This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇഷ്‌ടിക
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉള്ളടക്കം |
ഇഷ്‌ടിക
കെട്ടിടങ്ങള്‍, അക്വിഡക്‌റ്റുകള്‍ തുടങ്ങിയ സംരചനകളുടെ അസ്‌തിവാരങ്ങള്‍, ഭിത്തികള്‍, തൂണുകള്‍, കമാനങ്ങള്‍ മുതലായവ പണിയാന്‍ ഉപയോഗിക്കുന്നതും സാധാരണയായി കളിമച്ചുകൊണ്ടുണ്ടാക്കുന്നതുമായ ഒരു നിര്‍മാണ പദാര്‍ഥം. ഇഷ്‌ടികയ്‌ക്ക് പൊതുവേ ദീര്‍ഘചതുരാകൃതിയാണുള്ളതെങ്കിലും വൃത്താകാരമായ തൂണുകള്‍, കമാനങ്ങളുടെ വളവുകള്‍ തുടങ്ങിയവ നിര്‍മിക്കുന്നതിനു യോജിച്ച പ്രത്യേകാകൃതിയിലുള്ള ഇഷ്‌ടികകളുമുണ്ട്. പശിമയുള്ള കളിമച്ചാണ് ഇഷ്‌ടികനിര്‍മാണത്തിന് ഏറെയും ഉപയോഗിക്കപ്പെടുന്നതെങ്കിലും മണല്‍, കോണ്‍ക്രീറ്റ്, കുമ്മായം മുതലായവകൊണ്ടും ഇഷ്‌ടിക നിര്‍മിച്ചുവരുന്നു.
പ്രബലിത കോണ്‍ക്രീറ്റി(reinforced concrete)ന്റെ പ്രചാരത്തോടുകൂടി ഇഷ്‌ടികയുടെ ഭാരസംവഹന പദാര്‍ഥമെന്ന നിലയ്‌ക്കുള്ള ഉപയോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മറവിനും ഈര്‍പ്പരോധനത്തിനും അലങ്കാരത്തിനും ഉദ്ദേശിക്കപ്പെട്ടിട്ടുള്ള സംരചനാഭാഗങ്ങള്‍ നിര്‍മിക്കുന്നതിനാണ് ഇപ്പോള്‍ ഇഷ്‌ടിക കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത്. എങ്കിലും ഒന്നോ രണ്ടോ നില മാത്രമുള്ള ഉറച്ച അസ്‌തിവാരത്തോടുകൂടിയ കെട്ടിടങ്ങളിലെ ഭാരസംവഹനം ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ഭാഗങ്ങള്‍ക്കും ഇഷ്‌ടിക പര്യാപ്‌തമായ നിര്‍മാണ പദാര്‍ഥമാണ്. ചെലവു കുറവ്, സുലഭത എന്നിവകൂടി പരിഗണിക്കുമ്പോള്‍ ഇഷ്‌ടികയാണ് ഇത്തരം കെട്ടിടങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ നിര്‍മാണപദാര്‍ഥമെന്നു കാണാം
ചരിത്രം
മനുഷ്യന്റെ സാംസ്‌കാരിക ചരിത്രത്തോളം തന്നെ പഴക്കം ഇഷ്‌ടികയ്‌ക്കുമുണ്ട്. കെട്ടിടനിര്‍മാണപദാര്‍ഥങ്ങളില്‍ ഏറ്റവും പഴക്കമുള്ള ഒന്നാണ് ഇഷ്‌ടിക. ഏതാണ്ട് 10,000 വര്‍ഷം മുമ്പുതന്നെ ഇഷ്‌ടിക ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു. ബി.സി. 5000-ത്തിനു മുമ്പ് ബാബിലോണിയ, ഇന്ത്യ, ഈജിപ്‌ത്, ചൈന മുതലായ രാജ്യങ്ങളില്‍ കളിമച്ചുകൊണ്ട് രൂപപ്പെടുത്തി വെയിലത്തു വച്ചുണക്കിയെടുത്ത ഇഷ്‌ടികകളും അപൂര്‍വമായി ചൂളയില്‍ ചുട്ടെടുത്ത ഇഷ്‌ടികകളും വാസ്‌തു നിര്‍മാണപദാര്‍ഥമായി ഉപയോഗിച്ചിരുന്നതായി പുരാവസ്‌തു ഗവേഷകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ബി.സി. 4000-ത്തിനു മുമ്പ് ഈജിപ്‌തുകാര്‍ക്കുവേണ്ടി ഇസ്രയേലിലെ യഹൂദന്മാര്‍ നൈല്‍നദിയിലെ കളിമച്ചുപയോഗിച്ച് ഇഷ്‌ടികനിര്‍മാണം നടത്തിയതായി രേഖകളുണ്ട്. ഇതേ കാലഘട്ടത്തില്‍ തന്നെ യൂഫ്രട്ടീസ് നദിയുടെ തീരത്തുള്ള ഒരു ക്ഷേത്രനിര്‍മാണത്തിന് ചുട്ട ഇഷ്‌ടികകള്‍ ഉപയോഗിക്കപ്പെട്ടിട്ടുള്ളതായും തെളിഞ്ഞിട്ടുണ്ട്. ഈജിപ്‌തില്‍ അതതുകാലത്തെ രാജാക്കന്മാരുടെ മുദ്രകള്‍ ഇഷ്‌ടികകളില്‍ പതിക്കുന്ന പതിവുണ്ടായിരുന്നതുകൊണ്ട് അവ നിര്‍മിതമായ കാലഘട്ടം കൃത്യമായി നിര്‍ണയിക്കാന്‍ എളുപ്പമാണ്. റോമാസാമ്രാജ്യത്തില്‍ വിവിധതരം ഇഷ്‌ടികനിര്‍മാണരീതികള്‍ പ്രചരിക്കാനിടയായത് ഈജിപ്‌തുകാരില്‍നിന്നാണെന്നു കരുതപ്പെടുന്നു. ഇന്ത്യയില്‍ വേദകാലത്തിനു വളരെ മുമ്പുതന്നെ ഇഷ്‌ടിക പ്രചാരത്തില്‍ വന്നു കഴിഞ്ഞിരുന്നു. വേദങ്ങളില്‍ ഇഷ്‌ടികയെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്.
ആദ്യകാലത്ത് മച്ച് രൂപപ്പെടുത്തി ഉണക്കിയെടുത്ത് ഭവനനിര്‍മാണത്തിന് ഉപയോഗിച്ചതും, പിന്നീട് ചുട്ടെടുത്ത് ഉപയോഗിക്കാന്‍ തുടങ്ങിയതും കെട്ടിടനിര്‍മാണരംഗത്തെ മഹത്തായ ചുവടുവയ്‌പുകളായിരുന്നു. ഏകരൂപകവസ്‌തുക്കളുടെ മൊത്തം ഉത്‌പാദനരീതി ആദ്യമായി ഉപയോഗപ്പെടുത്തിത്തുടങ്ങിയതും ഇഷ്‌ടികനിര്‍മാണത്തിലായിരുന്നു. ഓരോ പ്രദേശത്തിന്റെയും കാലാവസ്ഥയ്‌ക്കും ഓരോ സമൂഹത്തിന്റെയും സാംസ്‌കാരിക നിലവാരത്തിനും സംരചനകളുടെ വൈവിധ്യങ്ങള്‍ക്കും അനുസൃതമായി വിഭിന്നരീതികളിലുള്ള ഇഷ്‌ടികനിര്‍മാണ പ്രവിധികള്‍ പ്രചരിച്ചിട്ടുള്ളതായി കാണാം. വിവിധതരം ഇഷ്‌ടികകളെക്കുറിച്ചും ഇഷ്‌ടികയുടെ വിഭിന്ന നിര്‍മാണരീതികളെക്കുറിച്ചും ഇഷ്‌ടിക ഉപയോഗിച്ച് സംരചനകള്‍ കെട്ടിപ്പടുക്കുന്നതിനുപയോഗിക്കുന്ന വിവിധയിനം ഇഷ്‌ടികക്കെട്ടു (brick bond)കളെക്കുറിച്ചുമാണ് ഈ ലേഖനത്തില്‍ പ്രതിപാദിക്കുന്നത്.
വര്‍ഗീകരണം
നിര്‍മാണപദാര്‍ഥത്തെ ആധാരമാക്കി ഇഷ്‌ടിക തരംതിരിക്കപ്പെടാറുണ്ട്; കളിമച്ചിഷ്‌ടിക, മണലിഷ്‌ടിക, കോണ്‍ക്രീറ്റിഷ്‌ടിക എന്നിങ്ങനെ. നിര്‍മിക്കുന്ന സ്ഥലപ്പേരിനെ അടിസ്ഥാനമാക്കിയുള്ള തരംതിരിവിന് സ്റ്റഫോഡ്‌ഷയര്‍ ഇഷ്‌ടിക, കൊല്ലം ഇഷ്‌ടിക, ചെങ്ങമനാട് ഇഷ്‌ടിക, തോവാള ഇഷ്‌ടിക തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഒരു പ്രദേശത്തുതന്നെ നിര്‍മിക്കുന്ന ഇഷ്‌ടികകള്‍ക്ക് ഗുണവൈവിധ്യമുണ്ടാകാമെന്നതിനാല്‍ ഈ തരംതിരിവ് ശാസ്‌ത്രീയമല്ല. ഉത്‌പാദനരീതിയെ അടിസ്ഥാനമാക്കിയുള്ള തരംതിരിവുകളുമുണ്ട്; തറയില്‍ വാര്‍ത്തെടുത്തത് (ground moulded), ചുട്ടെടുത്തത്, കമ്പികൊണ്ടു മുറിച്ചെടുത്തത് (wirecut) തുടങ്ങിയവ. ഉപയോഗവും ഉത്‌പാദനരീതിയും കണക്കിലെടുത്ത് ഇഷ്‌ടികകളെ താഴെപ്പറയുംവിധം തരംതിരിക്കാവുന്നതാണ്; പച്ചക്കട്ട, ചുടുകട്ട, യന്ത്രാത്‌പാദിത ഇഷ്‌ടിക (ഇവ പ്രധാനമായും കമ്പികൊണ്ടു മുറിച്ചെടുത്തവ, സമ്മര്‍ദിത ഇഷ്‌ടിക എന്നിങ്ങനെ രണ്ടുതരമുണ്ട്); പ്രത്യേക ആകൃതികളിലുള്ള ഇഷ്‌ടിക (വളഞ്ഞ ഭാഗങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഇഷ്‌ടിക, പൊള്ള ഇഷ്‌ടിക മുതലായവ ഈ വിഭാഗത്തില്‍പ്പെടുന്നു); പ്രത്യേക ഉപയോഗങ്ങള്‍ക്കുള്ള ഇഷ്‌ടിക (അഗ്നിസഹ ഇഷ്‌ടികകളും താപരോധക ഇഷ്‌ടികകളും ഇക്കൂട്ടത്തില്‍പ്പെടുന്നു); കളിമച്ചൊഴികെയുള്ള പദാര്‍ഥങ്ങള്‍കൊണ്ടുണ്ടാക്കിയ ഇഷ്‌ടിക (കോണ്‍ക്രീറ്റിഷ്‌ടിക, മണലിഷ്‌ടിക, ഇന്റര്‍ലോക്കിങ് ഇഷ്‌ടിക മുതലായവ ഈയിനത്തില്‍പ്പെടുന്നു).
