This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനുയിറ്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആനുയിറ്റി

Annuity

വാര്‍ഷികവേതനം എന്നാണ് ഈ പദത്തിന്റെ ഏറ്റവും ലളിതമായ അര്‍ഥം. എന്നാല്‍ ക്ലിപ്തഗഡുക്കളായി നല്കപ്പെടുന്ന ഏതുതരം വേതനത്തിനും ആനുയിറ്റി എന്നു പറയാറുണ്ട്. അത് വാര്‍ഷികമായോ അര്‍ധവാര്‍ഷികമായോ, മൂന്നു മാസം കൂടുമ്പോഴോ, മാസംതോറുമോ നല്കപ്പെടാം. എന്നിരുന്നാലും ഒരു വര്‍ഷത്തില്‍ നല്കപ്പെടുന്ന മൊത്തം തുകയാണ് ആനുയിറ്റിയുടെ വ്യാപ്തി നിര്‍ണയിക്കാന്‍ സ്വീകരിക്കപ്പെടുന്നത്. അതായത്, മൂന്നു മാസം കൂടുമ്പോള്‍ 50 രൂപ ലഭിക്കുന്ന ഒരാളിന്റെ ആനുയിറ്റി 200 രൂപയാണെന്നു പറയാം. സാങ്കേതികമായ അര്‍ഥത്തില്‍ ആനുയിറ്റി എന്നത് നിര്‍ദിഷ്ടമായ ഒരു കാലയളവില്‍ നല്കപ്പെടുന്ന വേതനമാണ്. അതിനാല്‍, ഒരു പ്രത്യേകനില തുടരുന്നിടത്തോളം നീണ്ടു നില്ക്കുന്നതും ക്ലിപ്തകാലങ്ങളില്‍ നല്കപ്പെടുന്നതും ആയ വേതനമെന്ന് ആനുയിറ്റിയെ പൊതുവേ നിര്‍വചിക്കാം.

മറുവശം തിരിഞ്ഞ ലൈഫ് ഇന്‍ഷുറന്‍സ് (ജീവരക്ഷാഭോഗം) ആണ് ആനുയിറ്റി എന്നു പറയാറുണ്ട്. പലരുടെ നിക്ഷേപങ്ങള്‍ ശേഖരിച്ച് ഒരു നിധിയുണ്ടാക്കി അതില്‍ നിന്ന് ഇന്‍ഷുര്‍ ചെയ്തിട്ടുള്ളവരുടെ മരണശേഷം അവരുടെ അവകാശികള്‍ക്കു ഗണ്യമായ തുക നല്കുകയാണ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രവര്‍ത്തനവിധം. ആനുയിറ്റിയിലുമുണ്ട് ഒരുതരം സഞ്ചയപ്രക്രിയ. എന്നാല്‍ അതു കൂടുതല്‍ കാലം ജീവിച്ചിരിക്കുന്നവരുടെ പ്രയോജനത്തിനു വേണ്ടിയുള്ളതാണ്. അതായത്, ലൈഫ് ഇന്‍ഷുറന്‍സ് നേരത്തേ മരിച്ചുപോകുന്നവര്‍ക്കായുള്ള ഒരു സംരക്ഷണമാണെങ്കില്‍, ആനുയിറ്റി ജോലി ചെയ്ത് ഉപജീവനം നടത്തുന്ന പ്രായത്തിലും കവിഞ്ഞു ജീവിക്കുന്നവരുടെ സംരക്ഷണത്തിനു വേണ്ടിയുള്ളതാണ്. ഒരാള്‍ ഒരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ഒരു നിശ്ചിത തുക ആനുയിറ്റിയായി വാങ്ങുന്നു എന്നു കരുതുക. ഈ തുക ഒരു കാലയളവിലേക്കു നിശ്ചിത തവണകളിലായി അയാള്‍ക്കു ലഭിക്കുന്നു. ഓരോ തവണയും കൊടുക്കുന്ന തുക ഭാഗികമായി മുതലും ഭാഗികമായി പലിശയും ചേര്‍ന്നതായിരിക്കും.

