This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രിസ്തു ദൈവസഭ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രിസ്തു ദൈവസഭ

വ്യവസ്ഥാപിതവും സുസംഘടിതവുമായ ക്രൈസ്തവസഭകളെ എതിര്‍ക്കുന്ന ചെറു ക്രൈസ്തവ സഭകള്‍. അമേരിക്കയിലാണ് ദൈവസഭ (Church of God) എന്ന അഭിധാനത്തില്‍ ധാരാളം ചെറുസഭകള്‍ ഉള്ളത്; ഒരു ഡസനില്‍ അധികം ഉള്ളതായി കരുതുന്നു. 'പെന്റക്കോസ്റ്റല്‍' പ്രസ്ഥാനത്തില്‍നിന്ന് പ്രചോദനം സ്വീകരിച്ചു രൂപമെടുത്തിട്ടുള്ളവയാണ് ഈ ദൈവസഭകളില്‍ അധികവും. ജോണ്‍ വെസ്ലി എന്ന സഭാപരിഷ്കര്‍ത്താവിനെയാണ് ദൈവസഭയുടെ പ്രണേതാവായി പൊതുവേ അംഗീകരിച്ചിട്ടുള്ളത്. 'വിശ്വാസംമൂലം വിശുദ്ധീകരണം' എന്ന പഴയ പ്രോട്ടസ്റ്റന്റ് തത്ത്വത്തിന് ഉപരിയായി 'യഥാര്‍ഥമായ ആന്തരിക പരിവര്‍ത്തനം അഥവാ, ദൈവപ്രസാദവരം മൂലമുള്ള വിശുദ്ധീകരണം' എന്ന തത്ത്വത്തിന് ക്രിസ്ത്യാനികള്‍ കൂടുതല്‍ ഊന്നല്‍ കൊടുക്കണം എന്ന് വെസ്ലി പ്രഖ്യാപിച്ചു. 'സംഘടിതവും ആധികാരികവുമായ സഭ' എന്ന ആശയത്തെ എതിര്‍ത്തുകൊണ്ട്, 'എല്ലാ ക്രൈസ്തവ സഭാവിഭാഗങ്ങള്‍ക്കുംവേണ്ടിയുള്ള നവീകരണപ്രസ്ഥാനം' എന്ന പേരില്‍ അറിയപ്പെടാനാണ് ദൈവസഭക്കാര്‍ ആഗ്രഹിക്കുന്നത്.