പച്ചക്കട്ട
കളിമച്ചു കുഴച്ച് രൂപപ്പെടുത്തി വെയിലത്ത് ഉണക്കിയെടുത്ത ഇഷ്‌ടിക പച്ചക്കട്ട എന്ന പേരിലറിയപ്പെടുന്നു. പച്ചക്കട്ട ഉപയോഗിച്ചുള്ള ഭവനനിര്‍മാണം ആദ്യകാലത്ത് സര്‍വസാധാരണമായിരുന്നു. കല്ലിനും തടിക്കുമുള്ള വിലക്കൂടുതലും അവ രൂപപ്പെടുത്തിയെടുക്കാനുള്ള ചെലവുകൂടുതലും പച്ചക്കട്ട സാധാരണക്കാരുടെ പ്രധാനപ്പെട്ട വാസ്‌തുനിര്‍മാണപദാര്‍ഥം ആകുന്നതിന് പ്രരകമായി. അച്ചുപയോഗിച്ച് പ്രാമാണിക (standard) രൂപങ്ങളിലും കൃത്യമായ അളവുകളിലും ഇത്തരം ഇഷ്‌ടികകള്‍ വാര്‍ത്തെടുക്കുന്നതുകൊണ്ട് അവ അടുക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും പണിയുന്നതിനും കൂടുതല്‍ സൗകര്യമുണ്ട്. നിയതമായ അളവുകളുള്ളതുകൊണ്ട് സംരചനയ്‌ക്കാവശ്യമായ ഇഷ്‌ടികയുടെ കണക്കെടുക്കുന്നതിനും എളുപ്പമുണ്ട്. ഇന്ത്യന്‍ ഗ്രാമങ്ങളിലെ കുടിലുകളും ചെറുഭവനങ്ങളും ഏറിയകൂറും പച്ചക്കട്ടകള്‍ കൊണ്ടാണ് ഇപ്പോഴും പണിതു വരുന്നത്.
നിര്‍മാണരീതി. അനുയോജ്യമായ കളിമച്ചുള്ള സ്ഥലം തെരഞ്ഞെടുക്കുകയാണ് ആദ്യമായി വേണ്ടത്. എല്ലാ മച്ചും പശിമയുള്ളതാവില്ല. പശിമയുള്ള മച്ച് ഇഷ്‌ടികയുണ്ടാക്കാന്‍ യോജിച്ചതായിക്കൊള്ളണം എന്നുമില്ല. നല്ല പശിമയുള്ള ചിലയിനം കളിമച്ച് ഉണങ്ങുമ്പോള്‍ ചുരുങ്ങുകയും വളയുകയും പൊട്ടിപ്പോവുകയും ചെയ്യുന്നതായും കണ്ടുവരുന്നു. ഇഷ്‌ടികയുണ്ടാക്കാന്‍ പറ്റിയ മച്ച് പരിചയംകൊണ്ടും പരീക്ഷണങ്ങള്‍ കൊണ്ടും വേണം തെരഞ്ഞെടുക്കാന്‍. ഒന്നിലധികം കുഴികളില്‍നിന്നു കുഴിച്ചെടുക്കുന്ന വ്യത്യസ്‌തഗുണങ്ങളുള്ള മച്ച് പരസ്‌പരം കൂട്ടിക്കലര്‍ത്തി ഇഷ്‌ടികനിര്‍മാണത്തിന് അനുയോജ്യമായ വിധം ഗുണവര്‍ധനവുണ്ടാക്കുക സാധാരണമാണ്. തീരെ തരികളില്ലാത്ത കളിമച്ചാണെങ്കില്‍ 20 ശതമാനം വരെ ആറ്റുമണലോ മറ്റു തരിമണലുകളോ ചേര്‍ത്ത് ഇഷ്‌ടികനിര്‍മാണത്തിനുപയോഗിക്കുന്ന പതിവുണ്ട്. ഇഷ്‌ടിക ഉണങ്ങുമ്പോള്‍ വളയുകയോ പൊട്ടുകയോ ചെയ്യാതിരിക്കുന്നതിന് ഇതുപകരിക്കും.
ഇഷ്‌ടികനിര്‍മാണത്തിന് ആവശ്യമായ കളിമച്ചു കുഴിച്ചെടുക്കുന്നതിന് മുമ്പ് അതിനു യോജിച്ചതരത്തില്‍ നിലം ഒരുക്കേണ്ടതുണ്ട്. ചെടികള്‍, പുല്ല് മുതലായവ വെട്ടിമാറ്റിയശേഷം 20-30 സെ.മീ. ആഴത്തില്‍ മച്ചെടുത്തുമാറ്റുന്നു. വീണ്ടും കുഴിക്കുന്നതിനും മച്ച് കുഴയ്‌ക്കുന്നതിനുമുള്ള സൗകര്യത്തിനുവേണ്ടി കുഴിയില്‍ മിതമായി വെള്ളം തളിക്കുക സാധാരണമാണ്. തുടര്‍ന്ന് കുഴിച്ചെടുക്കപ്പെടുന്ന കളിമച്ചില്‍നിന്ന് കല്‍ക്കഷണങ്ങള്‍, കമ്പുകള്‍, വേരുകള്‍ തുടങ്ങിയവ നീക്കംചെയ്യുന്നു. അതിനുശേഷം ആളുകളെക്കൊണ്ടോ കന്നുകാലികളെക്കൊണ്ടോ മച്ച് ചവിട്ടിക്കുഴപ്പിക്കുന്നു. ആവശ്യമെങ്കില്‍, ഗുണവര്‍ധനവിനുതകുന്ന മണലുകളും മറ്റുപദാര്‍ഥങ്ങളും ചേര്‍ത്ത് ചവിട്ടിക്കുഴയ്‌ക്കേണ്ടതാണ്. മഴക്കാലത്ത് മച്ച് കുഴച്ച് കൂട്ടിയിടുന്ന പതിവും ഉണ്ട്. ഇഷ്‌ടിക വാര്‍ക്കുന്നത് മഴയില്ലാത്ത കാലത്തായിരിക്കണം. സാധാരണഗതിയില്‍ പലകകൊണ്ടുണ്ടാക്കിയ അച്ചുകള്‍ ഉപയോഗിച്ചാണ് ഇഷ്‌ടിക വാര്‍ക്കുന്നത്. ചൂളയ്‌ക്കു വയ്‌ക്കാനുദ്ദേശിക്കപ്പെട്ടിട്ടില്ലാത്ത ഇത്തരം ഇഷ്‌ടിക വാര്‍ക്കുന്നതിന് അപൂര്‍വമായി ലോഹ അച്ചുകളും ഉപയോഗിക്കാറുണ്ട്. നിരപ്പുള്ള നിലത്തുവച്ച് ഇഷ്‌ടിക വാര്‍ത്തശേഷം അച്ച് (ചട്ടം) ഊരി എടുക്കുന്നു. ഊരിയെടുക്കുന്നതിനുള്ള സൗകര്യത്തിനുവേണ്ടി വാര്‍ക്കുന്നതിനു മുമ്പ് ചട്ടത്തില്‍ പൂഴിമണല്‍ വിതറുക, ചട്ടം വെള്ളത്തില്‍ മുക്കിയെടുക്കുക തുടങ്ങിയ രീതികള്‍ ഉപയോഗപ്പെടുത്തിവരുന്നു. സാധാരണഗതിയില്‍ ഒരേസ്ഥലത്തുണ്ടാക്കുന്ന ഇഷ്‌ടികകളുടെ അളവുകള്‍ തുല്യമായിരിക്കും. 20 x 9 x 9 സെ.മീ. മുതല്‍ 30 x 15 x 10 സെ.മീ. വരെ അളവുകള്‍ ഉള്ള ഇഷ്‌ടികകള്‍ ഇത്തരത്തില്‍ നിര്‍മിച്ചുവരുന്നു. ശീതോഷ്‌ണാവസ്ഥയ്‌ക്കനുസൃതമായി രണ്ടോ രണ്ടിലധികമോ ദിവസങ്ങള്‍ ഇഷ്‌ടിക ഉണങ്ങുന്നതിന് ആവശ്യമാണ്. കൈകാര്യം ചെയ്യുമ്പോള്‍ രൂപഭേദം വരാത്തവിധത്തില്‍ ഉണങ്ങിക്കഴിഞ്ഞാല്‍ കൂടുതല്‍ ഉണങ്ങുന്നതിന് അടുക്കിവയ്‌ക്കുകയോ നേരിട്ട് കെട്ടിടനിര്‍മാണത്തിന് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്. ഇത്തരം ഇഷ്‌ടികകള്‍ മഴ നനയാതെയും ഈര്‍പ്പം തട്ടാതെയും പ്രത്യേകം സൂക്ഷിക്കേണ്ടതാണ്.
