This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നദീതടസംസ്കാരം(orginal)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

നദീതടസംസ്കാരം

നദീതടങ്ങളില്‍ സ്ഥിരതാമസമാക്കിത്തുടങ്ങിയ പ്രാചീന മനുഷ്യന്‍ സൃഷ്ടിച്ചെടുത്ത സവിശേഷ സംസ്കാരങ്ങള്‍. ലോകത്തെ ഒട്ടുമിക്ക സംസ്കാരങ്ങളുടെയും ഈറ്റില്ലം നദീതടങ്ങളായിരുന്നു എന്നാണു കരുതപ്പെടുന്നത്. ഗോത്രജീവിതത്തില്‍ നിന്നും ആസൂത്രിതമായ ഒരു നാഗരിക ജീവിതത്തിലേക്കും മൗലികമായ സാംസ്കാരികധാരകളിലേക്കും മാനവസമൂഹം വഴിമാറിയതും നദീതടങ്ങളില്‍ വച്ചായിരുന്നു. അതുകൊണ്ടാണ് അവ 'വിശ്വനാഗരികതയുടെ കളിത്തൊട്ടില്‍' (cradle of world civilization) എന്നറിയപ്പെടുന്നത്.

ഉദ്ഭവവും വളര്‍ച്ചയും

ഏതാണ്ടു പത്തുലക്ഷം സംവത്സരക്കാലം മനുഷ്യന്‍, വേട്ടക്കാരന്‍ എന്ന നിലയിലാണു കഴിഞ്ഞുകൂടിയിരുന്നത്. അക്കാലത്ത് അവന്‍ ഒരിടത്തും ഉറയ്ക്കാതെ നീങ്ങിക്കൊണ്ടിരുന്നു. മനുഷ്യന്‍ അവന്റെ സ്വാഭാവിക പരിതഃസ്ഥിതിയെ നിയന്ത്രിക്കാന്‍ ആരംഭിച്ചതോടെയാണ് ഒരിടത്ത് സ്ഥിരമായി കഴിയാന്‍ തുടങ്ങിയത്.

നവീനശിലായുഗ കാലഘട്ടത്തില്‍ത്തന്നെ മനുഷ്യന്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും അധിവാസഗ്രാമങ്ങള്‍ തുറന്നിരുന്നു. ആ കാലഘട്ടം അവസാനിക്കും മുമ്പ് ദേവാലയങ്ങള്‍, ശവകുടീരങ്ങള്‍ എന്നിവ നിര്‍മിക്കുവാന്‍ തുടങ്ങിയിട്ടുമുണ്ടായിരുന്നു.

നവീനശിലായുഗത്തില്‍ നാഗരികതയുടെ പൊടിപ്പുകള്‍ കാണാമെങ്കിലും ഒരു സംസ്കാരപ്പിറവി നമുക്ക് ആദ്യമായി കണ്ടെത്താനാകുന്നത് വെങ്കലയുഗത്തിലാണ്.

ഇക്കാലത്ത് സംഘടിത സമൂഹങ്ങളായിട്ടായിരുന്നു മനുഷ്യന്‍ ജീവിച്ചിരുന്നത്. വെങ്കലയുഗത്തിലാണ് ആധുനികസംസ്കാരത്തിന്റെ സൃഷ്ടിഘടകങ്ങളില്‍ പ്രധാനപ്പെട്ടവയെല്ലാം വ്യക്തമായി രൂപംകൊണ്ടതും.

തന്റെ പരിതഃസ്ഥിതികളെ തനിക്ക് അനുകൂലമാക്കിത്തീര്‍ക്കുവാനുള്ള മനുഷ്യപ്രയത്നത്തിന്റെ വിജയങ്ങള്‍ തുടങ്ങുന്നത് നവീനശിലായുഗത്തിലാണ്. അഗ്നിയെ നിയന്ത്രിച്ച്, അഭയസ്ഥാനങ്ങളും ഉടയാടകളും ഉപയോഗിച്ച്, സ്വന്തമായി രൂപപ്പെടുത്തിയ ഉപകരണങ്ങള്‍ ഉപയോഗിച്ച്, അവര്‍ക്ക് അക്കാലത്ത് ഒരു പരിധിവരെ പ്രകൃതിയുടെ വെല്ലുവിളികളെ അതിജീവിക്കുവാന്‍ കഴിഞ്ഞു. ഭക്ഷ്യവസ്തുക്കള്‍ താനേ വിളഞ്ഞിരുന്ന ഇടങ്ങളില്‍ കഴിയുന്നതിനുപകരം മനുഷ്യര്‍ തങ്ങള്‍ താമസിക്കുന്നിടത്ത് ഭക്ഷണം ഉത്പാദിപ്പിക്കുവാന്‍ തുടങ്ങി. എങ്കിലും നവീനശിലായുഗമനുഷ്യര്‍ ജീവിക്കുന്നതിനുവേണ്ടി ഏറെ യത്നിക്കേണ്ടിവന്നിരുന്നു. അവരുടെ മുഴുവന്‍ സമയവും ഓജസ്സും, നിലനില്പിനുവേണ്ടിയുള്ള യത്നത്തിനായി ചെലവഴിക്കപ്പെട്ടുകൊണ്ടിരുന്നു. അത് നാഗരികതയിലേക്കുള്ള പ്രയാണത്തിന് ഒരു പ്രതിബന്ധം തന്നെയായിരുന്നു.

നാഗരികത നേടുന്നതിനുള്ള ആദ്യത്തെ ഉപാധി എളുപ്പത്തില്‍ ജോലിചെയ്യുവാന്‍ കഴിയുന്ന, വിസ്തൃതവും ഫലഭൂയിഷ്ഠവുമായ ഭൂമിയാണ്. അത്തരം സ്ഥലങ്ങളില്‍ ഫലഭൂയിഷ്ഠമായ മണ്ണുമാത്രമല്ല കൊല്ലംമുഴുവന്‍ പുറത്തു ജോലി ചെയ്യുവാന്‍ അനുവദിക്കുന്ന കാലാവസ്ഥയും അനിവാര്യമായിരുന്നു. ഫലഭൂയിഷ്ഠമായ മണ്ണ് കണ്ടെത്താനായെങ്കിലും കാലാവസ്ഥയുടെ കാര്യത്തില്‍ പ്രതിസന്ധി തുടര്‍ന്നുകൊണ്ടേയിരുന്നു. ആറുമാസക്കാലം കഠിനാധ്വാനം ചെയ്തു വിളവുണ്ടാക്കിയാലും ഫലഭൂയിഷ്ഠമായ പല സ്ഥലങ്ങളിലും വര്‍ഷത്തിന്റെ അവശേഷിക്കുന്ന നാളുകള്‍ അവരെ ചലനരഹിതരാക്കുംവിധമുള്ള തണുപ്പാര്‍ന്നതായിരുന്നു. അതുകൊണ്ട് അനുയോജ്യമായ മണ്ണ്; കൊല്ലം മുഴുവന്‍ അനുയോജ്യമായ കാലാവസ്ഥ ഇവ രണ്ടുമുള്ള സ്ഥലങ്ങള്‍, മനുഷ്യന്‍ തേടിക്കൊണ്ടേയിരുന്നു.

അങ്ങനെയിരിക്കെ ഒരേ കാലഘട്ടത്തില്‍ രണ്ടു പുത്തന്‍ പ്രദേശങ്ങള്‍ ഉയര്‍ന്നുവന്നു. തങ്ങളുടെ ഉദ്ഭവസ്ഥാനങ്ങളില്‍ നിന്ന് എക്കലും കൊണ്ട് പേര്‍ഷ്യന്‍ ഉള്‍ക്കടലിലേക്ക് യൂഫ്രട്ടീസ്, ടൈഗ്രീസ് നദികള്‍ കടന്നുപോയ, അതിവിസ്തൃതമായ ചതുപ്പുനിലം ക്രമേണ വെള്ളം വറ്റി ഉറയ്ക്കുവാന്‍ തുടങ്ങിയതോടെയാണ് ഒരു പ്രദേശം പിറന്നത്. മറ്റൊന്ന് മനുഷ്യാധിവാസയോഗ്യമായി മാറിയ ഈജിപ്തിലെ ഡെല്‍റ്റാ പ്രദേശമായിരുന്നു. വര്‍ഷങ്ങളായി ഉണ്ടായിക്കൊണ്ടിരുന്ന വെള്ളപ്പൊക്കങ്ങള്‍, തീരഭൂമിയുടെ ഫലഭൂയിഷ്ഠതയ്ക്ക് മാറ്റുകൂട്ടുന്നതായി മാറിയതാണ് അവിടെയുണ്ടായ പരിവര്‍ത്തനത്തിന് പ്രധാനകാരണം. ചെറുതും ഒറ്റതിരിഞ്ഞതുമായ ഗ്രാമപ്രദേശങ്ങള്‍ക്കുപകരം മനുഷ്യര്‍ അതിവിസ്തൃതമായ ഈ പുത്തന്‍പ്രദേശങ്ങളിലേക്ക് ചേക്കേറുവാന്‍ തുടങ്ങിയതോടെയാണ് നദീതടസംസ്കാരങ്ങളുടെ പിറവിയുടെ കഥ ആരംഭിക്കുന്നത്. അവിടങ്ങളില്‍ ഇതിനുമുമ്പ് ഉണ്ടായിട്ടില്ലാത്ത വിധമുള്ള സങ്കീര്‍ണസ്വഭാവത്തോടുകൂടിയ രാഷ്ട്രീയാസ്തിത്വങ്ങള്‍ ഉദയം ചെയ്തു; തൊഴിലുകള്‍ വിദഗ്ധ തൊഴിലുകളായി; വാണിജ്യം സംവിധാനം ചെയ്യപ്പെട്ടു; എഴുത്തുവിദ്യ കണ്ടുപിടിക്കപ്പെട്ടു; നവീന ശിലായുഗത്തിലെ അലങ്കാരപ്രധാനമായ കല പ്രതീകാത്മക കലയിലേക്ക് വഴിമാറി.

