമിയ, അനത്തൊളിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു കിട്ടിയ ഫലകങ്ങളുടെ ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് കാവ്യത്തിന്റെ വിട്ടുപോയ കണ്ണികള്‍ പൂര്‍ത്തീകരിച്ചത്.
പ്രാചീന പൗരസ്ത്യദേശത്തെ എല്ലാ രാജ്യങ്ങളുടെയും സംസ്കാരവിശേഷങ്ങളുടെ ഒരു ഭാഗമായിരുന്നു ഗില്‍ഗമേഷ് മഹാകാവ്യമെന്നു പിന്നീടുണ്ടായ പഠനങ്ങള്‍ തെളിയിച്ചു. ആ ഷൂര്‍ ബാനിപാലിന്റെ രാജധാനിയിലെയും അന്നത്തെ നയതന്ത്രലോകത്തിലെയും ഭാഷ (അക്കേദിയന്‍) യിലാണ് ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നത്. യൂഫ്രട്ടീസ് നദീതീരത്തു സ്ഥിതിചെയ്തിരുന്ന ബാബിലോണിയയിലെ പ്രഖ്യാത രാജാവായ ഹമുറാബിയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഗില്‍ഗമേഷിന്റെ വേറൊരു പകര്‍പ്പും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.
കാവ്യത്തില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന ഗില്‍ഗമേഷ്, മെസപ്പൊട്ടേമിയയുടെ തെ.ഭാഗത്തുള്ള ഉറുക്ക് (Uruk) എന്ന രാജ്യം ഭരിച്ചിരുന്ന രാജാവായിരുന്നിരിക്കണം. പ്രളയത്തിനുശേഷം ഉറുക്ക് ഭരിച്ചിരുന്ന സുമേറിയന്‍ രാജാക്കന്മാരുടെ പട്ടികയില്‍ ഗില്‍ഗമേഷിനെക്കുറിച്ച് പരാമര്‍ശമുണ്ട്.
അദ്ഭുതപരാക്രമിയും സര്‍വജ്ഞനുമായ ഗില്‍ഗമേഷിനെ പ്രശംസിച്ചുകൊണ്ടുള്ള നാന്ദിയോടെ കാവ്യം ആരംഭിക്കുന്നു. ഗില്‍ഗമേഷിന്റെ കിരാതഭരണം ദുസ്സഹമായപ്പോള്‍ അതിനൊരറുതിവരുത്തുന്നതിനായി അനുദേവന്‍ എന്‍കിഡുവിനെ സൃഷ്ടിച്ചു. വനാന്തരങ്ങളില്‍ മൃഗങ്ങളോടൊത്തു ജീവിച്ചിരുന്ന എന്‍കിഡു നഗരജീവിതത്തിലേക്കു തിരിയുകയും ഉറുക്കിനെ ലക്ഷ്യമാക്കി നീങ്ങുകയും ചെയ്യുന്നു. അവിടെ നടന്ന ഏറ്റുമുട്ടലില്‍ ഗില്‍ഗമേഷ് വിജയിച്ചു. അതോടെ എന്‍കിഡു ഇദ്ദേഹത്തിന്റെ സുഹൃത്തായിത്തീരുന്നു. തുടര്‍ന്ന് ഗില്‍ഗമേഷും എന്‍കിഡുവും ചേര്‍ന്ന് 'ഹുംബാബാ' എന്ന ദേവ വനപാലകനുമായി ഏറ്റുമുട്ടുന്നു. ഉറുക്കില്‍ മടങ്ങിയെത്തിയ ഗില്‍ഗമേഷ് പ്രേമത്തിന്റെ അതിദേവതയായ ഇഷ്താറിന്റെ വിവാഹാഭ്യര്‍ഥന നിരസിക്കുന്നു. ഇതില്‍ പ്രതിഷേധിച്ച് ഗില്‍ഗമേഷിനെ കൊല്ലുന്നതിനുവേണ്ടി ഇഷ്താറ അയച്ച ദിവ്യശക്തിയുള്ള കാളയെ എന്‍കിഡുവിന്റെ സഹായത്തോടെ വധിക്കുന്നു. ദിവ്യശക്തിയുള്ള കാളയെ കൊന്നതിന്റെ പേരില്‍ എന്‍കിഡു മരിക്കണം എന്നു ദേവതകള്‍ തീരുമാനിക്കുന്നു. എന്‍കിഡുവിന്റെ മരണവും ഗില്‍ഗമേഷിന്റെ വിലാപവും ബഹുമതികളോടെയുള്ള ശവസംസ്കാരവും തുടര്‍ന്നു നടക്കുന്നു.