ചോര്‍ച്ചയില്ലാത്ത മേല്‍ക്കൂരയും മഴച്ചാറ്റല്‍ അടിക്കാത്ത കൂരച്ചായ്‌പും ഈര്‍പ്പം ഏല്‌ക്കാത്ത അസ്‌തിവാരവും ആണ് കെട്ടിടത്തിനുള്ളതെങ്കില്‍ പച്ചക്കട്ടകൊണ്ടു നിര്‍മിച്ച ഭിത്തികള്‍ കേടുകൂടാതെ വളരെക്കാലം നിലനില്‌ക്കും. മച്ചില്‍ കരിങ്കല്ലുകൊണ്ടു പടുത്ത അസ്‌തിവാരവും പച്ചക്കട്ടകൊണ്ട് 20-25 സെ.മീ. വച്ചത്തില്‍ പണിത് കുമ്മായം പൂശിയ ഭിത്തികളും ഓടുമേഞ്ഞ ചരിഞ്ഞ മേല്‍ക്കൂരയും തടികൊണ്ടു പണിത വാതില്‍, കട്ടള, കൂര എന്നിവയും സിമന്റിട്ട തറയും ഉള്ള കെട്ടിടങ്ങള്‍ കേരളത്തില്‍ സാര്‍വത്രികമായി കാണാവുന്നതാണ്. പച്ചക്കട്ടകള്‍ പടുക്കുന്നതിന് ചാന്തായി ഉപയോഗിക്കുന്നതു സാധാരണയായി കുഴച്ച പശിമയുള്ള മച്ചുതന്നെയാണ്. ചെലവുകുറവും താപരോധനവും ആണ് പച്ചക്കട്ടകൊണ്ടുള്ള സംരചനാനിര്‍മാണത്തിന്റെ മേന്മകള്‍. ഈര്‍പ്പം തട്ടിയാല്‍ തകര്‍ന്നു വീഴാനുള്ള പ്രവണതയാണ് പ്രധാന ദോഷം. ഭൂമികുലുക്കമുള്ള പ്രദേശങ്ങളിലും ഈര്‍പ്പബാധ കൂടുതലുള്ള സ്ഥലങ്ങളിലും പച്ചക്കട്ട കൊണ്ടുള്ള നിര്‍മാണം ഒട്ടും ആശാസ്യമല്ല. ഇതുകൊണ്ടുള്ള നിര്‍മാണത്തിന്റെ മറ്റൊരു ദോഷം ചിതലിന്റെ ഉപദ്രവം സാധാരണയിലും വളരെ കൂടുതലായിരിക്കും എന്നതാണ്. ജൈവാംശങ്ങള്‍ തീരെ കുറഞ്ഞ മച്ചുപയോഗിക്കുക, ഇഷ്‌ടികയുണ്ടാക്കാനുപയോഗിക്കുന്ന മച്ചില്‍ നിന്ന് ഇലകള്‍, വേരുകള്‍ മുതലായവ വളരെ ശ്രദ്ധയോടെ നീക്കം ചെയ്യുക, ആവശ്യമെങ്കില്‍ മച്ചില്‍ ഉചിതമായ രാസപദാര്‍ഥങ്ങള്‍ കലര്‍ത്തുക, തടിപ്പണികള്‍ക്കടുത്ത് പച്ചക്കട്ടകള്‍ കുമ്മായച്ചാന്തുപയോഗിച്ച് പണിയുക, ചിതലിന്റെ ഉപദ്രവം ഉണ്ടാകാനിടയുള്ളിടത്തെല്ലാം ടാര്‍ പുരട്ടുക തുടങ്ങിയ മാര്‍ഗങ്ങളാണ് ചിതലിന്റെ ഉപദ്രവത്തില്‍ നിന്നു രക്ഷനേടാന്‍ ഉപയോഗപ്പെടുത്തുന്നത്.
ചുടുകട്ട
ഇതിന് ചുടുകല്ല്, സാധാരണ ഇഷ്‌ടിക എന്നെല്ലാം പേരുകളുണ്ട്. മച്ചു കുഴച്ച് പരുവപ്പെടുത്തി അച്ചില്‍ വാര്‍ത്ത് ചൂളകളില്‍ വച്ച് ചുട്ടെടുക്കുന്ന ഇഷ്‌ടികയാണ് ചുടുകട്ട. ഇതിന്റെ ഗുണപരമായ മേന്മ ഉപയോഗിക്കുന്ന മച്ചിനെയും നിര്‍മാണപ്രവിധിയുടെ പ്രത്യേകതകളെയും ആശ്രയിച്ചിരിക്കുന്നു. വ്യത്യസ്‌തഗുണങ്ങളുള്ള വിവിധയിനം മച്ചുകള്‍ ചുടുകട്ട നിര്‍മാണത്തിന് ഉപയോഗിക്കാറുണ്ട്. കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും ഇഷ്‌ടികയ്‌ക്കു പറ്റിയ മച്ച് സുലഭമാണ്. നിയതമായ ഗുണനിര്‍ദേശങ്ങള്‍ക്ക് അനുസരണമായി ഇഷ്‌ടിക നിര്‍മിക്കുക സാധാരണമല്ലെങ്കിലും സാങ്കേതിക നിലവാരം ഉയരുന്നതിനനുസരിച്ച് ഗുണനിര്‍ദേശങ്ങള്‍ക്കനുസൃതമായി ഇഷ്‌ടിക നിര്‍മിക്കാനുള്ള പ്രവണത വളര്‍ന്നു വരികയാണ്. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് നിര്‍ദേശങ്ങള്‍ (I.S.3102-1971) പ്രകാരം ഇഷ്‌ടികയുടെ ഉറപ്പ്, അവശോഷണം (absorption), ഉല്‍ഫുല്ലനം (efflorescence) മുതലായ ഗുണങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഇഷ്‌ടികയുടെ ഉറപ്പാണ് സംരചനകളുടെ ഈടിന് മുഖ്യാധാരം. നനവുള്ള ഇഷ്‌ടികയ്‌ക്ക് ഉറപ്പു കുറയും. ഇഷ്‌ടികയുടെ പ്രാമാണിക പാരഗമ്യത (porosity)യും അവശോഷണവും നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത് ഇക്കാരണംകൊണ്ടാണ്. ഉല്‍ഫുല്ലനം നിയന്ത്രിതസീമകളെക്കാള്‍ കൂടുതലായാല്‍ കാലക്രമത്തില്‍ അത് ഇഷ്‌ടികയുടെ നിറം മാറുന്നതിനിടയാക്കുകയും ചാന്തുമായുള്ള ബന്ധം ദുര്‍ബലപ്പെടുത്തുകയും ചെയ്യും.
കളിമച്ചിന്റെ അംശം കൂടാതെ മണല്‍, ജൈവപദാര്‍ഥങ്ങള്‍ (organic matters),എക്കല്‍ (silt), ലവണങ്ങള്‍, ധാതുക്കള്‍ മുതലായവയും ഇഷ്‌ടികയുണ്ടാക്കുന്നതിനുപയോഗിക്കുന്ന മച്ചില്‍ ചെറിയതോതില്‍ കലര്‍ന്നിരിക്കുക സ്വാഭാവികമാണ്. ഇവയുടെ അനുപാതത്തിലുള്ള ഏറ്റക്കുറച്ചില്‍ മച്ചിന്റെ പശിമ, ചുടുമ്പോള്‍ ഉണ്ടാകുന്ന സങ്കോചം (shrinkage), ഇഷ്‌ടികയുടെ നിറം, ബലം, ഉല്‍ഫുല്ലനം, അവശോഷണം എന്നിവയെ ബാധിക്കുമെന്നതിനാല്‍ ശാസ്‌ത്രീയമായി മച്ച് തെരഞ്ഞെടുക്കുന്നതിന് പ്രത്യേകം മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്. കളിമച്ചിന്റെ അംശം വളരെക്കൂടുതലായാല്‍ ഇഷ്‌ടിക ഉണങ്ങുന്നതിന് താമസം നേരിടും; കൂടാതെ ഉണങ്ങുമ്പോഴും ചുടുമ്പോഴും വളയുകയും പൊട്ടുകയും ചെയ്യും. മണല്‍ കൂടുതലായാല്‍ പശിമ കുറയുമെന്നതിനാല്‍ ഇഷ്‌ടിക വാര്‍ത്തെടുക്കാന്‍ പ്രയാസമുണ്ടാകുന്നതിനു പുറമേ ഇഷ്‌ടിക ബലംകുറഞ്ഞും പാരഗമ്യത കൂടിയും ഇരിക്കും. 50-70 ശതമാനം കളിമച്ചും 15-20 ശതമാനം മണല്‍ത്തരികളും ഉള്ള മച്ചാണ് ചുടുകട്ടകള്‍ക്ക് ഏറ്റവും യോജിച്ചത്. അലിയുന്ന ലവണങ്ങളുടെ ആധിക്യം നിറവ്യത്യാസത്തിനും ഉല്‍ഫുല്ലനത്തിനും ഇടവരുത്തും. ജൈവവസ്‌തുക്കള്‍ കൂടുതലായാല്‍ ചുടുമ്പോള്‍ അവ കത്തിനശിക്കുന്നതുകാരണം ഇഷ്‌ടികയുടെ പാരഗമ്യത കൂടുതലായിരിക്കും. മച്ച് തെരഞ്ഞെടുക്കുന്നതിന് പ്രായോഗിക പരീക്ഷണം നടത്തുന്നത് നല്ലതാണ്. 18-ഉം 19-ഉം ശതകങ്ങളില്‍ വ്യാവസായികവിപ്ലവഫലമായി പശ്ചിമയൂറോപ്യന്‍ രാജ്യങ്ങളില്‍ കെട്ടിടനിര്‍മാണരംഗത്ത് അഭൂതപൂര്‍വമായ പുരോഗതിയുണ്ടായി. വ്യവസായവിപ്ലവത്തിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്ന ലണ്ടന്‍ നഗരത്തിന്റെ പരിസരപ്രദേശങ്ങളില്‍ ഇഷ്‌ടികയ്‌ക്കനുയോജ്യമായ മച്ച് സുലഭമായിരുന്നു. ആദ്യകാലത്ത് ലണ്ടനിലും പിന്നീട് മറ്റു പശ്ചിമയൂറോപ്യന്‍ രാജ്യങ്ങളിലും ഇഷ്‌ടികനിര്‍മാണത്തിന്റെയും ഇഷ്‌ടികക്കെട്ടിന്റെയും ആധുനികസാങ്കേതികമാര്‍ഗങ്ങള്‍ പ്രചാരത്തില്‍വന്നു. ഉരുക്കിന്റെയും പ്രബലിതകോണ്‍ക്രീറ്റിന്റെയും വര്‍ധിച്ച ഉപയോഗം വാസ്‌തുവിദ്യയില്‍ പുതിയ സാങ്കേതികരീതികള്‍ക്ക് സൗകര്യമുണ്ടാക്കി. പ്രബലിത കോണ്‍ക്രീറ്റു പോലുള്ള ആധുനിക നിര്‍മാണപദാര്‍ഥങ്ങളോടൊപ്പം ഇഷ്‌ടിക ഇന്നും ഒരു പ്രമുഖ നിര്‍മാണപദാര്‍ഥമായി ഉപയോഗിക്കപ്പെട്ടു വരുന്നു.
