This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏകലോചനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഏകലോചനം

ഭാവാഭിനയത്തില്‍ മികച്ചു നില്‍ക്കുന്ന കഥകളിയിലെ ഒരു അഭിനയ സങ്കേതം. ഒരു കണ്ണില്‍ ഒരു ഭാവം മറ്റേ കണ്ണില്‍ വേറൊരു ഭാവം ഇങ്ങനെ ഇരു കണ്ണുകളിലും വ്യത്യസ്‌തഭാവങ്ങള്‍ ഒരേ സമയം പ്രകടമാക്കുന്ന വിദഗ്‌ധാഭിനയത്തെയാണ്‌ ഏകലോചനം എന്ന സംജ്ഞ കൊണ്ട്‌ വിവക്ഷിക്കുന്നത്‌. കഥകളിനടന്മാരുടെ അഭിനയപാടവത്തിന്റെ ദൃഷ്‌ടാന്തമായി ഇത്‌ കരുതപ്പെടുന്നു.

ഏകലോചനം: മുഖത്തിന്റെ രണ്ടുവശത്തും രണ്ട്‌ ഭാവങ്ങള്‍

ഇരയിമ്മന്‍തമ്പിയുടെ ഉത്തരാസ്വയംവരം ആട്ടക്കഥയിലാണ്‌ ഏകലോചനാഭിനയത്തിനുള്ള സന്ദര്‍ഭവും പദവും ആദ്യമായും വ്യക്തമായും ഘടിപ്പിച്ചു കാണുന്നത്‌.

ഉത്തരാസ്വയംവരത്തിനു ശേഷമുണ്ടായിട്ടുള്ള പല ആട്ടക്കഥകളിലും ഏകലോചനാഭിനയ സന്ദര്‍ഭങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. വിദ്വാന്‍ കോയിത്തമ്പുരാന്റെ രാവണവിജയത്തിലെ

""ഏകമിഴിയതിലസൂയയും അനുനയശോകരസ
	മിതര മാകലയതി...''
 

എന്ന വൈശ്രവണന്റെ ശൃംഗാരപദത്തില്‍ അസൂയയും ശോകവും നിറഞ്ഞ ഏകലോചനമാണ്‌ ആവിഷ്‌കരിച്ചിട്ടുള്ളത്‌. മരങ്ങാട്ടില്ലത്തു ഗോവിന്ദന്‍ നമ്പൂതിരിയുടെ പുരന്ദരാനുഗ്രഹം ആട്ടക്കഥയില്‍ മഹാബലിയും വിന്ധ്യാവലിയും തമ്മില്‍ ഉദ്യാനത്തില്‍ വച്ചുനടക്കുന്ന സല്ലാപം ഏകലോചനത്തിന്‌ സന്ദര്‍ഭം സൃഷ്‌ടിച്ചു കൊണ്ടുള്ളതാണ്‌.

""കാന്ത! നിന്മുഖം കണ്ടു, ചെന്താമരയെന്നോര്‍ത്തു
	അന്തികേ വന്നു ഹംസങ്ങള്‍;
	കുന്തളം കണ്ടുഘനസന്താപമൊരു കണ്ണില്‍,
	സന്തോഷമിതരത്തിലിതി നോക്കുന്നു നിന്നെ'.'
 

മിക്ക ആട്ടക്കഥകളിലും ഉചിതജ്ഞനും പണ്ഡിതനുമായ ഒരു നടന്‌ ഏകലോചനം ഘടിപ്പിച്ച്‌ അഭിനയിക്കാന്‍ കഴിയും. കല്യാണസൗഗന്ധികത്തില്‍ ഭീമസേനന്റെ പനവര്‍ണനയില്‍ "അജഗരകബളിതം' തന്നെ ഏകലോചനം ഘടിപ്പിച്ച്‌ അഭിനയിക്കാവുന്നതാണ്‌; അല്ലെങ്കില്‍ അതിനുപകരമായി ആനയെയും സിംഹത്തെയും ചേര്‍ത്തും ഏകലോചനം നടിക്കാം. രുക്‌മാംഗദചരിതത്തില്‍ രുക്‌മാംഗദന്‍ ധര്‍മാംഗദനെ വധിക്കാന്‍ വാളോങ്ങുന്നതിനുമുമ്പുള്ള വികാരതരളിതമായ മുഹൂര്‍ത്തം ഏകലോചനത്തിനു പറ്റിയ സന്ദര്‍ഭമാണ്‌. ഗജേന്ദ്രമോക്ഷം, ബാലിവിജയം തുടങ്ങിയ ആട്ടക്കഥകളിലും ഏകലോചനാഭിനയത്തിനുള്ള അവസരങ്ങളുണ്ട്‌. പുരുഷകഥാപാത്രങ്ങള്‍ക്കു മാത്രമല്ല, സ്‌ത്രീകഥാപാത്രങ്ങള്‍ക്കും സന്ദര്‍ഭാനുസരണം ഏകലോചനം അഭിനയിക്കാവുന്നതാണ്‌.

ഈ അഭിനയസിദ്ധി കൈവരിക്കുന്നതിന്‌ ആദ്യമായി നിരന്തരമായ സാധനകൊണ്ട്‌ ഏകാഗ്രത ആര്‍ജിക്കേണ്ടതുണ്ട്‌. അടുത്തതായി വേണ്ടത്‌ ഇരുട്ടും നിലാവും സാധകം ചെയ്യല്‍ തുടങ്ങിയവകൊണ്ട്‌ കണ്ണും മുഖവും പൂര്‍ണ സ്വാധീനത്തില്‍ കൊണ്ടുവരികയാണ്‌. വേണ്ടത്ര പഠിപ്പും ഔചിത്യവും വാസനയും കൂടിയാകുമ്പോള്‍ ഈ അഭിനയസിദ്ധി കൈവന്നു എന്നു പറയാം. അദ്‌ഭുതകരമായ ഭാവാവിഷ്‌കരണ പാടവം പ്രകടിപ്പിക്കുവാന്‍ സന്ദര്‍ഭം നല്‌കി, ലളിതമായ ചലനവിശേഷങ്ങളില്‍ക്കൂടി, ജീവിതഗന്ധിയായ കലയുടെ സാധ്യതാസീമകളിലേക്കു കടന്ന്‌ അതിന്റെ സന്ദേശം പ്രതിധ്വനിപ്പിക്കുന്ന ഈ സിദ്ധി നടന്മാര്‍ക്കും കാണികള്‍ക്കും ഒന്നുപോലെ നവോന്മേഷം അനുഭവവേദ്യമാക്കുന്നു.

(തോട്ടം റ്റി.പി. ശങ്കരന്‍ നമ്പൂതിരി, ജൂനിയര്‍)

"http://www.web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8F%E0%B4%95%E0%B4%B2%E0%B5%8B%E0%B4%9A%E0%B4%A8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