ബാബിലോണിയയിലെ പ്രളയത്തെ അതിജീവിച്ച ഉത്നാഫിസ്റ്റിമിനെ അന്വേഷിച്ചുകൊണ്ടുള്ള ഗില്‍ഗമേഷിന്റെ സാഹസികവും ആപത്കരവുമായ യാത്രയാണ് അടുത്തഭാഗം. മരണത്തെ എങ്ങനെ അതിജീവിക്കാം എന്നതിന്റെ രഹസ്യമാരായുന്നതിനുവേണ്ടിയാണ് ഗില്‍ഗമേഷ് ഉത്നാഫിസ്റ്റിമിനെ അന്വേഷിച്ചിറങ്ങിയത്. (അമരത്വത്തിന്റെ രഹസ്യം ദേവന്മാര്‍ ഉത്നാഫിസ്റ്റിമിന് ഉപദേശിച്ചിട്ടുണ്ടായിരുന്നു). ഒരു ദ്വീപില്‍ ചെന്നു ഗില്‍ഗമേഷ് ഉത്നാഫിസ്റ്റിമിനെ കണ്ടുപിടിക്കുകയും ജീവിതരഹസ്യത്തെപ്പറ്റി ആരായുകയും ചെയ്തു. അദ്ദേഹം ഒരു പ്രളയകഥ ഗില്‍ഗമേഷിന് വിവരിച്ചു കൊടുക്കുന്നു. താന്‍ ഒരു കാലത്ത് ഷൂറാപാഗില്‍ ജീവിച്ചിരുന്നു എന്നും ഇയാ എന്ന ദേവന്റെ യഥാര്‍ഥ ഭക്തനായിരുന്നു എന്നും ഉത്നാഫിസ്റ്റിം പ്രസ്താവിച്ചു. മനുഷ്യവര്‍ഗത്തെ ഒരു ജലപ്രളയംമൂലം നശിപ്പിക്കുവാന്‍ ദേവന്മാര്‍ തീരുമാനിച്ചപ്പോള്‍ ഇയാള്‍ തന്റെ ഭക്തനായ ഉത്നാഫിസ്റ്റിമിനെ ഇങ്ങനെ അറിയിച്ചു. 'ഊബാര്‍ റ്റൂ റ്റുവിന്റെ പുത്രനായ ഷുറാപാഗിലെ മനുഷ്യാ, നിന്റെ വീട് പൊളിച്ചുകൊണ്ട് ഒരു കപ്പല്‍ പണിയുക. സമ്പത്തുപേക്ഷിച്ച് ജീവനെ രക്ഷിക്കുക. ജീവനുള്ള എല്ലാറ്റിന്റെയും വിത്ത് കപ്പലില്‍ കൊണ്ടു വരിക'. ശേഷം കഥ നോഹയുടെ പെട്ടകത്തിന്റെ കഥയുമായി സാദൃശ്യമുള്ളതാണ്.
പ്രളയകഥ വിവരിച്ച ശേഷം യുവത്വം വീണ്ടെടുക്കുന്നതിനുതകുന്ന ഒരു ചെടി ഗില്‍ഗമേഷിനു കാണിച്ചുകൊടുത്തു. ഗില്‍ഗമേഷിനു കിട്ടിയ ഈ ചെടി ഒരു സര്‍പ്പം തട്ടിയെടുത്തതിനെത്തുടര്‍ന്ന് ഇദ്ദേഹം നിരാശനായി മടങ്ങുന്നു. ഇഷ്താര്‍ ഗില്‍ഗമേഷിനു നല്കിയ 'പുക്കുവും മിക്കുവും' (Pukku and Mikku-ചെണ്ടയും ചെണ്ടക്കോലും) നഷ്ടപ്പെടുകയും എന്‍കിഡുവിന്റെ ആത്മാവു തിരിച്ചെത്തി നഷ്ടപ്പെട്ട ഈ സാധനങ്ങള്‍ വീണ്ടെടുത്തു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്യുകയും പ്രേതലോകത്തിന്റെ ഭീഷണമായ വിവരണങ്ങള്‍ നല്കുകയും ചെയ്യുന്ന അനുബന്ധത്തോടെ കാവ്യം അവസാനിപ്പിക്കുന്നു.