വര്‍ഗീകരണം. ആനുയിറ്റി മുഖ്യമായും രണ്ടുതരത്തിലുണ്ട്. ക്ലിപ്ത ആനുയിറ്റി (Annuities certain); തിരിച്ചടയ്ക്കല്‍ ആനുയിറ്റി (Refund annuity). ആനുയിറ്റി ഒരു ക്ലിപ്തകാലയളവു വരെ തുടരുന്നത് ക്ലിപ്ത ആനുയിറ്റി. ഈ കാലയളവ് ആനുയിറ്റി വാങ്ങുന്നയാളിന്റെ (ആനുയിറ്റന്റ്) മരണം വരെ ആയിരിക്കും. അതിനാല്‍ ഈ ആനുയിറ്റിയെ ആജീവനാന്ത ആനുയിറ്റി (Life annuity) എന്നും പറയുന്നു. പ്രത്യേക വിശേഷണമൊന്നും കൂടാതെ ആനുയിറ്റി എന്നു മാത്രം പറയുമ്പോള്‍ ആജീവനാന്ത ആനുയിറ്റി എന്നാണ് അര്‍ഥമാക്കപ്പെടുന്നത്. ആനുയിറ്റന്റിന്റെ മരണത്തോടുകൂടി ആനുയിറ്റി അവസാനിക്കുന്നു. എത്ര തവണ കമ്പനി ആനുയിറ്റി കൊടുത്തിട്ടുണ്ട് എന്നത് പ്രശ്നമല്ല. ചിലപ്പോള്‍ ഒരു തവണപോലും കൊടുത്തിരിക്കുകയില്ല. ഏതായാലും ആനുയിറ്റന്റിന്റെ മരണത്തോടുകൂടി കമ്പനിയുടെ ബാധ്യത അവസാനിക്കുന്നു.

തിരിച്ചടയ്ക്കല്‍ ആനുയിറ്റി തന്നെ രണ്ടുതരത്തിലുണ്ട്. ആനുയിറ്റി നല്കാന്‍ തുടങ്ങുന്നതിനു മുന്‍പ് അടയ്ക്കുന്ന ആള്‍ (annuitant) മരിക്കുന്നത് ഒന്നാം വകുപ്പില്‍​പ്പെടുന്നു. ആനുയിറ്റി നല്കിത്തുടങ്ങിയതിനുശേഷം ആനുയിറ്റന്റ് മരിക്കുന്നത് രണ്ടാം വകുപ്പില്‍​പ്പെടുന്നു. ഒന്നാം വകുപ്പില്‍ ആനുയിറ്റന്റ് അടച്ച പ്രീമിയം മുഴുവന്‍ കൊടുക്കാന്‍ വ്യവസ്ഥയുണ്ട്. ചില കമ്പനികള്‍ പ്രീമിയവും പലിശയും കൊടുക്കാറുണ്ട്. രണ്ടാം വകുപ്പനുസരിച്ച് തിരിച്ചടയ്ക്കല്‍ പലവിധത്തിലാകാം. ഇത്ര പ്രാവശ്യം പണം കൊടുക്കുമെന്ന് ഉറപ്പുനല്കുന്ന ആനുയിറ്റികളും അടച്ച പ്രീമിയം മുഴുവന്‍ പലതവണകളായി നല്കുന്നവയും പ്രീമിയം ഒറ്റത്തവണയായി തിരിച്ചുനല്കുന്നവയും ഇക്കൂട്ടത്തില്‍​പ്പെടുന്നു.