നാടന്‍ ചൂള
ക്രയസാധ്യതയും നിർമാണപദാർഥ ലഭ്യതയും ഉള്ള സ്ഥലങ്ങളിൽ ഇഷ്‌ടികയുടെ ഉത്‌പാദനം വ്യാവസായികാടിസ്ഥാനത്തിൽ നടന്നുവരുന്നു. ചെറുകിട സംരംഭങ്ങളിൽ നിന്നാണ് ഇന്ത്യയിലെ, വിശേഷിച്ച് കേരളത്തിലെ, ഭവനനിർമാണത്തിനാവശ്യമായ ഇഷ്‌ടികയിൽ സിംഹഭാഗവും ഉത്‌പാദിപ്പിക്കപ്പെടുന്നത്. മച്ചിന്റെ വില, മച്ചു കുഴിച്ചെടുക്കുന്നതിനും ഇഷ്‌ടിക വാർത്തെടുത്തുകഴിഞ്ഞ് ചൂളയിലേക്കും ചൂളയിൽ നിന്നു കെട്ടിടനിർമാണസ്ഥലങ്ങളിലേക്കും കൊണ്ടുപോകുന്നതിനുമുള്ള ചെലവ്, ഇന്ധനത്തിന്റെ ലഭ്യതയും വിലയും, വ്യവസായത്തിലെ മുതൽമുടക്ക് തുടങ്ങിയവ ഇഷ്‌ടികവ്യവസായത്തിന്റെ ആസൂത്രണത്തിൽ പരിഗണിക്കേണ്ടവയാണ്. മച്ചോ, മച്ചെടുക്കുന്നതിനുള്ള അവകാശമോ വിലയ്‌ക്കു വാങ്ങേണ്ടിവരും. നിലത്തിന്റെ നിരപ്പ് താഴ്‌ത്തിക്കിട്ടുന്നത് നെൽക്കൃഷിക്കും ജലസേചനത്തിനും കൂടുതൽ സൗകര്യപ്രദമാണെന്നതുകൊണ്ട് കേരളത്തിൽ മച്ചു കുഴിച്ചെടുക്കാനുള്ള അവകാശം കുറഞ്ഞ വിലയ്‌ക്കു ലഭിക്കാറുണ്ട്.
മച്ച് ഖനനം ചെയ്‌തെടുത്ത് കുഴച്ചു പരുവപ്പെടുത്തി ഇഷ്‌ടിക വാർത്തെടുക്കുന്ന രീതി പച്ചക്കട്ടയുടെ നിർമാണവുമായി ബന്ധപ്പെടുത്തി വിശദമാക്കിയിട്ടുണ്ട്. നിരപ്പുള്ള നിലത്ത് പലകകൊണ്ടുള്ള ചട്ടങ്ങള്‍ ഉപയോഗിച്ചാണ് ചെറുകിട ഉത്‌പാദനരീതിയിൽ ഇഷ്‌ടികകളേറെയും വാർത്തെടുക്കുന്നത്. വാർത്ത സ്ഥലത്തുതന്നെയിരുന്ന് ഇഷ്‌ടിക വെയിലേറ്റ് ഉണങ്ങാന്‍ അനുവദിക്കുന്നു. തട്ടുകളിൽ വാർക്കുന്ന (table mould) രീതിയും പ്രചാരത്തിൽ ഉണ്ട്. തട്ടുകളിൽ വാർക്കുകയാണെങ്കിൽ വാർത്ത ഉടന്‍ എടുത്ത് വെയിലത്ത് ഉണങ്ങാന്‍ വയ്‌ക്കുകയാണ് പതിവ്. തട്ടിൽ വാർക്കുന്ന ഇഷ്‌ടികകള്‍ അനുയോജ്യമായ നിയന്ത്രിത സാഹചര്യങ്ങളിൽ വാർക്കുന്നവയായതുകൊണ്ട് അവ മെച്ചപ്പെട്ടിരിക്കും. തട്ടുകളിൽ വാർക്കുമ്പോള്‍ ജലാംശം നിയന്ത്രിക്കപ്പെടുന്നതുകൊണ്ട് ഉണങ്ങുമ്പോള്‍ ഇഷ്‌ടികയ്‌ക്ക് രൂപവ്യത്യാസം ഉണ്ടാവുകയില്ലെന്നത് ഇതിന് ഉദാഹരണമാണ്.
കൈകാര്യം ചെയ്യുമ്പോള്‍ രൂപവ്യത്യാസം ഉണ്ടാവാത്തവിധത്തിൽ ഉണങ്ങിക്കഴിയുമ്പോള്‍ ഇഷ്‌ടിക പെറുക്കി അടുക്കിവയ്‌ക്കും. ഇങ്ങനെ അടുക്കിവയ്‌ക്കുന്നതുകൊണ്ട് മറ്റു പണികള്‍ക്ക് സ്ഥലം ഒഴിഞ്ഞുകിട്ടും. പലപ്പോഴും ചുട്ടെടുക്കുന്നതിനുള്ള ചൂളയുടെ രൂപത്തിൽ തന്നെയായിരിക്കും ഇഷ്‌ടികയുടെ അടുക്ക് ചിട്ടപ്പെടുത്തുക. വിറക് വച്ച് കത്തിക്കുന്നതിനുള്ള അറകള്‍, ചുറ്റും ചൂടുവായുസഞ്ചാരത്തിനുള്ള വിടവുകള്‍ എന്നിവ ചുടാനുള്ള ഇഷ്‌ടികകള്‍ കൊണ്ടുതന്നെ രൂപപ്പെടുത്തിയ ഇത്തരം താത്‌കാലിക ചൂള (clamp)കള്‍ ഉപയോഗിച്ചാണ് ചെറുകിടരംഗത്ത് ഏറിയപങ്കും ഇഷ്‌ടികയുത്‌പാദനം നടത്തുന്നത്. ഇന്ധനത്തിന്റെയും മച്ചിന്റെയും പ്രത്യേകതകള്‍ക്കനുസരിച്ചും ശീതോഷ്‌ണസ്ഥിതി, ഇഷ്‌ടികയുടെ എച്ചം എന്നിവ കണക്കിലെടുത്തും ആണ് ചൂളയുടെ നീളം, വീതി, പൊക്കം മുതലായവ നിർണയിക്കുന്നത്. ചെറുകിടരംഗത്ത് പ്രായോഗിക പരിചയമാണ് സർവപ്രധാനം. വശങ്ങളിൽക്കൂടി ചൂടു നഷ്‌ടപ്പെടാതിരിക്കാന്‍ ചൂളയ്‌ക്കു പുറത്ത് കളിമച്ചു പൂശുന്ന പതിവുണ്ട്. ഇന്ധനത്തിനു തീ കൊളുത്തി കുറേ കഴിയുമ്പോള്‍ ആദ്യം വെളുത്ത പുകയും പിന്നീട് കറുത്ത പുകയും പുറത്തേക്കുവരും; കറുത്തപുക കണ്ടശേഷമേ ചൂളയ്‌ക്കു പുറത്ത് കളിമച്ച് പൂശാറുള്ളൂ. ചൂളയുടെ പുറമെയുള്ള ഭാഗങ്ങളിൽ ഇഷ്‌ടിക അടുക്കുന്നത് ഒട്ടും വിടവില്ലാത്ത തരത്തിൽ വേണം. ചൂളകള്‍ അടുക്കുമ്പോഴോ അതിനുശേഷമോ ചൂളയ്‌ക്കകത്തുള്ള അറകളിൽ ഇന്ധനം നിറയ്‌ക്കുന്നു. താരതമ്യേന വിലകുറവുള്ള വിറക്, കൽക്കരി തുടങ്ങിയ ഇന്ധനങ്ങളാണ് ഉപയോഗിക്കാറ്. ഇന്ധനം നിറച്ചശേഷം വായു പ്രവേശിക്കുന്നതിനുള്ള ദ്വാരങ്ങള്‍ പച്ചക്കട്ടകള്‍ അടുക്കിയും കളിമച്ചു പൂശിയും ചെറുതാക്കുക സാധാരണമാണ്. തീ പെട്ടെന്ന് ആളിപ്പടർന്ന് ചൂട് ക്രമാതീതമായി നഷ്‌ടപ്പെടാനുള്ള സാധ്യത തടയുകയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. തുടർന്ന്, എല്ലാ അറകളിലെയും ഇന്ധനത്തിന് തീ കൊളുത്തുന്നു. നാലോ അഞ്ചോ ദിവസംകൊണ്ട് ഇന്ധനമെല്ലാം കത്തിത്തീർന്ന് ഇഷ്‌ടിക വെന്തുകിട്ടും. പിന്നീട് ചൂള ക്രമേണ ആറിത്തണുക്കുന്നു. നല്ലപോലെ സജ്ജീകരിക്കപ്പെടാത്ത ചൂളകളിൽ ഇന്ധന അറയോടടുത്തിരിക്കുന്ന കട്ടകള്‍ ആവശ്യത്തിലേറെ വേവുകയും ഇന്ധന അറയിൽ നിന്ന് അകന്നിരിക്കുന്ന ഇഷ്‌ടികകള്‍ വേണ്ടത്ര വേകാതെയും ഇരിക്കും. ചൂള തണുത്തു കഴിഞ്ഞാൽ ചൂള പൊളിച്ച് ഇഷ്‌ടിക രണ്ടുമൂന്നു തരങ്ങളായി തിരിച്ച് ആവശ്യാനുസരണം വില്‌പന നടത്തുകയാണ് പതിവ്. നല്ല വേവെത്താത്ത ഇഷ്‌ടികകള്‍ ഉണ്ടെങ്കിൽ അവ പിന്നീടു വയ്‌ക്കുന്ന ചൂളകളിൽവച്ച് വീണ്ടും ചുട്ടെടുക്കും. കേരളത്തിലങ്ങോളമിങ്ങോളം ഇത്തരം ചൂളകള്‍ കാണാന്‍ കഴിയും.
