This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നടന്തായ് വാഴി കാവേരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നടന്തായ് വാഴി കാവേരി

തമിഴ് സഞ്ചാരസാഹിത്യ കൃതി. പ്രസിദ്ധ നോവലിസ്റ്റ് റ്റി. ജാനകീരാമനും ചിട്ടി എന്ന സുഹൃത്തും കൂട്ടായി രചിച്ച് 1971-ല്‍ പ്രസിദ്ധീകരിച്ചു. കാവേരി നദിയുടെ ഉദ്ഭവസ്ഥാനമായ കുടകിലെ തലക്കാവേരിയിലേക്കും അവിടെനിന്ന് പതനസ്ഥലമായ കാവേരിപൂംപട്ടണത്തിലേക്കും നദിയോടൊപ്പം സഞ്ചരിക്കുകയാണ് ഗ്രന്ഥകര്‍ത്താക്കള്‍. ഒരു നോവലിസ്റ്റിന്റെ കാല്പനികതയും ചരിത്രകാരന്റെ അന്വേഷണബുദ്ധിയും മനുഷ്യകഥാനുഗായിയുടെ ജീവിതചിത്രീകരണവുമൊക്കെ ഒത്തിണങ്ങിയ ഒരു ശ്രേഷ്ഠ കൃതിയാണ് നടന്തായ് വാഴി കാവേരി.

മായവരം എന്ന സ്ഥലത്തെ കൈചൂണ്ടിപ്പലകയില്‍ കാണുന്ന 'കാവേരിപട്ടണം' എന്ന സ്ഥലപ്പേര്‍ നോക്കിനില്ക്കുന്ന രചയിതാവിന്റെ മനസ്സില്‍ ഉയരുന്ന കുതിരക്കുളമ്പടിയോടെയാണ് കൃതി ആരംഭിക്കുന്നത്. ഈ വഴിയിലൂടെ കിഴക്കോട്ടു നടന്നാല്‍ 'പൂംപുകാറി'ല്‍ എത്തും (കാവേരിയുടെ പതനസ്ഥലമാണിത്). പടിഞ്ഞാറോട്ടു നടന്നാല്‍ കുംഭകോണം സാമിമലൈ, കപിസ്ഥലം, ഗണപതി അഗ്രഹാരം, ഈശങ്കുടി തിരുവൈയാറ്, കൂന്തൂര്‍, കല്ലണൈവഴി തിരുച്ചി ഉറൈയൂരില്‍ ചെന്നുചേരും. തുടര്‍ന്ന് പൂംപുകാറില്‍ നടന്ന പുരാവസ്തുഗവേഷണത്തില്‍ പങ്കെടുത്തിരുന്ന പൂംപുകാര്‍ റാവു എന്ന ഗവേഷകനുമായുള്ള അഭിമുഖസംഭാഷണത്തിലൂടെ വായനക്കാരെ ബി.സി. 1500 മുതലിങ്ങോട്ടുള്ള കാലഘട്ടത്തിലേക്കു നയിക്കുന്നു.

അനുസ്യൂതം ഒഴുകുന്ന തമിഴ്സംസ്കാരത്തിന്റെ പ്രതീകംപോലെ മനസ്സില്‍ മയങ്ങുന്ന കാവേരിയുടെ ഉത്പത്തി തേടി നദിയുടെ തെക്കേക്കരയിലൂടെ തലക്കാവേരിയിലേക്ക് മാര്‍ഗമധ്യേയുള്ള ജനപഥങ്ങളുടെ ചരിത്രത്തിലൂടെ യാത്ര തുടരുന്നു. ആധുനിക എന്‍ജിനീയറിങ്ങും സിമന്റും ഇല്ലാത്ത കാലത്ത് കരികാലചോഴന്‍ കെട്ടിയ കല്ലണയുടെ മാഹാത്മ്യം പരിഗണിച്ച് 'കരികാലന്' 'കരൈ കാവലന്‍' എന്ന പേരു നല്കുന്നതാണുചിതമെന്നു 'ചിട്ടി' പറയുന്നു. പുസ്തകത്തിന്റെ അവസാനത്തില്‍ യാത്രാപഥം ചിത്രീകരിക്കുന്ന ഭൂപടം ചേര്‍ത്തിട്ടുണ്ട്. ഗവേഷണത്തിനുപകരിച്ച സഹായകഗ്രന്ഥങ്ങളുടെ പട്ടികയുമുണ്ട്. ചെന്നൈപ്പട്ടണത്തിലെ ജലക്ഷാമ പരിഹാരത്തിനായി കാവേരിയെ അങ്ങോട്ടു നയിക്കുന്നതിനെപ്പറ്റിയുള്ള ചിന്തയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. യാത്രാവിവരണത്തെ കവിതയും തത്ത്വചിന്തയും ചരിത്രപഠനവുമൊക്കെയാക്കി മാറ്റുന്ന ശൈലിയാണ് ഇതില്‍ സ്വീകരിച്ചിരിക്കുന്നത്. രചനാരീതിക്ക് ഒരു ഭാഗം ഉദ്ധരിക്കുന്നു.

'കവരമഹര്‍ഷിയുടെ കമണ്ഡലു കാക്ക തട്ടിമറിച്ചപ്പോള്‍ ഒലിച്ചിറങ്ങിയ കാവേരിയെ പിന്തുടര്‍ന്ന് മടക്കയാത്ര വടക്കേക്കരയിലൂടെ ഹേമവതി, കബനി, ഭവാനി തുടങ്ങിയ പോഷകനദികള്‍, നൂറുകണക്കിന് ജനപഥങ്ങള്‍, കൃഷ്ണരാജസാഗര്‍ അണക്കെട്ട് എന്നിവ കടന്ന് മേട്ടൂര്‍ തടാകത്തിലൂടെ കല്ലണയിലേക്ക്'.

(വിശ്വന്‍ കൊല്ലങ്കോട്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