പ്രചോദനവും അതില്‍നിന്നുടലെടുത്ത വിപ്ലവവും ഒന്നുതന്നെ ആയിരുന്നെങ്കിലും നൈല്‍നദീതടത്തിലും യൂഫ്രട്ടീസ്, ടൈഗ്രീസ് നദീതടങ്ങളിലും സംഭവിച്ച പരിവര്‍ത്തനത്തിന്റെ പ്രവര്‍ത്തനക്രമം പ്രധാനകാര്യങ്ങളില്‍ വ്യത്യസ്തമായിരുന്നു. അതില്‍ ഏറ്റവും പ്രധാനം രാഷ്ട്രീയസംവിധാനത്തിലുണ്ടായ വ്യത്യാസമാണ്. മെസപ്പൊട്ടേമിയയില്‍ വ്യത്യസ്ത കേന്ദ്രങ്ങളിലായി പരിഷ്കൃതസമൂഹങ്ങള്‍ രൂപപ്പെടുകയും ആ നഗരങ്ങള്‍ തങ്ങളുടെ സ്വയംഭരണാവകാശം നിലനിര്‍ത്തിക്കൊണ്ട് ഓരോ രാജ്യങ്ങളായി രൂപപ്പെടുകയുമായിരുന്നു. നൈല്‍ നദീതടത്തിലാകട്ടെ രാജാവിന്റെ കീഴില്‍ അത് ഒറ്റ രാജ്യമായി രൂപപ്പെട്ടു.

മെസപ്പൊട്ടേമിയയിലെ 'പുതുഭൂമി' രണ്ടു വ്യത്യസ്ത ജനസമൂഹങ്ങള്‍ക്കായി വിഭജിക്കപ്പെടുകയായിരുന്നു - സുമറും അക്കാദും. ക്രമേണ അവിടങ്ങളില്‍ സുമേറിയന്‍ സംസ്കാരവും അക്കാദിയന്‍ സംസ്കാരവും പിറന്നു. ക്രി.മു. 3000-മാണ്ടോടെയാണ് ഇവ രൂപപ്പെട്ടത്. ബാബിലോണിയന്‍, അസീറിയന്‍ സംസ്കാരങ്ങളുടെ ഈറ്റില്ലവും മെസപ്പൊട്ടേമിയയായിരുന്നു.

മെസപ്പൊട്ടേമിയയ്ക്കു തൊട്ടുപിന്നാലെ വന്ന നൈല്‍നദീ തടസംസ്കാരം പിറന്ന ഭൂപ്രദേശത്ത് ആധുനിക ബേഹലൊമാലി വംശജരുടെ പ്രപിതാക്കന്മാരായിരുന്ന കിഴക്കന്‍ ആഫ്രിക്കയിലെ ജനങ്ങളുടെ വര്‍ഗത്തില്‍പ്പെട്ടവരായിരുന്നു ആദിമജനത. ജലവിതാനം താഴ്ന്ന്, ഫലഭൂയിഷ്ഠമായ പുത്തന്‍ തടം ഉണ്ടായതോടുകൂടി അയല്‍രാജ്യങ്ങളില്‍ നിന്ന് കുടിയേറ്റമുണ്ടായി. ലിബിയക്കാര്‍ വടക്കുപടിഞ്ഞാറു നിന്നെത്തി; സെമൈറ്റുകള്‍ കിഴക്കുനിന്നെത്തി. തെക്കും തെക്കുപടിഞ്ഞാറുനിന്നുമായി നുബിയര്‍ തുടങ്ങിയവരുമെത്തി. ക്രി.പി.സു. നാലാം സഹസ്രാബ്ദത്തിന്റെ രണ്ടാം പാദത്തോടെ നൈല്‍ നദീതടം ഇങ്ങനെ ഒരു സമ്മിശ്രജനസമൂഹത്താല്‍ നിറഞ്ഞു. നാലാം ശ.-ത്തിന്റെ അവസാനത്തോടെ ശാരീരികമായ പ്രത്യേകതകള്‍ പോലും മനസ്സിലാക്കാനാവാത്ത വിധം അവര്‍ ഇടകലര്‍ന്നു കഴിഞ്ഞുതുടങ്ങി. അങ്ങനെ ഉണ്ടായ ഒരു ഐക്യവംശം തനതായ സ്വഭാവങ്ങള്‍ വളര്‍ത്തിയെടുക്കാനും, തങ്ങള്‍ അധിവസിക്കുന്ന പ്രദേശത്തിന്റെ അനുകൂലസാഹചര്യങ്ങള്‍ ചൂഷണം ചെയ്യുവാനും തുടങ്ങിയതോടെയാണ് സവിശേഷമായ നൈല്‍നദീതട സംസ്കാരം യാഥാര്‍ഥ്യമായത്.

പ്രധാന നദീതടസംസ്കാരങ്ങള്‍

പ്രധാനമായും നാല് നദീതടസംസ്കൃതികളാണ് ലോകത്തിന്റെ ഗതി മാറ്റിമറിക്കുന്നതിന് നിമിത്തമായത്. അവ ചുവടെ ചേര്‍ക്കുന്നു.

ഇത്തരത്തിലുള്ള പ്രധാന സംസ്കാരങ്ങളോരോന്നിന്റെയും മുഖ്യ സവിശേഷതകള്‍ പട്ടിക 1-ല്‍ ചേര്‍ത്തിരിക്കുന്നു.

അടിസ്ഥാന ഘടകങ്ങള്‍

പ്രധാനമായും എട്ട് സവിശേഷതകള്‍ കൂടിച്ചേരുമ്പോഴാണ് നാഗരികത രൂപപ്പെടുന്നത്. ആസൂത്രിത നഗരങ്ങള്‍, സുസംഘടിതമായ ഭരണസംവിധാനം, ബഹുമതങ്ങള്‍, വിദഗ്ധ തൊഴില്‍, വ്യത്യസ്ത സാമൂഹ്യവിഭാഗങ്ങള്‍, കലയും വാസ്തുവിദ്യയും, പൊതുമരാമത്ത്, എഴുത്ത് (രചന) എന്നിവയാണ് അവ.

നഗരങ്ങളാണ് നാഗരികതയുടെ മുഖ്യ സവിശേഷത. നദീതീരങ്ങളില്‍ കൃഷിഭൂമി കണ്ടെത്തുകയും അവിടെ കൃഷിയിറക്കുകയും ചെയ്തതോടെ പുതിയ ഒരു സംസ്കാരം രൂപപ്പെടുകയും ഇത് ജനസംഖ്യാവളര്‍ച്ചയ്ക്കും ഗ്രാമങ്ങളുടെ നഗരവത്കരണത്തിനും കാരണമാകയും ചെയ്തു. ഇത്തരം നഗരങ്ങളാണ് പില്ക്കാലത്ത് യൂഫ്രട്ടീസിന്റെയും ടൈഗ്രീസിന്റെയും തീരങ്ങളില്‍ രൂപപ്പെട്ടത്.