യാന്ത്രികോത്‌പാദനം
വന്‍തോതിൽ ഇഷ്‌ടിക നിർമിക്കുന്നതിനും അവ വിറ്റഴിക്കുന്നതിനും പ്രാദേശികാടിസ്ഥാനത്തിൽ തന്നെ സാധ്യതകളുണ്ടെങ്കിൽ ഇഷ്‌ടികനിർമാണം ഭാഗികമായോ പൂർണമായോ യന്ത്രവത്‌കരിക്കപ്പെടുന്നത് ആശാസ്യമായിരിക്കും. യന്ത്രവത്‌കൃത ഇഷ്‌ടികനിർമാണം കർശനമായ ഗുണനിയന്ത്രണത്തിനും അവസരം നല്‌കുന്നു. ഇതിലുപയോഗിക്കുന്ന നിർമാണപ്രക്രിയകള്‍ തന്നെയാണ് മേച്ചിലോടുകള്‍, പ്രത്യേകതരം ഇഷ്‌ടികകള്‍, മണ്‍പൈപ്പുകള്‍ തുടങ്ങിയവയുടെ നിർമാണത്തിനും ഉപയോഗിക്കുന്നതെന്നു സാമാന്യമായി പറയാം. അതുകൊണ്ട്, സാധാരണയായി ഇത്തരം പല ഉത്‌പന്നങ്ങളോടൊപ്പം ഇഷ്‌ടികയും ഒരേ ഫാക്‌ടറിയിൽ ഉണ്ടാക്കുകയാണ് പതിവ്. നാടന്‍ ചൂളകളിൽ വേവിച്ചെടുക്കുന്ന ഇഷ്‌ടികകളെക്കാള്‍ മെച്ചപ്പെട്ട ഇഷ്‌ടികകള്‍ യന്ത്രവത്‌കൃതഫാക്‌ടറികളിൽനിന്ന് ഉത്‌പാദിപ്പിക്കാന്‍ കഴിഞ്ഞാൽ മാത്രമേ ഫാക്‌ടറി ലാഭകരമായി പ്രവർത്തിപ്പിക്കാനാവുകയുള്ളൂ. ഇഷ്‌ടികയുത്‌പാദനത്തിന് യോജിച്ചതും ഗുണപരമായ മേന്മകളുള്ളതുമായ നല്ല മച്ച് ഫാക്‌ടറിക്കു തൊട്ടടുത്തുതന്നെ ലഭ്യമായിരിക്കുകയും വേണം.
മച്ച് കുഴിച്ചെടുക്കുന്നതിനും, അവിടെനിന്ന് ഫാക്‌ടറിയിൽ എത്തിക്കുന്നതിനും, പിന്നീടുള്ള നിർമാണപ്രക്രിയകള്‍ കൈകാര്യം ചെയ്യുന്നതിനും വിവിധ നിലവാരത്തിൽ യന്ത്രവത്‌കരണം സാധ്യമാണ്. ഖനിയുടെ ആഴം, കൈകാര്യം ചെയ്യപ്പെടേണ്ട പദാർഥങ്ങളുടെ തോത്, തൊഴിലാളികളുടെ വേതനനിലവാരം, മറ്റു പ്രവർത്തനച്ചെലവുകള്‍ മുതലായ ഘടകങ്ങള്‍ കണക്കിലെടുത്ത് ഷൗവൽ, ലോഡർ, ഡംപർ, ലോറി, ക്രയിന്‍, കണ്‍വേയർ, ഫോർക്ക്-ലിഫ്‌റ്റ് തുടങ്ങിയ ഉപകരണങ്ങള്‍ ഫാക്‌ടറിക്കു വെളിയിലും അകത്തും ഉപയോഗിക്കാറുണ്ട്. മച്ചു കുഴച്ചു പാകപ്പെടുത്തി മണ്‍പിണ്ഡങ്ങളിലടങ്ങിയിട്ടുള്ള വാതകങ്ങളെ മർദമുപയോഗിച്ചു പുറത്തുകളയുന്നതിനുപയോഗിക്കുന്ന യന്ത്രമാണ് പഗ്മിൽ. കളിമണ്‍ സാമഗ്രികള്‍ രൂപപ്പെടുത്തുന്നതിനും പഗ്മിൽ ഉപയോഗിക്കാവുന്നതാണ്. ഇഷ്‌ടിക വാർത്തെടുക്കുന്നതിനുപയോഗിക്കുന്ന ഒരു ലളിതയന്ത്രമാണ് ബ്രിക്ക്‌സ്‌ക്രൂ മെഷീന്‍. സ്‌ക്രൂവിന്റെ സഹായത്തോടെ യന്ത്രത്തിൽ നിന്നു പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്ന നിയതമായ അളവുകളോടുകൂടിയ മണ്‍പിണ്ഡം ഇഷ്‌ടികയ്‌ക്കുവേണ്ട നീളത്തിനനുസരിച്ച് മുറിച്ചെടുത്താണ് ഈ യന്ത്രമുപയോഗിച്ച് ഇഷ്‌ടിക നിർമിക്കുന്നത്. യന്ത്രത്തോടനുബന്ധിച്ചുള്ള ഒരു കണ്‍വേയറിൽക്കൂടി തുടരെ നീങ്ങിക്കൊണ്ടിരിക്കുന്ന മണ്‍പിണ്ഡം വയർകട്ടിങ് മെഷീന്‍ കൊണ്ടോ വീൽകട്ടിങ് മെഷീന്‍ കൊണ്ടോ ഇഷ്‌ടികകളായി മുറിച്ചെടുക്കുകയാണു ചെയ്യാറുള്ളത്. ഇങ്ങനെ നിർമിക്കപ്പെടുന്ന ഇഷ്‌ടികകള്‍ സ്ഥിരമായി സ്ഥാപിക്കപ്പെട്ടിട്ടുള്ള ചൂളകളിൽവച്ച് വേവിച്ചെടുക്കുന്നു. എല്ലാ ഇഷ്‌ടികകള്‍ക്കും ഒരേ കണക്കിനു ക്രമാനുഗതമായി ചൂട് ഏല്‌പിച്ച് സ്ഥിരമായ താപം നിലനിർത്തിയാണ് ഇത്തരം ചൂളകളിൽ ഇഷ്‌ടിക വേവിച്ചെടുക്കുന്നത്. പിന്നീട് ചൂട് ക്രമേണ ആറിത്തണുക്കുന്നു. ചൂടു നഷ്‌ടപ്പെടാന്‍ ഇടയാകാതെയും ഏറ്റവും അധികം ഉയോഗിക്കത്തക്കവച്ചവും ചൂള ക്രമീകരിക്കപ്പെട്ടിട്ടുള്ളതുകൊണ്ട് ഇത്തരം ചൂളകളിൽ ഇന്ധനത്തിന്റെ ഉപയോഗം ഗണ്യമായി കുറയ്‌ക്കാന്‍ കഴിയുന്നു. മച്ചിന്റെ ഗുണവും ഇഷ്‌ടിക ചുടുന്ന രീതിയുമാണ് ഇഷ്‌ടികയുടെ മേന്മ നിർണയിക്കുന്ന പ്രധാന ഘടകങ്ങള്‍. ശരിയായ സജ്ജീകരണങ്ങളോടുകൂടി സ്ഥിരമായി സ്ഥാപിച്ചിട്ടുള്ള മേല്‌പറഞ്ഞതരം ചൂളകള്‍ ഉപയോഗിച്ച് ഉത്‌പാദിപ്പിക്കുന്ന ഇഷ്‌ടികകളിൽ പാഴിഷ്‌ടികകള്‍ നന്നേ കുറവായിരിക്കും.
ഇഷ്‌ടികയുടെ മൊത്തം ഉത്‌പാദനത്തിന് ഹോഫ്‌മാന്‍ ചൂള (Hoffman's kiln), ടണൽ ചൂള (Tunnel Kiln) എന്നിവയാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഹോഫ്‌മാന്‍ ചൂളയ്‌ക്ക് അനേകം വൃത്താകാര അറകളുണ്ട്. ഒരറയിൽ പച്ചക്കട്ട വയ്‌ക്കുക, മറ്റൊന്നിൽ ഇന്ധനം കത്തിക്കുക, വേറൊന്നിലൂടെ ചുടുകട്ട പുറത്തെടുക്കുക എന്നീ പ്രക്രിയകള്‍ തുടർച്ചയായി നടത്തത്തക്കവിധം അറകളിലെ വായുമാർഗങ്ങളെയും നിർഗമനമാർഗങ്ങളെയും പുകക്കുഴലുകളെയും ബന്ധപ്പെടുത്തി ദ്വാരങ്ങളും അവയ്‌ക്കെല്ലാം അടപ്പുകളും ഉണ്ട്. ഇന്ധന അറയോട് സാമീപ്യമുള്ള അറകളിൽ ഉയർന്ന താപനിലയും അകന്ന അറകളിലേക്കു ക്രമേണ ചൂട് വ്യാപിക്കുന്ന അവസ്ഥയും ഇന്ധന അറയ്‌ക്കു പുറകിൽ വരുന്ന അറകളിൽ ക്രമേണ ചൂട് ആറുന്ന ക്രമീകരണവുമാണ് ഉണ്ടായിരിക്കുക.
ഉയർന്ന തപനശക്തിയുള്ളതും എച്ചയോ വൈദ്യുതിയോ വാതകഇന്ധനമോ ഉപയോഗിച്ച് പ്രവർത്തിക്കുന്നതുമായ ടണൽ ചൂളകളിൽ ചുട്ടെടുക്കുന്ന ഇഷ്‌ടികകള്‍ മേന്മയേറിയതായിരിക്കുമെങ്കിലും ഇത്തരം ചൂള ഉപയോഗിക്കുന്നത് സാധാരണഗതിയിൽ ലാഭകരമായിരിക്കയില്ല. പ്രതിദിനം 25,000 ഇഷ്‌ടികയോ അതിൽ കൂടുതലോ ഉത്‌പാദിപ്പിക്കേണ്ടി വരുന്നെങ്കിൽ മാത്രമേ യന്ത്രവത്‌കൃത ഉത്‌പാദനം ആശാസ്യമാവുകയുള്ളൂ. ഇഷ്‌ടികോത്‌പാദനത്തിൽ യന്ത്രവത്‌കരണം കൊണ്ടുള്ള പ്രധാന ഗുണങ്ങള്‍ മേന്മയേറിയ ഇഷ്‌ടികകള്‍ ഉത്‌പാദിപ്പിക്കാന്‍ കഴിയുന്നു, ഇന്ധനം താരതമ്യേന കുറച്ചുമതി, ഗുണനിയന്ത്രണത്തിന് ഇഷ്‌ടികയെ വിധേയമാക്കാന്‍ എളുപ്പമുണ്ട്, സമയനഷ്‌ടം കൂടാതെ തുടർച്ചയായി ഉത്‌പാദനം സാധ്യമാണ്, പാഴ് ഇഷ്‌ടിക താരതമ്യേന കുറവായിരിക്കും, നിർമാണത്തെ കാലാവസ്ഥ പ്രതികൂലമായി ബാധിക്കുന്നില്ല എന്നിവയാണ്.