ആനുയിറ്റി കൊടുത്തു തുടങ്ങുന്ന തീയതിയുടെ അടിസ്ഥാനത്തില്‍ ഇതിനെ ഇമ്മീഡിയറ്റ് (സത്വര) ആനുയിറ്റി (Annuity immediate) എന്നും ഡെഫേര്‍ഡ് (മാറ്റിവയ്ക്കപ്പെട്ട) ആനുയിറ്റി (Deferred annuity) എന്നും രണ്ടായി തിരിച്ചിരിക്കുന്നു. ആണ്ടിലൊരിക്കല്‍ കൊടുക്കുന്ന ആനുയിറ്റിയാണെങ്കില്‍ ഇമ്മീഡിയറ്റ് ആനുയിറ്റിയുടെ ആദ്യതവണ കൊടുക്കുന്നത് ആനുയിറ്റി വാങ്ങി ഒരു വര്‍ഷം കഴിഞ്ഞതിനുശേഷമാണ്. മാസത്തിലൊരിക്കല്‍ കൊടുക്കുന്നതാണെങ്കില്‍ ആദ്യതവണ കൊടുക്കുന്നത് ആനുയിറ്റി വാങ്ങി ഒരു മാസത്തിനുശേഷമാണ്. ഇതില്‍നിന്നു വ്യത്യസ്തമാണ് മാറ്റിവയ്ക്കപ്പെട്ട ആനുയിറ്റി. ഭാവിയില്‍ കൊടുത്തുതുടങ്ങേണ്ട ആനുയിറ്റി മുന്‍കൂര്‍ വാങ്ങുന്ന സമ്പ്രദായമാണിത്. 30 വയസ്സായ ഒരാള്‍ തന്റെ 50-ാം വയസ്സു മുതല്‍ കൊടുത്തു തുടങ്ങേണ്ട ആനുയിറ്റി വാങ്ങുന്നത് ഇതിനുദാഹരണമാണ്.

വാങ്ങുന്ന രീതിയുടെ അടിസ്ഥാനത്തിലും ആനുയിറ്റിക്കു വിഭജനം കല്പിച്ചിരിക്കുന്നു. ഇമ്മീഡിയറ്റ് ആനുയിറ്റികള്‍ മൊത്തം തുക ഒന്നിച്ചുകൊടുത്താണ് വാങ്ങാറുള്ളത്. ക്ലിപ്ത കാലങ്ങളില്‍ പ്രീമിയം കൊടുത്തു വാങ്ങുന്ന ആനുയിറ്റികളുമുണ്ട്.

ആനുയിറ്റന്റ് ഒരു വ്യക്തിയോ അതില്‍ കൂടുതലോ എന്ന അടിസ്ഥാനത്തിലും തരംതിരിക്കാറുണ്ട്. സാധാരണഗതിയില്‍ ആനുയിറ്റന്റ് ഒരാള്‍ മാത്രമായിരിക്കും. ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഉള്‍​പ്പെട്ട സംയുക്ത ആനുയിറ്റികളുമുണ്ട്. രണ്ടുപേര്‍ ഒരുമിച്ച് ഒരു ആനുയിറ്റി വാങ്ങിയാല്‍ അവരില്‍ ഒരാളെങ്കിലും ജീവിച്ചിരിക്കുന്ന കാലമത്രയും വേതനം കൊടുക്കാന്‍ കമ്പനി ബാധ്യസ്ഥമാണ്. ഉദാഹരണമായി ഒരു ഭര്‍ത്താവും ഭാര്യയും ചേര്‍ന്ന് ഒരു ആനുയിറ്റി വാങ്ങിയാല്‍ രണ്ടുപേരും ജീവിച്ചിരിക്കുന്ന കാലമത്രയും അവര്‍ക്കു ക്ലിപ്തകാല വേതനം ലഭിക്കുമെന്നു മാത്രമല്ല, ഒരാള്‍ മരിച്ചാലും മറ്റേ ആള്‍ക്കു അതേ വരുമാനം മരണംവരെ ലഭിക്കുന്നതുമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