നദീതീരങ്ങളിലെ സവിശേഷമായ അവസ്ഥ കൃഷിക്കനുയോജ്യമായിരുന്നു. നിത്യ ജലസാന്നിധ്യം നദീതടത്തെ കൂടുതല്‍ ഫലഭൂയിഷ്ഠമാക്കി. നദികള്‍ ഒരേ സമയം ഭക്ഷ്യസ്രോതസ്സും ഗതാഗതമാര്‍ഗവുമായിത്തീര്‍ന്നു. വെള്ളപ്പൊക്ക നിയന്ത്രണം, കൃഷിഭൂമിയിലേക്കു വെള്ളം എത്തിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ആദ്യകാലത്തു ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഇത്തരം വെല്ലുവിളികളെ അതിജീവിക്കുന്നതിനായി കനാലുകളും ജലസംഭരണികളും മറ്റും നിര്‍മിച്ചു. ഇത്തരം പദ്ധതികള്‍ക്കായി ഒരു നേതൃത്വവും ഭരണസംവിധാനവും ആവശ്യമായിരുന്നു.

ആദ്യകാലത്ത് മതപുരോഹിതര്‍ തന്നെയായിരുന്നു അധികാരികള്‍. പിന്നീട് പോരാളികളായ രാജാക്കന്മാരുടെ ആഗമനത്തോടെ അവര്‍ ഭരണം ഏറ്റെടുക്കുകയും അധികാരം തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു. അവര്‍ നിയമവ്യവസ്ഥയും നികുതി വ്യവസ്ഥയും നടപ്പിലാക്കി. ഇതിനായി ഉദ്യോഗസ്ഥരെ നിയമിക്കുകയുംകൂടി ചെയ്തതോടെ സമൂഹത്തില്‍ സുസംഘടിതമായ ഒരു ഭരണസംവിധാനം നിലവില്‍വന്നു. തങ്ങള്‍ക്ക് അധികാരം ലഭിച്ചത് ദൈവത്തില്‍ നിന്നാണെന്ന വാദം ഇവര്‍ ഉയര്‍ത്തിയതോടെ മതത്തിനുമേലുള്ള അധികാരവും ഇവര്‍ക്കുകൈവന്നു.

ശിലായുഗത്തിലേതുപോലെ ഇവരും ബഹുദൈവാരാധകരായിരുന്നു. സൂര്യദേവനെയും ജലദേവതകളെയും മറ്റു പ്രകൃതി ശക്തികളെയുമായിരുന്നു ഇവര്‍ ആരാധിച്ചിരുന്നത്.

രാഷ്ട്രസംവിധാനം

ജനവര്‍ഗങ്ങള്‍ രാഷ്ട്രജീവിതത്തിലേക്കു പ്രവേശിച്ചപ്പോള്‍ നദീതീരങ്ങളില്‍ രൂപംകൊണ്ട രാഷ്ട്രങ്ങള്‍ വളരെ ചെറുതായിരുന്നു. നാലായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ഗംഗാനദിക്കരയില്‍ മഗധ, കാശി, അവന്തി, വത്സലം, വിദര്‍ഭ, വിദേഹം, പാഞ്ചാലം തുടങ്ങിയ അനേകം കൊച്ചു രാഷ്ട്രങ്ങള്‍ ചരിത്രത്തില്‍ ഇടം തേടിയിട്ടുണ്ട്. കാലാന്തരത്തില്‍ ഇത്തരം കൊച്ചുരാഷ്ട്രങ്ങള്‍ തമ്മിലുള്ള സമരങ്ങള്‍ ആരംഭിച്ചു. ഈ സമരങ്ങളില്‍ ശക്തരായ രാഷ്ട്രങ്ങള്‍ സമീപത്തുള്ള ദുര്‍ബലരാഷ്ട്രങ്ങളെ ആക്രമിച്ചു കീഴടക്കി; സാമ്രാജ്യങ്ങള്‍ പിറന്നു. ഈജിപ്ത്, സുമേറിയ തുടങ്ങിയവയായിരുന്നു ആദ്യകാലനദീതട സാമ്രാജ്യങ്ങള്‍. ബി.സി. 753-ല്‍ ഇറ്റലിയിലെ ടെമ്പര്‍ നദീതീരത്തു നിലവില്‍വന്ന റോം എന്ന കൊച്ചു രാഷ്ട്രം എ.ഡി. ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ റോമാ സാമ്രാജ്യമായിമാറി. ദക്ഷിണേന്ത്യയില്‍ തുംഗഭദ്രാ നദീതീരത്ത് ഹരിഹരന്‍, ബുക്കന്‍ എന്നീ സഹോദരന്മാര്‍ ചേര്‍ന്നു രൂപീകരിച്ച വിജയനഗരം എന്ന ചെറിയ രാഷ്ട്രം പില്ക്കാലത്ത് വിജയനഗര സാമ്രാജ്യമായിമാറി. പരമ്പരാഗതമായി അധികാരത്തില്‍വന്ന ചക്രവര്‍ത്തിമാരായിരുന്നു ഇത്തരം സാമ്രാജ്യങ്ങളിലെ ഭരണാധികാരികള്‍. ഭരണപരവും മതപരവും ആയ അധികാരങ്ങള്‍ അവരില്‍ കേന്ദ്രീകരിച്ചിരുന്നു. ചക്രവര്‍ത്തി നിര്‍മിച്ചതും മതങ്ങള്‍ അംഗീകരിച്ചിരുന്നവയും ആയിരുന്നു അക്കാലത്തെ സാമ്രാജ്യത്തിലെ നിയമങ്ങള്‍. സാമ്രാജ്യത്തിലെ അംഗങ്ങളായിരുന്ന പ്രജകള്‍ക്ക് ഭരണാധികാരിയെ അനുസരിക്കുകയെന്ന ചുമതലമാത്രമേ ഉണ്ടായിരുന്നുള്ളു. അവര്‍ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരായിരുന്നില്ല. തങ്ങളുടെ കൈകളില്‍ കേന്ദ്രീകരിച്ചിരുന്ന വമ്പിച്ച സമ്പത്തും, സൈനികബലവുംകൊണ്ട് ഈ ചക്രവര്‍ത്തിമാര്‍ പ്രജകളെ അടക്കിഭരിച്ചു. അപൂര്‍വം ചില ഭരണാധികാരികള്‍ മാത്രം പ്രജാക്ഷേമത്തില്‍ തത്പരരായിരുന്ന ദയാലുക്കളായ സ്വേച്ഛാധിപതികള്‍ ആയിരുന്നു. ഈ ചക്രവര്‍ത്തിമാര്‍ ദയാലുക്കളായി മാറിയത് പ്രജകളില്‍ നിന്നുമുള്ള സമ്മര്‍ദംകൊണ്ടല്ല, പ്രത്യുത തങ്ങളുടെ ഇച്ഛകൊണ്ടുമാത്രമായിരുന്നു. ചക്രവര്‍ത്തിമാര്‍ അയല്‍രാഷ്ട്രങ്ങളെ ആക്രമിച്ചു കീഴടക്കുക പതിവായിരുന്നതിനാല്‍ കീഴടക്കപ്പെട്ട ജനങ്ങള്‍ സംഘടിച്ച് വിപ്ലവം നടത്തുന്ന പതിവ് അക്കാലത്തുണ്ടായിരുന്നു. പുരാതന റോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഇസ്രായേലി യഹൂദന്മാര്‍ സംഘടിച്ച് റോമന്‍ പട്ടാളക്കാര്‍ക്കെതിരെ പോരാടിയിരുന്ന കാര്യം ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പല പ്രാദേശിക ജനവിഭാഗങ്ങളെയും ഒരുമിച്ചുകൂട്ടിയായിരുന്നു പുരാതന നദീതടസാമ്രാജ്യങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. അതിനാല്‍ ഇത്തരം സാമ്രാജ്യങ്ങളിലെ ജനങ്ങളില്‍ ഐകമത്യമനോഭാവവും ദേശീയബോധവും കുറവായിരുന്നുവെന്നുവേണം കരുതാന്‍. പലപ്പോഴും ഭരണാധികാരിയും വിവിധ ദേശങ്ങളിലെ ജനങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ നികുതിപിരിവില്‍ മാത്രം ഒതുങ്ങിനിന്നിരുന്നു. പല സാമ്രാജ്യങ്ങളിലും പിന്‍തുടര്‍ച്ചാവകാശത്തെ സംബന്ധിച്ച വ്യക്തമായ നിയമങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ ഒരു സമ്രാട്ടു മരിക്കുമ്പോള്‍ അവകാശികള്‍ തമ്മില്‍ അധികാരത്തിനുവേണ്ടിയുള്ള മത്സരങ്ങള്‍ നടത്തിയിരുന്നു.