കേരളത്തിലെ മേച്ചിൽ ഓടുഫാക്‌ടറികളിൽ പലതും പ്രത്യേകം ആവശ്യങ്ങള്‍ക്കുള്ള വില കൂടിയ ഇഷ്‌ടികകള്‍ നിർമിക്കാറുണ്ടെങ്കിലും, സാധാരണ ഇഷ്‌ടികകള്‍ വിപുലമായി നിർമിക്കാനുദ്ദേശിക്കപ്പെട്ടിട്ടുള്ള വന്‍കിട യന്ത്രവത്‌കൃത ഫാക്‌ടറികള്‍ കേരളത്തിൽ കുറവാണ്. ഭാഗികയാന്ത്രികോത്‌പാദനം നടത്തുന്ന ചില ഫാക്‌ടറികള്‍ മാത്രമാണ് സാധാരണ ഇഷ്‌ടിക ഉത്‌പാദിപ്പിക്കുന്നവയായി കേരളത്തിൽ ഉള്ളത്. വ്യാവസായികമായി വികസിതമായിട്ടുള്ള മിക്ക രാജ്യങ്ങളിലും ഇഷ്‌ടിക ഉത്‌പാദനം ഏതാണ്ട് പൂർണമായും യന്ത്രവത്‌കൃതമായിക്കഴിഞ്ഞിട്ടുണ്ട്.
പ്രത്യേകതരം ഇഷ്‌ടികകള്‍
ഇഷ്‌ടികപ്പണിക്ക് മുറി ഇഷ്‌ടികകളും പ്രതേ്യക ആകൃതിയിലുള്ള ഇഷ്‌ടികകളും ആവശ്യമായി വരും. ഇത്തരം ആവശ്യങ്ങള്‍ക്ക് പണിസ്ഥലത്തു വച്ചുതന്നെ സാധാരണ ഇഷ്‌ടിക മുറിച്ചും ഉരച്ചും ആവശ്യമുള്ള രൂപത്തിലാക്കിയെടുക്കുകയാണു സാധാരണ പതിവ്. എന്നാൽ കമാനങ്ങള്‍, വൃത്താകാരസ്‌തംഭങ്ങള്‍ മുതലായവയ്‌ക്കുവേണ്ടി അനുയോജ്യ'മായ ആകൃതികളിലുള്ള ഇഷ്‌ടികകള്‍ പ്രത്യേകം നിർമിക്കുന്നതും അസാധാരണമല്ല. അകം പൊള്ളയായതോ, ഒരു വശത്തുനിന്ന് അകത്തേക്ക് കുറേ കുഴികളോടു കൂടിയതോ ആയ ഇഷ്‌ടികകളും നിർമിക്കാറുണ്ട്. ഇതുമൂലം പദാർഥലാഭം ഉണ്ടെന്നതിനു പുറമേ ഇത്തരം ഇഷ്‌ടികകള്‍ക്കു ശീതരോധകശക്തിയും ശബ്‌ദാവശോഷണശേഷിയും കൂടിയിരിക്കുകയും ചെയ്യും. ശീതരാജ്യങ്ങളിൽ ഉയരക്കൂടുതലുള്ള കെട്ടിടങ്ങള്‍ക്ക് കോണ്‍ക്രീറ്റും ഉരുക്കും കൊണ്ടു ചട്ടക്കൂടുകളുണ്ടാക്കി അവയുടെ ഭിത്തികള്‍ നിർമിക്കുന്നതിന് ഇത്തരം ഇഷ്‌ടികകളാണ് അധികവും ഉപയോഗിച്ചുവരുന്നത്. അംബരചുംബികള്‍ക്ക് ഇത്തരം ഇഷ്‌ടികകള്‍ കൂടുതൽ ഉപയോഗിക്കുന്നതിനുള്ള മറ്റൊരു കാരണം ഇഷ്‌ടികയുടെ ഭാരക്കുറവാണ്.
കെട്ടിടങ്ങളുടെ തറയിൽ പാകുന്നതിനും റോഡുകളിൽ പാകുന്നതിനും ഉള്ള പ്രത്യേകതരം ഇഷ്‌ടികകളും പ്രചാരത്തിലുണ്ട്. പുരാതന റോമാനഗരത്തിലെയും 18-ാം നൂറ്റാണ്ടിൽ ലണ്ടന്‍ നഗരത്തിലെയും അധികം റോഡുകളും ഇഷ്‌ടികപാകിയവയായിരുന്നു.
മണലിഷ്‌ടിക
ഇഷ്‌ടികനിർമാണത്തിനു പറ്റിയ പശിമയുള്ള മച്ച് സുലഭമല്ലാത്തതും, നല്ല മണൽ സുലഭവും ആയ പ്രദേശങ്ങളിൽ മാത്രമേ മണലിഷ്‌ടിക നിർമിക്കുന്നത് ആശാസ്യമായിരിക്കുകയുള്ളൂ. ജർമനി, ഹോളണ്ട് എന്നീ രാജ്യങ്ങളിൽ വിപുലമായതോതിൽ മണലിഷ്‌ടികനിർമാണം നടന്നുവരുന്നു. കേരളത്തിൽ ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ഇത്തരം ഇഷ്‌ടിക നിർമാണം നടക്കുന്നുണ്ട്.
സിലിക്ക ധാരാളം കലർന്നിട്ടുള്ള മണിലിൽ 8-10 ശതമാനം ചുച്ചാമ്പോ (slaked lime) മറ്റു ബന്ധകപദാർഥങ്ങളോ ചേർത്ത് ഏകദേശം 400 കിലോഗ്രാം/ച.സെ.മീ. മർദത്തിൽ രൂപപ്പെടുത്തി 12 മണിക്കൂറോളം നേരം 15 കിലോഗ്രാം/ച.സെ.മീ. മർദത്തിൽ നനവുള്ള ആവി(wet steam)യിൽ വേവിച്ചെടുക്കുക എന്നതാണ് മണലിഷ്‌ടികയുടെ ഉത്‌പാദനപ്രക്രിയ. ഓരോ മണൽത്തരിയെയും പരസ്‌പരം യോജിപ്പിച്ചു നിർത്താന്‍ ബന്ധകപദാർഥം ഇടയാക്കുന്നു.
മണലിഷ്‌ടികയ്‌ക്ക് 150-200 കിലോഗ്രാം/ച.സെ.മീ. സമ്മർദബലം ഉണ്ടായിരിക്കും. മണലിഷ്‌ടികയുടെ നിറം ആകർഷകമായിരിക്കും; ആവശ്യമെങ്കിൽ നിർമാണത്തിനിടയിൽ കൃത്രിമനിറം കലർത്തുകയും ആവാം. യന്ത്രവത്‌കൃത ഉത്‌പാദനംമൂലം രൂപസ്ഥിരതയും ഉണ്ടായിരിക്കും. ഇതെല്ലാം കൊണ്ട് മണലിഷ്‌ടികകള്‍ പുറംപൂച്ചില്ലാതെതന്നെ പണിയാവുന്നതാണ്. ഈർപ്പം തട്ടിയാലും മണലിഷ്‌ടികയ്‌ക്കു ബലക്കുറവ് ഉണ്ടാവുകയില്ല.
കോണ്‍ക്രീറ്റ് ഇഷ്‌ടിക
കോണ്‍ക്രീറ്റ് കുഴച്ച് ഇരുമ്പച്ചിൽ വാർത്താണ് ഇത്തരം ഇഷ്‌ടികകള്‍ ഉണ്ടാക്കുന്നത്. ഉള്ളു പൊള്ളയായി നിർമിക്കുന്ന കോണ്‍ക്രീറ്റ് ഇഷ്‌ടികയ്‌ക്ക് നല്ല പ്രചാരമുണ്ട്. സാധാരണ ഇഷ്‌ടികയോ, കല്ലോ സുലഭമല്ലാത്ത സ്ഥലങ്ങളിലാണ് ഇത്തരം ഇഷ്‌ടികകള്‍ ഉണ്ടാക്കുന്നത്. 1:6 എന്ന അനുപാതത്തിൽ സിമന്റും മണലും ചേർത്ത് ഉയർന്ന സമ്മർദം ഉപയോഗിച്ചാണ് ഇത്തരം ഇഷ്‌ടികകള്‍ നിർമിക്കുന്നത്. പ്രബലിതകോണ്‍ക്രീറ്റ്, ഉരുക്ക് എന്നിവകൊണ്ടു നിർമിച്ച ചട്ടക്കൂടുള്ള കെട്ടിടങ്ങളിൽ ഭാരം താങ്ങാനുദ്ദേശിക്കപ്പെട്ടിട്ടില്ലാത്ത ഭിത്തികള്‍ നിർമിക്കുന്നതിന് പൊള്ളയായ കോണ്‍ക്രീറ്റിഷ്‌ടികകള്‍ അനുയോജ്യമാണ്. ഇത്തരം ഇഷ്‌ടികകള്‍ക്കു ശീതരോധനശക്തി കൂടുതലുണ്ട്. വില കൂടുതലായതുകൊണ്ട് സാധാരണ ആവശ്യങ്ങള്‍ക്ക് ഇത്തരം ഇഷ്‌ടികകള്‍ ഉപയോഗിക്കാറില്ല.
അഗ്നിസഹ ഇഷ്‌ടിക
സാധാരണ ഇഷ്‌ടികകള്‍ക്കു മറ്റു പല കെട്ടിടനിർമാണ പദാർഥങ്ങളെയും അപേക്ഷിച്ച് അഗ്നിസഹനശക്തി കൂടുതലുണ്ട്. വീടുകളിലെ അടുപ്പുകള്‍ക്കും മറ്റും സാധാരണ ഇഷ്‌ടിക മതിയാകും. എന്നാൽ വളരെ ഉയർന്ന താപരോധകശേഷിയുള്ള ഇഷ്‌ടികകളാണ് പല ആധുനിക വ്യവസായങ്ങളിലും ഉപയോഗിക്കേണ്ടിവരുന്നത്. ആധുനിക വ്യവസായങ്ങളിൽ പലതിലും ഉയർന്ന താപനില താങ്ങാന്‍ കഴിവുള്ള ചൂളകള്‍, അറകള്‍ തുടങ്ങിയവ ആവശ്യമാണ്. ഇത്തരം ചൂളകളുടെയും അറകളുടെയും മറ്റും നിർമാണത്തിന് ഉയർന്ന താപനിലയെ പ്രതിരോധിച്ചു നില്‌ക്കാന്‍ കെല്‌പുള്ള അഗ്നിസഹ ഇഷ്‌ടികകളാണ് ഉപയോഗിക്കാറുള്ളത്. താപരോധകശക്തിയുള്ള പ്രത്യേകതരം കളിമച്ചിൽ (fire clay) അനുയോജ്യമായ താപരോധകപദാർഥങ്ങള്‍ ആവശ്യാനുസരണം കലർത്തിയാണ് ഇത്തരം ഇഷ്‌ടികകള്‍ നിർമിക്കുന്നത്. ഫർണസുകള്‍, ഇരുമ്പും ഉരുക്കും മറ്റു ലോഹങ്ങളും ഉത്‌പാദിപ്പിക്കുന്നതിന് ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ചൂളകള്‍ മുതലായവയിൽ ഇത്തരം ഇഷ്‌ടികകള്‍ ഉപയോഗിച്ചുവരുന്നു.
