This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നമാത്ത്ജീര, ആല്‍ബര്‍ട്ട് (1902 - 59)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നമാത്ത്ജീര, ആല്‍ബര്‍ട്ട് (1902 - 59)

Namatjira Albert

ആസ്റ്റ്രേലിയയിലെ അരാന്റെ ആദിഗോത്രത്തില്‍പ്പെട്ട ചിത്രകാരന്‍. 1902 ജൂല. 28-ന് ആലിസ് സ്പ്രിങ്ങിനടുത്ത ഹെര്‍മാന്‍ ബര്‍ഗില്‍ ജനിച്ചു. എലിയ എന്നായിരുന്നു യഥാര്‍ഥ നാമധേയം. 1905-ല്‍ ഇദ്ദേഹത്തിന്റെ കുടുംബം ക്രിസ്തുമതം സ്വീകരിച്ചതോടെ പേര് ആല്‍ബര്‍ട്ട് എന്നാക്കി.

രണ്ടായിരത്തോളം രചനകള്‍ നിര്‍വഹിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ ഗുരുനാഥന്‍ ബാറ്റര്‍ബീ എന്ന ചിത്രകാരനായിരുന്നു. മധ്യ ആസ്റ്റ്രേലിയയുടെ പ്രകൃതി സൗന്ദര്യത്തെ ആസ്പദമാക്കി വരച്ച ജലച്ചായചിത്രങ്ങളാണ് ആല്‍ബര്‍ട്ടിനെ പ്രശസ്തനാക്കിയത്.

സെന്‍ട്രല്‍ ആസ്റ്റ്രേലിയന്‍ ലാന്‍ഡ്സ്കേപ്പ് (1936), ആജന്റ്സി വാട്ടര്‍ ഹോള്‍ (1937), റെഡ് ബ്ളഫ് (1938), സെന്‍ട്രല്‍ ആസ്റ്റ്രേലിയന്‍ ഗോര്‍ഗ് (1940) തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ ആദ്യകാല രചനകള്‍.

1938-ല്‍ ഇദ്ദേഹത്തിന്റെ ആദ്യ ചിത്രപ്രദര്‍ശനം മെല്‍ബണിലെ ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയില്‍ നടന്നു. ഇദ്ദേഹത്തിന്റെ ആദ്യനാല്പത് ചിത്രങ്ങളുടെ പ്രദര്‍ശനമായിരുന്നു അത്. പിന്നീട് സിഡ്നിയിലും അഡലൈഡിലും ഇദ്ദേഹത്തിന്റെ ചിത്രപ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി.

ഇക്കാലയളവിനിടയില്‍ ആല്‍ബര്‍ട്ടിനെ നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും തേടിയെത്തി. 1953-ല്‍ എലിസബത്ത് രാജ്ഞിയുടെ കൊറോണേഷന്‍ മെഡല്‍ നല്കി ഇദ്ദേഹത്തെ ആദരിച്ചു. 1950-ല്‍ വില്യം ഡാര്‍ഗിയുടെ ചിത്രത്തിന് ഇദ്ദേഹത്തിന് ആര്‍ക്കിബാല്‍ഡ് പ്രൈസ് ലഭിച്ചു. 1955-ല്‍ ന്യൂസൌത്ത് വെയില്‍സിലെ റോയല്‍ ആര്‍ട്ട് സൊസൈറ്റി വിശിഷ്ടാംഗത്വം നല്കി.

നിരവധി വിവാദങ്ങളിലും പ്രതിസന്ധികളിലും ഇദ്ദേഹം അകപ്പെട്ടിട്ടുണ്ട്. നീണ്ട നിയമപോരാട്ടത്തിനൊടുവില്‍, 1957-ല്‍ മാത്രമാണ് ഇദ്ദേഹത്തിന് ആസ്റ്റ്രേലിയന്‍ പൗരത്വം ലഭിച്ചത്. അക്കാലത്ത് അരാന്റെ വിഭാഗത്തില്‍പ്പെട്ടയാളുകള്‍ക്ക് പൗരത്വം ലഭിച്ചിരുന്നില്ല. ആസ്റ്റ്രേലിയയിലെ മിക്ക ആര്‍ട്ട് ഗ്യാലറികളിലും ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് മൂന്നു ചലച്ചിത്രങ്ങളും ഇറങ്ങിയിട്ടുണ്ട്.

1959 ആഗ. 8-ന് ആലീസ് സ്പ്രിങ്ങില്‍വച്ച് ന്യുമോണിയ ബാധിച്ച് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