ഓരോ നദീതട സാമ്രാജ്യവും വളരെ സമ്പന്നമായിരുന്നു. ധനവും സൈനികബലവും ആയിരുന്നു സമ്രാട്ടിന്റെ അധികാരത്തിനാധാരം. രാഷ്ട്രത്തിലെ സമ്പത്തിന്റെ അധികഭാഗവും ചക്രവര്‍ത്തിയുടെയും കുറെ പ്രഭുക്കന്മാരുടെയും കൈകളിലാണു കേന്ദ്രീകരിച്ചിരുന്നത്. സമ്പന്നര്‍ കൂടുതല്‍ ശക്തിയാര്‍ജിച്ചു. സാമ്രാജ്യപ്രഭുക്കന്മാരും തങ്ങളുടെ ഭൂസംബന്ധങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുവേണ്ടി സാധാരണ കര്‍ഷകരില്‍ നിന്ന് വളരെയേറെ നികുതികള്‍ പിരിച്ചെടുത്തിരുന്നു. രാജ്യങ്ങളുടെ ക്ഷേമം സംരക്ഷിക്കുന്നതിലല്ല, പ്രത്യുത പ്രജകളെ അടിച്ചമര്‍ത്തുന്നതിലായിരുന്നു സമ്രാട്ടിന്റെയും പ്രഭുക്കന്മാരുടെയും ശ്രദ്ധ.

സാമൂഹിക ഘടന

ഓരോ നാഗരികതയിലും അതിന്റെ സാമൂഹിക ഘടന രൂപംകൊണ്ടിരുന്നത് അവിടത്തെ തൊഴിലിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ രാജ്യത്തെ സൈനികര്‍, പുരോഹിതര്‍ എന്നീ വിഭാഗങ്ങള്‍ക്ക് സമൂഹത്തില്‍ പ്രത്യേക പദവി നല്കിയിരുന്നതായി മിക്കവാറും എല്ലാ നാഗരികതകളിലും കാണാനാവും.

പ്രാചീന രാജവംശങ്ങളുടെ കാലത്ത് ഈജിപ്തില്‍ പ്രധാനമായും രണ്ടു വിഭാഗം ആളുകളാണുണ്ടായിരുന്നത്. ഭരണകര്‍ത്താക്കളും ഭരണീയരും. ഫറോവമാരായിരുന്നു ഇവിടത്തെ ഭരണാധികാരികള്‍. ഭരണീയരില്‍ രാജാവിന്റെ ഭടന്മാര്‍, പുരോഹിതര്‍, രാജാവിന്റെ കുടിയാന്മാര്‍, മറ്റു തൊഴിലാളികള്‍ എന്നിങ്ങനെയുള്ള തട്ടുകളാണുണ്ടായിരുന്നത്. പ്രഭുക്കളെയും അടിമകളെയും ഈ വിഭജനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

മെസപ്പൊട്ടേമിയയിലെ സാമൂഹിക ഘടനയ്ക്ക് ആധുനിക വ്യവസ്ഥിതിയുമായി ഏറെ സാമ്യമുണ്ട്. അവിടെ പ്രഭു, അഭിജാതന്‍, മുഷ്കേനുകള്‍ എന്നിങ്ങനെയായിരുന്നു സമൂഹവിഭജനം. പ്രഭുക്കള്‍ സമൂഹത്തിലെ ഏറ്റവും ഉന്നതരും ഭരണാധികാരികളും ഭൂവുടമകളുമായിരുന്നു. അഭിജാതര്‍ മധ്യവര്‍ഗ സമൂഹം. രാജ്യത്തെ ഗുമസ്തന്മാരായിരുന്നു അവര്‍. മുഷ്കേനുകള്‍ അഥവാ ഭാഗികമായി സ്വതന്ത്രരായ സാധാരണക്കാര്‍ സമൂഹത്തില്‍ ഏറ്റവും കീഴ്ത്തട്ടില്‍ ഉണ്ടായിരുന്നവരായിരുന്നു. ഇവരില്‍ അധികവും അടിമകളായിരുന്നു; അവര്‍ക്കും അടിമകള്‍ ഉണ്ടായിരുന്നു.

മിക്കവാറും എല്ലാ നദീതടസംസ്കാരങ്ങളിലും അടിമസമ്പ്രദായം നിലനിന്നിരുന്നതായി കാണാം. അവിടുത്തെ സാമൂഹികവും സാമ്പത്തികവുമായ സുസ്ഥിരത ഉറപ്പുവരുത്തുന്നതില്‍ ഇതിന് കാര്യമായ പങ്കുമുണ്ടായിരുന്നു.

നൈല്‍നദീതീരങ്ങളിലെ തദ്ദേശീയരധികവും അടിമകളായിരുന്നു. വിദേശികളായ യുദ്ധത്തടവുകാരായിരുന്നു മറ്റ് അടിമകള്‍. സുഡാന്‍, ലിബിയ, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരായിരുന്നു അവരിലധികവും. അടിമകളില്‍ ചിലരെ ഫറോവ തന്റെ ആസ്ഥാന സദസ്യര്‍ക്ക് ദാനം ചെയ്യുകയും അവര്‍ തങ്ങളോടൊപ്പം ജോലിചെയ്യുന്ന ഈജിപ്തുകാരുമായി മിശ്രവിവാഹത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.

മെസപ്പൊട്ടേമിയയില്‍ അടിമ വെറും ക്രയവിക്രയ വിധേയമായ ഒരു ചരക്കും യജമാനന്റെ സ്വകാര്യസ്വത്തും നിയമപരമായ യാതൊരു അവകാശവുമില്ലാത്തവരുമായിരുന്നു.

ഭദ്രമായ സാമൂഹികഘടന ഉറപ്പുവരുത്താന്‍ മിക്കവാറും എല്ലാ നാഗരികതകളിലും നിയമങ്ങള്‍ ഉണ്ടായിരുന്നതായി വിവിധ പഠനങ്ങളില്‍ നിന്നും മനസ്സിലാക്കാം. എന്നാല്‍ ഒരു സംഹിതയുടെ രൂപത്തിലുള്ള പ്രാമാണിക സിദ്ധാന്തങ്ങളുടെ അഭാവത്തില്‍ അതിന്റെ യഥാര്‍ഥ സ്വഭാവം മനസ്സിലാക്കാന്‍ പ്രയാസമാണ്. നദീതടസംസ്കാരങ്ങളിലെ സാമൂഹിക ഘടനയില്‍ നിര്‍ണായകസ്ഥാനം സൈന്യത്തിനുണ്ടായിരുന്നു. തങ്ങള്‍ സൃഷ്ടിച്ചെടുത്ത തനതു സംസ്കാരം അധിനിവേശങ്ങളിലൂടെ നാമാവശേഷമാകാതിരിക്കുന്നതില്‍ വലിയ പങ്കാണ് പട്ടാളം വഹിച്ചിട്ടുള്ളത്.

ഈജിപ്തില്‍ മതാധിഷ്ഠിത നിയമഘടനയാണ് നിലനിന്നിരുന്നതെങ്കിലും ഇവിടെ എല്ലാ നിയമങ്ങളും പിറവിയെടുത്തതും നിലനിന്നിരുന്നതും ഫറോവയുടെ ഇച്ഛയ്ക്കു വിധേയമായിട്ടായിരുന്നു. നിയമത്തിന്റെ പരമാധികാരം ഫറോവയിലും അദ്ദേഹത്തിന്റെ രണ്ട് പ്രധാനമന്ത്രിമാരിലും നിക്ഷിപ്തമായിരുന്നു.

പ്രാചീന സുമേറിയയിലെ നീതിന്യായ ഭരണം പുരോഹിതന്മാരുടെ പ്രത്യേക അവകാശമായിരുന്നു.

ശാസ്ത്രം

ശാസ്ത്രവിജ്ഞാനരംഗത്ത് നാഗരിക ജനവിഭാഗങ്ങളുടെ വളര്‍ച്ച പരിമിതമായിരുന്നുവെങ്കിലും ശാസ്ത്രചരിത്രത്തിന്റെ നാഴികക്കല്ലുകളായ നിരവധി നേട്ടങ്ങള്‍ അവര്‍ക്ക് കൈവരിക്കാനായിട്ടുണ്ട്. ചുറ്റുപാടുകളെ സമൂലം മാറ്റാന്‍ കഴിവുള്ള വസ്തുതകള്‍ കണ്ടുപിടിക്കുന്നതിലേറെ അവര്‍ക്കു താത്പര്യം തങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ക്ക് യോജിച്ച വസ്തുതകള്‍ വളര്‍ത്തിയെടുക്കുന്നതിലായിരുന്നു. ഉദാഹരണമായി, കൃഷിയെ ആശ്രയിക്കുന്ന സമ്പദ് വ്യവസ്ഥയോടുകൂടിയ ഏതു ജനതയ്ക്കും വ്യത്യസ്ത കാലാവസ്ഥകളെക്കുറിച്ച് അറിയേണ്ടതുണ്ട്. കൃഷിക്കാരന് പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്യേണ്ടതിനാല്‍ അയാള്‍ക്ക് കാലാവസ്ഥാവ്യതിയാനങ്ങളെ സംബന്ധിച്ച് മുന്നറിയിപ്പു നല്കുന്ന ഒരു കലണ്ടര്‍ ആവശ്യമായിരുന്നു. വിവിധ നാഗരിക സമൂഹങ്ങള്‍ ഇതിനായി വിവിധ രീതിയിലുള്ള കലണ്ടറുകള്‍ ആവിഷ്കരിച്ചതായി കാണാനാകും. സിറിയസ് നക്ഷത്രത്തിന്റെ ഉദയവും നൈല്‍നദിയിലെ വെള്ളപ്പൊക്കവും തമ്മിലുള്ള ബന്ധം വച്ചുകൊണ്ട് ഈജിപ്തുകാര്‍ ഒരു വര്‍ഷത്തിന്റെ ദൈര്‍ഘ്യം 365 ദിവസമാണെന്നു നിര്‍ണയിക്കുകയുണ്ടായി.