സമ്മർദിത ഇഷ്‌ടിക
ചെങ്കൽ മണൽ (lateritic soil) പൊടിച്ച് 5-10 ശതമാനം സിമന്റും അല്‌പം രാസപദാർഥവും ചേർത്ത് അച്ചിൽ വച്ച് ഉയർന്ന മർദത്തിൽ രൂപപ്പെടുത്തിയെടുക്കുന്നതാണ് സമ്മർദിത ഇഷ്‌ടിക. അന്തരീക്ഷമർദത്തിന്റെ നൂറ്റി അറുപത് ഇരട്ടി മർദമാണ് സാധാരണയായി പ്രയോഗിക്കുന്നത്. 3-4 ദിവസം വരെ വെള്ളമൊഴിച്ച് "നനയ്‌ക്കൽ' പ്രക്രിയയ്‌ക്ക് വിധേയമാക്കുന്നത് ഇതിലെ സിമന്റിന്റെ പ്രതിപ്രവർത്തനം നടന്ന് ഇഷ്‌ടിക ബലക്കുന്നതിന് സഹായകമാണ്. ഉയർന്ന മർദത്തിൽ ലഭിക്കുന്ന അതീവ സാന്ദ്രീകരണമാണ് സമ്മർദിത ഇഷ്‌ടികയുടെ ബലിഷ്‌ഠതയ്‌ക്ക് അടിസ്‌ഥാനം. സാധാരണ ഇഷ്‌ടികയെ അപേക്ഷിച്ച് ഇതിന്റെ വലുപ്പം വളരെ കൂടുതലാണ്.
സമ്മർദിത ഇഷ്‌ടികയുടെ സാധാരണ വലുപ്പം 23x10.9x7.6 സെ.മീ. ആകുന്നു. ഭിത്തിനിർമാണത്തിനും മറ്റും ഉപയോഗിക്കുന്ന ഇത്തരം ഇഷ്‌ടികകളുടെ നിർമാണം ഹരിത സാങ്കേതിക വിദ്യയ്‌ക്ക് നല്ല മാതൃകയാണ്. വളരെക്കുറച്ച് ഊർജം ചെലവിട്ടാണ് ഇവ നിർമിക്കുന്നത്. പൂശ് വേണ്ടാത്തതുകൊണ്ട് കെട്ടിടനിർമാണച്ചെലവ്æകുറവും ഇഷ്‌ടികയുടെ പ്രതലമോടിയും ഇതിന്റെ ഉപയോഗം വർധിപ്പിക്കുന്നു. കേരളത്തിൽ ചെറുകിട വ്യവസായമായി സമ്മർദിത ഇഷ്‌ടിക നിർമിച്ചുവരുന്നു. വലുപ്പത്തിന്റെ കൃത്യതയും താപരോധനശേഷിയും സമ്മർദിത ഇഷ്‌ടികയുടെ സവിശേഷതയാണ്.
പൊടിച്ചാര ഇഷ്‌ടിക
പൊടിച്ചാരവും (Fly ash) ചുച്ചാമ്പും (lime) ജിപ്‌സവും (Gypsum) ചേർന്ന മിശ്രിതം അച്ചിൽ ഉന്നത മർദത്തിൽ തയ്യാറാക്കുന്നതാണ് പൊടിച്ചാര ഇഷ്‌ടിക. ഇഷ്‌ടികയുടെ നിർമാണ ഘടകങ്ങളുടെ പേരുകള്‍ ചേർത്ത് ഈ ഇഷ്‌ടികയെ ഫാൽ-ജി (FaL-G) ഇഷ്‌ടിക എന്നും വിളിക്കുന്നു. ഭാരക്കുറവും കൃത്യമായ ആകൃതിയും നിലനിർത്തുന്ന, അധികം പരിസ്‌ഥിതി പ്രശ്‌നങ്ങള്‍ ഉയർത്താത്ത ഇത്തരം ഇഷ്‌ടികകള്‍ ബലിഷ്‌ഠിതമാണ്. താപവൈദ്യുത നിലയങ്ങളിൽ ജ്വലിപ്പിക്കുന്ന കൽക്കരിയിൽനിന്ന് ലഭിക്കുന്ന അവശിഷ്‌ടമാണ് പൊടിച്ചാരം. ഒരു വർഷം ഏകദേശം 60 ദശലക്ഷം പൊടിച്ചാരം ഭാരതത്തിലെ താപനിലയങ്ങളിൽനിന്ന് ലഭിക്കും.
വന്‍കിട വ്യവസായ ശാലകളിലെ അവശിഷ്‌ടങ്ങള്‍ പുനരുപയോഗം ചെയ്യുവാന്‍ കഴിയുന്നതിന് ഉത്തമോദാഹരണമാണ് ഇത്തരം ഇഷ്‌ടിക നിർമാണം. ആനുകാലിക പ്രാധാന്യമുള്ള ഒന്നാണിത്. സുസ്‌ഥിരവികസനത്തിന് അനുയോജ്യവും പരിസ്‌ഥിതി സൗഹൃദപരമായ സാങ്കേതികവിദ്യയുമുള്ള പൊടിച്ചാര ഇഷ്‌ടിക നിർമാണം ശ്രദ്ധേയമാണ്. ഏകദേശം 12,000 പൊടിച്ചാരനിർമാണ പ്ലാന്റുകള്‍ ഭാരതത്തിൽ ഉണ്ട്. ഏകദേശം ഒന്നരലക്ഷത്തോളം തൊഴിലാളികള്‍ ഈ രംഗത്ത് പ്രവർത്തിക്കുന്നു. നിർമാണം. പൊടിച്ചാരവും (60-65%) ചുച്ചാമ്പുപൊടിയും (20-25%) ജിപ്‌സവും (10%) നല്ലതുപോലെ റോളർ മിക്‌സർ യന്ത്രത്തിൽ നനവോടെ പൊടിച്ചുചേർക്കുന്നു. ഈ മിശ്രിതം അച്ചിലേക്ക് കടത്തി ഇഷ്‌ടിക വാർത്തെടുക്കുന്നു. കമ്പനവും മർദവും നൽകിയാണ് ഇത്തരം ഇഷ്‌ടിക നിർമിക്കുന്നത്. മൂന്നു ദിവസം കഴിയുമ്പോള്‍ ചൂടുവെള്ളമൊഴിച്ച് ബലപ്പെടുത്തുന്നു. അഞ്ചു ദിവസം കഴിയുമ്പോള്‍ ദിവസം രണ്ടുനേരം വെള്ളം നനയ്‌ക്കുന്നു. ഏഴുദിവസം വരെ ഇഷ്‌ടിക ഉണങ്ങാനായി സൂക്ഷിക്കുന്നു. ഏകദേശം 3 ആഴ്‌ച കഴിയുമ്പോള്‍ നിർമാണം പൂർത്തിയാക്കുന്നു. ഇന്ത്യന്‍ സ്റ്റാന്‍ഡേർഡ് നിർദേശങ്ങള്‍ (IS:12894:1990) പ്രകാരം ഇഷ്‌ടികയുടെ ഉറപ്പ്, അവശോഷണം മുതലായ ഗുണങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. താപവൈദ്യുത നിലയങ്ങളിൽ നിന്ന് പൊടിച്ചാരവും കെമിക്കൽ പ്ലാന്റുകളിൽ നിന്ന് ചുച്ചാമ്പും ജിപ്‌സവും ശേഖരിക്കുന്നു. പാറപൊടിക്കുന്നിടത്തുള്ള പാറപ്പൊടിയും ശേഖരിക്കും.
അളവുകള്‍
ഇന്ത്യന്‍ സ്റ്റാന്‍ഡേർഡ് (I.S. 1077-1970) അനുസരിച്ച് ഇഷ്‌ടികയ്‌ക്കു നിർദേശിക്കപ്പെട്ടിട്ടുള്ള അളവുകള്‍ 190 x 90 x 90 മില്ലിമീറ്റർ, 190 x 90 x 40 മില്ലിമീറ്റർ എന്നിവയാണ്. ഇതിൽ നിന്നു വ്യത്യസ്‌തമായി പല അളവുകളും ഉള്ള ഇഷ്‌ടികകളാണ് ഇന്ത്യയിൽ കൂടുതൽ പ്രചാരത്തിലുള്ളത്. ഇഷ്‌ടികയ്‌ക്ക് ഓരോ പ്രദേശത്തും നിയതമായ വലുപ്പം നിലവിലുള്ളതായി കണ്ടുവരുന്നു. തെക്കേ ഇന്ത്യയിൽ കൂടുതൽ പ്രചാരത്തിലുള്ള അളവ് 222 x 106 x 69 മില്ലിമീറ്റർ ആണ്. അതായത് 6 മില്ലിമീറ്റർ കനത്തിൽ ചാന്തുപയോഗിച്ച് ഇഷ്‌ടിക കെട്ടിക്കഴിയുമ്പോഴുള്ള കെട്ടുവച്ചത്തിന്റെ അളവ് ഇഞ്ചിൽ 9 x 4മ്മ x 3 എന്നതായിരിക്കും. 1: മ്മ: 13 എന്ന അനുപാതത്തിലുള്ള ഈ അളവ് വിവിധതരം ഇഷ്‌ടികക്കെട്ടുകള്‍ക്കും പല കെട്ടുവച്ചങ്ങള്‍ക്കും യോജിച്ചതാണ്. ഈ അളവ് വിവിധ പൊതുമരാമത്തു വകുപ്പുകള്‍ക്കും സ്വീകാര്യമാണ്. മറ്റു ചില രാജ്യങ്ങളിൽ ഇഷ്‌ടികയ്‌ക്ക് അംഗീകരിക്കപ്പെട്ടിട്ടുള്ള പ്രാമാണിക അളവുകള്‍ താഴെപ്പറയും പ്രകാരമാണ്: ബ്രിട്ടണ്‍-222 x 106 x 67 മില്ലിമീറ്റർ; ജർമനി-2222 x 121 x 67മില്ലിമീറ്റർ; ഫ്രാന്‍സ്-222 x 111 x 60 മില്ലിമീറ്റർ; റഷ്യ-292 x 130 x 70 മില്ലിമീറ്റർ യു.എസ്.-203 x 102 x 60 മില്ലിമീറ്റർ.