ദൈവസഭയ്ക്ക് മൂന്നു പ്രധാന ശാഖകളുണ്ട്. 'ബൈബിള്‍ സൊസൈറ്റി'യുടെ വില്പനവിഭാഗത്തിലെ ഒരംഗമായിരുന്ന എ.ജെ. റ്റോമ്ലിന്‍സണ്‍ എന്ന അമേരിക്കക്കാരന്‍ 1903-ല്‍ സംഘടിപ്പിച്ചതാണ് ഇവയില്‍ പ്രമുഖം. ന്യൂയോര്‍ക്കാണ് ഈ ശാഖയുടെ ആസ്ഥാനം. 'ദൈവസഭയുടെ വിശ്വാസാനുഷ്ഠാനങ്ങള്‍ക്ക് ആധാരമായി നില്ക്കേണ്ടത് ബൈബിള്‍-പഴയ നിയമവും പുതിയ നിയമവും-മാത്രമാണ്; മറ്റേതെങ്കിലും വിശ്വാസപ്രമാണമല്ല', റ്റോമ്ലിന്‍സണ്‍ പ്രഖ്യാപിച്ചു. 1943-ല്‍ റ്റോമ്ലിന്‍സണ്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സഭയില്‍ അഭിപ്രായ ഭിന്നത ഉണ്ടായി. ഇതിന്റെ ഫലമായി റ്റോമ്ലിന്‍സന്റെ മകനായ ഹോമര്‍, സഭയുടെ മുഖ്യസ്ഥാനത്തുനിന്നു നിഷ്കാസിതനായി; തര്‍ക്കവും വഴക്കും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ആന്‍ഡര്‍സണ്‍ ദൈവസഭയും ക്ലിവ്ലന്‍ഡിലെ സഭയുമാണ് മറ്റു രണ്ടു ശാഖകള്‍. രണ്ടിന്റെയും ആരംഭം വിഭിന്നരീതികളിലാണ്. ആന്‍ഡര്‍സണ്‍ ഗ്രൂപ്പ് 1880-ല്‍ വാര്‍ണര്‍ (Warner) ആരംഭിച്ചതാണ്. 'മനുഷ്യസ്ഥാപിത സഭകളുമായുള്ള ബന്ധം വിച്ഛേദിച്ച്, ബൈബിളിന്റെ സ്വയം പര്യാപ്തിയില്‍ വിശ്വസിച്ചു മുന്നോട്ട് പോകുക' എന്ന ആഹ്വാനമാണ് വാര്‍ണര്‍ നല്കിയത്. 1881-ല്‍ കണ സ്ക്രിപ്ചെറല്‍ ട്രംപറ്റ് (Scriptural Trumpet) എന്ന വാരിക അദ്ദേഹം ആരംഭിച്ചു. 1964 ആയപ്പോഴേക്ക് ഈ ദൈവസഭയുടെ അംഗസംഖ്യ യു.എസ്സില്‍ അനേകലക്ഷമായി ഉയര്‍ന്നു. 'ക്ളിവ്ലന്‍ഡിലെ ദൈവസഭ' എന്ന ശാഖക്കാര്‍, 'ദൈവവുമായി നേരിട്ടു വ്യക്തിബന്ധം സ്ഥാപിക്കാമെന്ന്' ഉറപ്പുപറയുന്നു. 1886-ല്‍ ക്ലിവ്ലന്‍ഡില്‍ രൂപമെടുത്ത ഈ ദൈവസഭാശാഖയ്ക്ക് സ്വന്തമായി, ക്രൈസ്തവൈക്യം (Christian Union) എന്നൊരു വാരികയുണ്ട്. ഇവര്‍ക്കും യു.എസ്സില്‍ ഇപ്പോള്‍ അനേകലക്ഷം അനുയായികള്‍ ഉണ്ട്.

ഭാഷാവരം മുതലായ സിദ്ധികള്‍ (Charismata) 'പരിശുദ്ധാത്മാവ്' യഥാവസരം ക്രിസ്തുസഭയില്‍ അഥവാ ദൈവസഭയില്‍ പ്രകടമാക്കുമെന്ന്, ദൈവസഭക്കാര്‍ വിശ്വസിക്കുന്നു. തീക്ഷ്ണമതികളായ ഇവര്‍ ബ്രസീലിലും മറ്റും ധാരാളം മിഷന്‍പ്രവര്‍ത്തനം നടത്തിവരുന്നു. സമൂഹജീവിതത്തിനും പ്രാര്‍ഥനയ്ക്കും പ്രത്യേകം ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ഒരു ജീവിതമാണ് ദൈവസഭക്കാര്‍ നയിക്കുന്നത്. വെള്ളത്തില്‍ മുക്കിക്കൊണ്ടുള്ള മാമ്മോദീസായും (Baptism by immersion), ക്രിസ്തുവിന്റെ പീഡാസഹന മരണസ്മാരകമായി മാത്രം 'അന്ത്യഅത്താഴ'വും (Last Supper) ആചരിക്കുകയും ലഹരിവസ്തുക്കള്‍ പരിപൂര്‍ണമായി നിഷേധിക്കുകയും ചെയ്യുന്നവരാണ് ദൈവസഭാംഗങ്ങള്‍.

(ഡോ. ജെ. കട്ടയ്ക്കല്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