മെസപ്പൊട്ടേമിയയില്‍ ആദ്യകാലത്ത് ചന്ദ്രനെ അടിസ്ഥാനമാക്കി അവിടുത്തെ പുരോഹിതന്മാര്‍ ഒരു കലണ്ടര്‍ നിര്‍മിച്ചു. എന്നാല്‍ ബാബിലോണിയര്‍ ക്രമേണ സൌരവര്‍ഷ കലണ്ടര്‍ വികസിപ്പിച്ചെടുത്തു. ഈജിപ്തില്‍ ഫറോവ കാലഘട്ടത്തിലും ചൈനയില്‍ ഷാങ് രാജവംശ കാലത്തും കലണ്ടറുകള്‍ ഗണിച്ചതായി വിവിധ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കലണ്ടറുകളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍, കലണ്ടര്‍ നിര്‍മാതാക്കള്‍ക്ക് സഹായകരമായിത്തീര്‍ന്നത് ജ്യോതിശ്ശാസ്ത്രപരമായ നിരീക്ഷണങ്ങളാണെന്നു കാണാം. ഈ അന്വേഷണം എത്തിനില്ക്കുന്നത് ജ്യോതിശ്ശാസ്ത്രത്തില്‍ നാഗരിക സമൂഹങ്ങള്‍ക്കുള്ള ഗണ്യമായ അറിവിലാണ്. ഇവര്‍ ഗ്രഹണങ്ങള്‍ വരെ മുന്‍കൂട്ടി പ്രവചിച്ചിരുന്നു. ബാബിലോണിയന്‍ ജനതയാണ് ജ്യോതിശ്ശാസ്ത്രത്തില്‍ കൂടുതല്‍ സംഭാവനകള്‍ നടത്തിയത്.

നാഗരിക സമൂഹം ശാസ്ത്രവിജ്ഞാനത്തില്‍ നേട്ടങ്ങള്‍ കൈവരിച്ച മറ്റ് രണ്ട് പ്രധാന മേഖലകള്‍ ഗണിതശാസ്ത്രവും വൈദ്യശാസ്ത്രവുമായിരുന്നു ഈജിപ്തില്‍ തങ്ങളുടെ പിരമിഡുകള്‍ അവര്‍ സംവിധാനം ചെയ്യുകയും പണിയുകയും ചെയ്തത് അളവിന്റെയും കണക്കുകൂട്ടലിന്റെയും കാര്യത്തില്‍ പറയത്തക്ക അബദ്ധങ്ങള്‍ ഇല്ലാതെയാണ്. വിസ്തീര്‍ണവും വലുപ്പവുമെല്ലാം കൃത്യമായി കണക്കുകൂട്ടാന്‍ അവര്‍ക്കു കഴിഞ്ഞുവെന്നത്, ജ്യാമിതിയുടെ വളര്‍ച്ചയെ സൂചിപ്പിക്കുന്നു. അങ്കഗണിതത്തിലും അവര്‍ക്ക് സ്വന്തം രീതികളുണ്ടായിരുന്നു. അക്കങ്ങള്‍ക്കെല്ലാം പ്രത്യേകം ചിഹ്നങ്ങള്‍ ഉണ്ടായിരുന്നു. മൊസൊപ്പൊട്ടേമിയക്കാര്‍ അങ്കഗണിതത്തില്‍ നിന്നും വ്യത്യസ്തമായി ബീജഗണിതത്തിലൂടെയാണ് ഗണിതശാസ്ത്രത്തെ സമീപിച്ചത്.

വൈദ്യശാസ്ത്രരംഗത്തും ഔഷധ നിര്‍മാണരംഗത്തും സുമേറിയന്‍ നാഗരിക സമൂഹം ഏറെ നേട്ടങ്ങള്‍ കൈവരിച്ചതായി കാണാം.

സാങ്കേതിക വിദ്യകള്‍

നവീനശിലായുഗത്തിലെ ഭൂരിപക്ഷം ആളുകളുടെയും മുഖ്യതൊഴില്‍ കൃഷിയായതിനാല്‍ കാര്‍ഷിക രംഗത്താണ് കൂടുതലായും സാങ്കേതിക വിദ്യകള്‍ പരീക്ഷിച്ചത്. കൃഷി സ്ഥലത്തേക്കാവശ്യമായ വെള്ളമെത്തിക്കുന്നതിനുള്ള വിവിധ ജലസേചന പദ്ധതികളായിരുന്നു ഇതില്‍ മുഖ്യം. മിക്കവാറും എല്ലാ നദീതടസംസ്കാര ജനവിഭാഗങ്ങള്‍ക്കും ഇതില്‍ സമാനസ്വഭാവമാണ് കാണാന്‍ കഴിയുന്നത്. മണ്ണില്‍ കോലുകൊണ്ടുകുത്തി കുഴിയുണ്ടാക്കി അതില്‍ വിത്തുകള്‍ ഓരോന്നായിട്ട് മുളപ്പിക്കുന്നതിനുപകരം ചാലുകള്‍ കീറി വിത്തുകള്‍ എറിഞ്ഞു വിതക്കുന്ന രീതി ആദ്യമായി അവലംബിച്ചത് യൂഫ്രട്ടീസ് നദീതീരത്താണ്. കലപ്പപോലുള്ള കാര്‍ഷിക യന്ത്രങ്ങളുടെ കണ്ടുപിടിത്തം കൂടുതല്‍ വിസ്തൃതിയില്‍ കൃഷി ചെയ്യാന്‍ അവരെ പ്രാപ്തരാക്കി. നിലം ഉഴുന്നതോടുകൂടിത്തന്നെ വിതകൂടി നടത്താന്‍ സൗകര്യപ്പെടുത്തത്തക്കവണ്ണം കലപ്പയോട് ചേര്‍ത്ത് തുളയുള്ള ഒരു ഉപകരണം കൂടി ഘടിപ്പിച്ച് അതില്‍ ആവശ്യമുള്ള വിത്ത് നിറയ്ക്കാനും സംവിധാനമുണ്ടായിരുന്നു.

ഭവനനിര്‍മാണത്തിനും മറ്റുമായി ഇഷ്ടിക നിര്‍മിച്ചതാണ് സാങ്കേതിക രംഗത്തെ ഇവരുടെ മറ്റൊരു സംഭാവന. ചൂളയില്‍ ചുട്ടെടുത്ത ഇഷ്ടികകള്‍ ആദ്യമായി നിര്‍മിച്ചത് സുമേറിയക്കാരാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈജിപ്തില്‍ രാജവാഴ്ച അവസാനിക്കുന്നതിനു തൊട്ടുമുന്‍പാണ് ഈ സാങ്കേതിക വിദ്യ ഉടലെടുത്തത്. അതുവരെ ചുള്ളിക്കമ്പുകള്‍ പിണച്ചു ചെളിതേച്ചുള്ള പണിയാണ് അവിടെ ഉണ്ടായിരുന്നത്. മോഹന്‍ജോദരൊയിലും ഹാരപ്പയിലുമെല്ലാം കണ്ടെടുത്ത അവശിഷ്ടങ്ങളില്‍ ഇടതടവില്ലാതെയുള്ള ഇഷ്ടികപ്പണികള്‍ കാണാന്‍ കഴിയും.