ഇഷ്‌ടികപ്പണി
നല്ല ഉറപ്പ്, നിയതമായ ആകൃതി, എല്ലാഭാഗത്തും ശരിയായ വേവ് എത്തിയിരിക്കുക എന്നീ ഗുണങ്ങളുള്ള ഇഷ്‌ടികയാണ് കെട്ടിടനിർമാണത്തിനു കൂടുതൽ യോജിച്ചത്. പണി തുടങ്ങുന്നതിനുമുമ്പ് ഏതാനും മണിക്കൂർനേരം ഇഷ്‌ടിക വെള്ളത്തിൽ മുക്കിയിടുന്നതു നല്ലതാണ്; ഇഷ്‌ടികയ്‌ക്കുള്ളിലെ വാതകങ്ങള്‍ പുറത്തുപോകുന്നതിനും ഇഷ്‌ടികയിൽ ചാന്ത് നന്നായി പിടിക്കുന്നതിനും ചാന്തിലെ ഈർപ്പം ഇഷ്‌ടിക വലിച്ചെടുക്കാതിരിക്കുന്നതിനും ഇത് ഉപകരിക്കും. ഇഷ്‌ടികകള്‍ തമ്മിൽ യോജിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ബന്ധകപദാർഥത്തിനാണ് ചാന്ത് അല്ലെങ്കിൽ കൂട്ട് എന്നു പറയുന്നത്. ചെലവു കുറഞ്ഞതും, വലിയ ഭാരവഹനം ആവശ്യമില്ലാത്തതുമായ നിർമാണത്തിനു ചെളിയാണ് ചാന്തായി ഉപയോഗിക്കാറുള്ളത്. മേൽത്തരം നിർമാണത്തിന് 1:3 അനുപാതത്തിലുള്ള കുമ്മായച്ചാന്തോ, 1:5 അനുപാതമുള്ള സിമന്റ് ചാന്തോ ഉപയോഗിച്ചുവരുന്നു. ഇഷ്‌ടിക പടുക്കുമ്പോള്‍ ചാന്തിന്റെ കനം വളരെ കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഇഷ്‌ടികപ്പണിയിലെ കുത്തനെയുള്ള സന്ധികള്‍ തുടർച്ചയായി വരാതെ വിട്ടുവിട്ടു വരത്തക്കവച്ചം വിവിധ വരികളിലെ ഇഷ്‌ടികകള്‍ മേല്‌ക്കുമേൽ ചേർത്തുവയ്‌ക്കുന്നതിന് ഇഷ്‌ടികക്കെട്ട് (brick bond) എന്നു പറയുന്നു. പലതരം ഇഷ്‌ടികക്കെട്ടുകള്‍ പ്രചാരത്തിലുണ്ട്. ഇഷ്‌ടികക്കെട്ടുകളെക്കുറിച്ച് മനസ്സിലാക്കുന്നതിന് അവയുമായി ബന്ധപ്പെട്ട ചില സാങ്കേതിക പദങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ഇഷ്‌ടികപ്പണിയിലെ വിലങ്ങനെയുള്ള ഒരു അടുക്കിന് അട്ടി അഥവാ വരി എന്നു പറയുന്നു; ഇഷ്‌ടികയുടെ നീളം കൂടിയ വശം ചുമരിന്റെ നീളത്തിനും സമാന്തരമായി നീളത്തിൽ വയ്‌ക്കുന്നതിനെ "ഉഴുഇഷ്‌ടിക' എന്നു പറയുന്നു; ഒരു വരിയിലെ എല്ലാ ഇഷ്‌ടികകളും ഇങ്ങനെയാണ് പണിയുന്നതെങ്കിൽ ആ വരിക്ക് "ഉഴുവരി' എന്നും "ഉഴുവരി' മാത്രമുള്ള കെട്ടിന് "ഉഴുക്കെട്ട്' അല്ലെങ്കിൽ "പട്ടികക്കെട്ട്' എന്നും പറയും. ഇഷ്‌ടികയുടെ നീളം കൂടിയ വശം ചുമരിന്റെ നീളത്തിനു ലംബമായി വയ്‌ക്കുന്നതിന് "പാക്ക്' എന്നും, എല്ലാ ഇഷ്‌ടികകളും ഇങ്ങനെ കെട്ടിയ വരിക്ക് "പാക്ക് വരി' എന്നും പറയുന്നു.
ഇഷ്‌ടികക്കെട്ടുകള്‍. ഇംഗ്ലീഷ് ബോണ്ട്, ഫ്‌ളെമിഷ് ബോണ്ട്, ഉഴുബോണ്ട് അഥവാ പട്ടികക്കെട്ട്, പാക്ക് ബോണ്ട്, മുഖപ്പുകെട്ട്, ഉദ്യാനമതിൽക്കെട്ട്, ചരിച്ചുകെട്ട്, ഡച്ച് ബോണ്ട് എന്നിങ്ങനെ വിവിധതരം ഇഷ്‌ടികക്കെട്ടുകള്‍ പ്രചാരത്തിലുണ്ട്. എങ്കിലും ഇംഗ്ലീഷ് ബോണ്ടും ഫ്‌ളെമിഷ് ബോണ്ടും ആണ് കൂടുതൽ ഉപയോഗിക്കുന്നത്.
ഇംഗ്ലീഷ് ബോണ്ട്. പുറംഭാഗത്ത് ഉഴുവും പാക്കും ഇടവിട്ട വരികളിൽ ഇഷ്‌ടിക ഉപയോഗിച്ച് പണിയുന്നതിന് ഇംഗ്ലീഷ് ബോണ്ട് എന്നു പറയുന്നു. കുത്തനെയുള്ള ചേർപ്പുകള്‍ തുടർച്ചയായി വരാതിരിക്കാന്‍ പാക്കുവരിയിൽ ആദ്യത്തെ പാക്കിഷ്‌ടികയ്‌ക്കു ശേഷം നീളത്തിൽ പകുതി മുറിച്ച ഇഷ്‌ടിക അഥവാ ക്വീന്‍ ക്ലോസർ (queen closer) ഉപയോഗിക്കണം. ഒന്നും രണ്ടും മൂന്നും ഇഷ്‌ടികക്കനങ്ങളുള്ള ഭിത്തികളിൽ ഒരേ വരിയുടെ ഇരുവശവും ഒരുപോലെ ഇരിക്കും. ഒന്നര, രണ്ടര ഇഷ്‌ടികക്കനമുള്ള ഭിത്തികളിൽ ഒരേ വരിയിൽത്തന്നെ ഒരു വശം ഉഴുവും മറുവശം പാക്കും ആയിരിക്കും. ഇംഗ്ലീഷ് ബോണ്ടിനു മറ്റു ബോണ്ടുകളെ അപേക്ഷിച്ച് കെട്ടുറപ്പ് കൂടുതൽ ഉണ്ട്.
ഫ്‌ളെമിഷ് ബോണ്ട്. ദൃശ്യഭാഗത്തുള്ള ഒരേ വരിയിൽ തന്നെ ഉഴുവും പാക്കും ഒന്നിടവിട്ടു വയ്‌ക്കുന്നു. ഉഴു ഇഷ്‌ടികയുടെ നേരെ നടുക്കായിരിക്കും മുകളിലത്തെയും താഴത്തെയും വരികളിലെ പാക്കിഷ്‌ടിക. ഇരട്ട ഫ്‌ളെമിഷ് ബോണ്ടിൽ ഇരുവശത്തും ഫ്‌ളെമിഷ് ബോണ്ട് തന്നെയായിരിക്കും. ഒറ്റ ഫ്‌ളെമിഷ് ബോണ്ടിൽ പിന്‍വശത്ത് ഇംഗ്ലീഷ് ബോണ്ടും മുന്‍വശത്ത് ഫ്‌ളെമിഷ് ബോണ്ടും ആയിരിക്കും. ഒറ്റ ഫ്‌ളെമിഷ് ബോണ്ടിന്റെ ദൃശ്യതലം ഫ്‌ളെമിഷ് ബോണ്ടാകയാൽ ഭംഗിയും, ഉള്‍ഭാഗം ഇംഗ്ലീഷ് ബോണ്ടാകയാൽ ഉറപ്പും ഉണ്ടായിരിക്കും. കൂടുതൽ ക്വീന്‍ ക്ലോസറുകള്‍ വേണ്ടതുകൊണ്ട് പൊട്ടിയ ഇഷ്‌ടികകള്‍ ഉപയോഗിക്കാമെന്നതിനാൽ ലാഭകരവുമാണ്.
ഇഷ്‌ടികപ്പണി പ്രത്യേക വൈദഗ്‌ധ്യമാവശ്യമുള്ള ഒരു തൊഴിലാണ്. ഇഷ്‌ടികപ്പണി സംരചനയുടെ മൂലയിൽനിന്നു തുടങ്ങി മധ്യഭാഗത്തേക്കു കെട്ടിപ്പോകാറാണു പതിവ്. ചേർപ്പുകളിലെ മിനുക്കുപണികളെല്ലാം അപ്പപ്പോള്‍ത്തന്നെ തീർക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ചാന്തിൽ സിമന്റിന്റെ അംശം കൂടുന്നത് ഇഷ്‌ടികപ്പണിക്കു ഗുണകരമായി കരുതപ്പെടുന്നില്ല. ശുദ്ധമായ കുമ്മായം കൊണ്ടുണ്ടാക്കുന്ന ചാന്തിനു ബലം കുറവാണ്. ഇഷ്‌ടികക്കെട്ടുകളുടെ പുറവശം ചാന്തുതേച്ച്, വെള്ള പൂശുകയോ, അനുയോജ്യമായ നിറങ്ങളുള്ള പെയിന്റുകള്‍കൊണ്ട് മോടിപിടിപ്പിക്കുകയോ ചെയ്യാം. നല്ല നിറവും പുറംമേനിയും ഉള്ള ഇഷ്‌ടികകളാണെങ്കിൽ മറ്റു പുറംപൂച്ചൊന്നും ഇല്ലാതെതന്നെ ആകർഷകമായി പണി തീർക്കാവുന്നതാണ്.
(കെ.ആർ. വാര്യർ; ബി. പ്രംലെറ്റ്; സ.പ.)