ഈജിപ്തുകാര്‍ കളിമണ്‍പാത്ര നിര്‍മാണത്തിലെന്നപോലെ സ്ഫടിക നിര്‍മാണത്തിലും വിദഗ്ധരായിരുന്നു ഈ സാങ്കേതികവിദ്യ പിന്നീട് ഇറ്റലിയിലേക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഇന്ത്യയിലേക്കും വ്യാപിച്ചു. ചൈനയില്‍ നിന്നും ലഭിച്ചിട്ടുള്ള ചില അവശിഷ്ടങ്ങളില്‍ നിന്നും ഇത് കണ്ടെത്തിയിട്ടുണ്ട്. ഈജിപ്തിലെ ശില്പികള്‍ ശിലാപാത്ര നിര്‍മാണത്തിലും വൈദഗ്ധ്യം പ്രകടിപ്പിച്ചിരുന്നു. നദീതടങ്ങളില്‍ ലോഹനിര്‍മാണ ശാസ്ത്രവും വളര്‍ന്നുതുടങ്ങിയിരുന്നു. ചെമ്പ് ചുട്ടുപഴുപ്പിച്ച് പതംവരുത്തുന്ന ലോഹസംസ്കരണപ്രക്രിയയാണ് അവയില്‍ ആദ്യത്തേത്.

തുണി നിര്‍മാണരംഗത്ത് ഏറെ മുന്നിട്ടുനിന്ന ഈജിപ്തില്‍ നെയ്ത്ത് ഒരു വ്യവസായമായി വളര്‍ന്നിരുന്നു. സിറിയയിലും മൊസൊപ്പൊട്ടേമിയയിലും കമ്പിളി ഉത്പാദനമായിരുന്നു ഏറിയ പങ്കും.

സമ്പദ്ഘടന

നദീതട നാഗരിക ജനങ്ങളുടെ സമ്പദ്ഘടനയുടെ അടിസ്ഥാനസ്രോതസ്സ് കാര്‍ഷിക വിളകളുടെ വ്യാപാരം തന്നെയായിരുന്നു. വ്യാപാരത്തോട് വിവിധ രാജ്യങ്ങള്‍ക്ക് വ്യത്യസ്ത സമീപനമാണ് ഉണ്ടായിരുന്നത്. ആഭ്യന്തര വ്യാപാരം ഈജിപ്തിനെ സംബന്ധിച്ചിടത്തോളം ഫറോവയുടെ സ്വകാര്യ സ്വത്തായിരുന്നു. ഇവിടെ നിന്നും വിദേശ വ്യാപാരം കൂടുതലും നടന്നിരുന്നത് സിറിയയിലേക്കായിരുന്നു. എന്നാല്‍, മെസപ്പൊട്ടേമിയയില്‍ പൂര്‍ണ സ്വാതന്ത്ര്യത്തോടുകൂടി ഒരു വ്യാപാരിക്ക് തന്റെ ജോലി നിര്‍വഹിക്കാമായിരുന്നു. നിയമത്തിന്റെ പരിധിക്കകത്തുനിന്നുകൊണ്ടും പൊതുതാത്പര്യത്തിന്റെ പേരില്‍ രാഷ്ട്രം ചുമത്തുന്ന നികുതി വ്യവസ്ഥകള്‍ക്കു വിധേയമായും മാത്രമായിരിക്കണം എന്നു മാത്രം.

മെസപ്പൊട്ടേമിയയില്‍ ന്യായമായ കച്ചവടം ഉറപ്പുവരുത്താന്‍ പ്രത്യേക സേനയെ നിയോഗിച്ചിരുന്നു. വിദേശ വ്യാപാരാഭിവൃദ്ധിക്കുവേണ്ടി വിപുലവും വിശുദ്ധവുമായ ചട്ടങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തിയിരുന്നു. വ്യാപാരാവശ്യങ്ങള്‍ക്കായുള്ള ഗതാഗതരീതികളും പല രാജ്യങ്ങളിലും വ്യത്യസ്തമായിരുന്നു. കരമാര്‍ഗമുള്ള യാത്ര ദുഷ്കരമായിരുന്നു. മെസപ്പൊട്ടേമിയക്കാര്‍ ഉരുചക്രവാഹനങ്ങള്‍ നേരത്തെതന്നെ വികസിപ്പിച്ചിരുന്നെങ്കിലും ദീര്‍ഘയാത്ര അസാധ്യമായിരുന്നു. അതുകൊണ്ടുതന്നെ മെസപ്പൊട്ടേമിയയിലും ഈജിപ്തിലുമെല്ലാം കരമാര്‍ഗമുള്ള ചരക്കുഗതാഗതത്തിനായി ഉപയോഗിച്ചിരുന്നത് കഴുതകളെയും ഒട്ടകങ്ങളെയുമായിരുന്നു.

ജലഗതാഗതം ചെലവുകുറഞ്ഞതായതിനാല്‍ സാധ്യമായ സ്ഥലങ്ങളിലേക്കെല്ലാം ചരക്കുകള്‍ കടത്തിയിരുന്നത് ജലമാര്‍ഗമായിരുന്നു. തങ്ങളുടെ രാജ്യങ്ങളില്‍ ഉടനീളം രണ്ടു മഹാനദികള്‍ ഒഴുകിയിരുന്നുവെന്നുള്ളതും അനറ്റോളിയുടെ കിഴക്കന്‍ പകുതി മുഴുവനും സിറിയയുടെ ഉത്തരഭാഗവും സ്പര്‍ശിക്കുന്ന ഒരു സമ്പൂര്‍ണ ജലഗതാഗതമാര്‍ഗം തങ്ങള്‍ക്കുണ്ടായിരുന്നുവെന്നുള്ളതും സുമേറിയക്കാര്‍ക്കും ബാബിലോണിയക്കാര്‍ക്കും വലിയ അനുഗ്രഹമായിരുന്നു.

എഴുത്തുസമ്പ്രദായങ്ങളും വിദ്യാഭ്യാസവും

എഴുത്തുസമ്പ്രദായമെന്നു വിളിക്കാവുന്ന ഒന്ന് ആദ്യമായി രൂപപ്പെടുത്തിയത് സുമേറിയക്കാര്‍ ആയിരുന്നു. സ്വത്തവകാശത്തിന്റെ ഉറപ്പിനായുള്ള അന്വേഷണങ്ങളില്‍ നിന്നാണ് എഴുത്തുവിദ്യ പിറന്നത്. ചിത്രവേല ചെയ്യപ്പെട്ട വ്യക്തിപരമായ മുദ്രകളായിട്ടായിരുന്നു അതിന്റെ തുടക്കം. വിവിധതരം സംഭരണികളിലെ അടപ്പ്, ഭാണ്ഡങ്ങളിലെ കുടുക്കിന്റെ പ്രത്യേകത എന്നിവ ആദ്യം ഉടമസ്ഥനെ തിരിച്ചറിയുന്നതിനുള്ള അടയാളങ്ങളായി. പിന്നീട് ഉടമസ്ഥാവകാശം സൂചിപ്പിക്കുന്നതിനായി കളിമണ്ണുകൊണ്ട് പൂശിയ ചില അടയാളങ്ങള്‍ നിലവില്‍ വന്നു. അത് വംശീയമായ പ്രതീകങ്ങളുടെ പിറവിക്ക് വഴിതെളിച്ചു. ചിത്രമായ അത്തരം പ്രതിനിധീകരണങ്ങളില്‍ നിന്ന് ചിത്രലിപിയും തുടര്‍ന്ന് എഴുത്തുകലയും ആരംഭിക്കുകയായിരുന്നു. തെക്കന്‍ മെസപ്പൊട്ടേമിയയിലായിരുന്നു എഴുത്തുകല ബീജാവാപം ചെയ്തതെന്നാണ് ചരിത്രപണ്ഡിതരുടെ അഭിപ്രായം. നോ: അക്ഷരകല

സുമേറിയയിലും ഈജിപ്തിലും നിലവില്‍ വന്ന അതിവിപുലമായ എഴുത്തുകല അതു ചെയ്യുന്നതിനുള്ള വിദഗ്ധപരിശീലനം നേടുകയെന്നത് ഒരു അനിവാര്യതയാക്കി. എഴുത്തുകലയുടെ ആദ്യപ്രായോജകര്‍ പുരോഹിതരായിരുന്നു. അവരില്‍ നിന്ന് അതു പഠിക്കുന്നതിനു വിശേഷപരിശീലനവും, ഗുരുകുല രീതിയിലുള്ള പ്രായോഗിക പരിശീലനവും ആവശ്യമായി വന്നു. അങ്ങനെ പുരോഹിത വര്‍ഗത്തോടൊപ്പം എഴുത്തുജോലിക്കാര്‍ എന്നൊരു വിഭാഗവും ഉണ്ടായി. അതുകൊണ്ട് വിദ്യാഭ്യാസ കുത്തക പുരോഹിതന്മാരുടെ കൈയിലായി. നോ: വിദ്യാഭ്യാസം

മതവിശ്വാസങ്ങളും അനുഷ്ഠാനങ്ങളും

ഓരോ നദീതടസംസ്കാരത്തിലും നിലനിന്നിരുന്ന സാമൂഹികഘടനയാണ് അവിടത്തെ മതപരമായ ആശയങ്ങളെ ഏറിയകൂറും രൂപപ്പെടുത്തിയത്.

ഈജിപ്തുകാരുടെ ആദ്യകാല മതസങ്കല്പം വളരെ സങ്കീര്‍ണമായിരുന്നു. ദുര്‍ജ്ഞേയമായ പ്രപഞ്ചരഹസ്യങ്ങള്‍ക്കൊക്കെ അവര്‍ ദൈവികത്വം നല്കി. രാജാവ് പ്രധാനദൈവമായ ഹോറസിന്റെ പ്രതിപുരുഷനായി അംഗീകരിക്കപ്പെട്ടു. പില്ക്കാലത്ത് അവര്‍ ഏകമതവിശ്വാസത്തിലേക്ക് എത്തുകയുണ്ടായി.

ഈശ്വരന്‍ എല്ലാറ്റിലുമുണ്ടെന്നും എല്ലാം ഈശ്വരമയമാണെന്നുമുള്ള വിശ്വദേവതാവാദികളായിരുന്നു സുമേറിയന്‍ ജനത. പ്രപഞ്ച പരിപാലനത്തിനു നാല് ദൈവങ്ങളെ അവര്‍ സൃഷ്ടിച്ചിരുന്നു. അനു (ആകാശം), കി (ഭൂമിദേവി), എന്‍ലില്‍ (വായുഭഗവാന്‍) എങ്കി (ജലദേവത) ഇങ്ങനെയായിരുന്നു ദൈവസങ്കല്പം. ഓരോ നഗരവും ഓരോ ദൈവത്തിന്റെ പരിരക്ഷയിലായിരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങളെല്ലാം ദൈവങ്ങളുമായി ബന്ധപ്പെടുത്തിയാണ് അവര്‍ നല്കിയിരുന്നത്. ദുമു-സി (സംഹാരമൂര്‍ത്തി) ഇനന്ന ദേവിയെ വിവാഹം കഴിക്കുന്നതോടെ ശൈത്യകാലം തുടങ്ങും. ജനങ്ങള്‍ക്കും ഭൂമിക്കും സമൃദ്ധിയുടേതാണ് ഇക്കാലം. ദേവിയെ (ഇനന്ന) പ്രസാദിപ്പിക്കാന്‍ ദുമു-സിക്ക് കഴിയാതെ വരുന്നു. ഇതോടെ ദേവി കോപിഷ്ടയും അസംതൃപ്തയുമായി ഭര്‍ത്താവിനോട് കുറച്ചുകാലം (ആറ്മാസം) പാതാളത്തിലേക്ക് പോകാന്‍ കല്പിക്കുന്നു. ഇക്കാലം വേനല്‍ക്കാലമാകും.

സിന്ധുനദീതടസംസ്കാരത്തില്‍ ദൈവിക സങ്കല്പങ്ങള്‍ക്ക് മുന്തിയ പ്രാധാന്യമാണുണ്ടായിരുന്നത്. മൂന്ന് തലകളുണ്ടായിരുന്ന പശുപതി(ശിവന്‍)യായിരുന്നു പ്രധാന ആരാധനാമൂര്‍ത്തി. മരങ്ങളെയും മൃഗങ്ങളെയും ആരാധിക്കുന്ന സമ്പ്രദായവും നിലനിന്നിരുന്നു. ആല്‍മരങ്ങള്‍, പാലമരങ്ങള്‍ തുടങ്ങിയ മരങ്ങളും ആരാധിക്കപ്പെട്ടിരുന്നു. ലിംഗപൂജയും നിലവിലുണ്ടായിരുന്നു.

ചൈനീസ് സംസ്കാരത്തിലെ മതചിന്തകളുടെ ആവിര്‍ഭാവം പിതൃപൂജയില്‍ തുടങ്ങുന്നു എന്നാണു നിഗമനം. ഒരാളുടെ യഥാര്‍ഥ ശക്തി ആരംഭിക്കുന്നത് അയാളുടെ മരണാനന്തരമാണെന്ന വിശ്വാസമായിരുന്നു അതിനടിസ്ഥാനം. അങ്ങനെ പരേതാരാധനയും പരേതര്‍ക്കായുള്ള ബലിതര്‍പ്പണങ്ങളും നിലവില്‍ വന്നു. മറ്റൊരു സംസ്കാരത്തിനും അവകാശപ്പെടാനാവാത്തവിധമുള്ള പാരമ്പര്യത്തിന്റെ തുടര്‍ച്ചയും രാഷ്ട്രീയവിസ്ഫോടനങ്ങള്‍ക്കെതിരായ ദൃഢപ്രതിജ്ഞയും ചൈനീസ് സംസ്കാരത്തിന് സമ്മാനിച്ചത് പരേതാരാധനയിലൂന്നി വികസിച്ച ഈ മതസമ്പ്രദായമാണെന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്.

കലയും സാഹിത്യവും

പ്രയോജനക്ഷമതയ്ക്ക് മുന്‍തൂക്കം നല്കുന്ന, അഥവാ പ്രയോജനകരമായ പദാര്‍ഥങ്ങളെ മോടിപിടിപ്പിക്കുന്നതരം, പ്രയുക്തകലയില്‍ നിന്ന് സുന്ദരകലയിലേക്കുള്ള പരിണാമമാണ് നദീതടസംസ്കാരങ്ങള്‍ സമ്മാനിച്ച കലാപരമായ അടിസ്ഥാന സംഭാവന.

ചുണ്ണാമ്പുകല്ലില്‍ത്തീര്‍ത്ത മെസപ്പൊട്ടേമിയന്‍ പൂപ്പാത്രങ്ങള്‍, മാടമ്പിമാരുടെ ശവക്കല്ലറകള്‍ക്കായിത്തീര്‍ത്ത ഈജിപ്ഷ്യന്‍ പ്രതിമകള്‍, വിവിധ സംസ്കാരങ്ങളിലെ ദേവാലയ ചിത്ര-ശില്പവേലകള്‍, ചമയപ്പെട്ടികള്‍, കരണ്ടിപ്പിടികള്‍, ചഷകങ്ങള്‍ എന്നിവയിലെ കൊത്തുപണികള്‍ തുടങ്ങിയവയൊക്കെ നദീതടസംസ്കാരങ്ങളിലെ കലാവൈവിധ്യത്തിനു നിദര്‍ശനമായിരുന്നു.

ഈജിപ്തിനും മെസപ്പൊട്ടേമിയയ്ക്കും പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞതില്‍ നിന്നും വ്യത്യസ്തമായ സുകുമാര കലാമാതൃകകളാണ് ക്രീറ്റിലുണ്ടായിരുന്നത്. അവിടെ നിന്നും ലഭ്യമായിട്ടുള്ള ദന്ത-ലോഹശില്പങ്ങളിലും ചുവര്‍ചിത്രങ്ങളിലും ആധ്യാത്മികഭാവങ്ങള്‍ക്ക് ലവലേശം ഊന്നല്‍ കൊടുക്കാത്ത, ദേശസംസ്കാര ബാഹ്യമായ ഒരു ആത്മബോധത്തില്‍ നിന്നും പിറന്ന കലാശൈലി കാണാം.

പില്ക്കാല ദ്രാവിഡകലയുടെ ഉദയത്തിനു വഴിതെളിച്ച ഒരു വിശിഷ്ട പ്രതിഭാസമായിരുന്നു ഹാരപ്പാകല. ചൈനീസ് കലയുടെ സവിശേഷത അതിന്റെ സാങ്കേതികമികവായിരുന്നു.

മാരിക്കൊട്ടാരത്തിലെ ചുവര്‍ചിത്രങ്ങള്‍ മെസപ്പൊട്ടേമിയന്‍ ചിത്രകലയുടെ ശൈലി സങ്കീര്‍ണമായിരുന്നു എന്നത് വ്യക്തമാക്കുന്നു. ശിലാശില്പങ്ങള്‍, കളിമണ്‍വിഗ്രഹങ്ങള്‍, ഫലകങ്ങളിലെ കൊത്തുപണികള്‍ എന്നിവയാണ് സുമേറിയന്‍കലയുമായി ബന്ധപ്പെട്ട മറ്റ് ലഭ്യമാതൃകകള്‍.

സംഗീതകലയുടെ രംഗത്തുണ്ടായിരുന്ന കുതിപ്പുകളെക്കുറിച്ചും ധാരാളം സൂചനകള്‍ ഇവിടങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. മറ്റിടങ്ങളില്‍ സ്വരപഞ്ചക സമ്പ്രദായം നിലവിലിരുന്നപ്പോള്‍, ഇവിടങ്ങളില്‍ സപ്തസ്വരസമ്പ്രദായം നിലവില്‍ വന്നിരുന്നു എന്നാണ് അനുമാനിക്കപ്പെട്ടിട്ടുള്ളത്. വിവിധ നദീതടസംസ്കാരങ്ങളിലെ സമ്പന്നമായ സംഗീതപാരമ്പര്യത്തിനു നിദര്‍ശനമായി നിരവധി വാദ്യോപകരണങ്ങള്‍ ലഭ്യമായിട്ടുണ്ട്. അവയില്‍ ഇലത്താളം, പലതരം ചെണ്ടകള്‍, പടഹം, പെരുമ്പറ, ഗഞ്ചിറ, ഓടക്കുഴല്‍, വിവിധതരം കുഴലുകള്‍, കാഹളങ്ങള്‍, കൊമ്പുകള്‍, സാരംഗി, വീണ, ഹാര്‍വ്, ലയര്‍, ലൂട്ട് തുടങ്ങിയവ ഉള്‍പ്പെടുന്നു.

വെങ്കലയുഗകാലത്ത് ഈജിപ്തിനും മെസപ്പൊട്ടേമിയയ്ക്കും ലഭിച്ച മുഖ്യസാഹിത്യരചനകള്‍ പ്രാചീനേതിഹാസങ്ങളായിരുന്നു. ഓര്‍ത്തുവയ്ക്കാന്‍ എളുപ്പമായതിനാല്‍ പദ്യരചനകളായിരുന്നു ധാരാളമായി ഉണ്ടായിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പദ്യരചനകളില്‍ ഈരടികളും ചതുഷ്പദികളും കാണാം.

പതനം

സമ്പദ്സമൃദ്ധങ്ങളായിരുന്ന ഈ സാമ്രാജ്യങ്ങള്‍ അന്യരാഷ്ട്രങ്ങളുടെ അസൂയയ്ക്കു പാത്രമായി. അതിന്റെ ഫലമായി ഓരോ സാമ്രാജ്യത്തിനും നിരവധി വിദേശീയാക്രമണങ്ങളെ നേരിടേണ്ടിവന്നു. സാമ്രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളും ഇക്കാലത്തുണ്ടായി. ഒരു യുദ്ധത്തില്‍ വിജയിക്കുന്ന സാമ്രാജ്യം മറ്റൊരുഘട്ടത്തില്‍ മറ്റേതെങ്കിലും സാമ്രാജ്യത്തോടു പരാജയപ്പെട്ടിരുന്നു. സാമ്രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളുടെ ഫലമായി അവ ഓരോന്നും തകര്‍ന്നുതുടങ്ങി. ചില സാമ്രാജ്യങ്ങള്‍ ആഭ്യന്തര കലാപങ്ങള്‍കൊണ്ടും തകര്‍ന്നിട്ടുണ്ട്. അമിത സമൃദ്ധി പലപ്പോഴും ജനതയുടെ ജാഗ്രതയും ഉന്മേഷവും അധ്വാനശീലവും നഷ്ടമാക്കിയതും തകര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്.

ഓരോ പുരാതന നദീതടസാമ്രാജ്യവും തകര്‍ന്നതിനെത്തുടര്‍ന്ന് ഭൂപ്രദേശത്ത് വീണ്ടും ചെറിയ ദേശീയ രാഷ്ട്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഇന്ത്യയിലും ചൈനയിലുംമാത്രം സാമ്രാജ്യശക്തികള്‍ തുടര്‍ന്നും നിലനിന്നു, ഉദാഹരണമായി ഇന്ത്യയില്‍ മൗര്യസാമ്രാജ്യത്തിന്റെ അധഃപതനത്തിനുശേഷം കനിഷ്കന്റെ കുശാന സാമ്രാജ്യം, ഗുപ്ത സാമ്രാജ്യം, ഹര്‍ഷവര്‍ധനന്റെ സാമ്രാജ്യം തുടങ്ങിയവ ഇടയ്ക്കിടയ്ക്ക് അധികാരത്തില്‍ വന്നിട്ടുണ്ട്. ചൈനയിലും ഇതുപോലുള്ള സാമ്രാജ്യങ്ങള്‍ നിലവില്‍ വന്നിരുന്നു. കാലക്രമത്തില്‍ ശാസ്ത്രീയവിജ്ഞാനത്തിന്റെ വളര്‍ച്ചയെത്തുടര്‍ന്ന് പുരാതന നദീതട സംസ്കാരങ്ങളുടെ പ്രാധാന്യം കുറഞ്ഞു. ഉദാഹരണമായി വിദ്യുച്ഛക്തി കണ്ടുപിടിച്ചതോടുകൂടി വ്യവസായ കേന്ദ്രങ്ങള്‍ നദീതീരങ്ങളില്‍ നിന്നും മറ്റുസ്ഥലങ്ങളിലേക്കു മാറ്റിത്തുടങ്ങി. റെയില്‍വേ ഗതാഗതവും വ്യോമഗതാഗതവും വ്യാപിച്ചതോടുകൂടി നദികളില്‍ക്കൂടിയുള്ള ഗതാഗതവും ഏറെക്കുറഞ്ഞു. അതിന്റെ ഫലമായി നദീതടസംസ്കാരങ്ങള്‍ മറ്റു പ്രദേശങ്ങളിലെ സംസ്കാരത്തിനു സമാനമായി മാറി.

പ്രാചീന നദീതടസംസ്കൃതികള്‍ പലതും ഭൗതികമായി മണ്ണടിഞ്ഞുവെങ്കിലും അവ നാഗരികതയുടെ കളിത്തൊട്ടിലുകള്‍ എന്ന രീതിയിലും പില്ക്കാല നാഗരികതയ്ക്ക് അടിസ്ഥാനവും പ്രചോദനവുമായ ഒന്നെന്ന രീതിയിലും അനശ്വരങ്ങളാണ്. പില്ക്കാലചരിത്രത്തിലും നദികളും നഗരസംസ്കൃതിയും തമ്മിലുള്ള ഒരു ദൃഢബന്ധം കാണാം. പല വിശ്വനഗരികളും നദീതീരങ്ങളില്‍ സ്ഥിതിചെയ്യുന്നത് ഇതിനുദാഹരണമാണ്. അത്തരം ചില പ്രധാന നഗരങ്ങള്‍ ഇവയാണ്. ആംസ്റ്റര്‍ഡാം (ആംസ്റ്റെല്‍ നദി-നെതര്‍ലന്‍ഡ്), ബാംഗ്കോക്ക് (chao phraya-തായ്ലന്‍ഡ്), ബര്‍ലിന്‍ (സ്പ്രീ, ഹാവെല്‍ നദികള്‍-ജര്‍മനി), ബുഡാപെസ്റ്റ് (ദാന്യുബ് നദി-ഹംഗറി), ബ്യൂണസ് അയേഴ്സ് (റിയോ ഡി ലാപ്ളാറ്റ നദി-അര്‍ജന്റീന), കൊല്‍ക്കത്ത (ഹൂഗ്ളി നദി-ഇന്ത്യ), ഡല്‍ഹി (യമുനാ നദി, ഇന്ത്യ), ഹോചിമിന്‍ സിറ്റി (സൈഗോണ്‍ നദി-വിയറ്റ്നാം), ജക്കാര്‍ത്ത (ലിവ്യുങ് നദി- ഇംഗ്ളണ്ട്), മോസ്കോ (മസ്ക്വ നദി-റഷ്യ), പാരീസ് (സെയ്ന്‍ നദി-ഫ്രാന്‍സ്), സാന്റിയോഗോ (മാപോചോ-ചിലി), ടോക്കിയോ (സുമിദ നദി-ജപ്പാന്‍), വിയന്ന (ഡാന്യൂബ് നദി-ആസ്ട്രിയ). നോ: അസീറിയ, അസീറിയന്‍ കല, അസീറോ-ബാബിലോണിയന്‍ ഭാഷാസാഹിത്യം, അസീറിയന്‍ സംസ്കാരം, ഈജിപ്ത്, ഈജിപ്ഷ്യന്‍ കല, ഈജിപ്ഷ്യന്‍ ഭാഷയും സാഹിത്യവും, ഈജിപ്ഷ്യന്‍ വാസ്തുവിദ്യ, ഈജിപ്ഷ്യന്‍ സംസ്കാരം, ചൈനീസ് കലകള്‍, ബാബിലോണിയന്‍ സംസ്കാരം, നഗരം, നദികള്‍, നാഗരികത, മെസപ്പൊട്ടേമിയന്‍ സംസ്കാരം, സിന്ധുനദീതടസംസ്കാരം, സുമേറിയന്‍ സംസ്കാരം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